ജിദ്ദ: അടുത്ത കാലത്തായി സൗദിയിലെ സൗജന്യ കോൾ സർവീസുകളും വീഡിയോ കോൾ സർവീസുകളും ഇടയ്ക്കു മുറിയുന്നതായി പരക്കെ പരാതി. ഈ സർവീസുകൾ ബ്ലോക്കു ചെയ്തതായി സംശയിക്കുന്നുവെന്ന് നിരവധി പ്രവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. വിദേശത്തു പഠിക്കുന്ന സൗദി വിദ്യാർത്ഥികളേയും ഇതു ബാധിച്ചതായി പറയുന്നു.

സൗജന്യ കോൾ സർവീസുകൾ മുറിയുന്നത് ഏറെ ആശങ്കയ്ക്ക് ഇട നൽകുന്നുവെന്നാണ് പ്രവാസികളുടെ പരാതി. അതേസമയം ഏതെങ്കിലും ഫ്രീ കോൾ സർവീസോ, വീഡിയോ കോൾ സർവീസോ, മെസേജിങ് സർവീസോ ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) വ്യക്തമാക്കി. കോളുകൾ തടസപ്പെടുന്നതിനു പിന്നിലുള്ള കാരണം കണ്ടുപിടിക്കാൻ ടെലികോം കമ്പനികളുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും സിഐടിസി വെളിപ്പെടുത്തി.

ഇമോ, ലൈൻ, ടാങ്കോ തുടങ്ങിയ സർവീസുകളിലൂടെ പ്രവാസികൾക്ക് സൗജന്യമായി നാട്ടിലേക്കു വിളിക്കാനും മറ്റും സൗകര്യമുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ഗൂഗിൾ ഈ സർവീസ് പ്രാബല്യത്തിൽ വരുത്തിയത്. ഐഫോണുകൾ തമ്മിലും ആൻഡ്രോയിഡ് ഫോണുകൾ തമ്മിലുമാണ് സൗജന്യകോളുകൾ നടത്താവുന്നത്.