2014 ജനുവരിയിൽ ഭൂമിയിലെത്തിയ ഛിന്നഗ്രഹം മറ്റൊരു സൗരയൂഥത്തിൽ നിന്നുള്ളതായിരുന്നു എന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുന്നു. അറിയപ്പെട്ടതിൽ, മറ്റൊരു സൗരയൂഥത്തിൽ നിന്നും ഒരു സന്ദർശകൻ ഭൂമിയിൽ എത്തുന്നത് ഇതാദ്യമായാണ്. ഏകദേശം 1.5 അടി നീളമുള്ള ഈ പാറക്കഷ്ണം സമ്മുടെ സൗരയൂഥത്തിനും അപ്പുറത്തുനിന്ന് കുതിച്ചെത്തിയതാണ് എന്നാണ് അവർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, 2017-ൽ കണ്ടെത്തിയ മറ്റൊരു സൗരയൂഥത്തിൽ നിന്നുമെത്തിയ ഔമുവാമുവാ എന്ന വസ്തു ഇത്തരത്തിൽ എത്തുന്ന രണ്ടാമത്തെ സന്ദർശകനായിരിക്കുകയാണ്.

ഇതുവരെ 2017-ൽ കണ്ടെത്തിയ ഔമുവാമുവാ എന്ന വസ്തുവിനെയായിരുന്നു, സൂര്യന്റേതല്ലാത്ത മറ്റൊരു സൗരയുഥത്തിൽ നിന്നുമെത്തുന്ന സന്ദർശകനായി പരിഗണിച്ചിരുന്നത്. ഹവായിയൻ ഭാഷയിൽ സന്ദർശകൻ എന്ന അർത്ഥം വരുന്ന വാക്കാണ് ഇതിന് പേരായി നൽകിയത്. നാസാ പറയുന്നത് 2014 ജനുവരി 8 ന് ആകാശത്ത് ഒരു ജ്വാലയായി പ്രത്യക്ഷപ്പെട്ട് പപ്പുവ ന്യു ഗിനിയയിലെ മാനുസ് ദ്വീപിൽ പതിച്ച ഈ പാറക്കഷ്ണം മണിക്കൂറിൽ 1, 60,000 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ്.

ഇതിന്റെ അവശിഷ്ടങ്ങൾ തെക്കൻ ശാന്തസമുദ്രത്തിൽ വീണിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അത് കണ്ടെത്താനായാൽ, ഈ വസ്തുവിന്റെ കൂടുതൽ രഹസ്യങ്ങൾ മനസ്സിലാക്കാൻ കഴിയും എന്ന് അവർ വിശ്വസിക്കുന്നു. 2017-ൽ ഔമുവാമുവാ കണ്ടെത്തുന്നതുവരെ മറ്റൊരു സൗരയൂഥത്തിൽ നിന്നുള്ള വസ്തുക്കൾ നമ്മുടെ സൗരയൂഥത്തിനുള്ളിലേക്ക് കടന്നുകയറുമെന്ന് ശാസ്ത്രലോകം കരുതിയിരുന്നില്ല.

ഇതിന് വളരെ ഉയർന്ന വേഗതയുണ്ട് എന്നതിനാൽ തന്നെ ഇത് ഒരുപക്ഷെ സൗരയൂഥത്തിന്റെ ആഴങ്ങളിൽ നിന്നോ അല്ലെങ്കിൽ ആ സൗരയൂഥത്തിന്റെ നായകനായ നക്ഷത്രത്തിൽ നിന്നോ തന്നെ പൊട്ടിപ്പുറപ്പെട്ടതാകാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.