- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ നെറ്റുവർക്കുകളില്ലാത്തതിനാൽ പണ്ടത്തെ കോപ്പിയടി പുറംലോകം അറിഞ്ഞില്ല; കോക്കസുകളിൽ ചേരാത്തതിനാൽ അവസരവും കുറഞ്ഞു; യേശുദാസിന്റെ സൂര്യപ്രഭയിൽ ആർക്കു പിടിച്ചുനിൽക്കാനാവും? ജി വേണുഗോപാൽ മറുനാടനോട്
ഒന്നാം രാഗം പാടി, ചന്ദന മണിവാതിൽ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയിൽ തുടങ്ങിയ വൻ ഹിറ്റുകൾക്കുടമായാണ് ജി വേണുഗോപാലെന്ന പിന്നണി ഗായകൻ. വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങൾ കൊണ്ടും മികച്ച ഗായകൻ എന്ന പേരെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്. ാേഗഡ് ഫാദർമാരില്ലാതെ മുന്നേറിയ വ
ഒന്നാം രാഗം പാടി, ചന്ദന മണിവാതിൽ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയിൽ തുടങ്ങിയ വൻ ഹിറ്റുകൾക്കുടമായാണ് ജി വേണുഗോപാലെന്ന പിന്നണി ഗായകൻ. വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങൾ കൊണ്ടും മികച്ച ഗായകൻ എന്ന പേരെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്. ാേഗഡ് ഫാദർമാരില്ലാതെ മുന്നേറിയ വേണു ഗോപാലെന്ന മലയാളത്തിന്റെ മാണിക്യക്കുയിൽ ഇന്നും സജീവമായി തന്നെയുണ്ട്. മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.
വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്. 1984ൽ പുറത്തിറങ്ങിയ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട്ടിൽ ' പൂമാനമേ ഒരു രാഗമേഘം' എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരിൽ സിനിമയിൽ പ്രത്യക്ഷമായില്ല. 1984ൽത്തന്നെ പുറത്തിറങ്ങിയ 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ' എന്ന ചിത്രത്തിലെ സംഘഗാനമായ 'അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്' എന്ന ഗാനവും വേണ്ട രീതിയിൽ ജി വേണുഗോപാലിനു ശ്രദ്ധ കൊടുത്തില്ല. എന്നാൽ 1986 ൽ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലെ 'പൊന്നിൻ തിങ്കൾ പോറ്റും മാനേ' 'രാരി രാരിരം രാരോ' എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രസിദ്ധനായത്. ഈ ഗാനത്തിലൂടെ പൗരുഷത്തിന്റെ പുതിയൊരു ശബ്ദമാധുര്യം മലയാളത്തിനേകാൻ കഴിഞ്ഞു .
പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി വേണുഗോപാൽ. രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുൻപേ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വർഷം തുടർച്ചയായി കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജൻ, കെ രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം 'സബ്‌കോ സമ്മതി ദേ ഭഗവാൻ' എന്ന നാടകത്തിലൂടെ ലഭിച്ചു. കേരള സർക്കാർ നൽകുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്‌കാരം 1988(ഉണരുമീ ഗാനം മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം സസ്‌നേഹം), 2004 ( ആടടീ ആടാടടീ ഉള്ളം ) എന്നീ വർഷങ്ങളിൽ നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിക്കുകയുണ്ടായി. മലയാളിയുടെ പ്രിയഗായകൻ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു.
താങ്കൾ പാടിയ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നിട്ടും ഒരുപാടു പാട്ടുകളൊന്നും താങ്കളെ തേടി വരാത്തത് എന്തുകൊണ്ടാണ് ?
എനിക്കറിയില്ല അതിന്റെ ശരിയായ കാരണം എന്താണെന്ന്. എന്നാൽ കുറച്ചു പാട്ടേ പാടിയുള്ളു എന്നൊരു വിഷമം ഇപ്പോഴില്ല. ഞാൻ പാടിയ മെലഡികൾ ഇപ്പോഴും മലയാളികൾക്ക് പ്രീയപ്പെട്ടതാണ്. ചന്ദനമണിവാതിലും, താനേ പൂവിട്ട മോഹവും... എല്ലാം ഇപ്പോഴത്തെ തലമുറ ഏറ്റു പാടുകയാണ്. ആയിരം പാട്ടു പാടിയാലും കിട്ടാത്ത അനുഭവമാണ് എനിക്ക് ഇത്തരം പാട്ടുകൾ തരുന്നത്.
മലയാളികൾ ഒരുപാടു ഗൃഹാതുരമായ ഓർമ്മകൾ സൂക്ഷിക്കുന്നവരാണ്. അത്തരം ഗൃഹാതുരചിന്തകളെ ഉണർത്തുന്നതാണ് എന്റെ പാട്ടുകളെന്നു പലരും പറഞ്ഞിട്ടുണ്ട്. ഏതോ കോണിൽ ജീവിക്കുന്ന ഞാനറിയാത്ത ഒരാൾക്ക് എന്റെ പാട്ടുകൾ സാന്ത്വനവും സന്തോഷവും സമാധാനവും ഉണ്ടാക്കുന്നുവെങ്കിൽ അതല്ലേ എന്റെ ജീവിതത്തിലെ ധന്യമായ അനുഭവം. അത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ഒരു കലാകാരന്റെ ജീവിതത്തിൽ പൂർണത കൈവരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പാട്ടുകളെല്ലാം ഹിറ്റായിരുന്നിട്ടും അവസരങ്ങൾ കുറഞ്ഞു പോയതിന്റെ കാരണം എനിക്കറിയില്ല. പ്രത്യേകിച്ച ഒരു സൗഹൃദ കൂട്ടായ്മകളുടെയോ കോക്കസുകളുടെയോ ഒന്നും ഭാഗമല്ലാത്തതു കൊണ്ടായിരിക്കാം എനിക്ക് അവസരങ്ങൾ കുറഞ്ഞത്.
പിന്നെ നമ്മളെല്ലാവരും നക്ഷത്രങ്ങളാണെങ്കിൽ സൂര്യനായ ഒരു ഗായകൻ നമുക്കുണ്ടല്ലോ- യേശുദാസ്. അദ്ദേഹത്തിന്റെ സൂര്യശോഭയിൽ നമ്മെളെല്ലാം എത്രയോ നിഷ്പ്രഭരാണ്. എല്ലാ അർഥത്തിലും എന്നേക്കാൾ മികച്ച ഗായകനായ യേശുദാസ് ഉള്ളപ്പോൾ കൂടുതൽ പാട്ടുകളും അദ്ദേഹത്തെക്കൊണ്ടു പാടിക്കുന്നത് സ്വാഭാവികമാണല്ലോ. ഒരുപാടു വേദനിപ്പിക്കുന്ന അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ള ഒരാളാണ് ഞാനും. മമ്മൂട്ടിയുടെ ഒരു ഹിറ്റ് സിനിമയ്ക്കുവേണ്ടി ഞാൻ പാടി റിക്കോർഡ് ചെയ്ത പാട്ട് തീയറ്ററിൽ വന്നപ്പോൾ മറ്റൊരാൾ പാടിയിരിക്കുന്നു. എന്റെ പാട്ടുകൾ ഹിറ്റായി കഴിഞ്ഞതിനു ശേഷവും ഇത്തരം ദുരനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഒരു പാട്ട് ഉണ്ടെന്നു പറഞ്ഞു വിളിക്കുകയും സ്റ്റുഡിയോയിൽ പാടാനായി ചെല്ലുമ്പോൾ മറ്റൊരാൾ ആ പാട്ട് പഠിച്ചുകൊണ്ടിരിക്കുന്നതു കാണേണ്ടിവരുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടും എനിക്കുവേണ്ടിയുള്ള പാട്ടുകൾ എന്നെ തേടിത്തന്നെ വരാറുണ്ട്. എന്റെ പാട്ടുകളെ തീവ്രമായി പ്രണയിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. പലരും വിളിക്കാറുണ്ട്, ചിലർ കാണാൻ വരാറുമുണ്ട് .
പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട പാട്ടാണ് ചന്ദന മണിവാതിൽ ....ഈ ഗാനത്തിന്റെ പിറവിയെപ്പറ്റി പറയാമോ .?
പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം നിർവഹിച്ച തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ റിക്കോഡിങ്ങിനു ചെന്നൈയിലെത്തിയപ്പോഴാണ് ചന്ദന മണിവാതിൽ എന്ന ഗാനത്തിലേക്കുള്ള വഴിതെളിയുന്നത്. തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി 'എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോൾ സംഗീത സംവിധായകൻ രവീന്ദ്രന്റെ വീടിനടുത്ത് താമസിക്കുന്ന ബാബു ചേട്ടൻ അവിടെ റിക്കോഡിങ് കാണാൻ വരികയുണ്ടായി. ഞാൻ പാടിയ ഒന്നാം രാഗം പാടി എന്ന ഗാനം ബാബുച്ചേട്ടന് ഒരുപാട് ഇഷ്ടമായി. അദ്ദേഹം ഉടനെ തന്നെ എന്നെയും കൂട്ടി സംഗീത സംവിധായകൻ രവീന്ദ്രന്റെ വീട്ടിൽ വന്ന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. പുതിയ പയ്യനാണെന്നും . അവസരങ്ങൾ ഉണ്ടെങ്കിൽ കാര്യമായി പരിഗണിക്കണമെന്നും പറഞ്ഞു. ഹാർമോണിയത്തിൽ പാടാമോ എന്ന് രവീന്ദ്രൻ എന്നോട് ചോദിച്ചു. ഞാൻ ഉടനെ തന്നെ ഒരു ഗസൽ പാടി കേൾപ്പിച്ചു. പാടിക്കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു, ഉടനെ തന്നെ നമ്മൾ വീണ്ടും കാണും. രണ്ടു മാസം കഴിഞ്ഞു തിരുവനന്തപുരത്ത് വരുമ്പോഴാണ് എന്നെ വിളിച്ച് അദ്ദേഹം ഈ പാട്ടു പാടിക്കുന്നത്. 'മരിക്കുന്നില്ല ഞാൻ' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഈ ഗാനം പാടിയത്. ആ ചിത്രം ഹിറ്റായിരുന്നില്ല. ഒരു അമച്ച്വർ സിനിമയായിരുന്നു അത്. വളരെ വികലമായ രീതിയിലാണ് പാട്ടുകൾ ചിത്രീകരിച്ചിരുന്നത്. എന്നാൽ അന്നൊക്കെ സിനിമ ഹിറ്റായില്ലെങ്കിൽ കൂടി പാട്ടുകൾ ശ്രദ്ധിക്കുകയും ഹിറ്റാവുകയും ചെയ്യുമായിരുന്നു. ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ മനോഹരമായ ഗാനത്തിന് ഹിന്ദോളം രാഗത്തിൽ രവീന്ദ്രൻ മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇന്നും മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പത്തു പ്രണയ ഗാനങ്ങളിൽ ചന്ദന മണിവാതിലും ഉണ്ടെന്നു നിസംശയം പറയാം .
രവീന്ദ്രൻ എന്ന സംഗീത സംവിധായകനെക്കുറിച്ച് താങ്കൾക്കുള്ള അഭിപ്രായം .?
രവീന്ദ്രൻ ഒരു ട്യൂൺ മേക്കർ ആണ്. പാട്ടുകളില്ലാതെയും അദ്ദേഹം ട്യൂൺ ഉണ്ടാക്കുമായിരുന്നു. അത് ഒരു സംഗീത സംവിധായകന്റെ വലിയ കഴിവായി ഞാൻ കാണുന്നു എന്നാൽ എനിക്കുണ്ടായിരുന്ന ഒരു അഭിപ്രായവ്യത്യാസം അദ്ദേഹം യേശുദാസ് എന്ന ഗായകനെ മുൻനിർത്തിയാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നത് എന്നാണ്. മറ്റു ഗായകരെ പരീക്ഷിക്കുന്നതിലും അവർക്ക് അവസരം കൊടുക്കുന്നതിലും അദ്ദേഹം പിശുക്ക് കാണിച്ചു. എന്നാൽ ബാബുരാജിനെപ്പോലെ, ദക്ഷിണാമൂർത്തിയെപ്പോലെ അസാധ്യപ്രതിഭയുള്ള ഒരു സംഗീത സംവിധായകനായിരുന്നു രവീന്ദ്രൻ .
എങ്ങനെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം ?
ഒരു സംഗീത കുടുംബമായിരുന്നു എന്റേത് .അമ്മ സരോജിനിയമ്മ വിമെൻസ് കോളേജിലെ മ്യൂസിക് പ്രഫസറായിരുന്നു. അമ്മയുടെ സഹോദരിമാർ പറവൂർ സിസ്റ്റേഴ്്‌സ് എന്ന പേരിലറിയപ്പെട്ടിരുന്ന പാട്ടുകാരികൾ ആണ്. സദാസമയവും വീട്ടിൽ ഒരു സംഗീതാന്തരീക്ഷം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സംഗീതം പഠിക്കാനായി അന്നത്തെ വലിയ സംഗീതജ്ഞനായിരുന്ന ചേർത്തല ഗോപാലകൃഷ്ണൻ നായർ സാറിന്റെ അടുത്ത് പോകുന്നത് . അവിടെ വച്ച് അദ്ദേഹത്തിന്റെ മകനായ ശ്രീറാമുമായി പരിചയപ്പെട്ടു ( സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനം പാടിയത് ശ്രീറാം ആണ് ). പിന്നീടു തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടികളിൽ പങ്കെടുത്തു കൊണ്ടായിരുന്നു കലാജീവിതത്തിന്റെ തുടക്കം. പിന്നീട് ആകാശവാണിയിലെ ലളിതഗാനം ആർട്ടിസ്റ്റായി. എന്റെ സംഗീത ജീവിതത്തിൽ ആദ്യമായി പാടി റിക്കാഡു ചെയ്യുന്നത് എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ലളിതഗാനമാണ്. കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു 1988 ൽ എനിക്ക് തൃശൂർ ആകാശവാണിയിൽ പ്രോഗ്രാം എക്‌സികുട്ടീവായി ജോലി കിട്ടി. 1990 ൽ തിരുവനന്തപുരത്തേക്കു ട്രാൻസ്ഫർ ആയി. പെരുമ്പാവൂർ ജി രവീന്ദ്രനാഥനെയും എം ജി രാധാകൃഷ്ണനെയും പോലുള്ള സംഗീതപ്രതിഭകളുമായി ഒരുപാട് അടുക്കാനും അവരുടെ ധാരാളം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും പാടാനും ഈ കാലയളവിൽ എനിക്ക് കഴിഞ്ഞു. 1984 ൽ പ്രിയദർശന്റെ, ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിനു വേണ്ടി നാലുവരി ഹിന്ദി പാട്ടുപടിയാണ് ആദ്യമായി സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീടു മോഹൻ സിതാരയുടെ സംഗീതത്തിൽ 1988 ൽ ഇറങ്ങിയ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ രാരീ രാരീരം രാരോ എന്ന ഗാനം പാടി. പിന്നീടു ഭാവസുന്ദരങ്ങളായ അനവധി ഗാനങൾ എന്നെത്തേടിയെത്തി. ഒന്നാം രാഗം പാടി, ചന്ദനമണിവാതിൽ, തീനേ പൂവിട്ട, ഏതോ വാർമുകിലിൻ, പൂത്താലം, ആകാശഗോപുരം, മൈനാക പൊന്മുടിയിൽ, ഉണരുമീഗാനം .......അങ്ങനെ നിരവധി ഭാവഗാനങ്ങൾ. 1995 ൽ ഞാൻ തിരുവനന്തപുരം ആകാശ വാണിയിൽനിന്ന് ചെന്നെയിലെയ്ക്ക് പോയി. 2003 ൽ ആകാശവാണിയിലെ ജോലി രാജിവച്ചു സംഗീതത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി .
പുതിയ തലമുറയിലെ സംഗീത സംവിധായകർക്കു താങ്കളെ പോലുള്ള പഴയ ഗായകരോടുള്ള സമീപനം എങ്ങനെയാണ് ?
പുതിയ തലമുറയിലെ എല്ലാ മ്യൂസിക് ഡയറക്ടർമാരുടെയും സിനിമകളിൽ ഞാൻ പാടുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'അച്ഛാ ദിനി'ൽ ബിജി ബാലിന്റെ സംഗീതത്തിൽ ഞാൻ പാടിയിട്ടുണ്ട് .അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗമായ സുരേഷ് ഗോപി ചിത്രം രുദ്രസിംഹാസനത്തിൽ വിശ്വജിത് എന്ന പുതിയ സംഗീത സംവിധായകന്റെ പാട്ടു ഞാൻ പാടിയിട്ടുണ്ട് . അതുപോലെ എം ജയചന്ദ്രൻ , ബാലഭാസ്‌ക്കർ , അലക്‌സ്‌പോൾ , തുടങ്ങിയ പുതിയ തലമുറയിലെ ഭൂരിഭാഗം പേർക്കു വേണ്ടിയും ഞാൻ പാടിയിട്ടുണ്ട്. സിനിമയിൽ ഏകദേശം മുന്നൂറോളം പാട്ടുകൾ മാത്രമേ ഞാൻ പാടിയിട്ടുള്ളു . എന്നാൽ എന്റെ തലമുറയിൽ ഏറ്റവും കൂടുതൽ വെറൈറ്റി പാടിയതു ഞാനായിരിക്കും. ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, കാവ്യഗീതങ്ങൾ എന്ന പേരിൽ കവിതകളുടെ ഒരു കളക്ഷൻ തന്നെയുണ്ട്. പിന്നെ ഗസലുകൾ, പ്രണയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ആൽബം സോങ്ങുകൾ അനവധിയുണ്ട്.
പുതിയ തലമുറയിൽപെട്ട പല സംഗീത സംവിധായകരും കോപ്പി അടിക്കുന്നതിൽ മുന്നിലാണ് എന്നൊരാരോപണം ഉണ്ടല്ലോ ?
ഇതൊക്കെ ഇന്നത്തെ മാത്രം കാര്യങ്ങളല്ല. പണ്ടും ഇതുപോലെയുള്ള കോപ്പിയടികൾ ഉണ്ടായിരുന്നു. അന്ന് അതു കണ്ടുപിടിക്കാൻ പത്രക്കാരോ, സോഷ്യൽ നെറ്റ് വർക്കുകളോ ഇല്ലത്തതുകൊണ്ടാവം അത്തരം കാര്യങ്ങൾ പുറം ലോകം അധികം അറിയാത്തത്. ഇന്ന് ഒരു പാട്ടിനോട് സാമ്യമുള്ള പാട്ട് ഏതെന്ന് ഇന്റർനെറ്റിൽ പരതിയാൽ നിമിഷനേരത്തിനുള്ളിൽ വിവരങ്ങൾ വരും. പണ്ടുള്ള പല ഹിന്ദി പാട്ടുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടു ചെയ്തിട്ടുള്ള പല മലയാള ഗാനങ്ങളും ഉണ്ട്. മദൻ മോഹന്റെയും ശങ്കർ ജയകൃഷ്ണന്റെയും ഒക്കെ പാട്ടുകൾ അതുപോലെ തന്നെ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ഇന്റർനെറ്റ് ഇത്രയും ശക്തമായി നില്ക്കുമ്പോഴാണ് ഇത്തരം ചർച്ചകൾ സജീവമാകുന്നത്. ഇന്ന് അറബിക്, സ്പാനിഷ് , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നൊക്കെയുള്ള പാട്ടുകൾ മലയാളത്തിലേയ്ക്ക് കടം കൊള്ളുന്നുണ്ട് . ഈ അടുത്തിടയ്ക്ക് ഏതൊക്കെയോ പാട്ടുകൾ കേസായതായും അറിഞ്ഞു . എന്നാൽ ഈ സംഗീത സംവിധായകരെല്ലാം വളരെ പ്രതിഭയുള്ളവർ ആണെന്നതിൽ തർക്കമില്ല. സിനിമയുടെ ഒരു പ്രത്യേകഭാഗത്തിന് ആവശ്യമായ രീതിയിൽ സംവിധായകന്റെയോ നിർമ്മാതാവിന്റെയോ നിർബന്ധത്തിനു വഴങ്ങി ആയിരിക്കും അവർ അങ്ങനെ ചെയ്യുന്നത്. ഞാൻ വന്ന കാലഘട്ടവും അന്നത്തെ സംഗീത സംവിധായകരുമാണ് മികച്ചതെന്നും ഇപ്പോഴുള്ളവരെല്ലാം വെറും കോപ്പി യടിക്കാർ മാത്രമാണെന്നൊന്നും പറയാൻ എനിക്ക് താല്പര്യം ഇല്ല. ഇന്നത്തെ തലമുറയിൽ പെട്ടവരുമായി ഞാൻ വർക്ക് ചെയ്തപ്പോൾ എനിക്ക് തോന്നിയത് അവരെല്ലാം മികച്ച പ്രതിഭയുള്ളവർ തന്നെയെന്നാണ്. പണ്ടത്തെപ്പോലെ രാഗനിബദ്ധമായിരിക്കില്ല അവരുടെ പാട്ടുകൾ. അവർ സംഗീതം ചെയ്യുന്ന രീതിയും ഉപകരണങ്ങളും സാങ്കേതികവിദ്യയുമെല്ലാം വ്യത്യസ്തമാണ്. ഇതുപോലുള്ള വിമർശനങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. സിനിമയുടെ സംഗീതം അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് . യഥാർഥത്തിൽ സിനിമയുടെ സംഗീതമെന്നു പറയുന്നത് അതിന്റെ പശ്ചാത്തലസംഗീതം ആണ്. ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും പാട്ടുകൾ സിനിമയുടെ അവശ്യ ഘടകമല്ല. അതിനാൽ കാലം മാറുന്നതിനനുസരിച്ച് സിനിമയുടെ സംഗീതവും മാറുന്നു. അപ്പോൾ അതിനനുസരിച്ച് സംഗീത സംവിധായകർ അവരുടെ സംഗീതവും മാറ്റിയാൽ മാത്രമേ പിടിച്ചു നില്ക്കാൻ കഴിയു. അങ്ങനെ വരുമ്പോൾ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ഇത്തരം കോപ്പി വിവാദങ്ങൾ.
സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആർക്കും പാടാം എന്നൊരു അവസ്ഥയുണ്ടോ ?
ആർക്കു വേണമെങ്കിലും പാടാം എന്നത് ശരിയാണ് . നമ്മുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പാടാൻ കഴിവുള്ള ആളിനും കഴിവില്ലാത്ത ആളിനും വളരെ നിസ്സാരമായി പാട്ട് പാടി പോസ്റ്റ് ചെയ്യാം. എന്നാൽ അതൊന്നും നമ്മുടെ സംഗീത ചരിത്രത്തിന്റെ ഭാഗമാകുന്നില്ല. ഇന്നത്തെ പാട്ടുകൾ നാളെയും നിലനില്ക്കണമല്ലോ. ആർക്കും പാടം എന്ന അവസ്ഥയുള്ള പാട്ടുകളൊന്നും നാളെ നിലനില്ക്കുന്നതല്ല . പലപ്പോഴും ശാസ്ത്രീയമായി സംഗീതം പഠിച്ചവരല്ല ഇപ്പോൾ സിനിമയിൽ പാടാൻ വരുന്നത് .സിനിമയിൽ പാടാൻ കർണാടകസംഗീത പഠനത്തിന്റെ ആവശ്യമില്ല. എന്നാൽ രാഗനിബദ്ധമായ സംഗതികൾ ഉള്ള ചില പാട്ടുകൾ പാടേണ്ടി വരുമ്പോഴാണ് ഇത്തരം ഗായകർ ബുദ്ധിമുട്ടുന്നത് .
താങ്കളുടെ കാലഘട്ടത്തിലുള്ള ഗായകരാണ് ഉണ്ണിമേനോൻ, ബിജു നാരായണൻ, കെ ജി മാർക്കോസ്, സുദീപ് കുമാർ തുടങ്ങിയവർ. ഇവരുടെയൊക്കെ കഴിവിന് അനുസരിച്ചുള്ള അവസരങ്ങൾ എന്തുകൊണ്ടാണ് അവർക്ക് ലഭിക്കാത്തത് ?
ചില കാര്യങ്ങളിൽ വിശദീകരണങ്ങൾ ഇല്ല . ഞാനൊക്കെ സ്‌കൂൾ കോളേജ് യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന സമയത്ത് എന്നേക്കാൾ പാടുന്ന എത്രയോ പാട്ടുകാർ ഉണ്ടായിരുന്നു. അവരൊക്കെ ഇന്ന് എവിടെയാണെന്നു പോലും അറിയില്ല . സിനിമയിലെ ഏതു വിഭാഗത്തിലായാലും ശക്തമായ പ്രതിഭയുള്ളവർക്ക് മാത്രമേ അവസരങ്ങൾ കൂടുതൽ ലഭിക്കുകയുള്ളൂ. എം എസ് ബാബുരാജ് , ദേവരാജൻ , എം കെ അർജുനൻ, രാഘവൻ മാസ്റ്റർ തുടങ്ങിയ സംഗീത സംവിധായകരുടെ കാലത്ത് പ്രതിഭയുള്ള വേറെയും സംഗീത സംവിധായകർ ഉണ്ടായിരുന്നു . അവർക്കൊന്നും അവസരങ്ങൾ കിട്ടിയില്ല .ചിലപ്പോൾ ചില കൂട്ടായ്മകളുടെ അല്ലെങ്കിൽ ചില കൊക്കസുകളുടെയൊക്കെ കളി കൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. പിന്നെ യേശുദാസ് എന്ന ഗായകനോടൊപ്പം തന്നെ കഴിവുള്ള മറ്റു ഗായകർ ഉണ്ടെങ്കിൽ അവർക്ക് അവസരം കൊടുക്കേണ്ടത് സിനിമാക്കാർ ആണ്. അവർക്കിപ്പോൾ യേശുദാസിനെ മാത്രം മതിയെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?