ലയാള സിനിമയിലെ പട്ടാളച്ചിട്ടയാണ് ജികെ പിള്ള. അഭിനയ മോഹം മൂത്ത് പട്ടാളത്തെ വിട്ട് വെള്ളിത്തിരയെ പ്രണയിച്ച യുവാവ്. മലയാള സിനിമയിലെ പല തലമുറയ്‌ക്കൊപ്പം പല വേഷങ്ങളിൽ സ്‌ക്രീനിലെത്തി. എന്തും തുറന്നു പറയുന്നതുകൊണ്ട് തന്നെ മിത്രങ്ങളെ പോലെ ശത്രുക്കളുമുണ്ട്. മലയാള സിനിമയിലേക്കുള്ള വരവും യാത്രയും ജികെ പിള്ള സ്വന്തം വാക്കുകളിൽ വിവരിക്കുന്നു. പരിഭവവും പരാതിയുമില്ലാതെ ഇന്നും വെള്ളിത്തിരയിൽ സജീവമാണ് ഈ അഭിനയ പ്രതിഭ. അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യത്തിലേക്ക്.

സിനിമയിൽ വരുന്നതിനു മുൻപ് കഠിനമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ .ചിറയികീഴു സ്‌കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസ ജീവിതം അരംഭിച്ചത്. അന്ന് എന്നോടൊപ്പം അതേ സ്‌കൂളിൽ പഠിക്കുന്നവർ ആണ് പ്രേം നസീറും ശോഭനാ പരമേശ്വരൻ നായരും ഭരത് ഗോപിയും എല്ലാം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം അതിന്റെ തീവ്രമായ അവസ്ഥയിൽ കത്തിനിൽക്കുന്ന കാലം. ഞങ്ങൾ കുറേ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശത്താൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂടെ കൊടിയും പിടിച്ചു മുദ്രാവാക്യം വിളികളുമായി ദിവസവും രാവിലെ സ്‌കൂളിലൊന്നും പോകാതെ അങ്ങനെ നടക്കുമായിരുന്നു. വിദ്യഭ്യസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും ഞങ്ങൾക്കന്നു വേണ്ടത്ര അറിവുണ്ടായിരുന്നില്ല.

നാലു വർഷത്തോളം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അങ്ങനെ നടന്നു. എന്നാൽ സ്‌കൂളിൽ പോകാത്തത്തിനു വീട്ടിൽ ഭയങ്കരമായ പ്രശ്‌നങ്ങൾ ഉണ്ടായി .അച്ഛൻ കണക്കറ്റു തല്ലി.അമ്മയും സഹോദരങ്ങളും ആരും എന്റെ ഭാഗത്ത് നിന്നില്ല.പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ ആരോരും അറിയാതെ ഒരു ദിവസം രാത്രിയിൽ ഞാൻ നടുവിട്ടു .എന്നിക്കന്നു പതിനാറു വയസാണ്. കയ്യിൽ കാശായി ഉള്ളത് സുഹൃത്തിന്റെ കയ്യിൽ നിന്നും കടമായി വാങ്ങിയ രണ്ടു ചക്രം (അന്ന് നിലവിലുള്ളത്)അതിൽ ഒരു ചക്രം കൊടുത്തു തിരുവനന്തപുരത്ത് വന്നു. കുറെ ദിവസങ്ങൾ തിരുവനന്തപുരം നഗരത്തിലൂടെ അലഞ്ഞു നടന്നു.

ഒരു ദിവസം രാവിലെ അവിടെ അടുത്തുള്ള സ്‌കൂളിലേയ്ക്ക് വിദ്യാർത്ഥികളും ചെറുപ്പക്കാരും ധാരാളമായി പോകുന്നത് കണ്ടു. ഞാൻ കാര്യം തിരക്കിയപ്പോൾ പട്ടാളത്തിൽ ആളെടുക്കുന്ന തിരക്കായിരുന്നു അത്. പെട്ടെന്ന് തോന്നിയ ആവേശത്തിൽ ആ നീണ്ട വരിയിൽ കയറി നിന്നു. ഒത്ത പൊക്കവും അതിനൊത്ത വണ്ണവും ഉള്ള എന്നെ പട്ടാളത്തിലെടുക്കാൻ അവർക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 1940 ൽ അവിടെ നിന്നാണ് എന്റെ പതിമൂന്നു വർഷത്തെ പട്ടാള ജീവിതം ആരംഭിക്കുന്നത്. പട്ടാളത്തിൽ ട്രെയിനിഗ് പൂർത്തിയാക്കിയ ഉടൻ തന്നെ ഞങ്ങളെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി സിഗപൂരിലേയ്ക്ക് കൊണ്ട് പോയി അവിടെ നിന്നും ബർമയിലേയ്ക്കും. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പല മുഹൂർത്തങ്ങളും യുദ്ധത്തിൽ ഉണ്ടായി. 1945 ആയപ്പോഴേക്കും യുദ്ധം ഏകദേശം അവസാനിച്ചു. തിരിച്ചു ഇന്ത്യയിൽ വന്നപ്പോഴേയ്ക്കും ഇവിടുത്തെ അന്തരീക്ഷം അകെ മറിമാറിഞ്ഞിരുന്നു.

ഇന്നത്തെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെല്ലാം ഹിന്ദു മുസ്ലിം കലാപത്തിന്റെ പിടിയിലമർന്നിരുന്നു. രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡൃൂട്ടി. മാറിയുടുക്കാൻ നല്ല വസ്ത്രങ്ങളോ നല്ല ആഹാരമോ കിട്ടാതെ ഞങ്ങൾ അവിടെ ജോലി ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വർഷം കഴിഞ്ഞ് പാക്കിസ്ഥാൻ കശ്മീരിന് വേണ്ടി യുദ്ധം ആരംഭിച്ചു. തുടർന്ന് ഞങ്ങളെയെല്ലാം അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി. അവിടെ യുദ്ധമുഖത്ത് ഒരു വർഷമേ ഞാൻ ഉണ്ടായിരുന്നുള്ളു. പുതിയ ആയുധ സാമഗ്രികളിലുള്ള എന്റെ പരിജ്ഞാനം കണക്കിലെടുത്ത് അവിടുത്തെ മിലട്ടിറി കോളേജിൽ എന്നെ അദ്ധ്യാപകനായി നിയമിച്ചു .രണ്ടു വർഷക്കാലം അവിടെ ജോലി ചെയ്ത ശേഷം 1951 ൽ ഊട്ടിയിലുള്ള റജിമെന്റിലെയ്ക്ക് സ്‌പെഷ്യൽ അദ്ധ്യാപകനായി എനിക്ക് പോസ്റ്റിങ് ലഭിച്ചു. അവിടെ വച്ച് ഒരു ദിവസം ഞാൻ ഒരു മലയാള പത്രം കാണാൻ ഇടയായി.

എന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനുമായ അബ്ദുൽഖാദർ (പിന്നീടു പ്രേം നസീർ)എന്ന ആൾ ഒരു മലയാള സിനിമയിൽ നായകനായി അഭിനയിക്കുന്നു. അവിടെനിന്നാണ് എന്റെ സിനിമാ മോഹങ്ങള്ക്ക് തുടക്കമാകുന്നത്. തുടർന്ന് എങ്ങനെയെങ്കിലും നാട്ടിൽ വന്നു ശ്രമിച്ചു നോക്കാം എന്ന് വിചാരിച്ചു. എന്നാൽ പെട്ടെന്ന് പട്ടാളത്തിൽ നിന്ന് ലീവെടുത്ത് വരാനും കഴിയില്ല. അവസാനം പട്ടാളത്തിൽ നിന്ന് പിരിഞ്ഞു പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ അന്നൊക്കെ അത്ര പെട്ടെന്നൊന്നും പട്ടാളത്തിൽ നിന്നും പിരിഞ്ഞു പോകാൻ കഴിയില്ലായിരുന്നു. പല വാതിലുകളും മുട്ടി ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1953ൽ യാതൊരു ആനുകൂല്യവും ഇല്ലാതെ 13 വർഷത്തെ എന്റെ പട്ടാള ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് വണ്ടികയറി .

നാട്ടിൽ വന്നു പല സിനിമാകമ്പനികളിലും ചാൻസ് ചോദിച്ചു. എല്ലായിടത്തും നിരാശയായിരുന്നു ഫലം. പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വന്നത് അബദ്ധമായിപ്പോയി എന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു. എനിക്കും അപ്പോൾ അങ്ങനെ തോന്നിത്തുടങ്ങിയിരുന്നു. നിർമ്മാണ കമ്പനികളുടെ വാതിൽ തുറക്കുന്നതും കാത്ത് ഒരു വർഷം അലഞ്ഞു. അപ്പോഴാണ് എന്റെ നാട്ടുകാരനും തീയറ്റർ ഉടമയും കോൺട്രാക്ടറുമൊക്കെയായ എം എ ഖാദർ എന്ന മനുഷ്യനെ പരിചയപ്പെടുന്നത്. എന്റെ ആഗ്രഹം ഞാൻ അദ്ദേഹത്തോടും പറഞ്ഞു. എന്റെ അടങ്ങാത്ത അഭിനയ മോഹം മനസിലാക്കിയ അദ്ദേഹം ഉടൻ തന്നെ തന്നെ മദ്രാസിലുള്ള വ്യവസായിയായ എ കെ ഗോപാലനെ ചെന്നു കാണാൻ പറഞ്ഞു . എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും 30 രൂപ കടം വാങ്ങി പിറ്റേന്ന് രാവിലെ തന്നെ മദ്രാസിലേയ്ക്ക് തിരിച്ചു .

അന്ന് തിരുവനതപുരത്ത് നിന്ന് മദ്രാസിലേയ്ക്ക് പോകുന്നതിനു 13 രൂപയാണ് ട്രെയിൻ ചാർജ്. മദ്രാസിൽ എത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു ഫ്രഷായി പിറ്റേന്ന് രാവിലെ എ കെ ഗോപാലന്റെ ഓഫീസിൽ ചെന്നു. എം എ ഖാദർ തന്നയച്ച കത്ത് അദ്ദേഹത്തിന് കൊടുത്തു. കത്ത് വായിച്ച അദ്ദേഹം വളരെ തൽപ്പര്യത്തോട് കൂടി ആരെയോ ഫോണിൽ വിളിച്ചു തമിഴിലെന്തക്കൊയോ സംസാരിച്ചതിന് ശേഷം എന്നോട് അടുത്തുള്ള വാഹിനി സ്റ്റുഡിയോയിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. തമിഴ് നാട്ടിലെ അന്നത്തെ വലിയ സ്റ്റുഡിയോകളിലൊന്നാണ് വാഹിനി. ഞാൻ ഉടൻ തന്നെ വാഹിനി സ്റ്റുഡിയോയിൽ എത്തി .അവിടെ ചെന്നയുടൻ തന്നെ എന്നെ മലയാളത്തിൽ സിനിമകൾ ചെയുന്ന അന്നത്തെ വലിയ നിർമ്മാണ കമ്പനിയായ അസോസിയേറ്റ് പിക്‌ചേഴ്‌സിന്റെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു .വളെരെ പെട്ടെന്ന് തന്നെ ഞാൻ അവരുടെ ഓഫീസിൽ ചെന്ന് ഉടമയായ ടി ഇ വാസുദേവനെ കണ്ടു .

അവർ അപ്പോൾ അടുത്ത് ചെയ്യാൻ പോകുന്ന സത്യൻ നായകനായ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു അഭിനയിക്കനോക്കെ അറിയാമോ എന്ന്. എന്നോട് കുറച്ചു സീനുകൾ അഭിനയിച്ചു കാണിക്കാൻ അദ്ദേഹം അവിശ്യപ്പെട്ടു .ഒരു നാടകത്തിൽ പോലും അന്നുവരെ അഭിനയിക്കാത്ത ഞാൻ അവർ പറഞ്ഞപ്പോൾ എന്തൊക്കെയോ അഭിനയിച്ചു. എന്തായാലും ടി ഇ വാസുദേവൻ സാറിനും മറ്റുള്ളവർക്കും അതിഷ്ടപ്പെട്ടു. അങ്ങനെ 1954 ൽ സത്യൻ നായകനും പത്മിനി നായികയും ആയി പുറത്തിറങ്ങിയ സ്‌നേഹസീമ എന്ന ചിത്രത്തിൽ പത്മിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായ പുൽപ്പള്ളി തോമസിനെ അവതരിപ്പിച്ചുകൊണ്ട് ഞാൻ മലയാള സിനിമയിലേയ്ക്ക് കടന്നു വന്നു. സ്‌നേഹ സീമ സൂപ്പർ ഹിറ്റായിരുന്നു . തുടർന്ന് മെരിലാന്റിന്റെ ചിത്രം രാജാഹരിശ്ചന്ദ്രയിൽ വിശ്വാമിത്രനായി.

അന്നത്തെ പത്രങ്ങൾ വിശ്വാമിത്രൻ ആയി അഭിനയിച്ച എന്നെക്കുറിച്ച് ധാരാളം എഴുതുകയുണ്ടായി. തുടർന്ന് മുന്നൂറ്റി നാൽപ്പതോളം സിനിമകൾ, മുപ്പതോളം ടി വി സീരിയലുകൾ , മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും സീനിയറായ ഒരു നടനാണ് ഞാൻ . കാരണം 61വർഷമായി അഭിനയിച്ചു കൊണ്ടേയിരിക്കുന്ന മറ്റൊരു നടനെ മറ്റൊരു ഇന്ത്യൻ ഭാഷയിലും കാണാൻ കഴിയില്ല. ഒരു തികഞ്ഞ കോൺഗ്രസുകാരനാണ് ഞാൻ. കേരളത്തിന്റെ മുക്കിലും മൂലയിലും കോൺഗ്രസിന് വേണ്ടി ഞാൻ പ്രസംഗിച്ചിട്ടുണ്ട് . എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു പട്ടാളക്കാരനായിരുന്നിട്ടുപോലും എനിക്ക് പെൻഷനൊ മറ്റു ആനുകൂല്യങ്ങളോ ഒന്നും കിട്ടിയിട്ടില്ല . ഞാൻ പ്രസംഗിച്ച് ജയിച്ചു പോയ പലരും പിന്നീടൊന്നു തിരിഞ്ഞുപോലും നോക്കാറില്ല .പെൻഷൻ ലഭിക്കുന്നതിനു വേണ്ടി പല കോൺഗ്രസ് നേതാക്കളെയും കണ്ടു. ആരും എന്നെ സഹായിച്ചിട്ടില്ല .

കെ എസ് എഫ് ഡി സി യുടെ ചെയർമാൻ സ്ഥാനം പലതവണ തരാമെന്ന് പറഞ്ഞു പറ്റിക്കുകയാണ് ഉണ്ടായത്. എന്നാൽ ദൈവം സഹായിച്ചു ഇപ്പോൾ ജീവിക്കാനും, ആരോഗ്യത്തിനും ഒരു കുഴപ്പവും ഇല്ല. എനിക്ക് ആറു മക്കൾ ആണ്. എല്ലാവരും വളെരെ നല്ല നിലയിൽ ജീവിക്കുന്നു. എനിക്കൊരു ബുദ്ധിമുട്ടും വരാതെയാണ് അവർ എന്നെ നോക്കുന്നത്. രാഷ്ട്രീയത്തെക്കാൾ കഷ്ടമാണ് ഇപ്പോൾ സിനിമ. കഴിഞ്ഞ സ്വാതന്ത്ര്യ സമര ദിനത്തിൽ എന്നെയും മോഹൻ ലാലിനെയും കേരള സർക്കാർ ആദരിക്കുന്നുണ്ടെന്നു പറഞ്ഞു ഒരാൾ എന്നെ വിളിച്ചിരുന്നു . അവസാനം നോട്ടീസ് ഇറങ്ങിയപ്പോൾ എന്റെ പേരില്ല. അതുപോലെ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ചെന്നെയിൽ നടന്നപ്പോൾ 61 വർഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന എന്നെയും ആദരിക്കുന്നുണ്ടെന്നു പറഞ്ഞു. അതു നടന്നില്ല.എന്തിനാണ് 91 വയസായ എന്നോട് ഇങ്ങനെ കാണിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയത്തെ വെല്ലുന്ന ജീർണമായ അവസ്ഥയാണ് ഇന്ന് മലയാള സിനിമയിലുള്ളത്.-ജി കെ പിള്ള പറയുന്നു.