മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെപ്പിലേക്ക് അടുക്കുന്നതോടെ ചെറു കക്ഷികളുടേയും സംഘടനകളുടേയും നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ 29,216 വോട്ടുകൾ നേടിയ പാർട്ടിയാണ് ജമാഅത്തേ ഇസ്ലാമിക്കു കീഴിലുള്ള വെൽഫെയർ പാർട്ടി. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായ ക്രോഡീകരണവും ചർച്ചകളും നടന്നു വരികയാണ്.

ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയമോ ബിജെപി അഭിവാജ്യ ഘടകമേയല്ലെന്നും ബിജെപി ഇവിടെ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നില്ലെന്നും വെൽഫെയർ പാർട്ട് അധ്യക്ഷൻ അബ്ദുൽ ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിക്ക് അനുവദിച്ച മഭിമുഖത്തിൽ പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അവരുടെ മത്സരത്തിൽ പോലും ജാഗ്രത പാലിച്ചില്ലെന്ന അഭിപ്രായം ഞങ്ങൾക്കുണ്ട്. കേരള ഭരണത്തെ വിലയിരുത്തി മാത്രം നിലപാട് സ്വീകരിക്കില്ല. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം അബദ്ധമാണ്. ഇതിലൂടെ നേട്ടമുണ്ടാക്കുക ബിജെപിയാണെന്നും ഹമീദ് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടപ്പ് പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പൂർണ രൂപം:-

?മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം

ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല എന്നത് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഒരു പ്രത്യേകമായ രാഷ്്ട്രീയ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുള്ളൂവെന്നാണ് ഈ വിഷയത്തിൽ ഞങ്ങളുടെ നിലവിലുള്ള തീരുമാനം. അതുകൊണ്ടാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്. മത്സര രംഗത്ത് ഇല്ലെങ്കിലും ഞങ്ങളുടേതായ നിലപാടുണ്ട്. പാർട്ടിയിൽ നിന്നും ക്രോഡീകരിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുള്ള നിലപാട് ഞങ്ങൾക്കുണ്ട്. പാർട്ടി സ്ഥാനാർത്ഥിയെ നിർത്താത്തിന്് മറ്റുമാനങ്ങളില്ല. വെൽഫെയർ പാർട്ടി മത്സരിക്കേണ്ട ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം ഇല്ല എന്നുള്ളതുകൊണ്ട് മാത്രമാണ് മത്സരിക്കാതിരുന്നത്.

?ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കായിരിക്കും

മത്സരിക്കാതിരിക്കുമ്പോൾ നിലവിലുള്ള സാഹചര്യത്തിൽ പിന്തുണ ആർക്ക് കൊടുക്കണമെന്നത് ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. എന്തായാലും മനസാക്ഷി വോട്ടിന് വിടില്ല. കാരണം, അത് പ്രവർത്തകർക്ക് പാർട്ടിയിൽ ഒരു പിടിത്തമില്ലാത്ത തീരുമാനമാണത്. ഇനി ഒരു കക്ഷിയെ പിന്തുണക്കുന്ന നിലപാടും ആയിക്കൊള്ളണമെന്നില്ല. ജനാധിപത്യത്തിലെ പല രീതികളും സ്വീകരിക്കാമല്ലോ..നാളെ അന്തിമ തീരുമാനം പറയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചർച്ചകൾ പാർട്ടിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. പാർലമെന്ററി ബോർഡ് ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള അഭിപ്രായം ക്രോഡീകരിച്ചിട്ടു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വർക്കിംങ് കമ്മിറ്റിയിൽ ചർച്ച ചെയ്തായിരിക്കും തീരുമാനം. ഇതിന്റെ റിപ്പോർട്ട് ദേശീയ കമ്മിറ്റിക്കും കൈമാറും. അത് മണ്ഡലം തലങ്ങളിൽ പ്രവർത്തകരെ വിളിച്ചു ചേർതത്ത് അറിയിക്കും.

? പിന്തുണ അഭ്യർത്ഥിച്ച് ഏതെങ്കിലും കക്ഷികൾ സമീപിച്ചിരുന്നോ

മത്സര രംഗത്തുള്ള പാർട്ടികൾ വോട്ടഭ്യർത്ഥിച്ചു എന്നല്ലാതെ സംഘടനാപരമായ ചർച്ചകൾക്ക് നടന്നിട്ടില്ല. വോട്ട് അഭ്യർത്ഥിച്ച്കൊണ്ട് യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളിൽ നിന്നും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. മത്സരിക്കാതിരിക്കുന്ന പാർട്ടിയാകുമ്പേൾ ആ വോട്ട് കിട്ടണമെന്ന് എല്ലാവർക്കും ആഗ്രമുണ്ടാകുമല്ലോ..ഇത്തരത്തിലുള്ള സ്വാഭാവിക അഭ്യർത്ഥനമാത്രമാണത്.

?നിലവിലെ ദേശീയ -കേരള രാഷ്ട്രീയത്തെ എങ്ങിനെ നോക്കികാണുന്നു

ഞങ്ങൾ നോക്കിക്കാണുന്നത്, ഈ ഉപതെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്ന തരത്തിലുള്ള പ്രവണതകൾ ഉണ്ടാകില്ലെന്നാണ്. യു.പി തെരഞ്ഞെടുപ്പ് മോഡൽ എഫക്ട് ചെയ്യുന്ന ഒരു മണ്ഡലമല്ല മലപ്പുറം. പ്രത്യേകിച്ചും ബിജെപി എന്നത് മലപ്പുറത്ത് അഭിവാജ്യ ഘടകമേയല്ല. അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എന്തെങ്കിലും സംഭവിക്കുന്നതുകൊണ്ടോ, ബിജെപി ഇവിടെ ഉണ്ടായതുകൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നില്ല. മലപ്പുറം പാർലമെന്റ് മണ്ഡലത്തെ സംബന്ധിച്ച് അങ്ങിനെയൊരു സാഹചര്യമില്ല. കേരളത്തിൽ എൽ.ഡി.എഫും ഇതിന് മുമ്പ് യു.ഡി.എഫും ഭിരിച്ചപ്പോൾ ഞങ്ങളുടെ നിലപാട് ഭരണ കക്ഷിയെ സമ്മർദത്തിലാക്കിയിരിക്കുകയെന്നതാണ്. അത് ഭരണം നന്നാകുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുമാണ്. ഗവൺമെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും.

നിലവിലെ ഭരണത്തിനെതിരെ ഞങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ എന്ത് സമീപനം എടുക്കും എന്നതിന്റെ ന്യായമായിട്ടോ കാരണമായിട്ടോ കാണേണ്ടതില്ല. കേരള സർക്കാറിനെതിരെയുള്ള വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലായെന്നല്ല ഞാൻ പറയുന്നത്. ഞങ്ങൾ ഒരു നിലപാട് എടുക്കുമ്പോൾ ഭരണ വിലയിരുത്തൽ നോക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ റിസ്‌ക്കെടുത്ത് ആരെയെങ്കിലും പിന്തുണക്കേണ്ട സാഹചക്യം ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. ഞങ്ങൾ മത്സരിക്കാത്തിടങ്ങളിൽ സാധാരണ ചെയ്യാറുള്ളത്. ബിജെപിക്ക് വിജയ സാധ്യതയോ രണ്ടാമതോ നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ തൊട്ടടുത്ത സാധ്യതയുള്ള ഒരു മതേതര പാർട്ടിയെ പിന്തുണക്കുകയെന്ന നിലപാടാണ് ഞങ്ങൾ മത്സരിക്കാതിരിക്കുമ്പോൾ സ്വീകരിച്ചു പോന്ന നിലപാട്.

കേരള ഭരണത്തിന്റെ വിലയിരുത്തൽ ജനങ്ങളിൽ സ്വാധീനിക്കും. കേരള ഭരണത്തിൽ ജനങ്ങൾ വളരെ അതൃപ്തരാണ്. ഉദ്ധേശിച്ച രീതിയിലോ തൃപ്തകരമായോ അല്ല കഴിഞ്ഞ ഒമ്പത് മാസത്തോളം സർക്കാർ ഭരണം കൊണ്ടുപോയത്. മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അവരുടെ മത്സരത്തിൽ പോലും ജാഗ്രത പാലിച്ചില്ലെന്ന അഭിപ്രായം ഞങ്ങൾക്കുണ്ട്.

?വെൽഫെയർ പാർട്ടിയുടെ പിന്തുണ മുസ്ലിംലീഗിനാണെന്ന പ്രചാരണം വ്യാപകമായി നടക്കുന്നു

ഇവിടത്തെ മതേതര പാർട്ടികളുടെ ചില അബദ്ധമാണത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നു എന്ന പ്രചാരണത്തിലൂടെ സി.പി.എം ഈ അബദ്ധം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന പ്രചാരണം ഉണ്ടായാൽ സാമുദായിക ധ്രുവീകരണം ഉണ്ടാകും. അങ്ങിനെ നടന്നാൽ അതിന്റെ റിസൾട്ട് സെക്യുലർ പാർട്ടികൾക്ക് കിട്ടില്ല, വർഗീയ ഫാസിസ്റ്റ് ശക്തികൾക്കേ കിട്ടൂ. ഇതാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തിയത്. ഇതാണ് സിപിഎമ്മിനേയും ദുർബലപ്പെടുത്താൻ പോകുന്നത്. സി.പി.എം ബോധപൂർവ്വമാണ് ഇത്തരം പ്രചാരണം നടത്തികൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ടിൽ ആശങ്ക സൃഷ്ടിക്കുന്നുവെങ്കിൽ സിപിഎമ്മിന്റെ വോട്ട്ബാങ്ക് ഏതാണ്.

ന്യൂനപക്ഷ വോട്ട് തീരെ കിട്ടാത്ത പാർട്ടിയാണോ എൽ.ഡി.എഫ്. ന്യൂനപക്ഷ വോട്ട് ഏകീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കുമ്പോൾ ഭൂരിപക്ഷ വോട്ടും ഏകീകരിക്കണം എന്ന മെസേജ് ഇതിലൂടെ കൊടുക്കുന്നു. ഇങ്ങനെ വന്നാൽ സിപിഎമ്മിനായിരിക്കില്ല, ബിജെപിക്കായിരിക്കും അതിന്റെ ഗുണം കിട്ടുക. മതേതര പാർട്ടികൾ അവരുടെ ഭാഗം രക്ഷപ്പെടും എന്ന് തെറ്റിദ്ധരിച്ച് എന്താണോ വർഗീയ ഫാസിസ്റ്റ് ശക്തികൾ ആഗ്രഹിക്കുന്നത് അതേ സങ്കേതങ്ങളും സംവിധാനങ്ങളും തന്നെ ഉപയോഗിക്കുന്ന ദുരനുഭവമാണ് കുറച്ചു കാലമായിട്ട് നമ്മുടെ നാട്ടിലുള്ളത്.