'ഞങ്ങളുടെ കഥ ഞാൻ പറയുമ്പോൾ അതിൽ കുറച്ചുകൂടി നേരുണ്ടാകും, അനുഭവങ്ങളുണ്ടാകും. കാരണം ഇതെന്റയും കഥയാണ്; അല്ല ജീവിതം' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ലീല സംസാരം തുടങ്ങിയത്. ലീല സന്തോഷ്. ആദിവാസി സമൂഹത്തിലെ ആദ്യ സംവിധായിക. 'നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി' എന്ന തന്റെ ആദ്യ ഡോക്യുമെന്ററിയിൽ വയനാടും അവിടുത്തെ ആദിവാസികളുടെ ജീവിതവും ആചാരങ്ങളുമാണ് ലീല വരച്ചിടുന്നത്.

സിനിമയെന്ന സ്വപ്‌നം

ചെറുപ്പം മുതലേ സിനിമ എന്ന സ്വപ്‌നം ഒപ്പം ഉണ്ടായിരുന്നു. ടി.വി കാണുന്നതും റേഡിയോയിൽ കേൾക്കുന്ന സിനിമാ പാട്ടുകളും പിന്നെ വഴിയരികിൽ കാണുന്ന പുതിയ സിനിമകളുടെ പോസ്റ്ററുകളും മാത്രമാണ് സിനിമയുമായി ആകെയുള്ള ബന്ധം. പഠിച്ചത് കനവിലാണ് (കെ.ജെ ബേബിയുടെ ബദൽ വിദ്യാഭ്യാസ സ്ഥാപനം). അവിടെ ഇഷ്ടമുള്ളതെന്തും പഠിക്കാം. സിനിമകൾ കാണാൻ കൂടുതൽ അവസരം ലഭിച്ചത് അവിടെ നിന്നാണ്. കാണുന്ന സിനിമകളുടെ എല്ലാം റിവ്യൂ എഴുതിക്കുമായിരുന്നു ഞങ്ങളെക്കൊണ്ട്. അതും ഒരു പ്രചോദനമായി. ബേബിമാമന്റെ 'ഗുഡാൻ' എന്ന സിനിമയിലും സഹകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സിനിമ എന്ന സ്വപ്‌നം മനസിൽ ഉണ്ടായിരുന്നു.

നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി ഒരു ഡോക്യുമെന്ററിയാണ്. ഞാൻ തന്നെയാണ് തിരക്കഥയും സംവിധാനവും. എന്താണ് എങ്ങനെയാണ് എന്നൊന്നും വലിയ വിവരം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് സാങ്കേതിക വശങ്ങളെക്കുറിച്ച്. സിനിമ ചെയ്യണം എന്ന ആഗ്രഹവും ദൃഢനിശ്ചയവും മാത്രമായിരുന്നു കൈമുതൽ. വയനാടിന്റെ പലഭാഗത്തായായിരുന്നു ചിത്രീകരണം. ആദിവാസികൾക്കിടയിലെ ആചാരങ്ങളും അവരുടെ ജീവിതരീതിയും പ്രശ്‌നങ്ങളും ഒക്കെയാണ് ഈ ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്നത്. ഇനി സബ്‌ടൈറ്റിൽസ് കൂടി ശരിയായാൽ മതി. അവസാന മിനുക്കു പണിയിലാണ് ചിത്രം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് ജോർജും എഡിറ്റിങ് ജിനോ ശ്യാമുമാണ്. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. നിർമ്മാതാവ് രാജൻ റോബേർട്ടിനോട് വലിയ കടപ്പാടുണ്ട്.

നവാഗതനായ സിജു എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സഹകരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അതൊരു കച്ചവടസിനിമയായിരിക്കും. അതുകഴിഞ്ഞാൽ ഞാൻ തന്നെ ഒരു ഫീച്ചർ സിനിമ ചെയ്യും. തിരക്കഥ ഏകദേശം ആയി. വയനാട്ടിലെ ആദിവാസി സമൂഹത്തിലെ അവിവാഹിതകളായ അമ്മമാരെക്കുറിച്ചാണ് ചിത്രം. ഇതൊരു വലിയ പ്രശ്‌നമാണ്. എന്നാൽ ആരും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. അവർക്കിടയിൽ ഇറങ്ങി പഠിക്കുമ്പോഴേ ഇതിന്റെ ഗൗരവം മനസിലാകൂ. ആദിവാസികൾ ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. പക്ഷെ ആ പ്രശ്‌നങ്ങൾക്കൊന്നും ചെവികൊടുക്കാൻ മാറിമാറിവരുന്ന നമ്മുടെ ഗവൺമെന്റുകൾ തയ്യാറാകുന്നില്ല. ആരും തയ്യാറാകുന്നില്ല.

കഴിഞ്ഞദിസവങ്ങളിൽ പോക്‌സോ ആക്ട് മൂലം ആദിവാസി യുവാക്കൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വാർത്തകൾ എല്ലാവരും വായിച്ചു കാണും. ആദിവാസി സമൂഹത്തിലെ ആചാരപ്രകാരം പെൺകുട്ടി വയസറിയിച്ചാൽ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ജീവിക്കാം. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ അക്രമം. ഞാൻ നിയമത്തെയല്ല ചോദ്യം ചെയ്യുന്നത്. എന്നാൽ ഇവിടെ ആവശ്യം ശിക്ഷയല്ല, ബോധവത്ക്കരണം ആണ്. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരാണ് ഈ അനീതി കാണിക്കുന്നത്. ഈ പാവങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് ചെയ്യേണ്ടത്.

ഏതുകാര്യത്തിലായാലും ആദിവാസികളുടെ അവസ്ഥ കഷ്ടമാണ്. എന്തെങ്കിലും ആവശ്യത്തിന് സർക്കാർ ഓഫിസിൽ പോയാൽ പരമാവധി ബുദ്ധിമുട്ടിക്കാനെ ഉദ്യോഗസ്ഥർ നോക്കു. ഒരുപാട് ചൂഷണങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന വിഭാഗമാണ്. എന്നെക്കൊണ്ടാകുന്ന രീതിയിൽ ഓരോ പ്രശ്‌നങ്ങളായി പുറം ലോകത്തെ അറിയിക്കണം

കനവ് ജീവിതം

ഔപചാരിക വിദ്യാഭ്യാസം നേടിയ ആളല്ല ഞാൻ. സ്‌കൂളിൽ ചേർന്നെങ്കിലും കുറച്ചു ദിവസം മാത്രമേ ക്ലാസിൽ പോയുള്ളൂ. അവരുടെ സിലബസും ഭാഷയുമൊന്നും എനിക്ക് ഒത്തുപോകാൻ സാധിക്കാത്തതയായിരുന്നു. പിന്നെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഭാഗത്തുനിന്നുള്ള വിവേചനവും പരിഹാസങ്ങളും. കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞുമനസിലാക്കേണ്ട അദ്ധ്യാപകർ തന്നെ അവഗണിക്കുകയായിരുന്നു. അങ്ങനെയാണ് കനവിൽ എത്തുന്നത്. ശരിക്കും ഞങ്ങൾ എത്തിയതിനു ശേഷം ഞങ്ങൾക്കുവേണ്ടി കനവ് തുടങ്ങി എന്നു പറയുന്നതാവും ശരി. ഇന്ന് നടവയലിൽ ആറര ഏക്കറിൽ സ്ഥിതി ചെയ്യുന്ന കനവിന്റെ തുടക്കം ബേബിമാമന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഷെഡിൽ നിന്നായിരുന്നു. പുസ്തകങ്ങളുടെയോ ബാഗിന്റെയോ ഭാരമൊന്നുമില്ലാതെ പാട്ടും നൃത്തവും വരയുമെല്ലാമായി ഒരുത്സവമായിരുന്നു കനവിന്റെ ബാല്യം.

നടവയലിൽ വന്ന് താമസിച്ച ആളാണ് ബേബിമാമൻ. അദ്ദേഹം അന്ന് നാടുഗദ്ദിക എന്നൊരു നാടകം എഴുതുകയായിരുന്നു. ആദിവാസികളും പരിസരപ്രദേശങ്ങളിലുള്ളവരും തന്നെയായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. എന്റെ വീട്ടുകാരും ബേബിമാമന്റെ നാടകത്തിൽ അഭിനയിച്ചിരുന്നു. ഞങ്ങളുടെ മനസ്സറിഞ്ഞാണ് ബേബിമാമൻ കനവിന് രൂപം നൽകുന്നത്. മുൻകൂട്ടി തയ്യാറാക്കിയ സിലബസോ പുസ്തകങ്ങളോ ഒന്നും ഞങ്ങൾക്ക് പഠിക്കാൻ ഉണ്ടായിരുന്നില്ല. കളിച്ചും വരച്ചും പാട്ടുപാടിയുമെല്ലാം നടക്കുന്നതിനിടയിൽ എപ്പോളാണ് അക്ഷരങ്ങൾ പഠിച്ചത് എന്ന് സത്യം പറഞ്ഞാൻ ഓർമയില്ല. അങ്ങനെ ഞങ്ങൾ കനവുമക്കൾ ഒരു കുടക്കീഴിലേക്ക് വളർന്നു. ഒരുമിച്ച് പഠിച്ചു, ഒരുമിച്ചു ജീവിച്ചു, ഒരുമിച്ച് ഒരായിരം കനവുകൾ നെയ്തു.

കനവിലെ കുട്ടികളൊന്നും ഇതുവരെ ജോലിയില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. എല്ലാവരും തെരഞ്ഞെടുത്തത് അവരവർക്ക് ഇഷ്ടമുള്ള മേഖല. സ്വന്തം ഇഷ്ടങ്ങളും അഭിരുചികളും കണ്ടെത്താൻ ഞങ്ങൾക്ക് തുണയായത് കനവും ബേബിമാമനുമാണ്. എന്റെ സിനിമാ സ്വപ്‌നത്തിന് കരുത്തേകിയത് കനവാണ്. കനവിലെ പഠനത്തിന് ശേഷം പുറത്തൊരു കോളേജിൽ ഒരു ബിരുദത്തിന് ചേരണം എന്നുണ്ടായിരുന്നു. പിന്നെ തോന്നി വേണ്ടെന്ന്. സിനിമ പഠനത്തിന്റെ ഭാഗമായി ധാരാളം വർക്ഷോപ്പുകളിൽ പങ്കെടുത്തു. അതെല്ലാം തന്ന ഊർജത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് സിനിമയിലേക്കിറങ്ങിയത്. ഇനി പുറകോട്ടില്ല.