കോഴിക്കോട് വെള്ളിമാടുകുന്നില്‍നിന്നു കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലേക്കു തിരുത്തുപാട്ടായാണു മാധ്യമം പത്രം പിറവികൊണ്ടത്. നിലവിലുണ്ടായിരുന്ന മാധ്യമസങ്കല്‍പങ്ങളില്‍നിന്നു ജനകീയ മാധ്യമപ്രവര്‍ത്തനത്തിലേക്കും അതു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിലേക്കുമായിരുന്നു മാധ്യമത്തിന്റെ വളര്‍ച്ച. കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളിപറമ്പില്‍നിന്നു മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ മീഡിയാവണ്‍ ചാനലും തുടങ്ങി. വളരെ ചുരുങ്ങിയ കാലം മലയാളിയുടെ മാധ്യമസങ്കല്‍പങ്ങളെ മാറ്റിയെഴുതിയുള്ള ഈ മുന്നേറ്റത്തിനു പിന്നണിയിലുള്ളവരെ തെരഞ്ഞുചെന്നാല്‍ സൗമ്യനായി ചിരിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെക്കാണാം. മാറുന്ന ലോകത്തെക്കുറിച്ചു മാറ്റത്തേക്കാള്‍ വേഗത്തില്‍ ചിന്തിക്കുന്ന ഒ അബ്ദുറഹിമാന്‍ എന്ന ദീര്‍ഘദര്‍ശി. കേരളത്തിലെ ആനുകാലിക രാഷ്ട്രീയം, സ്ത്രീസ്വാതന്ത്ര്യം, മാധ്യമലോകം, തീവ്രവാദം... സമകാലിക ജീവിതത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം മറുനാടന്‍ മലയാളിയോടു സംസാരിക്കുന്നു.

 

കേരളത്തില്‍ ഒരു ഹര്‍ത്താലും കൂടി കഴിഞ്ഞുപോയി. രാഷ്ട്രീയകക്ഷിഭേദമോ നിലപാടുവ്യത്യാസമോ ഇല്ലാതെ എല്ലാവരും സഹകരിച്ചു. വിഷയം എന്താണെങ്കിലും കേരളത്തില്‍ ഹര്‍ത്താലുകള്‍ ആഘോഷങ്ങളായി മാറുകയാണോ?
ബന്ദും ഹര്‍ത്താലും കേരളത്തില്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു. വിമോചനസമരകാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബന്ദാചരിച്ചത്. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്ന പ്രവണത കൂടിക്കൂടി വന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ മാത്രമല്ല ഭിന്നാഭിപ്രായക്കാരും നാശനഷ്ടങ്ങള്‍ ഭയന്ന് ഹര്‍ത്താലിനെയും ബന്ദിനേയും അനുകൂലിക്കാന്‍ തുടങ്ങി. ബന്ദ് കോടതി വിലക്കിയതോടെ ഹര്ത്താലായി. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ പാല്‍, പത്രം ആശുപത്രിയൊക്കെ ഒഴിവാക്കുന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇന്ന് ഹര്‍ത്താല്‍ എന്ന് വച്ചാല്‍ ബന്ദ് തന്നെയാണ്. ബലം പ്രയോഗിച്ചൊന്നും ആരെയും ഇന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് തടയേണ്ടി വരുന്നില്ല. ജനങ്ങള്‍ നാശനഷ്ടങ്ങള്‍ ഭയന്ന് ഏത് ഈര്‍ക്കില്‍ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും അത് വിജയിപ്പിക്കുന്നതാണ് ഇന്ന് കാണുന്നത്.

  • രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തില്‍ ഇന്ന് ഭരണം എന്നൊരു സംഗതിയേ നടക്കുന്നില്ല. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ തമ്മിലും ഘടകക്ഷികള്‍ തമ്മിലും പ്രകടമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭിന്നാഭിപ്രായവും കിടമത്സരവും പരസ്പര വൈരവും ഭരണകക്ഷികള്‍ക്കിടയില്‍ രൂക്ഷമായിരിക്കുകയാണ്.

മുഖ്യമന്ത്രിയാണെങ്കില്‍ സുതാര്യതയുടെ വക്താവായി എപ്പോഴും ജനങ്ങള്‍ക്കായി എല്ലാ വാതിലുകളും തുറന്നിടുന്നു എന്ന് പ്രഖ്യാപിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നിട്ട് എന്താണ് അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്നത്. രാജഭരണ കാലമാണെങ്കില്‍ ഈ പ്രവര്‍ത്തന ശൈലി ശരിയാണ്. നാടുനീളെ ചക്രവര്‍ത്തി സഞ്ചരിച്ച് പ്രജകളെ കണ്ട് ക്ഷേമാന്വേന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാം, ഇവിടെ ജനാധിപത്യ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. ഭരണനിര്‍വ്വഹണത്തിന് ഒരു വ്യവസ്ഥാപിത ചട്ടക്കൂടുണ്ട്.

മന്ത്രിമാര്‍ കൃത്യമായി ഭരണം നടത്തുന്നുണ്ടോ എന്നോ മന്ത്രാലയങ്ങള്‍ വികസന ഫണ്ട് കൃത്യമായി ചെലവഴിക്കുന്നുണ്ടോ തുടങ്ങിയ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. നാട്ടിലാര്‍ക്കെങ്കിലും റേഷന്‍ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ അതിന് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ കൊടുക്കേണ്ട കാര്യമൊന്നുമില്ല. അതിനൊക്കെ വ്യവസ്ഥാപിതമായ രീതികളുണ്ട്. നാടിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന് പ്രാമുഖ്യം നല്‍കാതെ ജനങ്ങളുടെ ലഘുവായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്ന മുഖ്യമന്ത്രി ഒട്ടും മാതൃകാപരമായ ഭരണമല്ല കാഴ്ചവയ്ക്കുന്നത്.

  • മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കേരളത്തില്‍ ഏത് മന്ത്രിസഭ രൂപീകരിക്കുമ്പോഴും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് പരിപൂര്‍ണ്ണമായ കഴിവിന്റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ട് തന്നെ അതാത് പാര്‍ട്ടിയിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളല്ല മന്ത്രിമാരായി വരുന്നത്.

വ്യക്തികളുടെ യോഗ്യതയ്ക്കുള്ള അംഗീകാരമല്ല മന്ത്രിസ്ഥാനം. വിവിധ മതജാതിപ്രാദേശിക പാര്‍ട്ടി ഗ്രൂപ്പുകാരെ സന്തോഷിപ്പിക്കാന്‍ കൊടുക്കുന്നതാണ് ഇന്നു മന്ത്രിസ്ഥാനങ്ങള്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കഴിവുള്ള വ്യക്തികള്‍ പലരുമുണ്ട്. എന്നാല്‍ ഭരണാധികാരി എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനോ കഴിവ് തെളിയിക്കാനോ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ചേര്‍ന്ന് എന്തൊക്കെയോ തീരുമാനം എടുക്കുന്നുണ്ട്. എന്നാല്‍ ഒന്നുപോലും നടപ്പാകുന്നില്ല. ഈ തീരുമാനങ്ങളുടെ അവലോകനം പിന്നീട് ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. മുഖ്യമന്ത്രിയാണ് അതു ചെയ്യേണ്ടത്.

  • തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരും നിരീക്ഷിക്കുന്നില്ല. വിലയിരുത്തുന്നില്ല. അല്ലെങ്കില്‍ കഴിവിന് അംഗീകാരം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന തോന്നലാകുമോ മന്ത്രിമാരെ നിഷ്‌ക്രിയരാക്കുന്നത്?

അതൊരു കാരണമാകാം. മുഖ്യമന്ത്രിയുടെ വീഴ്ചയാണ് മന്ത്രിമാരെ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യാത്തത്. മന്ത്രിമാര്‍ക്കും മന്ത്രിസഭയ്ക്കും ഒരുലക്ഷ്യവും ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാനില്ല,. വികസനമോ ജനക്ഷേമമോ മന്ത്രിസഭയുടെ മുന്നിലില്ല. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ഇനി നാല് മാസം മാത്രമാണുള്ളത്. പത്തുമന്ത്രാലയങ്ങളും പദ്ധതിത്തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ഇനി ബാക്കിയുള്ള നാല് മാസം കൊണ്ട് എന്ത് അത്ഭുതമാണ് നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള നാല് മാസം കൊണ്ട് തിരക്കിട്ട് പദ്ധതിത്തുക ചെലവഴിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ അഴിമതിക്ക് കളമൊരുങ്ങും, തട്ടിപ്പുണ്ടാകും.

  • പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലി എന്താണ്? ശരിയായ ഒരു തിരുത്തല്‍ ശക്തിയാകാന്‍, ഭരണം വഴിപിഴയ്ക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നേര്‍വഴിയിലൂടെ നയിക്കാന്‍ പ്രതിപക്ഷത്തിന് പലപ്പോഴും കഴിയാതെ പോകുന്നുണ്ടോ?

പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. അഞ്ചു വര്‍ഷം പ്രതിപക്ഷമായി ഇരിക്കുന്നവര്‍ പിന്നീട് അഞ്ചു വര്‍ഷം ഭരണപക്ഷമാകുന്നു. ഇപ്പോഴത്തെ പ്രതിപക്ഷത്തിന്, എല്‍ഡിഎഫിനു ഭരണം കിട്ടാനുള്ള എല്ലാ സാഹചര്യവും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മിന് അകത്തെ വിഭാഗീയത കാരണം വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ സിപിഎമ്മിന് തോറ്റുകൊടുക്കാനായിരുന്നു താല്‍പര്യം. ഇത് ഞാന്‍ ഉന്നയിക്കുന്ന ആരോപണമല്ല. കേരളത്തിലെ ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി താത്പര്യങ്ങളേക്കാള്‍ വ്യക്തി താത്പര്യമാണ് ഇന്ന് രാഷ്ട്രീയക്കാര്‍ക്കും പ്രധാനം എന്നതിന്റെ തെളിവാണിത്. ശക്തമായ ഒരു പ്രതിപക്ഷമാകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ ഒരിക്കലും എല്‍ഡിഎഫിന് കഴിഞ്ഞിട്ടേയില്ല.

  • കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവവീര്യം ചോര്‍ന്ന് പോകുകയാണോ? അഴിമതിക്കും അസമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരേ സന്ധിയില്ലാ സമരം നയിച്ചിരുന്ന വിപ്ലവപാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത്?

കമ്യൂണിസ്റ്റ് പാര്‍ട്ടി കാലങ്ങളായി പരിചയിച്ചു വന്നിരുന്ന സമരരീതികള്‍ കാലഹരണപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി പുതിയ സമരരീതികളും സമരമാര്‍ഗ്ഗങ്ങളും പ്രതിഷേധ സങ്കേതങ്ങളും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാലഹരണപ്പെട്ട സാമ്പ്രദായിക രീതികളില്‍ നിന്നും മാറി ചിന്തിച്ചെങ്കില്‍ മാത്രമേ ഇനി പാര്‍ട്ടിക്ക് പ്രതിഷേധ സമരരംഗത്ത് വേണ്ടവിധം ശ്രദ്ധ പിടിച്ചുപറ്റാന്‍ ആകൂ. ഹര്‍ത്താലും പണിമുടക്കും ഉപരോധവുമൊക്കെ ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു. ഭൂരിപക്ഷം വരുന്ന ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയാതെ വരുന്നതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപിന്തുണ കുറയുന്നുണ്ട്.

സിപിഎം പാലക്കാട് പ്ലീനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന കരട് സംഘടനാരീതിയില്‍ അവര്‍ തന്നെ പറയുന്നുണ്ട് പാര്‍ട്ടിക്ക് ജീര്‍ണ്ണതയും അണികള്‍ക്ക് മുരടിപ്പും ഉണ്ടെന്ന്. പാര്‍ട്ടി തന്നെ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. അവര്‍ക്കത് ബോധ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്ററി വ്യാമോഹവും പാര്‍ട്ടിയെ അപകടകരമായ രീതിയില്‍ ഗ്രസിച്ച് കഴിഞ്ഞു. കൂടാതെ ഒരുകാലത്തും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം നേതാക്കള്‍ ഉള്‍പ്പെടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പെടുന്നതായി നാം കണ്ടു.

ഇതൊന്നും എന്റെ ആരോപണങ്ങളല്ല, പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനുകള്‍ തന്നെ ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി താത്പര്യങ്ങളും ജനതാത്പര്യങ്ങളും പലപ്പോഴും രണ്ടാംസ്ഥാനത്താകുകയും വ്യക്തി താത്പര്യങ്ങള്‍ ഒന്നാം സ്ഥാനത്താകുകയും ചെയ്തു.

അതുകൊണ്ട് അണികള്‍ അകന്നു പോയി. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സമരമോ ഉപരോധമോ സംഘടിപ്പിക്കണമെങ്കില്‍ ഒരുമാസത്തെ റേഷനും യാത്രാച്ചെലവും പാരിതോഷികവും നല്‍കിയാലേ ആളെ കിട്ടൂ എന്ന ഗതികേടിലേക്കെത്തിയിട്ടുണ്ട് കാര്യങ്ങള്‍. സെക്രട്ടേറിയറ്റ് ഉപരോധത്തിന് വന്നവര്‍ക്ക് പോലും ഇത് കൊടുത്തിട്ടുണ്ട്.

  • മുതിര്‍ന്ന പൊതുപ്രവര്‍ത്തകര്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പറയുകയുണ്ടായി. ഇതൊരു കപടസദാചാര വാദമാണോ? അതോ കേരളത്തിന്റെ പൈതൃകത്തിനും സംസ്‌കാരത്തിനും എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ?

കേരളത്തിന്റെ സാമൂഹിക ജീവിതത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കുമൊക്കെ മാറ്റം വരുന്നുണ്ടെന്നത് സത്യമാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം ഇപ്പോള്‍ കേരളത്തില്‍ പ്രകടമാണ്. ദൃശ്യമാധ്യമങ്ങളുടെ ദുസ്വാധീനങ്ങളും ഉദാരപുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും പലവിധ കൂട്ടായ്മകളുടെയുമൊക്കെ അതിരുകവിഞ്ഞ സ്വാധീനം ജനങ്ങളുടെ മേലുണ്ട്. എന്നാല്‍ ഈ സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിച്ചാല്‍ ഉടനെ ചൂണ്ടിക്കാണിക്കുന്നവനെ മതമൗലിക വാദിയും സ്ത്രീസ്വാതന്ത്ര്യത്തിന് തടയിടുന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരനൊക്കെയാക്കി മുദ്രകുത്തും.

പെണ്‍കുട്ടികള്‍ സ്വാതന്ത്യം പ്രഖ്യപിക്കുന്നതും സ്വന്തം കാലില്‍ നില്‍ക്കുന്നതുമൊക്കെ നല്ലതും ആവശ്യവുമാണ്. എന്നാല്‍ കുടുംബങ്ങള്‍ ശിഥിലമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നത് അപകടകരമാണ്. കുടുംബത്തെ ബന്ധനമായി കാണുന്നതും അതില്‍ നിന്നുള്ള മോചനം സ്വാതന്ത്രപ്രഖ്യാപനമായി കരുതുന്നതും അപകടകം തന്നെയാണ്. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വാര്‍ത്തകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് കുടുംബബന്ധങ്ങളില്‍ ശൈഥില്യമുണ്ടാകുന്നു എന്നതിന്റെ തെളിവുതന്നെയായി ഇവയെ പരിഗണിക്കേണ്ടി വരും. ആത്മഹത്യകള്‍ കൂടിവരുന്നു. അരക്ഷിതരായ ഒരു വിഭാഗം സമൂഹത്തില്‍ ഉണ്ടാകുന്നുണ്ട്. മാതാപിതാക്കളെ ധിക്കരിച്ചും തിരസ്‌കരിച്ചും മുന്നോട്ടു കുതിക്കുന്ന യുവതലമുറയെ കരുതലോടെ തന്നെ കാണണം.
(തുടരും)