ബോംബെക്കാരനാണെങ്കിലും ബോംബെ എസ് കമാൽ മലയാളിക്ക് ഒപ്പമാണ് ജീവിച്ചത്. മുംബൈയിൽ ജനിച്ച് ബാബുരാജിലൂടെ കേരളത്തിൽ എത്തിയ സംഗീതവും സ്‌നേഹവും ഒരുമിപ്പിച്ച കലാകാരൻ. എൺപതുകളിലും ഹാർമോണിയപ്പെട്ടിയിൽ കമാൽ വിരൽ ചലിപ്പിച്ചാൽ പിന്നെ ശുദ്ധ സംഗീതത്തിന്റെ മനോഹാരിത തെളിയും. പക്ഷേ ഈ തെളിർമ്മ ഈ കലാകാരന്റെ ജീവിതത്തിലില്ല. പ്രാരാബ്ദമാണ് ഇന്ന് ബോംബെ എസ് കമാലിനുള്ളത്. സിനിമയിലും ഗാനമേളാ സ്‌റ്റേജുകളിലും മലയാളിയെ സംഗീതം കൊണ്ട് അമ്പരപ്പിച്ച വ്യക്തിക്ക് പറയാനുള്ളത് ജീവിത ദുരിതങ്ങൾ മാത്രം. ഇപ്പോൾ തിരുവനന്തപുരത്തെ മുടവൻ മുകളിലെ മകളുടെ വീട്ടിലാണ് താമസ്സം. സ്വന്തമെന്ന് പറയാൻ ബോംബെ എസ് കമാലിനുള്ളത് ഹർമ്മോണിയപ്പെട്ടി മാത്രം.

സിനിമ തനിക്ക് തന്നത് കണ്ണീരും ദുരിതങ്ങളും മാത്രമാണെന്ന് ബോംബെ.എസ്.കമാൽ പറയുമ്പോൾ ചിന്തിക്കേണ്ടത് മലയാളിയാണ്. കേരളത്തിലെ സംഗീത സിനിമാ പ്രവർത്തകരാണ്. പ്രതിഭ തിരിച്ചറിഞ്ഞ് മലയാള മണ്ണിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നതാണ് ഈ സംഗീതജ്ഞനെ. ബോംബെ വിക്ലോറിയ ടെർമിനസിനു സമീപം അബ്ദുൽ റഹ്മാൻ സ്ട്രീറ്റിലാണ് കമാൽ ജനിച്ചത്. ഏഴാംവയസ്സു മുതൽ മുഹമ്മദ്‌റഫിയുടെ ഗാനങ്ങൾ ആലപിച്ച് മുംബൈ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായി. അങ്ങനെയിരിക്കെയാണ് ഒരിക്കൽ മലിയാളിയുടെ പ്രിയ സംഗീതജ്ഞൻ ബാബുരാജ് മുംബൈയിൽ എത്തുന്നത്. കവ്വായി പാടിക്കൊണ്ടിരുന്ന എനിക്ക് ബാബുരാജിന്റെ മുന്നിൽ പാടാൻ അവസരം ഉണ്ടായി. കഴിവ് തിരിച്ചറിഞ്ഞു. കേരളത്തിലേക്ക് ക്ഷണിച്ചു. വരാതിരിക്കാൻ കമാലിനും ആയില്ല. അന്നുമുതൽ കേരളത്തിലായി ജീവിതം. ബാക്കിയായി ഉള്ളത് ദുരിത ജീവിതവും.

തന്റെ സംഗീത യാത്രയും അനുഭവങ്ങളുമാണ് ബോംബെ എസ് കമാൽ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നത്. ക്ഷണിച്ചു കൊണ്ടു വന്ന കലാകാരനെ മലയാള സംഗീത ലോകം മറന്നമട്ടാണ്. 1959ൽ ബോംബെയിൽ നിന്ന് കേരളത്തിലെത്തിയ ഞാൻ സംഗീതത്തിനു വേണ്ടി മാത്രമായി ജീവിച്ചു. 13 ചിത്രങ്ങളിൽ സംഗീത സംവിധായകനായ എനിക്ക് മൊത്തം 10,000 രൂപ തികച്ച് കിട്ടിയിട്ടില്ല. സാമാന്യം തരക്കേടില്ലാത്ത തുകയ്ക്കാണ് കരാർ ഒപ്പിടുന്നത്. എന്നാൽ അഡ്വാൻസായി 2000മോ 3000മോ ലഭിക്കും. ബാക്കി റിക്കോർഡിങ് കഴിഞ്ഞ് തരാമെന്ന് പറയും. പിന്നീട് ഇവരെയൊന്നും കാണാനേ കഴിയില്ലഎല്ലാ വേദനയും മനസ്സിലൊതുക്കി ബോംബെ എസ് കമാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

യേശുദാസിനെക്കൊണ്ട് 30 ൽ കൂടുതൽ പാട്ടുകൾ പാടിപ്പിച്ചു. തരംഗിണിക്കുവേണ്ടി നിരവധി സംഗീത ആർബങ്ങളും ചെയ്തിട്ടുണ്ട്. എല്ലാം ഹിറ്റുകളായിരുന്നു താനും. പക്ഷേ, വേണ്ടത്ര പ്രതിഫലം കിട്ടിയിട്ടില്ല. അവസാനം ജീവിക്കാൻ ഗതിയില്ലാതെ ഞാനും എന്റെ ഭാര്യയും അരിസ്റ്റോ ജംഗ്ഷനിലുള്ള ഒരു ചേരിയിലെ വീട്ടിൽ താമസ്സിക്കേണ്ട അവസ്ഥ വന്നു. പ്രശസ്ത സംഗീത സംവിധായകനായ എം.എസ്. ബാബുരാജാണ് ബോംബെയിലെ ഒരു സ്റ്റേജ് പരിപാടിക്കിടയിൽ വച്ച് എന്നെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. 1959 ൽ കേരളത്തിൽ വന്നതിന് ശേഷം തിരിച്ചുപോകാൻ വേണ്ടി റെയിൽവേസ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുക്കാനായി പോക്കറ്റിൽ തപ്പിയപ്പോൾ പേഴ്‌സ് കാണാനില്ല. വരുന്ന വഴിക്ക് ആരോ പോക്കറ്റടിച്ചിരുന്നു. അന്നു തൊട്ടാണ് ഞാൻ കേരളത്തിൽ സ്ഥിരതാമസ്സമാക്കിയത്.

ആറാമത്തെ വയസ്സിൽത്തന്നെ ഉമ്മയും ബാപ്പയും മരിച്ചിരുന്നു. അടുത്ത ബന്ധുക്കളുണ്ടായിട്ടും അകന്ന ബന്ധത്തിൽപ്പെട്ട ഒരാളാണ് എന്റെ സംഗീതത്തിലുള്ള കഴിവ് മനസ്സിലാക്കി ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് മുഹ്‌യുദ്ദീൻ ഖാൻ സാഹിബിന്റെ അടുക്കലെത്തിക്കുന്നത്. 10 വർഷത്തോളം ഉസ്താദിന്റെ വീട്ടിൽ താമസ്സിച്ചുകൊണ്ടുതന്നെ സംഗീതപഠനം നടത്തി. 16ാമത്തെ വയസ്സിൽ സ്റ്റേജിൽ പാടാൻ ഉസ്താദ് അവസരം നൽകി. 1959 ലെ ഒരു ഗാനമേള പരിപാടിക്കിടെ എം.എസ്.ബാബുരാജിനെ പരിചയപ്പെട്ടു. കേരളത്തിലേക്കു വന്നാൽ കൂടുതൽ ഗാനമേളകളിൽ പാടാൻ അവസരം ലഭിക്കുമെന്ന് പറഞ്ഞു. കേരളത്തിൽ വന്നതിന് ശേഷം ഏകദേശം ഇരുപതോളം നാടകസമിതികളിൽ ഗാനങ്ങൾ കമ്പോസ് ചെയ്തു. അന്നൊക്കെ ഒരു ഗാനമേളയിൽ പാടിയാൽ 15 മുതൽ 20 രൂപവരെയാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്നാലും കഴിഞ്ഞുപോകാനുള്ള വക ഗാനമേളയിൽ പാടിയാൽ കിട്ടുമായിരുന്നു.

ഇതുവരെ ഞാൻ 1500 ൽ കൂടുതൽ വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. അന്നുതൊട്ടിന്നുവരെ മുഹമ്മദ് റാഫി സാറിന്റെ പാട്ടുകൾ മാത്രമേ ഞാൻ ഗാനമേളകളിൽ പാടാറുള്ളൂ. ഈ 82ാം വയസ്സിലും ഗാനമേളകളിൽ പാടിക്കൊണ്ടിരിക്കുന്നു. 1979 ലാണ് ആദ്യമായി സിനിമയ്ക്ക് പാട്ട് കമ്പോസ് ചെയ്തത്. ഡോ.ബാലകൃഷ്ണൻ നിർമ്മിച്ച 'എവിടെ എൻ പ്രഭാതം'. എന്നാൽ അത് റിലീസ് ആയില്ല. ഞാൻ സംഗീത സംവിധാനം നിർവ്വഹിച്ച അഞ്ചോളം സിനിമകൾ റിലീസ് ആകാത്തതായി ഇപ്പോഴുമുണ്ട്. 1986 ലെ 'അടുക്കള'യാണ് ആദ്യസിനിമ. പിന്നീട് 1986 ൽ തന്നെയിറങ്ങിയ തരംഗിണിയുടെ 'ശരദ്ക്കാലപുഷ്പങ്ങൾ' എന്ന ആൽബം സൂപ്പർഹിറ്റായി. അതിലെ യേശുദാസ് ആലപിച്ച താമരതളിരണി... എന്ന ഗാനം കലോത്സവവേദികളിൽ ഇപ്പോഴും കുട്ടികൾ പാടാറുണ്ട്. പക്ഷേ അത് സംഗീതം ചെയ്തത് ഞാനാണെന്ന് ആർക്കുമറിയില്ല.

യേശുദാസുമായി ഇപ്പോഴും നല്ല ബന്ധമാണ്. സഹായം ചോദിച്ച് ആരുടെയും അടുത്ത് പോകാറില്ല. നമ്മുടെ ദുരിതങ്ങളും ദുഃഖങ്ങളുമെല്ലാം നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ. അവസാനമായി സിനിമയിൽ കമ്പോസ് ചെയ്തത് മേജർ രവിയുടെ 'കുരുക്ഷേത്ര' എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങായ ഛലോ ഛലോ ജവാൻ.... എന്ന ഗാനം എഴുതിയതും കമ്പോസ് ചെയ്തതും ഞാനാണ്. പക്ഷേ ആ ചിത്രത്തിലെ മറ്റു പാട്ടുകൾ കമ്പോസ് ചെയ്യാൻ നേരത്തെ തന്നെ മറ്റൊരാളെ തീരുമാനിച്ചതിനാൽ എന്റെ പാട്ടിന് ഗാനരചയിതാവ് എന്ന ക്രെഡിറ്റ് മാത്രമേ കിട്ടിയുള്ളൂ.

ആർഭാടത്തിലൊന്നും താൽപ്പര്യമില്ലാത്ത ഈ സംഗീത സംവിധായകൻ തിരുവനന്തപുരത്തെ സ്ഥിരം സാന്നിധ്യമാണ്. പ്രായത്തിന്റെ ആകുലതകൾ മറന്നും റോഡിലൂടെ നടന്നു നീങ്ങുന്ന ഉയരക്കാരൻ. ഈ നടത്തത്തിനിടെ അപകടവും ഉണ്ടായി. അതും മധുരമുള്ള ഓർമ്മയാണ് ഇന്ന്. 2006 തിരുവനന്തപുരത്തുകൂടി നടന്നു പോകുമ്പോൾ പിന്നിലൂടെ വന്ന ഒരു കാർ എന്നെ ഇടിച്ചിട്ടു. ഏകദേശം 45 മിനിട്ടോളം റോഡിൽ കിടന്നിട്ടും ആരും അടുത്തേക്ക് വന്നില്ല. അപ്പോൾ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് എന്നെ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പത്രത്തിലൂടെ വന്ന വാർത്ത കണ്ട് തിരുവനന്തപുരത്തെ എസ്‌പി.ഫോർട്ട് ഹോസ്പിറ്റൽ എന്റെ ചികിത്സ സൗജന്യമായി നിർവ്വഹിച്ചു-അതാണ് സംഗീത സംവിധാനത്തിലൂടെ തനിക്ക്‌ കിട്ടിയ നേട്ടമെന്ന പറയാതെ പറയുകയാണ് ഈ സംഗീതജ്ഞൻ.