നപ്രിയ നായകനാണ് ദിലീപ്. കഠിനാധ്വാനത്തിലൂടെ സൂപ്പർ താരപദവിയിലെത്തിയ നടൻ. മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമ കണ്ടെത്തിയ നായൻ മനസ്സ് തുറക്കുകയാണ്. ഒന്നും പറയാതെ എല്ലാം പറഞ്ഞ്. വനിതയ്ക്ക് അനുദിച്ച പ്രത്യേക അഭിമുഖത്തിൽ ആത്മഹത്യയും വിവാഹവും ഒക്കം വിഷയമാക്കുകയാണ് പ്രിയ നടൻ. വനിതയ്ക്ക് ദിലീപ് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജീവിതത്തിൽ ഒരിക്കലേ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. അത് ട്വന്റി ട്വന്റിയുടെ ഷൂട്ടിങ്ങിനിടയിലാണ്. അമ്മ എന്ന സംഘടന ആരുടെയും മുന്നിൽ തോൽക്കാതിരിക്കാൻ വേണ്ടിയാണ് സിനിമ മുടങ്ങുമെന്നായപ്പോൾ ഞാൻ നിർമ്മാണം ഏറ്റെടുത്തത്. 28 ഷെഡ്യൂളായി നീളുകയാണ് ഷൂട്ടിങ്ങ്. ആ സിനിമ ഇറങ്ങുമോ എന്നുറപ്പില്ലാത്തതുകൊണ്ട് സാറ്റ്‌ലൈറ്റ് റൈറ്റോ ഒന്നും വിറ്റില്ല. എല്ലാത്തിനും മറുപടി ഞാൻ തന്നെ പറഞ്ഞാൽ മതിയല്ലോ. സ്ഥലം വിറ്റാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. അന്ന് ലാലേട്ടൻ (സിദ്ധിക്ക് ലാൽ) പറഞ്ഞതോർമ്മയുണ്ട്. ഈ ടെൻഷനു പകരം എത്ര കോടി രൂപ തരാമെന്നു പറഞ്ഞാലും ഞാൻ ഈ കച്ചവടം പിടിക്കില്ല. ആ സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ പിന്നെ ഞാൻ എല്ലാം ഒന്നേന്ന് തുടങ്ങേണ്ടി വരുമായിരുന്നു.

അഭിമാനത്തിന്റെ കൂടെ പ്രശ്‌നമായിരുന്നു ഞങ്ങൾക്ക് ആ സിനിമ. എനിക്കും ആ സിനിമയുടെ അണിയറ പ്രവർത്തകർക്കും ട്വന്റി ട്വന്റിയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാൽ നമ്മുടെ ജഡ്ജ്‌മെന്റിനെക്കുറിച്ചുപോലും ആളുകൾ സംശയിക്കും. സമ്മർദ്ദം താങ്ങാൻ പറ്റാത്ത നാളുകളായിരുന്നു അത്. ആ ദിവസങ്ങളിൽ ഞാൻ ആത്മഹത്യയെക്കുറിച്ച് ആദ്യമായി ചിന്തിച്ചു. ആഗ്രഹിക്കുമ്പോലെ കാര്യങ്ങൾ നീങ്ങുന്നില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോയി. സംഘർഷം താങ്ങാനാവാതെ വന്നപ്പോൾ ഞാൻ കുറച്ചു ദിവസം അമേരിക്കയിലേയ്ക്ക് പോയി. ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്ത എല്ലാവരിലും എപ്പോഴെങ്കിലും ഉണ്ടാവുന്നുണ്ട്. അതിനെ മറികടക്കാൻ ഒരു നേരിയ പ്രകാശം മതി. നിരാശയുടെ ആ നിമിഷങ്ങളെ ഒന്നു മറികടക്കാൻ.
സാദാനന്റ് സമയത്തിൽ തിളങ്ങിയ ദിലീപും വിശ്വാസങ്ങൾക്കൊപ്പമാണ് നീങ്ങുന്നത്. അത് മറച്ചുവയ്ക്കുന്നുമില്ല. ഞാൻ ലക്ഷണങ്ങളെ പിന്തുടരുന്ന ഒരാളാണ്. ലക്ഷണങ്ങൾ പലപ്പോഴും ദൈവം നമുക്കു നൽകുന്ന മെസേജുകളാണെന്നു തോന്നിയിട്ടുണ്ട്. ഒരുദാഹരണം പറയാം. ഞാൻ തൃശ്ശൂരിൽ ഒരു സ്ഥലം വാങ്ങാൻ തീരുമാനിച്ചു. സ്ഥലം കാണാനും, കരാർ വയ്ക്കാനും പോയ അനിയൻ അനൂപ് എന്നെ വിളിക്കുന്നു. അനൂപ് ചോദിച്ചു, ചേട്ടാ, നമുക്കീ സ്ഥലം വാങ്ങണോ, പോകുന്ന വഴിയിൽ കാറിന്റെ പിറകിൽ തീപിടിച്ചു. മനസ്സ് പറഞ്ഞു, ഇത് തീക്കളിയാണ്. പക്ഷേ ഞാൻ തിരുമാനിച്ചു, ആ ലക്ഷണം ബ്രേക്ക് ചെയ്യാൻ പോവുകയാണ്. ആ സ്ഥലം വാങ്ങാൻ ഉറപ്പിച്ച ദിവസം മുതൽ എന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ശത്രുക്കളായി. കോടതിയും കേസും പുക്കാറുമായി.

ചില സിനിമകളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വാർദ്ധക്യപുരാണം സിനിമയുടെ പൂജാ കാർഡിലാണ് അഭിനയിക്കുന്നവരുടെ പേരുകളുടെ കൂട്ടത്തിൽ എന്റെയും പേര് ആദ്യം വരുന്നത്. ഞാൻ ആഹ്ലാദത്തോടെ ആ കാർഡ് വാങ്ങിക്കുമ്പോൾ അത് എന്റെ കൈയിൽ നിന്നു തെറിച്ച് പോയി. മനസ്സ് പറഞ്ഞു, ഞാൻ ഈ സിനിമയിൽ ഉണ്ടാവില്ല. അതുപോലെ തന്നെ സംഭവിച്ചു. ഷൂട്ടിങ്ങ് തുടങ്ങേണ്ട സമയത്താണ് ജയറാമേട്ടന്റെ കൂടെ ഒരു ഗൾഫ് ഷോ വരുന്നത്. എന്റെ വേഷം അബി ചെയ്തു.

സല്ലാപത്തിനു മുൻപു വരെ ഞാൻ പോലും അറിയാതെ പല നടന്മാരെയും സിനിമാഭിനയത്തിൽ അനുകരിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ജയറാമേട്ടൻ. അതൊരു ആലുവ പെരുമ്പാവൂർ ബന്ധമാകാം. എനിക്കു മുമ്പേ മിമിക്രിയിൽ നിന്നു സിനിമയിൽ വന്നതുകൊണ്ടുള്ള ഇഷ്ടമാകാം. അന്നു നെടുമുടി വേണുച്ചേട്ടനും ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടനുമെല്ലാം എന്നെ ഉപദേശിച്ചിട്ടുണ്ട്. 'നീ അനുകരിക്കുന്നത് നിർത്തൂ. നിന്നിലൊരു നല്ല നടനുണ്ടെന്ന്'. സല്ലാപത്തിലെ ജൂനിയർ യേശുദാസ് ഞാൻ കാത്തിരുന്ന കഥാപാത്രമായിരുന്നു.

ശശികുമാറിന്റെ സങ്കടങ്ങൾ എന്റേതുകൂടിയായിരുന്നു. ഒടുവിൽ സ്‌നേഹിച്ച പെൺകുട്ടിയെ അവൻ തന്റെ ദയനീയത കാണിച്ചുകൊടുക്കുന്ന സീൻ ഷൂട്ട് ചെയ്യുന്നു. എന്റെ വീടിനു സമാനമായ വീടാണ്. ഞങ്ങൾ ജീവിതത്തിലെ ഒരു വലിയ കാലം ജീവിച്ചത് പോലൊരു വീട്. അവിടെ തളർന്നു കിടക്കുന്നയാൾക്ക് എന്റെ അച്ഛന്റെ ഛായയുണ്ടോ. ഞാൻ ആ കാലിൽ വീണ് കുറെ നേരം കരഞ്ഞു. അപ്പോഴേക്കും ഷോട്ട് എടുത്തു കഴിഞ്ഞിരുന്നു. എന്റെ ദുഃഖം ഒരാൾക്കു മാത്രം മനസ്സിലായി. ലോഹിയേട്ടന്. ലോഹിയേട്ടൻ പറയുന്നുണ്ടായിരുന്നു, ദിലീപിനെ കുറച്ചുനേരം തനിച്ചു വിടൂ.

മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ദിലീപിന്റെ ഭാവി ജീവതത്തെ കുറിച്ച് മലയാളികൾ പല അഭ്യൂഹങ്ങളിലൂടെയുമാണ് സഞ്ചിരിക്കുന്നത്. ഇതിനും മറുപടി നൽകുന്നു ദിലീപ്. കാണുന്നവർക്കെല്ലാം ഇപ്പോൾ അറിയേണ്ടത് ഇനിയൊരു കല്യാണം കഴിക്കുമോ എന്നാണ്. ഞാൻ അവരോടെല്ലാം ചോദിക്കും. അയ്യട, ഇനിയും എല്ലാവർക്കും കൂടി പറഞ്ഞു പിരിയിക്കാനല്ലേ എന്ന്. കല്യാണം വേണോ വേണ്ടയോ എന്ന ആലോചനയുണ്ട്. അല്ലാതെ കല്യാണാലോചനയില്ല. കഴിഞ്ഞ ദിവസം ഐ പാഡിൽ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള നായികയുടെ ചിത്രങ്ങൾ നോക്കുകയാണ്. സംവിധായകരും സുഹൃത്തുക്കളും കോ ഓർഡിനേറ്റർമാരും അയച്ച ചിത്രങ്ങൾ. പെട്ടെന്ന് മീനൂട്ടി മുറിയിലേക്ക് കയറി വന്നു. കസവു സാരിയൊക്കെയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു സ്‌ക്രീനിൽ. മീനൂട്ടിക്കറിയണം അതാരാണെന്ന്. ഞാൻ ചെറിയ നാണം അഭിനയിച്ചുകൊണ്ടു പറഞ്ഞു, കാര്യങ്ങൾ ഇങ്ങനെ പോയാൽ പോരല്ലോ? ഒരു കല്യാണത്തെക്കുറിച്ച് ഞാൻ വീണ്ടും നാണം അഭിനയിച്ചു. മീനൂട്ടി ഒന്നു തലയാട്ടിക്കൊണ്ട് ചോദിച്ചു, മതിയായില്ല അല്ലേ? ഞാൻ ചിരിച്ചുപോയി. പറഞ്ഞു കഴിഞ്ഞതും മീനൂട്ടിയും പൊട്ടിച്ചിരിച്ചു.

മാസങ്ങൾക്കുള്ളിൽ ജീവിതം വല്ലാതെ മാറിപ്പോയി. മുമ്പ് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമില്ലാത്തയാളായിരുന്നു ഞാൻ. ഒരോന്ന് ആലോചിച്ച് തനിച്ചിരിക്കാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ബോണസ്സാണ്. ഈ ഭൂമിയിൽ ജനിച്ചതു തന്നെ വലിയ ഭാഗ്യമല്ലേ. നാട്ടിൽ ഒരുപാടുപേർ നമ്മളെ അറിയുന്നു. ഒരുപാട് പേരെ നമുക്ക് സന്തോഷിക്കാൻ കഴിയുന്നു. സഹായിക്കാൻ കഴിയുന്നു. നമ്മുടെ ജീവിതം മറ്റാരുടേതോ പോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട് പലരും. അതിൽ അർത്ഥമില്ല. നൂറു ശതമാനം സത്യസന്ധമായി കർമ്മം ചെയ്ത് മുന്നേറുക.

പുഴയിലൂടെ താറാവ് നീങ്ങുന്നത് കണ്ടിട്ടില്ലേ. പുറമേ നിന്നു നോക്കുന്നവർക്ക് തോന്നും ആഹാ എന്തു ഭംഗിയാണ് അവയുടെ വരവ് കാണാൻ. വെള്ളത്തിനടിയിലൂടെ നോക്കിയാൽ കാണാം അവ കിടന്നു കാലിട്ടടിക്കുന്നത്. നമ്മൾ അതിന്റെ വെപ്രാളം കാണുന്നില്ല. നമുക്കു ചുറ്റുമുള്ള 90 ശതമാനം പേരുടേയും ജീവിതം ഏതാണ്ട് ഈ അവസ്ഥയിലാണ്. പുറമേ നിന്ന് നോക്കുമ്പോൾ എല്ലാവരും ഹാപ്പി. പക്ഷേ, എല്ലാവർക്കുമുണ്ട് അവരവരുടെ പ്രശ്‌നങ്ങൾ. നമുക്ക് ആയിരം രൂപയുടെ പ്രശ്‌നമാണെങ്കിൽ അംബാനിക്കു കോടികളുടെ പ്രശ്‌നമാകാം. അത്രേയുള്ളൂ വ്യത്യാസമെന്ന് ദിലീപ് പറയുന്നു.