കൊച്ചി: ചുംബനസമരം കേരളത്തിൽ കൊടുമ്പിരി കൊണ്ടപ്പോൾ അതിന് ഒരു പിന്തുണയും നൽകാത്ത ആളാണ് താനെന്നു സംവിധായകനും നടനുമായ ജോയ് മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.

അന്നു ചുംബനസമരം നടന്നപ്പോൾ അതിനോട് താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു നിന്ന ആളാണ് താൻ. കിസ് ഓഫ് ലവ് എന്നത് ഒരു അരാജക സംഘടനയാണെന്നു താൻ അപ്പോഴും ഇപ്പോഴും വിശ്വസിക്കുന്നു, അതിനോട് യോജിക്കാൻ കഴിയില്ല . കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ യുവമോർച്ചാ പ്രവർത്തകർ അടിച്ചു തകർത്തപ്പോൾ അത് സന്ദർശിക്കാൻ താൻ പോയിരുന്നു. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിന് ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. അതിനെതിരെ വന്ന അതിക്രമങ്ങൾക്ക് താൻ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

പക്ഷെ ഇതിനെതിരെ എന്ന രീതിയിൽ പിന്നിടു കൊച്ചിയിലും കോഴിക്കോടും കിസ് ഓഫ് ലവ് പ്രവർത്തകർ ചുംബനസമരം നടത്തിയതുമായി ബന്ധപ്പെട്ടു തന്നെ ക്ഷണിച്ചപ്പോൾ താൻ അതിനെ അനുകൂലിക്കുന്നില്ലെന്ന് അവരോട് പറഞ്ഞിരുന്നു. ചുംബിക്കുന്നത് വളരെ ആത്മാർഥമായി ചെയ്യേണ്ട കാര്യമാണ്, റോഡിലും തെരുവിലും ചെയ്യേണ്ടതല്ലെന്ന അഭിപ്രായം അപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു.

താൻ അന്നുതന്നെ ചുംബന സമരത്തിനെതിരാണെന്ന് ഒരു ഓൺലൈൻ മാദ്ധ്യമം വഴി അന്ന് വ്യക്തമാക്കിയിരുന്നു ഇതുകണ്ട ചുംബന സമരാനുകൂലികൾ നേരിട്ടുവിളിച്ചു ചീത്ത വിളിക്കുകയും ചെയ്തു.

അവർക്ക് അന്നുകൊടുത്ത മറുപടി ഇപ്പോൾ പറയാൻ കഴിയുകയില്ല. അതിനു ശേഷം ഇവരെ മർദിക്കാനും മറ്റും ശ്രമിച്ച നടപടികളെ താൻ എതിർത്തിരുന്നെന്നും ജോയ് മാത്യു പറഞ്ഞു. ചുംബന സമരം മുന്നോട്ടു വച്ച നിലപാടുകൾ ശരിയായിരുന്നില്ല, സമൂഹത്തിൽ വേറേ എത്ര നല്ല കാര്യങ്ങൾ ഇവർക്കു ചെയ്യാമായിരുന്നു, പക്ഷെ ചുംബന സമരം എന്ന രാഷ്ട്രിയം വിലപ്പോവില്ലെന്ന് അന്നും ഇന്നും തനിക്കുറപ്പുണ്ട്

ഓൺലൈൻ പെൺവാണിഭ വാർത്തകളുണ്ടാകുന്ന സമയത്തു താൻ ചെന്നൈയിലായിരുന്നു. ഇപ്പോൾ തിരിച്ചെത്തിയപ്പോഴേക്കും സോഷ്യൽ മീഡിയയിൽ ചുംബന സമരാനുകൂലിയെന്നു മുദ്രകുത്തി പോസ്റ്റുകളും ഫോട്ടോകളും വരുന്നു. ഇതുകണ്ടപ്പോൾ മറുനാടൻ മലയാളിയിൽ ഒരു സ്ഥലത്തും പ്രസക്തമാക്കാത്ത തന്റെ അഭിപ്രായം വ്യക്തമാക്കാമെന്നു കരുതി.

തന്നെ സോഷ്യൽ മീഡിയയിലുടെ കരിവാരിത്തേക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുണ്ട്. ഏതൊരു വിവാദം വന്നാലും അഭിപ്രായം പറയുന്നവനെ കടന്നാക്രമിക്കുക എന്ന സമീപനമാണ് ഇവർക്ക്. ഇവരോട് അന്നും ഇന്നും എനിക്ക് പുല്ലുവിലയാണ്. എനിക്ക് എന്റേതായ നിലപാടുകളുണ്ട് അത് പരസ്യമായി പറയാൻ ഒരു മടിയുമില്ല. സിനിമക്കാരനാണെന്നുവച്ചു തന്റെ കരിയറിൽ തകർച്ച ഉണ്ടാവുമെന്ന് താൻ ഭയപ്പെടുന്നുമില്ല. ചുംബന സമരകാലത്തു വലിയ മാദ്ധ്യമ ശ്രദ്ധ നേടിയ രാഹുൽ പശുപാലനെയും രശ്മിയേയും അറസ്റ്റ് ചെയ്തപ്പോൾ പെട്ടെന്നു പേടിച്ചു പറയുന്നതല്ല.

നേരത്തെ വ്യക്തമാക്കിയ തന്റെ വാർത്തകൾ പരിശോധിച്ചാൽ അത് മനസിലാവും പല സെലിബ്രിറ്റികളും പരസ്യമായ നിലപാടുകളും അഭിപ്രായവും പറയാൻ മടിക്കുന്നു. എനിക്ക് അങ്ങനെ ഒരു ധൈര്യക്കുറവില്ല. അതുകൊണ്ടാവും തന്നെ പലരും സോഷ്യൽ മീഡിയയിലുടെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നത്്. പക്ഷെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും താൻ പരസ്യമായി പറയുമെന്നും ജോയ് മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു