- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനകാലത്ത് ഷർട്ടിന്റെ ബട്ടൺസ് പോലും അഴിക്കാൻ അവന് കഴിയുമായിരുന്നില്ല; കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം; എന്നിട്ടും ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവന്റെ വാക്കുകളിൽ; ജിഷ്ണുവിന്റെ സങ്കടം നിറഞ്ഞ ഓർമകൾ പങ്കുവച്ച് അച്ഛൻ രാഘവൻ
മലയാളിയെ ഏറെ നൊമ്പരപ്പെടുത്തിയ മരണമായിരുന്നു നടൻ ജിഷ്ണുവിന്റേത്. അസുഖക്കിടക്കയിൽ കഴിഞ്ഞ രണ്ടുവർഷക്കാലം ജിഷ്ണുവിന്റെ നിഴലായി അച്ഛനുണ്ടായിരുന്നു. അഭിനയം വരെ ഉപേക്ഷിച്ച് മകനെ ശുശ്രൂഷിച്ച നടൻ രാഘവൻ, സങ്കടംനിറഞ്ഞ ചില ഓർമ്മകൾ പങ്കുവയ്ക്കുന്നു. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാഘവൻ മനസ്സ് തുറക്കുന്നത്. രമേശ് പുതിയമഠത്തിന്റെ അഭിമുഖത്തിലേക്ക്.... ജിഷ്ണുവിലെ അഭിനേതാവിനെ കണ്ടെത്തിയത് രാഘവേട്ടനാണെന്ന് കേട്ടിട്ടുണ്ട്? ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് കെ.എം.രാഘവൻ നമ്പ്യാരുടെ കഥയിൽ 'കിളിപ്പാട്ട്' ജന്മംകൊള്ളുന്നത്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാനായിരുന്നു. മലയാളത്തിലെ പ്രശസ്തരായ നടന്മാർക്കൊപ്പം ഒരു ബാലതാരവും അഭിനയിക്കണം. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ മദ്രാസിലുള്ള ഒരു പയ്യനെ കണ്ടെത്തി. 1984 നവംബർ ഒന്നു മുതൽ ഇരുപതുവരെയുള്ള ദിവസമാണ് ഷൂട്ടിംഗിന് ചാർട്ട് ചെയ്തത്. ഒക്‌ടോബർ 31ന് അതിരാവിലെ ഔട്ട്‌ഡോർ യൂണിറ്റ് മദ്രാസിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞു. പക്ഷേ രാവിലെ പ
മലയാളിയെ ഏറെ നൊമ്പരപ്പെടുത്തിയ മരണമായിരുന്നു നടൻ ജിഷ്ണുവിന്റേത്. അസുഖക്കിടക്കയിൽ കഴിഞ്ഞ രണ്ടുവർഷക്കാലം ജിഷ്ണുവിന്റെ നിഴലായി അച്ഛനുണ്ടായിരുന്നു. അഭിനയം വരെ ഉപേക്ഷിച്ച് മകനെ ശുശ്രൂഷിച്ച നടൻ രാഘവൻ, സങ്കടംനിറഞ്ഞ ചില ഓർമ്മകൾ പങ്കുവയ്ക്കുന്നു. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാഘവൻ മനസ്സ് തുറക്കുന്നത്. രമേശ് പുതിയമഠത്തിന്റെ അഭിമുഖത്തിലേക്ക്....
ജിഷ്ണുവിലെ അഭിനേതാവിനെ കണ്ടെത്തിയത് രാഘവേട്ടനാണെന്ന് കേട്ടിട്ടുണ്ട്?
ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് കെ.എം.രാഘവൻ നമ്പ്യാരുടെ കഥയിൽ 'കിളിപ്പാട്ട്' ജന്മംകൊള്ളുന്നത്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാനായിരുന്നു. മലയാളത്തിലെ പ്രശസ്തരായ നടന്മാർക്കൊപ്പം ഒരു ബാലതാരവും അഭിനയിക്കണം. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ മദ്രാസിലുള്ള ഒരു പയ്യനെ കണ്ടെത്തി. 1984 നവംബർ ഒന്നു മുതൽ ഇരുപതുവരെയുള്ള ദിവസമാണ് ഷൂട്ടിംഗിന് ചാർട്ട് ചെയ്തത്. ഒക്‌ടോബർ 31ന് അതിരാവിലെ ഔട്ട്‌ഡോർ യൂണിറ്റ് മദ്രാസിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞു. പക്ഷേ രാവിലെ പത്തുമണിയോടെയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ വാർത്ത ഇന്ത്യ മുഴുവൻ പരന്നത്. യൂണിറ്റ് തിരുപ്പൂരെത്തിയപ്പോൾ ആരൊക്കെയോ തടഞ്ഞു. അതോടെ യൂണിറ്റ് വണ്ടി പാതിവഴിക്കായി. നാലു ദിവസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയത്. രണ്ടുദിവസം ബന്ദായതോടെ ബാലനടന് വരാൻ പറ്റാതായി.
ഷൂട്ടിംഗിന്റെ തലേദിവസം ടെൻഷനടിച്ച് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഏതെങ്കിലും ബാലനടനെ എളുപ്പം കിട്ടാൻ വഴിയുണ്ടോയെന്ന് ഇടയ്ക്ക് ഫോൺ വിളിച്ച് അന്വേഷിക്കും. ഇതെല്ലാം അകത്തുനിന്ന് കേൾക്കുന്നുണ്ട്, അഞ്ചുവയസ്സുകാരൻ ജിഷ്ണു.
''എന്തിനാ അമ്മേ, ദൂരെ നിന്ന് കുട്ടിയെ കൊണ്ടുവരുന്നത്? ഞാൻ തന്നെ അഭിനയിച്ചാൽ പോരെ?'' എന്റെ ടെൻഷൻ കണ്ടിട്ടാവണം, അവൻ അമ്മയോട് ചോദിച്ചു. ശോഭയാണ് അവന്റെ കാര്യം എന്നോടു പറയുന്നത്. എനിക്കുപക്ഷേ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. അഭിനയം എന്നത് വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.
എങ്കിലും ഒന്നു പരീക്ഷിക്കാം. പിറ്റേന്നുരാവിലെ അവനെയും കൂട്ടിയാണ് ലൊക്കേഷനിലേക്ക് പോയത്. നാണംകുണുങ്ങിയായി ഒരിടത്ത് മാറിനിൽക്കുന്നതു കണ്ടപ്പോൾത്തന്നെ എന്റെ പ്രതീക്ഷകൾ ഇല്ലാതായി. നെടുമുടിവേണു, അടൂർഭാസി, കെ.പി.ഉമ്മർ എന്നിവർക്കൊപ്പമുള്ള സീനാണ് ജിഷ്ണു അഭിനയിക്കേണ്ടത്. ഞാൻ അടുത്തുവിളിച്ച് അവനോട് കാര്യം പറഞ്ഞു. അത്രയുംനേരം നാണംകുണുങ്ങിയായി നിന്ന അവൻ പെട്ടെന്ന് ആക്ടീവായി. സത്യം പറഞ്ഞാൽ അവന്റെ അഭിനയം കണ്ട് ഞാൻ ഞെട്ടിപ്പോയി. ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും അവൻ തന്നെയായിരുന്നു.
പിന്നീട് വർഷങ്ങളോളം സിനിമയിൽ കണ്ടില്ല?
'കിളിപ്പാട്ട്' റിലീസായ ശേഷം ജിഷ്ണുവിന് ഒരുപാട് അവസരങ്ങൾ വന്നു. അവനും നല്ല താൽപ്പര്യമായിരുന്നു. പക്ഷേ തനിച്ചു വിടാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ എപ്പോഴും അവന്റെ കൂടെ പോകാൻ പറ്റില്ല. അമ്മയാണെങ്കിൽ എവിടെയും പോകുന്ന ആളുമല്ല. ആ സ്ഥിതിക്ക് തൽക്കാലം അഭിനയിക്കാൻ വിടേണ്ടെന്നുവച്ചു. ഞങ്ങളുടെ അസൗകര്യം മനസ്സിലായതുകൊണ്ടായിരിക്കാം, പിന്നീടവൻ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞതേയില്ല. പഠിത്തത്തിലായി ശ്രദ്ധ.
എൻജിനീയറിങ് ബിരുദധാരി പിന്നീട് കമലിന്റെ 'നമ്മളി'ലെത്തുന്നത്?
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മെക്കാനിക്കൽ എൻജിനീയറിംഗിനോടായി താൽപ്പര്യം. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളജിൽ എൻട്രൻസ് എഴുതിയപ്പോൾ സെലക്ഷന് ബുദ്ധിമുട്ടുണ്ടായില്ല. നാലുവർഷത്തെ പഠനത്തിനൊടുവിൽ കാമ്പസ് ഇന്റർവ്യൂ വഴി ബോംബെയിലെ ടാറ്റാ ലീബർട്ട് കമ്പനിയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. രാജകീയ ജീവിതമായിരുന്നു അവിടെ. നല്ല ഭക്ഷണം. താമസം. എല്ലാംകൊണ്ടും സന്തോഷം. പക്ഷേ പിന്നീട് ഡൽഹിയിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞു. പ്രഡക്ട് പരിചയപ്പെടുത്താനായി ഡൽഹിയുടെ ഗ്രാമപ്രദേശങ്ങളിൽ അലയേണ്ടിവന്നു. മരുഭൂമി പോലുള്ള സ്ഥലങ്ങളിലായിരുന്നു ജോലി. കൃത്യമായി ഭക്ഷണം പോലും കിട്ടില്ല.
ഓരോ ദിവസവും വളരെ പ്രയാസപ്പെട്ടാണ് കഴിഞ്ഞത്. എന്തു പ്രശ്‌നമുണ്ടെങ്കിലൂം തുറന്നുപറയുന്നതായിരുന്നു ശീലം. അവന്റെ സങ്കടം കേട്ടപ്പോൾ ഞാൻ പറഞ്ഞുകഷ്ടപ്പെട്ട് അവിടെ നിൽക്കേണ്ട കാര്യമില്ല. നാട്ടിലേക്ക് പോന്നോളൂ. ഇവിടെ എന്തെങ്കിലും ജോലി നോക്കാം. അടുത്തയാഴ്ച എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ വച്ചത്. ആ സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ പ്രോഗ്രാം നടന്നത്. അവിടെ സംവിധായകൻ കമലുമുണ്ടായിരുന്നു. സംസാരത്തിനിടെ കമൽ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞു. ''രണ്ട് പുതുമുഖനായകന്മാരെയാണ് ആലോചിക്കുന്നത്. ഒരാളെ കണ്ടെത്തി. ഭരതേട്ടന്റെ മകൻ സിദ്ധാർഥ്. ഉയരമുള്ള ഒരു പയ്യനെക്കൂടി വേണം.'' ഇതുകേട്ടപ്പോൾ ഞാൻ പറഞ്ഞുആറടി പൊക്കമുള്ള ഒരു പയ്യൻ വീട്ടിലുണ്ട്. മകൻ ജിഷ്ണു.
ഞാൻ വെറുതെ പറഞ്ഞതാണ്. പക്ഷേ കമൽ അത് സീരിയസായി എടുത്തു. ''രാഘവേട്ടന്റെ മോനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അവനെയൊന്ന് കാണണമല്ലോ.'' അവൻ ഡൽഹിയിൽനിന്ന് ജോലി രാജിവച്ച് വന്നതിന്റെ പിറ്റേ ദിവസം കമലിനടുത്തേക്ക് പറഞ്ഞുവിട്ടു. ആദ്യത്തെ കാഴ്ചയിൽത്തന്നെ കമലിന് ഇഷ്ടപ്പെട്ടു. 'നമ്മളി'ൽ സിദ്ധാർഥിനൊപ്പം നായകനാവുന്നത് അങ്ങനെയാണ്. ആ സിനിമ ഹിറ്റായപ്പോൾ ഒരുപാട് അവസരങ്ങൾ അവനെത്തേടി വന്നു. മലയാളത്തിലെ അറിയപ്പെടുന്ന നടന്മാരിലൊരാളായി. സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം ദൈവം അവനെക്കൊണ്ട് ജോലി രാജിവയ്പിച്ചതാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
കാൻസറിന്റെ തുടക്കം?
കുറെ പടങ്ങളിൽ അഭിനയിച്ചെങ്കിലും ചില സിനിമകൾ ഉദ്ദേശിച്ചതുപോലെ ക്ലിക്കായില്ല. ആ സമയത്താണ് മറ്റെന്തെങ്കിലും സൈഡ് ബിസിനസിനെക്കുറിച്ച് ചിന്തിച്ചത്. സർക്കാർ സഹകരണത്തോടെ കമ്പ്യൂട്ടർ ടീച്ചേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടപ്പാക്കാൻ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്‌റ്റേറ്റിലും അതിന് ഓഫീസുകളുണ്ടാക്കി. അതിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ കറങ്ങേണ്ടിവന്നപ്പോൾ നിന്നുതിരിയാൻ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനിടയ്ക്കാണ് അണപ്പല്ല് ഉരഞ്ഞ് നാവിൽ മുറിവുണ്ടായത്.
തിരക്കുപിടിച്ച ജീവിതത്തിൽ അതത്ര കാര്യമാക്കിയില്ല. മരുന്നുപോലും കഴിച്ചില്ല. വല്ലാതെ വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു. മുറിവിൽ ഫംഗസ് ബാധയുണ്ടായാൽ അത് ലുക്കോപ്ലാക്കിയ എന്ന കാൻസറിന് വഴിവയ്ക്കും. അതുകൊണ്ട് ശ്രദ്ധിക്കണം ഡോക്ടർ മുന്നറിയിപ്പ് നൽകി. പിന്നീടൊരിക്കൽ നാട്ടിലെത്തിയപ്പോൾ ആർ.സി.സിയിൽ പോയി കാണിച്ചു. എൻഡോസ്‌കോപ്പി ചെയ്തുനോക്കിയെങ്കിലും പ്രശ്‌നമില്ലെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ കുറച്ചുനാളുകൾക്കുള്ളിൽ വീണ്ടും വേദന വന്നു.
എം.ആർ.ഐ സ്‌കാൻ ചെയ്തപ്പോൾ കാൻസറാണെന്ന് ഡോക്ടർമാർ വിലയിരുത്തി. അത്യാവശ്യമായി സർജറി വേണമെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ ആ സമയത്ത് രണ്ടു സിനിമകളുടെ വർക്കിലായിരുന്നു ജിഷ്ണു. ഒരു തമിഴ്പടവും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും. സർജറി കഴിഞ്ഞാൽ കുറച്ചുനാളത്തേക്ക് സംസാരിക്കാൻ പോലും കഴിയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് കുറച്ചുദിവസത്തെ സാവകാശം ഡോക്ടർമാരോട് ചോദിച്ചത്.
ആ സമയത്തിനുള്ളിൽ രണ്ടുവർക്കുകളും തീർത്തു. ട്രാഫിക്കിന്റെ വർക്ക് ബോംബെയിലായിരുന്നു. അക്കാലത്ത് ആറുമാസത്തെ ആക്ടിങ് കോഴ്‌സിനും ചേർന്നു. കോഴ്‌സിനിടയിലാണ് അഭിനയിക്കാൻ പോയത്. ബാംഗ്ലൂരിൽ വച്ചായിരുന്നു സർജറി. അത് വിജയകരമായി നടത്തി. സർജറിയുടെ തുടർച്ചയായി സ്പീച്ച് തെറാപ്പിയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ.
പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ തൊണ്ടയിൽ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നതുപോലെ തോന്നുന്നു എന്നു പറഞ്ഞപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. കീമോ ചെയ്തു. പുറത്തുനിന്നു കൊണ്ടുവന്ന വിലകൂടിയ മരുന്നുകൾ ഓരോ ദിവസവും ശരീരത്തിൽ കയറ്റിക്കൊണ്ടിരുന്നു. ഒരു ഡോസ് ശരീരത്തിൽ കയറണമെങ്കിൽ മിനിമം മൂന്നുമണിക്കൂറെങ്കിലുമെടുക്കും. ആ സമയത്തൊക്കെ അവൻ സന്തോഷവാനായിരുന്നു.
എനിക്ക് ഒരു കുഴപ്പവുമില്ല. എന്നുപറഞ്ഞ് എന്നെയും ശോഭയെയും ആശ്വസിപ്പിക്കും. വീണ്ടും അവൻ ആവേശത്തോടെ ഞങ്ങൾക്കിടയിലേക്ക് വന്നു. അസുഖം മാറിത്തുടങ്ങി. എല്ലാ ഈശ്വരന്മാർക്കും നന്ദി പറഞ്ഞു. വീണ്ടും അസുഖം വന്നപ്പോഴാണ് അമൃത ആശുപത്രിയിലെത്തിച്ചത്. ശരീരം നന്നായി ശോഷിച്ചു. കൈയും കാലും ചലിപ്പിക്കാൻ പോലും കഴിയാതായി.
ഏതെങ്കിലുമൊരു അച്ഛന് കണ്ടുനിൽക്കാൻ കഴിയുമോ, ഈ അവസ്ഥ? മലയാളം പോലെ ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യാൻ അവന് കഴിയുമായിരുന്നു. പക്ഷേ ആ സമയത്തും ജിഷ്ണു കാണിച്ച ധൈര്യമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ആ ധൈര്യം എനിക്കും ഊർജം പകർന്നു. ഐസിയു തനിക്ക് രണ്ടാംവീടാണെന്നാണ് അന്നവൻ ഫേസ്‌ബുക്കിൽ കുറിച്ചിട്ടത്.
അവസാനകാലത്ത് ഷർട്ടിന്റെ ബട്ടൺസ് പോലും അഴിക്കാൻ അവന് കഴിയുമായിരുന്നില്ല. ഞാനാണത് ചെയ്തുകൊടുക്കുക. കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം. ഞങ്ങളെ വേദനിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറയാറില്ല. ശരീരത്തിൽ രണ്ട് കുഴലുകളിട്ടിരുന്നു. ഒരെണ്ണം ആഹാരം കഴിക്കാൻ. മറ്റൊരെണ്ണം മൂത്രം പുറത്തേക്കെടുക്കാൻ. എനിക്ക് എഴുപത്തഞ്ചുവയസ്സായി. എന്തെങ്കിലും സംഭവിച്ചാൽ അവനെ ആരുനോക്കും എന്ന ആധി എന്നെ വല്ലാതെ ഭയപ്പെടുത്തി. അമ്മയെക്കൊണ്ട് ഒറ്റയ്ക്ക് ശുശ്രൂഷിക്കാൻ കഴിയില്ല. എന്റെ മുഖം വല്ലാതായാൽ അവനാണ് ധൈര്യം പകരുക. അതോടെ ഞാനും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും.
ജിഷ്ണു ഇത്ര പെട്ടെന്ന് പോകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. ആശുപത്രിയുടെ ഐ.സിയുവിൽ കിടക്കുമ്പോഴും അവൻ സോഷ്യൽ മീഡിയയിൽ ഓരോ കാര്യങ്ങളും കുറിച്ചിടുമായിരുന്നു. ഏറ്റവുമൊടുവിൽ കലാഭവൻ മണിയെക്കുറിച്ചുവരെ. ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവന്റെ വാക്കുകളിൽ. പക്ഷേ ദൈവം അതിന് അവസരം നൽകിയില്ല.
കോഴിക്കോട് ആർ.ഇ.സിയിൽ പഠിക്കുന്ന കാലത്ത് ജിഷ്ണുവിന്റെ ജൂനിയറായിരുന്നു ധന്യാരാജൻ. എല്ലാകാര്യങ്ങളും പരസ്പരം തുറന്നുപറയുന്ന നല്ല സുഹൃത്തുക്കളായിരുന്നു അവർ. ആ സമയത്തും അവരുടെ മനസിലെവിടെയോ ഒരിഷ്ടമുണ്ടായിരുന്നു. മനസിലുള്ള സ്‌നേഹം അവർ തുറന്നുപറഞ്ഞപ്പോൾ അത് വിവാഹത്തിലേക്കുള്ള വഴിയായി. കാൻസർ വന്ന ആദ്യഘട്ടം മുതൽ ഞങ്ങൾക്കു മാത്രമല്ല, അവൾക്കും ധൈര്യം പകർന്നത് ജിഷ്ണുവായിരുന്നു.-രാഘവൻ പറഞ്ഞ് നിർത്തുന്നു.