- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ഇടയ്ക്കിടെ 'കൊല്ലുന്നത്' ചിലരുടെ ഭാവന; അഭിനയം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു; യുഡിഎഫ് അനുഭാവിയെങ്കിലും രാഷ്ട്രീയം വേണ്ടേ വേണ്ട: നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടൻ സലീം കുമാർ
പത്തുവട്ടം മരിച്ചുകഴിഞ്ഞ സിനിമാതാരമാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവ് സലീം കുമാർ. ഇടയ്ക്കിടെ സൈബർലോകത്ത് ഈ വാർത്ത പരക്കാറുണ്ട്. പരിചയക്കാരെല്ലാം ഒരാന്തലോടെ സലീമിനെ വിളിക്കും. വിളിക്കുന്നവരോട് സലീം ചിരിയോടെ പറയും മരിച്ചിട്ടില്ലെന്ന്! പത്തു വട്ടം ഇതിനോടകം സലീം കുമാർ മരിച്ചുകഴിഞ്ഞു. സലീം കുമാറിനെ ഇടയ്ക്കിടെ 'കൊല്ലാൻ' ആർക്കാണ
പത്തുവട്ടം മരിച്ചുകഴിഞ്ഞ സിനിമാതാരമാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവ് സലീം കുമാർ. ഇടയ്ക്കിടെ സൈബർലോകത്ത് ഈ വാർത്ത പരക്കാറുണ്ട്. പരിചയക്കാരെല്ലാം ഒരാന്തലോടെ സലീമിനെ വിളിക്കും. വിളിക്കുന്നവരോട് സലീം ചിരിയോടെ പറയും മരിച്ചിട്ടില്ലെന്ന്! പത്തു വട്ടം ഇതിനോടകം സലീം കുമാർ മരിച്ചുകഴിഞ്ഞു. സലീം കുമാറിനെ ഇടയ്ക്കിടെ 'കൊല്ലാൻ' ആർക്കാണ് സലീമിനോടിത്ര വൈരാഗ്യം? ഇതൊക്കെ ചിലരുടെ ഭാവനയാണെന്നാണ് സലീം കന്യക മാഗസിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. അതെന്തുകൊണ്ടാണെന്ന് അവർക്ക് മാത്രമേ അറിയൂ. ഇപ്പോൾ നല്ലയൊരു അക്കത്തിലാണ് എത്തിനിൽക്കുന്നത്. പത്താമത്തെ മരണം. ഇനിയും തുടരെത്തുടരെ മരിക്കുമോ എന്തോ!!! എന്ന് സലീം പറയുന്നു. സലീം കുമാർ ഒരുപാട് മെലിഞ്ഞതുകൊണ്ടാണത്ര ഇങ്ങനെ ഇടയ്ക്കിടെ മരിക്കുന്നത്. ചിലപ്പോൾ മെലിയും, മറ്റുചിലപ്പോൾ വണ്ണംവയ്ക്കുന്നതുമെല്ലാം. സ്വാഭാവിക പ്രക്രിയകളല്ലേ. ഇതിൽ ആർക്കാണിത്ര ദെണ്ണം എന്നും സലീം അഭിമുഖത്തിൽ ചോദിക്കുന്നു.
സലീം കുമാർ ബുദ്ധമാന്ദ്യമുള്ള കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെയും വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന്റെയും നൊമ്പരത്തിൽനിന്നാണ് സലീം താൻ നേരിട്ട അല്ലെങ്കിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങളെ പറ്റി മനസുതുറന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ്, രണ്ട് സംസ്ഥാന അവാർഡുകൾ, ബെസ്റ്റ് കൊമേഡിയനുള്ള സംസ്ഥാന അവാർഡ് ഇവയൊക്കെ സ്വന്തമാക്കിയ ഇന്ത്യയിലെ ഏക നടനാണ് സലീംകുമാർ. ഇത്രയൊക്കെ നേടിയിട്ടും അഭിനയം നിർത്തുന്നതിനെകുറിച്ച് പോലും ചിന്തിക്കുന്നതായി സലീം പറയുമ്പോൾ അത്രമേൽ വേദനകളാണ് അദ്ദേഹം അനുഭവിച്ചതെന്ന് തീർച്ച. സലീം കുമാർ കന്യകയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ
എക്കാലത്തും മലയാളികളെ അത്ഭുതപ്പെടുത്തിയ നടനാണ് സലീംകുമാർ. ഇത്തവണ സംവിധായകന്റെ വേഷപ്പകർച്ചയിലും. സംതൃപ്തനാണോ?
സംവിധായകനായും തിരക്കഥാകൃത്തായും ഞാൻ സംതൃപ്തനാണ്. സിനിമയിൽ വന്നിട്ടിത് 18ാമത്തെ വർഷമാണ്. മുൻകൂട്ടി പ്ലാൻ ചെയ്തിട്ടൊന്നുമല്ല സംവിധായകൻ ആയത്.
രണ്ടുവർഷം മുമ്പ് മുതലാണ് 'കംപാർട്ട്‌മെന്റ്' നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. വലിയ പ്രയത്‌നം ഈ സിനിമയ്ക്കു പിന്നിലുണ്ട്. സിനിമയുടെ വിജയം പൂർണമാകുന്നത് തിയേറ്ററുകളിലാണ്. പക്ഷേ ആ വിജയം ഈ സിനിമയ്ക്കുണ്ടായില്ല. അക്കാര്യത്തിൽ ഒരു ശതമാനം പോലും തൃപ്തനല്ല ഞാൻ.
റിലീസായി കുറച്ച് ദിനങ്ങൾ മാത്രം പിന്നിടുമ്പോഴേ ഇത്തരമൊരു പ്രതികരണം?
നല്ല സിനിമയാണെങ്കിൽ നല്ലതാണെന്നും മോശമാണെങ്കിൽ അങ്ങനെയും പറയാൻ എനിക്കു മടിയില്ല. മികച്ച സിനിമയാണിത്. കണ്ടവർ നൂറിൽ നൂറു മാർക്ക് കൊടുക്കുന്ന സിനിമ. എന്നാൽ കുട്ടി ആണാണോ പെണ്ണാണോയെന്ന് അറിയും മുമ്പേ അബോർഷൻ നടത്തിയതുപോലെയായി ഇത്. ഇതൊരു അവാർഡ് സിനിമയാണെന്ന് മുൻവിധിയുള്ളതുകൊണ്ടാണോ എന്തോ വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമേ പ്രദർശിപ്പിക്കാൻ തയാറായിട്ടുള്ളൂ. പ്രദർശനം തുടങ്ങിയവയിൽ ഒന്നോ, രണ്ടോ ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. സിനിമയുടെ വിജയത്തിൽ മൗത്ത് പബ്ലിസിറ്റിക്ക് വലിയൊരളവിൽ സ്വാധീനമുണ്ട്. അതിനൊരല്പം സാവകാശം ആവശ്യവുമാണ്. അതു തരാൻ തിയേറ്ററുകാർ തയാറാവണം.
പൂർണമായും ഡിസ് ഏബിൾഡ് കുട്ടികളെ വച്ചാണ് സിനിമയുണ്ടാക്കിയത്. സിനിമ റിലീസായപ്പോൾ സ്‌പെഷ്യൽസ്‌കൂളുകളിലേയ്ക്ക് ഞാൻ കത്ത് അയച്ചിരുന്നു. അവരു പോലും കാണാൻ എത്തിയിട്ടിയില്ല. പിന്നെ ആർക്കു വേണ്ടിയെന്ന ചോദ്യമാണിപ്പോൾ. ഹോളിവുഡ് സിനിമകളിൽ പോലും ഇല്ലാത്ത തിരക്കഥയാണ്. അത്രമേൽ റിസ്‌ക്കുള്ളതുകൊണ്ടാകുമല്ലോ അവരതിന് ശ്രമിക്കാത്തത്.
നിരാശ തോന്നുന്നുണ്ടോ?
ശരിക്കും പറഞ്ഞാൽ സങ്കടമാണ് തോന്നുന്നത്. ഒരു നല്ല സിനിമയ്ക്ക് ഈ നാട്ടിൽ വിജയിക്കാനാവില്ലല്ലോ എന്നോർത്ത്. ഇത് എന്റെ മാത്രം സിനിമയുടെ ദുർവിധിയല്ല. പല നല്ല സിനിമകളും തിയേറ്ററുകളിൽ വൻ പരാജയം നേരിട്ട ശേഷം ഡി.വി.ഡികളിലും ചാനലുകളിലും വരുമ്പോൾ മഹത്തായ സിനിമയെന്ന വിശേഷണം കേൾക്കാറുണ്ട്. മലയാളത്തിലുണ്ടാകുന്ന നല്ല സിനിമകളുടെ ശാപമാണിത്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു ഇവയുടെയും വിധി തിയേറ്ററുകളിൽ ഇതുതന്നെയായിരുന്നു. പക്ഷേ പിന്നീട് അംഗീകരിക്കപ്പെട്ടു.
'ആദാമിന്റെ മകൻ അബു'വിന്റെ ഡി.വി.ഡികൾ വിറ്റുപോയത് റിക്കോർഡ് എണ്ണത്തിലാണ്. എന്നാൽ തിയേറ്ററുകളിൽ നിന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ അതൊന്നുംകൊണ്ട് മറികടക്കാൻ സാധിക്കില്ല.
ഈ തിരിച്ചടി സലീംകുമാറിനെ തളർത്തിയോ? ഇനിയും ഇത്തരമൊരു സിനിമ പ്രതീക്ഷിക്കാമോ?
ഈ സിനിമയ്ക്കുകൂടി ഈ വിധിയായപ്പോൾ മനസിലായി. മലയാളത്തിൽ ഇങ്ങനെയൊക്കെയെ വരൂ. എന്നു കരുതി നല്ല ഒരാശയത്തെ ഇനിയും അവതരിപ്പിക്കില്ലെന്നു ഞാൻ പറയില്ല. ചെയ്യണമെന്നോ വേണ്ടെന്നോ തീരുമാനിച്ചിട്ടില്ല.
സലീംകുമാറിനെ 'സലീംകുമാർ' ആക്കിയ ചില വേഷങ്ങളുണ്ട്. ഇനിയും അങ്ങനെയൊരു കഥാപാത്രമായി എന്നാണ് പ്രത്യക്ഷനാവുക?
എനിക്ക് നല്ലതെന്നു തോന്നുന്ന വേഷങ്ങൾ ഇനിയും ചെയ്യും. നല്ലതെന്നു പറയുമ്പോൾ കരഞ്ഞ് തളർന്നിരിക്കുന്ന തരം കഥാപാത്രങ്ങൾ മാത്രമല്ല, അതിൽ ഏതും വരാം.
പിന്നെ, പഴയപോലെ ഒരുദിവസം നാലു സിനിമയിൽ വരെ, ഓടി നടന്ന് അഭിനയിച്ചപോലെയൊന്നും ഇനി ചെയ്യാൻ താല്പര്യമില്ല. ജീവിതം മുഴുവൻ സിനിമ മാത്രമായാൽ അർത്ഥമില്ലല്ലോ. മറ്റെന്തൊക്കെ അറിയാനും ചെയ്യാനുമുണ്ട്. എല്ലാറ്റിനും ഓരോ സമയമുണ്ട്. ഓടി നടന്ന് അഭിനയിക്കാനും, സമ്പാദിക്കാനും, വിശ്രമിക്കാനും, ക്രിയേറ്റീവായി ചിന്തിക്കാനും... അങ്ങനെ എല്ലാം ചേരുന്നതല്ലേ ജീവിതം.
മൂന്നുവർഷത്തിനുള്ളിൽ സലീംകുമാർ അഭിനയം നിർത്തുമെന്ന് അല്പനാളുകൾക്കു മുമ്പിലെ പ്രഖ്യാപനം ശരിവയ്ക്കുകയാണ്?
തീർച്ചയായും പ്രത്യേകിച്ചൊരു തീയതിയോ, സമയമോ ഒന്നും ഓർത്തിട്ടില്ലെങ്കിലും ആ പറഞ്ഞതിൽ വാസ്തവമുണ്ട്. അടുത്ത കാലത്തെ എന്റെ സിനിമകളുടെ ഗ്രാഫ് നോക്കിയാൽ അത് വ്യക്തമാകും.
ദേശീയ അവാർഡ് ലഭിച്ച ശേഷം സലീംകുമാർ ആകെ മാറിപ്പോയി എന്ന ആക്ഷേപം ഇപ്പോഴും കേൾക്കുന്നുണ്ടല്ലോ?
പണ്ടും ഞാൻ ഇങ്ങനെ തന്നെയാണ്. അന്നൊന്നും ഞാൻ പറയുന്നത് ആരും അത്രകണ്ട് ശ്രദ്ധിച്ചിട്ടില്ല. അതെഴുതാനും ചർച്ച ചെയ്യാനും ആരും ഇല്ലായിരുന്നു. എന്നെ വ്യക്തിപരമായി അറിയാത്തവരുടെ ഇടയിൽ സലീംകുമാർ ആകെ മാറിപ്പോയിയെന്ന് ഇനിയും പറയും. അറിയാവുന്നവർ ഇനിയും അത് തിരുത്തും. 'സലീംകുമാർ പണ്ടും ഇങ്ങനെ തന്നെയായിരുന്നു ഭായ്'.
ഭാവിയിൽ സിനിമയിലില്ലെങ്കിൽ പിന്നെ സലീംകുമാർ?
ചിലപ്പോൾ വീട്ടിൽ വെറുതെയിരിക്കും. അല്ലെങ്കിൽ ചിലപ്പോൾ അന്യഭാഷകളിൽ സിനിമകൾ സംവിധാനം ചെയ്‌തേക്കാം. സത്യത്തിൽ തീരുമാനിച്ചിട്ടില്ല. ഇനി ആറുമാസത്തേക്ക് സിനിമയിലേക്ക് ഇല്ല. അതറിയാം, ഇപ്പോൾ. അതുവരെ എന്തു ചെയ്യുമെന്ന് ചോദിച്ചാൽ അതുമറിയില്ല. ടൈംടേബിൾ ഇട്ട് ജീവിക്കാൻ സാധിക്കില്ലല്ലോ.
നല്ല സിനിമകൾ അന്യഭാഷയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
എന്താ സംശയം. തീർച്ചയായും 'കംപാർട്ട്‌മെന്റ്' അന്യഭാഷയിൽ ആയിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആണ്. കാമ്പുള്ള സിനിമകളെ അംഗീകരിക്കാൻ അവർക്ക് ഒരു മടിയുമില്ല. കാമ്പുള്ള സിനിമയെന്ന് കംപാർട്ട്‌മെന്റിനെ വിശേഷിപ്പിക്കുമ്പോൾ കാണാത്തവർക്ക് തോന്നിയേക്കാം ഇതിലെന്താണുള്ളതെന്ന്. അതു കാണുമ്പോൾ മനസിലാകും.
എന്നെങ്കിലും ഈ സിനിമ കണ്ടു കഴിയുമ്പോൾ എന്റെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടെത്തി എല്ലാവരും വിളിക്കും. അതുമെനിക്കറിയാം.
തൽക്കാലം ചാനലുകാർക്ക് കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇപ്പോൾ അതിൽ താല്പര്യവുമില്ല.
സലീംകുമാറിന്റെ നിലപാടുകൾ എപ്പോഴും ഉറച്ചതാണ്. വിട്ടുവീഴ്ചകൾക്ക് തയാറാവാത്ത നിലപാടുകൾ ദോഷം ചെയ്യാറില്ലേ?
എന്റെ രക്തത്തിലുള്ളതാണ് നിലപാടുകളും, അതിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും. എന്റെ അമ്മയ്ക്ക് എന്നെയോർത്തുള്ള പേടിയും അതുതന്നെയായിരുന്നു. എല്ലാവർക്കും ഈ പ്രകൃതം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് വലിയ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് ഒന്നും തോന്നുന്നില്ല.
പതിനെട്ടാമത്തെ വർഷവും എനിക്കുറച്ച് പറയാം. ആർക്കുവേണ്ടിയും ഞാൻ സിനിമയിൽ നട്ടെല്ല് വളച്ചിട്ടില്ല. ഇനിയൊട്ട് വളയ്ക്കുകയുമില്ല. ഒരിക്കലൊരു സിനിമയുമായി ബന്ധപ്പെട്ട് പത്തുദിവസമാണ് എന്നോട് സംവിധായകൻ ചോദിച്ചത്. പ്രമുഖനായ ഒരു അഭിനേതാവിനു വേണ്ടി ആ പത്തുദിവസത്തെയും ഷൂട്ടിങ് ഉഴപ്പി.
എന്നെ മാത്രമല്ല ഒരുപാട് പേരുടെ സമയമാണ് ഒരാൾ മൂലം നശിപ്പിച്ചത്. പത്തുദിവസം കഴിഞ്ഞപ്പോൾ പ്രതിഫലം വാങ്ങി ഞാൻ മടങ്ങി. അക്കാരണംകൊണ്ട് അടുത്ത സിനിമയിൽ എനിക്ക് അവസരം കിട്ടാതെയിരിക്കില്ല. ആ ഉറപ്പ് എനിക്കുണ്ട്. അങ്ങനെ സംഭവിച്ചിട്ടുമില്ല. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇങ്ങനെ ഒരുപാട് നിലപാടുകൾ എനിക്കുണ്ട്.
ഈ പ്രകൃതത്തിനോട് സാമ്യതയുള്ളവരെ കണ്ടിട്ടുണ്ടോ?
പിന്നെയില്ലേ. പക്ഷേ അവരിൽ ഭൂരിപക്ഷവും ഗതിയില്ലാത്തവരാണ്. ആദർശം കൂട്ടിനുണ്ടാവും. നിലപാടിൽ ഉറച്ചുനിൽക്കുകയെന്നാൽ അത് ചില്ലറ കാര്യമല്ല. അതിന് പോസിറ്റീവായ റിസൾട്ട് ഉണ്ടാവുന്നത് ചുരുക്കവുമാണ്.
രാഷ്ട്രീയത്തിലും വ്യക്തമായ നയമുണ്ടല്ലോ?
ഞാൻ പണ്ടുമുതലേ യു.ഡി.എഫ്. അനുഭാവിയാണ്. ചെറിയ പ്രായത്തിൽ വരെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. ഇപ്പോഴും നയത്തിൽ മാറ്റമൊന്നുമില്ല.
ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് വഴിമാറാൻ ഇടയുണ്ടോ?
പഴയപോലെയുള്ള സത്യസന്ധതയൊന്നും രാഷ്ട്രീയത്തിൽ ഇപ്പോഴില്ല. മനഃപൂർവം ചെയ്തില്ലെങ്കിലും തെറ്റുകളിലേക്ക് കൊണ്ടെത്തിക്കുന്ന അന്തരീക്ഷമാണിവിടെ. അതിനു മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നുമില്ല. അതുകൊണ്ടൊക്കെ തന്നെ എന്നെ രാഷ്ട്രീയത്തിൽ കാണില്ല. അക്കാര്യത്തിൽ ഉറപ്പുണ്ട്.
എന്റെ ചെറുപ്പകാലത്ത് വനം വകുപ്പ് മന്ത്രിയായിരുന്ന എം കെ കൃഷ്ണനെ ചന്ദനം കടത്തിയെന്ന പേരിൽ അക്കാലത്ത് എല്ലാവരും ആരോപണം പറയുമായിരുന്നു. നേതാക്കൾ പറഞ്ഞു തരുന്നതിനനുസരിച്ച് മന്ത്രിക്കെതിരെ പ്രകടനം നടത്തിയിട്ടുണ്ട്.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ' കള്ളാ കള്ളാ എം കെ കൃഷ്ണാ..ചന്ദനം കള്ളാ എം കെ കൃഷ്ണ..' എന്നുറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് ഞാൻ ജാഥകളിലും പങ്കെടുത്തിട്ടുട്ടുണ്ട്. പറയുന്നതിലെ വസ്തുതയെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ ഒന്നും അക്കാലത്ത് അറിവില്ലായിരുന്നു.
കുറച്ചു കാലം മുൻപ് അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം കാണാൻ ഞാൻ പോയിരുന്നു. അന്ന് ആ വീട്ടിൽ കണ്ട കാഴ്ച സത്യത്തിൽ എന്റെ കണ്ണു നിറയിച്ചു. ഒരഞ്ച് സെന്റ് തികച്ചില്ല. ആ മൃതദേഹം വയ്ക്കാൻ കഷ്ടിച്ച് ആ വീട്ടിൽ ഒരല്പം സ്ഥലമില്ല. ആ മനുഷ്യനാത്രേ ചന്ദനം വെട്ടിപ്പ് നടത്തിയത്! അന്ന് തീരുമാനിച്ചതാണ് കാപട്യം നിറഞ്ഞ ഒരു ലോകത്തേയ്ക്കും ഇറങ്ങിത്തിരിക്കാൻ ഞാനില്ല.
അതുപോലെതന്നെയാണ് പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനവും. വെറും പൊള്ളയായ ഒരു കാര്യത്തിനു വേണ്ടി ഒരാത്മാർത്ഥതയുമില്ലാതെ അനുകൂലിച്ച് പറയുന്നതിൽ എന്താണാർത്ഥം? ഇക്കാര്യത്തിനായി പലരും സമീപിച്ചിട്ടുണ്ട് . നാളെയൊരിക്കൽ ദാരിദ്ര്യം ആയാൽ കൂടി ആ പണിക്ക് ഞാനില്ല.
നടനായതും ദേശീയ അവാർഡ് ലഭിച്ചതുമൊക്കെ സ്വപ്‌നം സാക്ഷാത്കരിച്ചതാണല്ലോ. ഇനിയും?
ഇനിയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെയുണ്ട്. അതൊക്കെ രഹസ്യങ്ങളാണ്. ഇപ്പോഴേ പറഞ്ഞുപോയാൽ ആ ത്രില്ല് അങ്ങ് പോകും. കുന്നിക്കുരുവോളം ചോദിച്ചപ്പോൾ കുന്നോളം കിട്ടി. ഞാൻ ഹാപ്പിയാണ്....