രാജകുമാരിയെ തന്നെയാണോ ശ്രീശാന്ത് എന്ന പയ്യൻ കെട്ടിയത്? ഈ സംശയമുയർത്തുവന്നവരിലേക്ക് ആദ്യമായി തന്റെ മനസ്സ് തുറക്കുകയാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ. ഐപിഎൽ വാതുവയ്‌പ്പിന്റെ കളങ്കങ്ങൾ നിയമപോരാട്ടത്തിലടെ മാച്ച് കളഞ്ഞ് ക്രിക്കറ്റ് മൈതാനത്ത് വേഗമുള്ള സ്വിങ്ങ് ബൗളിങ്ങിന്റെ മാസ്മരിക വീണ്ടും ആവാഹിക്കാമെന്ന പ്രതീക്ഷയുമുണ്ട്. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ പ്രണയവും വിവാഹത്തിലെ നാടകീയതയും മലയാളിയുടെ ശ്രീ വിശദീകരിക്കുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

2007-ൽ ഇംഗ്ലണ്ടിനെതിരെ ജയ്പൂരിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാനാണ് ജയ്പൂരിലെത്തിയത്. അന്ന് ഗ്വാളിയോർ കൊട്ടാരത്തിൽ (അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ കൊട്ടാരം) ഇന്ത്യൻ ടീമിന് പാർട്ടി ഒരുക്കിയിരുന്നു. രാജകുടുംബാംഗമായ ഭുവനേശ്വരിയും വിരുന്നിനു വന്നിരുന്നു. അവിടെവച്ചാണ് ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു. ഫോൺ നമ്പരും പരസ്പരം കൈമാറി. പ്രണയിക്കാനുള്ള പ്രായം അന്ന് ഭുവനേശ്വരിക്കുണ്ടായിരുന്നില്ല. സ്‌ക്കൂളിൽ പഠിക്കുകയായിരുന്നു അവർ അന്ന്.

പിന്നീട് സംസാരം ഫോണിലൂടെയായി. അടുത്ത കൂടിക്കാഴ്ച ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. ഞാൻ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ സംസാരിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. വിവാഹ നിശ്ചയത്തിനാണ് മൂന്നാം വട്ടം കണ്ടത്. മനസ്സിൽ പരസ്പരം ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, തികച്ചും കൺസർവേറ്റീവായ രീതിയിലായിരുന്നു ഞങ്ങളുടെ പ്രണയം. 2011 ലോകകപ്പിനുശേഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. അപ്പോഴാണ് പരിക്കേറ്റത്.

ശസ്ത്രക്രിയയെത്തുടർന്ന് വീൽച്ചെയറിലായതിനാൽ വിവാഹം മാറ്റിവെയ്ക്കേണ്ടി വന്നു. പിന്നീട് കേസും വിവാദങ്ങളും. ഞാൻ അമ്മയോട് പറയുമായിരുന്നു, ഞാൻ കല്യാണം കഴിക്കുന്നത് ഒരു രാജകുമാരിയെ ആയിരിക്കുമെന്ന്. യാദൃശ്ചികമാണെങ്കിലും അത് സംഭവിച്ചു. മറ്റൊന്നു കൂടിയുണ്ട്, എന്റെ കുടുംബദേവതായാണ് ഭുവനേശ്വരി ദേവി. ദൈവം എനിക്കു തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് എന്റെ ഭാര്യ.

ജീവിതത്തിൽ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ് തീഹാർ ജയിലിൽ കഴിഞ്ഞ നാളുകൾ. ഏറ്റവും വലിയ ശത്രുക്കൾക്ക് പോലും അത്തരം ഒരവസ്ഥ ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. അത്രയ്ക്ക് മോശമായിരുന്നു. അറസ്റ്റിലായി നാലു ദിവസം കഴിഞ്ഞാണ് ചേട്ടൻ ദീപുവിനെ കാണാൻ കഴിഞ്ഞത്. ഇരുമ്പു മറയ്ക്ക് ഇരുവശവും നിന്ന് പൊട്ടിക്കരയുകയായിരുന്നു ഞങ്ങൾ രണ്ടുപേരും. (ശബ്ദം ഇടറുന്നു. ഒരു നിമിഷം നിശബ്ദത) നീ വിഷമിക്കേണ്ട നമ്മൾക്ക് ഒരുപാടുപേരുടെ പിന്തുണയുണ്ട്. നാട്ടിലൊക്കെ നിന്നെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും. ഭുവനേശ്വരിയുടെ കുടുംബവും ഒപ്പമുണ്ട്. കരഞ്ഞുകൊണ്ട് ചേട്ടൻ പറഞ്ഞു. മനസ്സ് നിറഞ്ഞ നിമിഷങ്ങളാണത്.

കോടതിയിൽ ഹാജരാക്കിയപ്പോൾ പപ്പാജി (ഭുവനേശ്വരിയുടെ അച്ഛൻ) വരാന്തയിലുണ്ടായിരുന്നു. അദ്ദേഹം ഒരുപാടാശ്വസിപ്പിച്ചു. നിന്നെ ഞങ്ങൾക്ക് വിശ്വാസമാണ്. കോടതിയിൽ സത്യം തെളിയും. ഒട്ടും വിഷമിക്കരുത്. തീരുമാനിച്ച വിവാഹത്തിന് മാറ്റമുണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

ദൈവം നൽകുന്ന പിന്തുണ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു. ജയിൽ മോചിതനായി കേരളത്തിൽ എത്തിയപ്പോൾ പിന്തുണ അറിയിച്ച് എയർപോർട്ടിൽ എത്തിയ ജനക്കൂട്ടത്തെയും മറക്കാൻ കഴിയില്ല. നാടിനോട് കടപ്പെട്ടുപോയ നിമിഷങ്ങൾ. അതുവരെ കരുണകാട്ടാത്ത സോഷ്യൽ മീഡിയയും ശക്തമായി പിന്തുണച്ചു. ജസ്റ്റീസ് ഫോർ ശ്രീശാന്ത് എന്ന ഗ്രൂപ്പ് വരെയുണ്ടായി. പൊടുന്നനെ ഒറ്റപ്പെട്ടുപോയ എന്നെ ഒരു വാക്ക് കൊണ്ടെങ്കിലും ആശ്വസിപ്പിച്ചവരോട് തൊഴുകൈയോടെ നന്ദി പറയുന്നു.

വിവാദം കത്തി നിന്നപ്പോൾ പ്രണയിനി ആത്മവിശ്വാസമായെന്ന് ശ്രീ പറയുന്നു. രാജസ്ഥാനിലെ ഷെഖാവത്ത് കുടുംബാംഗമാണവർ. അച്ഛൻ വജ്രവ്യാപാരം അടക്കം നിരവധി ബിസിനസുകൾ ചെയ്യുന്നു. ഭുവനേശ്വരിയുടെ അമ്മ നല്ല കമ്പനിയാണ്. എന്റെ സ്വീറ്റ് ഫ്രീക്ക് അമ്മ. അമ്മ എന്നു തന്നെയാണ് വിളിക്കുന്നത്. ഒരു ജ്യേഷ്ഠനും അനുജത്തിയും അടങ്ങുന്നതാണ് കുടുംബം.

എന്നെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഭാര്യ പിന്നീട് പറഞ്ഞിട്ടുണ്ട്. ജൂവലറി ഡിസൈനിങ് പഠിച്ചിട്ടുണ്ടെങ്കിലും ഒന്നും ചെയ്യില്ല. ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ല. എൽബിഡബ്ല്യു എന്താണെന്ന് പോലും അറിയില്ല. എന്നോടുള്ള ഇഷ്ടം മാത്രമാണ് ക്രിക്കറ്റിനോടുള്ള ബന്ധം. കൂടുതൽ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയും.

ഞാൻ ജയിലിൽ കിടന്ന ദിവസങ്ങളിൽ വീട്ടിലെ ബെഡ്‌റൂമിൽ കിടക്കാൻ പോലും അവൾ തയ്യാറായില്ല. നിലത്തായിരുന്നു ഉറക്കം. അദ്ദേഹത്തെ എനിക്കറിയാം, അദ്ദേഹം തെറ്റ് ചെയ്യില്ല എന്നാണ് പറഞ്ഞത്. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന എനിക്ക് വലിയ ആശ്വാസമായിരുന്നു ആ വാക്കുകൾ.