- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോ-ലീ-ബി സഖ്യം തെറ്റെന്ന് ഒരിക്കലും തോന്നിയിട്ടില്ല; ബിജെപിയിലേക്കുള്ള തിരിച്ചുവരവിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം; അമ്മയെ മക്കൾ ചവിട്ടിയാൽ അമ്മയ്ക്ക് ക്ഷമിക്കാനല്ലേ കഴിയൂ; വിവാദങ്ങളിൽ മറുനാടനോട് പിപി മുകുന്ദൻ
തിരുവനന്തപുരം : ഒരിക്കൽ ബിജെപി സംസ്ഥാനഘടകത്തിന്റെ ആസൂത്രണങ്ങളുടെ അമരക്കാരനായ പിപി മുകുന്ദൻ വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ഒഴികെയുള്ളവർ പി പി മുകുന്ദന്റെ സാന്നിധ്യം സംഘടനയ്ക്ക് അവശ്യമാണെന്ന് അഭിപ്രായപ്പെടുമ്പോൾ, പഴയ സംഘപരിവാർ നേതാവിന്റെ വരവിനെ തടയുക എന്ന ലക്ഷ്യത്തിലാണ് വി.മുരളീധരൻ പക്ഷം കരു
തിരുവനന്തപുരം : ഒരിക്കൽ ബിജെപി സംസ്ഥാനഘടകത്തിന്റെ ആസൂത്രണങ്ങളുടെ അമരക്കാരനായ പിപി മുകുന്ദൻ വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ഒഴികെയുള്ളവർ പി പി മുകുന്ദന്റെ സാന്നിധ്യം സംഘടനയ്ക്ക് അവശ്യമാണെന്ന് അഭിപ്രായപ്പെടുമ്പോൾ, പഴയ സംഘപരിവാർ നേതാവിന്റെ വരവിനെ തടയുക എന്ന ലക്ഷ്യത്തിലാണ് വി.മുരളീധരൻ പക്ഷം കരുക്കൾ നീക്കുന്നതെന്നാണ് സൂചന. എന്നാൽ ബിജെപിക്കുള്ളിലെ അഭിപ്രായഭിന്നതകളെ തുടർന്ന് മാനസികമായി അകന്നു നിന്ന ഒ രാജഗോപാലുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതും ശുഭസൂചകമായിട്ടാണ് മുകന്ദൻ കാണുന്നത്.
മുഖ്യധാര രാഷ്ട്രീയത്തിൽ നിന്നും സ്വയം പിന്മാറിയ ഒമ്പത് വർഷങ്ങൾ. പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ?
തിരിച്ചു വരുമെന്ന് ഞാൻ പറയുന്നില്ല. പാർട്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ ചുമതല ഏറ്റെടുക്കും. പാർട്ടി ആവശ്യപ്പെട്ടാൽ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന പ്രസ്താവനയാണല്ലോ വിവാദമായത്. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ആ തീരുമാനത്തിനനുസരിച്ചായിരിക്കും പാർട്ടിയിലേക്ക് തിരിച്ചുവരവ്.
പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വി.മുരളീധരന്റെ മിസ്ഡ് കോൾ പരാമർശവും വാർത്തയായി. മിസ്ഡ് കാൾ മാത്രമാണോ ഭാരതീയ ജനതാപാർട്ടിയുടെ അംഗത്വവിതരണത്തിന്റെ മാനദണ്ഡം ?
സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ആ പരാമർശം എന്ത് ഉദ്ദേശിച്ചാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി അർഹിക്കുന്നുമില്ല. നേരത്തെയുണ്ടായിരുന്ന അംഗത്വം പുതുക്കാൻ കേന്ദ്രനേതൃത്വം ഏർപ്പെടുത്തിയ സംവിധാനം ആണ് മിസ്ഡ് കോൾ സംവിധാനം. പാർട്ടിയിലെ കേന്ദ്രനേതാക്കളടക്കമുള്ളവർ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. നരേന്ദ്ര മോദിയും അമിത്ഷായും രാജ്‌നാഥ്‌സിംഗും അഡ്വാനിയും എല്ലാവരും അംഗത്വം പുതുക്കുന്നത് ഇങ്ങനെയാണ്. എന്റെ അംഗത്വ നമ്പർ 1015875217. ബിജെപി സംഘടനാ തലപ്പത്ത ഇരുന്ന ഞാൻ പാർട്ടി അംഗത്വം പുതുക്കിയിട്ടുണ്ടോ എന്ന കാര്യം പോലും അന്വേഷിക്കാതെ നടത്തിയ പ്രസ്താവനയായതു കൊണ്ടാണ് മറുപടി അർഹിക്കുന്നില്ല എന്ന് പറഞ്ഞത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടി ഒരുങ്ങുമ്പോൾ ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനകൾ ദോഷകരമായി തന്നെയാണ് ബാധിക്കുക.
ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലെ പാർട്ടിയുടെ സംഘടനാസംവിധാനത്തെ നോക്കികാണുമ്പോൾ ?
ഒരു താരതമ്യ പഠനം നടത്തിയിട്ടില്ല. സംഘടനസംവിധാനത്തിന് പുറത്തായിരുന്നതു കൊണ്ട്് കാര്യങ്ങൾ വേണ്ട വിധം മനസിലാക്കിയിട്ടില്ല. പക്ഷെ നിലവിൽ നരേന്ദ്ര മോദിയുടെ ഭരണത്തെ തുടർന്ന് പാർട്ടിക്കും സംഘടനയ്ക്കും ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്. ആ ഉണർവ് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനുള്ള പരിശ്രമങ്ങൾ പാർട്ടി പ്രവർത്തകരിൽ കാണുന്നുമുണ്ട്. അത് നോക്കിയാൽ പാർട്ടിക്ക് ചില തളർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ആ തളർച്ചകളെ മറികടന്ന് വളർച്ചയിലേക്ക് എത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് യാഥാർഥ്യം.
ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാലുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ പരിഹരിക്കാൻ കഴിഞ്ഞോ ?
ഞാനും രാജഗോപാലുമായി വളരെ നല്ല ബന്ധമാണുള്ളത്. ഒരേ ആശയത്തിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഉദാഹരണത്തിന് ഒരു പൊതുവിഷയം വരുമ്പോൾ ഒരു വീട്ടിലെ അംഗങ്ങൾക്ക് ചിലപ്പോൾ ഭിന്നാഭിപ്രായം ഉണ്ടായിരിക്കും. അതിന്റെ അർഥം വീട്ടിലെ അംഗങ്ങൾ തമ്മിൽ തെറ്റിപിരിഞ്ഞു എന്നല്ല. അതേപോലെ തന്നെയാണ് എന്റെയും അദ്ദേഹത്തിന്റെയും അഭിപ്രായങ്ങൾ. ചില ആശയങ്ങളിലുള്ള അഭിപ്രായങ്ങളിലുള്ള വ്യത്യാസം മാത്രം. അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ല. ഇന്നലെ ഞങ്ങൾ ഒരുമിച്ചാണ് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്തത്. ദേശീയ കൗൺസിൽ അംഗം എം.എസ്.കുമാറും ചടങ്ങിൽ ഉണ്ടായിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു ?
വളരെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി സ്ഥാനാർത്ഥികൾ ജയിക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല. സാധാരണഗതിയിൽ പാർട്ടി ഓരോ തവണയും പത്ത് മുതൽ പതിനഞ്ച് സീറ്റുകൾ വരെ കൂടുതൽ നേടുന്നതായിട്ടാണ് കഴിഞ്ഞ കാല കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ അതിൽ വ്യത്യസ്തമായി എസ്.എൻ.ഡി.പിയുൾപ്പെടെയുള്ള സമുദായങ്ങളുമായുള്ള ധാരണ അനുസരിച്ച് കൂടുതൽ സീറ്റുകൾ പാർട്ടിക്ക് നേടാൻ കഴിയും. എസ്.എൻ.ഡി.പി-ബിജെപി സഖ്യമല്ല. തദ്ദേശതിരഞ്ഞെടുപ്പിലുള്ള ഒരു ധാരണമാത്രമാണ്. ഇപ്പോൾ കോൺഗ്രസും സിപിഐഎമ്മിനും ബിജെപിയെ ഭയമാണ്. ഈ ഭയം മൂലം ബിജെപിക്കെതിരെ ജനവികാരം ഉയർത്തിവിടാനുള്ള കുത്സിതശ്രമമാണ് നടത്തുന്നത്.
വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരെ മുൻനിരയിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ശ്രമിച്ചെങ്കിലും ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ അതിൽ നിന്നും പിന്മാറി. പിന്നീട് സഖ്യമില്ല, ധാരണ മാത്രമെന്ന നിലപാട് സ്വീകരിച്ചു. എസ്.എൻ.ഡി.പിയുമായുള്ള രാഷ്ട്രീയ ധാരണയെ കുറിച്ച് ?
എസ്.എൻ.ഡി.പിയെ മുൻനിരയിൽ നിർത്തുക എന്നതല്ല ബിജെപിയുടെ ലക്ഷ്യം. എസ്.എൻ.ഡി.പിക്ക് ഒപ്പം മറ്റു സമുദായങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുപോകാനാണ് പാർട്ടി ശ്രമിച്ചത്. പക്ഷെ ആ കൂട്ടായ്മയിൽ നിന്ന് എൻ.എസ്്.എസ് മാറി നിൽക്കുന്നു എന്നുള്ളത് പോരായ്മയായിട്ടാണ് കാണുന്നത്. സാമൂഹ്യമായ ഉന്നമനം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള കൂട്ടായ്മയ്ക്ക് ബിജെപി മുൻകൈയെടുത്തത്. അതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കേണ്ടതുണ്ട്. സാമൂഹികമായ ഐക്യം എന്നതിലുപരി സാമൂഹികമായ ഏകതയാണ് പാർട്ടിയുടെ ലക്ഷ്യം. ആ ഏകത ഉണ്ടാക്കി എടുക്കാനുള്ള പൂർണ ഉത്തരവാദിത്വം ബിജെപിക്കുണ്ട്.
സാമുദായിക സംഘടനകളുമായുള്ള രാഷ്ട്രീയ ധാരണ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തെറ്റാണെന്ന് തോന്നുണ്ടോ ?
ഒരിക്കലുമില്ല. സാമൂഹിക നീതി ഏറ്റവും നല്ല രീതിയിൽ നടപ്പിലാക്കാൻ സാമുദായിക സംഘടനകളുടെ ഐക്യം വളരെ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്. അതിന് എൻ.എസ്.എസിന്റെ സഹകരണം കൂടിയുണ്ടെങ്കിൽ അതിന് കുറച്ച് കൂടി ശക്തിയുണ്ടാകും. സമുദായങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്. ചെറിയ പാർട്ടികളെ പോലും ഉൾപ്പെടുത്തി കൊണ്ടുള്ള എൻ.ഡി.എ സഖ്യം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ സമുദായ സംഘടനകൾക്ക് എല്ലാം അവരുടേതായ ശക്തിയുണ്ട്. ഈ ശക്തികളെ ഒരുമിപ്പിച്ച ് ഏകതാഭാവത്തിൽ കൊണ്ടു പോകുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
ബീഫ് നിരോധിക്കുന്നതിലൂടെ പാർട്ടി ലക്ഷ്യമിടുന്നതെന്താണ് ?
എന്ത് ആഹാരം കഴിക്കണമെന്നുള്ള സ്വാതന്ത്യം എല്ലാവർക്കുമുണ്ട്. ബീഫ് നിരോധനം ചർച്ച ചെയ്യേണ്ട വിഷയമേയല്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്്. പിന്നെ കേരളത്തിൽ ബീഫ് നിരോധിച്ചിട്ടില്ല. അപ്പോൾ അതിനെ ചൊല്ലിയുള്ള വിവാദം ആസൂത്രിതമാണ്. കേരളവർമ കോളേജിലും കൊട്ടിയൂരിലും ബീഫ് ഫെസ്റ്റിവൽ നടത്തിയത് മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ചില സംഘടനകളുടെ ആസൂത്രിതനീക്കമാണ്. രാഷ്ട്രീയ മുതലെടുപ്പാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. വിഷയങ്ങളെ ആളിക്കത്തിക്കാനുള്ള സംഘടനകളുടെ ശ്രമത്തെ നേതൃത്വം തന്നെയാണ് വിലക്കേണ്ടത്.
കോ-ലീ-ബി സഖ്യത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്്. 1991ലെ ആ ഫോർമുല തെറ്റായിരുന്നുവെന്ന് തോന്നുണ്ടോ ?
തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. രാഷ്ട്രീയത്തിൽ പരീക്ഷണങ്ങൾ പതിവാണ്. അങ്ങനെയുള്ള പരീക്ഷണമായിരുന്നു കോ-ലീ-ബി സഖ്യവും. പക്ഷെ അത് വിജയിച്ചില്ല എന്നത് യാഥാർഥ്യമാണ്. ചില രോഗങ്ങൾക്ക് ഡോക്ടർമാർ ചില മരുന്നുകൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള പരീക്ഷണം മാത്രമായിരുന്നു അത്. പാർട്ടികളുടെ വളർച്ചയിൽ ഓരോ ഘട്ടത്തിലും ചില പരീക്ഷണങ്ങൾ അനിവാര്യമാണ്. ആ രാഷ്ട്രീയഫോർമുല വിജയിച്ചിരുന്നെങ്കിലോ ? ആ ധാരണപ്രകാരം സഖ്യകക്ഷികൾ പാർട്ടിയുമായി സഹകരിച്ചു. വോട്ടും വർധിച്ചു. പക്ഷെ ആത്യന്തികമായി ഫോർമുല പരാജയമായിരുന്നു.
ശക്തമായ നേതൃത്വത്തിന്റെ അഭാവം കേരളത്തിലുണ്ടോ ?
വീട്ടുകാർക്ക് വീട്ടിലെ അച്ഛൻ ശരിയല്ലെന്ന് പറയാൻ കഴിയല്ലലോ ? പുറത്ത് നിന്ന് നോക്കികാണുന്നവർക്ക് പറയാം. ഭരതീയ ജനതാ പാർട്ടിയെ നയിക്കുന്നത് വ്യക്തികളല്ല. കൂട്ടായ പ്രവർത്തനമാണ്. ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിൽ ഏറ്റവും മികച്ച തലത്തിൽ പാർട്ടിയെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ഓരോ പ്രവർത്തകരും. അതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റെല്ലാം തന്നെ പിറകെ വരും.
ബിജെപിയിലെ ഭൂരിപക്ഷം പ്രവർത്തകരും പി പി മുകുന്ദൻ എന്ന സംഘപരിവാർ നേതാവിന്റെ നേതൃത്വം ആവശ്യപ്പെടുന്നു. വി.മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ അതിനെ പ്രതിരോധിക്കുന്നു ?
ഞാൻ കുറെക്കാലമായി പാർട്ടിയുടെ മുഖ്യധാരയിൽ ഇല്ലാത്ത നേതാവാണ്. ഒരു പക്ഷെ അതുകൊണ്ടായിരിക്കും അവർ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ഞാൻ പാർട്ടിയിൽ നിന്നും മാറിന്ൽക്കുന്നത് ഏതെങ്കിലും അംഗീകാരങ്ങളോ, സ്ഥാനമാനങ്ങളോ ലഭിക്കാഞ്ഞിട്ടല്ല. മറിച്ച് എന്റെ കടമകൾ നിർവഹിക്കാനാണ് ഞാൻ മാറി നിന്നത്. സംഘടനാപ്രവർത്തനം ആരംഭിച്ചതു മുതൽ വളരെ അപൂർവമായി മാത്രമെ അമ്മയോടൊപ്പം ജീവിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്റെ നാട്ടിലും അമ്മയോടുമുള്ള വ്യക്തിപരമായ ചിലകടമകൾ നിർവഹിക്കേണ്ടതുണ്ട് എന്ന് തോന്നിയതിനാലാണ് സ്വയം മുഖ്യധാരയിൽ നിന്ന് പിന്നോട്ട് പോയത്. വി.മുരളീധരൻ അടക്കമുള്ളവരുടെ പ്രസ്താവനകളെ ഗൗരവത്തിൽ കാണുന്നില്ല. അമ്മയെ മക്കൾ ചവിട്ടിയാൽ അമ്മയ്ക്ക് ക്ഷമിക്കാനല്ലേ കഴിയൂ.