തിരുവനന്തപുരം: ട്രാക്കിൽ സുവർണ്ണ നേട്ടങ്ങൾക്കായി ഓടൻ ഇനി പ്രീജാശ്രീധരൻ ഉണ്ടാവില്ല. കുടുംബത്തിന് വേണ്ടി സമയം നീക്കിവയ്ക്കാൻ ഈ ദീർഘ ദൂര ഓട്ടക്കാരി ട്രാക്കിൽ നിന്ന് മാറി നിൽക്കുന്നു. ദേശീയ ഗെയിംസിനിടെ കായിക കേരളം അർഹിക്കുന്ന വിടവാങ്ങൽ തന്നെ പ്രീജയ്ക്ക് ഒരുക്കി. ഇടുക്കി രാജാക്കാട് സ്വദേശിയായ പ്രീജ കടുത്ത ജീവിത പ്രയാസങ്ങളോട് പടവെട്ടിയാണ് ഇന്ത്യയുടെ മികച്ച രാജ്യന്തര താരങ്ങളിലൊരാളായി ഉയർന്നത്. സ്‌കൂൾ കായികമേളയിലൂടെ ഉയർന്നുവന്ന ഈ താരം ദീർഘദൂര മധ്യദൂര ഓട്ടത്തിലാണ് തുടക്കത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

2010ൽ ചൈനയിലെ ഗ്വാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയതാണ് പ്രീജയുടെ പ്രധാന നേട്ടം. 2006ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5,000, 10,000 മീറ്റർ ഓട്ട മത്സരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 5000 മീറ്റിൽ പ്രീജ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇടുക്കി രാജക്കാടിൽനിന്ന് 20 വർഷം മുമ്പ് സുവർണസ്വപ്‌നങ്ങളുമായി ട്രാക്കിലിറങ്ങി കായികകേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പ്രീജ ശ്രീധരൻ മറുനാടൻ മലയാളിയോട്.

ജന്മനാട്ടിൽ നടന്ന ദേശീയ ഗെയിംസിൽ ഇഷ്ടയിനമായ പതിനായിരം മീറ്ററിൽ വെള്ളിമെഡലുമായി ട്രാക്കിനോട് വിട പറയുകയാണിപ്പോൾ. പ്രീജ ശ്രീധരൻ എന്ന ആറാം ക്ലാസുകാരിയിൽനിന്ന് കായികതാരത്തിലേക്കുള്ള മാറ്റം എങ്ങനെ ആയിരുന്നു ?

രാജാക്കാട് സ്‌കൂളിൽ പഠിക്കുമ്പോൾ കായികാധ്യാപകനായിരുന്ന രണേന്ദ്രൻ സാറാണ് എനിക്ക് ഓടാൻ കഴിയുമെന്നു കണ്ടെത്തിയത്. സ്‌കൂളിലെ മുതിർന്നവരോടൊപ്പം ഓടിച്ചപ്പോൾ ദീർഘദൂര മൽസരത്തിൽ മുന്നേറായി. പി.ആർ.രണേന്ദ്രൻ സാറാണ് എന്നെ കായികരംഗത്തേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് രണേന്ദ്രൻ സാറിന് തൊടുപുഴ മുട്ടം സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ എന്നെയും അങ്ങോട്ടു മാറ്റി. പാലാ അൽഫോൻസാ കോളേജിൽ വച്ചാണ് ഒരു പ്രൊഫണൽ അത്‌ലറ്റ് എന്ന രീതിയിലേക്കുള്ള എന്റെ വളർച്ച. തങ്കച്ചൻ മാത്യു സാറായിരുന്നു അവിടത്തെ പരിശീലകൻ. പിന്നെ പിള്ള സർ, ജോയി സർ, നിക്കോളി സർ, മനോജ് മാത്യു......പറഞ്ഞാൽ ഒരു പാട് പേരുണ്ട്.

ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് പ്രീജ ട്രാക്കിലെത്തിയത്. ഈ നേട്ടങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നോ ?

ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. പിന്നീട് അമ്മ കൂലിപ്പണിക്കു പോയാണ് ഞങ്ങളെ മൂന്നു പേരെയും വളർത്തിയത്. ആ സമയമൊക്കെ വലിയ കഷ്ടത നിറഞ്ഞതായിരുന്നു. സ്‌കൂൾതലം തൊട്ട് മൽസരങ്ങളിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയതോടെ സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങി. അമ്മ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് അകെ ആശ്രയം. മൽസരത്തിന്റെയൊക്കെ ചെലവ് കൂടി വന്നപ്പോൾ ചേട്ടനും പഠിത്തം നിർത്തി കൂലിപ്പണിക്കു പോകാൻ തുടങ്ങി. സത്യം പറഞ്ഞാൽ എനിക്ക് വേണ്ടിയാണ് ചേട്ടായി പ്രദീപ് പഠിത്തം നിർത്തിയത്. അമ്മയും ചേട്ടായിയും എനിക്ക് വേണ്ടി കഷ്ടപ്പെട്ടതോർത്താൽ ഞാൻ കഷ്ടപ്പെട്ടതെല്ലാം കുറവാണ്. ആദ്യമൊക്കെ ട്രാക്ക് സ്യൂട്ട് ഒന്നുമില്ല. അന്നൊക്കെ ഓടുമ്പോൾ പാവാടയാണ് ധരിച്ചിരുന്നത്. ചില മൽസരങ്ങൾക്കൊക്കെ പോകുമ്പോൾ ട്രാക്ക് സ്യൂട്ട് ഇല്ലാത്തിനാൽ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ സി.ആർ.പി.എഫിലുള്ള ആശിഷ് ചേച്ചിയാണ് ആദ്യമായി എനിക്ക് ട്രാക്ക് സ്യൂട്ട് തരുന്നത്. ആ സ്യൂട്ട് വാങ്ങിയ സമയം ശരിയായതു കൊണ്ടോ ഭാഗ്യം കൊണ്ടോ എന്തു കൊണ്ടാണെന്നറിയില്ല, ഇന്ത്യൻ ജഴ്‌സി വരെ അണിയാനുള്ള അവസരം ഉണ്ടായി. ഞാൻ ഒരു അത്‌ലറ്റ് ആകുമെന്നോ, ഈ നേട്ടങ്ങളൊക്കെ എനിക്ക് കിട്ടുമെന്നോ ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല.

അപ്രതീക്ഷിതമായാണ് പ്രീജയെ തേടി എല്ലാ നേട്ടങ്ങളും എത്തിയത്. ഒരു കായികതാരമെന്ന നിലയിൽ ട്രാക്കിൽ എന്താണ് സ്വപ്‌നം കണ്ടത് ?

ഞാൻ പറഞ്ഞതു പോലെ എനിക്ക് കിട്ടിയ മെഡലുകളും അംഗീകാരങ്ങളും എല്ലാം അപ്രതീക്ഷിതങ്ങളായിരുന്നു. പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ വളരെയേറെ സ്വപ്‌നം കണ്ട രണ്ടു സ്വർണമെഡലുകൾ എനിക്ക് ലഭിച്ചതുമില്ല. ഒന്ന്, കോമൺവെൽത്ത് ഗെയിംസ്. രണ്ട്, ഇപ്പോൾ ദേശീയ ഗെയിംസ്. 2010 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുക എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. ട്രാക്കിനൊട് വിടപറയാൻ തീരുമാനിച്ചപ്പോൾ തന്നെ സ്വർണമെഡൽ നേടിയാകണം എന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ അതും കിട്ടിയില്ല. എങ്കിലും പതിനായിരം മീറ്ററിൽ വെള്ളി മെഡൽ നേടി വിരമിക്കാൻ കഴിഞ്ഞു എന്നത് ആശ്വാസമാണ്.

2010 കോമൺവെൽത്ത് അത്‌ലറ്റിക്‌സിൽ പതിനായിരം മീറ്ററിൽ സ്വർണം ഉറപ്പിച്ചതായിരുന്നു. അതിനു വേണ്ടി വർഷങ്ങൾ നീണ്ട പരിശീലനവും നടത്തി. പക്ഷേ മെഡൽ കിട്ടിയില്ല. ?

എന്റെ കരിയറിൽ ഏറ്റവും വേദനിപ്പിച്ച, ഒരിക്കലും മറക്കാനാകാത്ത ഇവെന്റ് ആയിരുന്നു കോമൺവെൽത്ത് ഗെയിംസ്. മൽസരത്തിന് ഒരാഴ്ച മുമ്പ് കടുത്ത പനി പിടിച്ചു. ചുമയ്ക്കുമ്പോൾ കഫത്തിനൊപ്പം രക്തം വരുന്ന അവസ്ഥയായിരുന്നു. ഡോക്ടർമാരും കോച്ചും മൽസരത്തിൽ പങ്കെടുക്കേണ്ട എന്ന് നിർദ്ദേശിച്ചു. നമ്മുടെ രാജ്യത്ത് നടക്കുന്ന ഗെയിംസിൽ പങ്കെടുക്കാതിരിക്കാൻ മനസ് അനുവദിച്ചില്ല. ഡോക്ടർമാരുടെയും കോച്ചിന്റെയും നിർദ്ദേശം അവഗണിച്ചാണ് ട്രാക്കിലിറങ്ങിയത്. എന്നാൽ ശ്വാസം മുട്ടൽ കാരണം ഓടാൻ കഴിഞ്ഞില്ല. മെഡൽ നേടാൻ കഴിയാതെ വന്നതോടെ പലരും മിണ്ടാതെയായി. യാഥാർഥ്യം ആരും മനസിലാക്കിയില്ല.

പ്രീജ ശ്രീധരന്റെ കരിയറിൽ ഏറ്റവും സന്തോഷവും അഭിമാനകരവുമെന്ന് തോന്നിയ നിമിഷങ്ങൾ ?

ഓരോ മീറ്റിൽ പങ്കെടുക്കുമ്പോഴും മെഡൽ വാങ്ങുമ്പോഴും അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്. എന്നാൽ സന്തോഷവും അഭിമാനവും കൊണ്ട് കണ്ണുകൾ നിറഞ്ഞ ചില സന്ദർഭങ്ങൾ ഉണ്ട്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കിട്ടാതെ ട്രാക്കിൽനിന്ന് കോച്ച് ഡോ. നിക്കോളായി സാറിന്റെ അടുത്തു ചെന്നപ്പോൾ അദ്ദേഹം കെട്ടിപ്പിടിച്ചു പറഞ്ഞു. ' സാരമില്ല, നിനക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞല്ലോ, നീയാണെന്റെ സ്വർണമെഡൽ'. വർഷങ്ങളായി അദ്ദേഹവും ഞാനും പ്രതീക്ഷിച്ച മെഡൽ കിട്ടാതെ വന്നെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ കണ്ണുനിറഞ്ഞു പോയി. അർജുന അവാർഡ് സ്വീകരിച്ചപ്പോൾ, പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ച് വിരമിക്കുകയാണെന്നു പറഞ്ഞപ്പോൾ കാണികൾ എണീറ്റു നിന്ന് നിറഞ്ഞ കൈയടി നൽകിയത്, അതിനു ശേഷം ഗെയിംസ് സമാപന ചടങ്ങിൽ മിലിട്ടറി ഉദ്യോഗസ്ഥർ അഭിവാദ്യം ചെയ്തപ്പോൾ... ഏറെ അഭിമാനം തോന്നി.

പ്രീജ ട്രാക്കിൽനിന്ന് ജീവിതത്തിലേക്ക് എത്തുമ്പോൾ നേട്ടങ്ങൾ ഒരുപാടുണ്ട്. മറ്റു പല കായികതാരങ്ങൾക്കും അർഹതപ്പെട്ട അല്ലെങ്കിൽ വാഗ്ദാനം ചെയ്തതൊന്നും കിട്ടിയില്ല ?

ശരിയാണ്. സംസ്ഥാനത്തിനു വേണ്ടി ഒട്ടേറെ മെഡലുകൾ ട്രാക്കിൽ നേടിയ ഒരു പാടുപേരുണ്ട്. പലരുടേയും ജീവിതം ദുരിതത്തിലാണ്. ചിലർ പ്രൈവറ്റ് കമ്പനികളൽ തുച്ഛമായ ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നു. കേരളത്തിനും രാജ്യത്തിനും വേണ്ടി ട്രാക്കിലും ഫീൽഡിലും ഗെയിംസിലും ഇറങ്ങി നേട്ടങ്ങൾ കൊയ്ത താരങ്ങൾക്കുവേണ്ടി സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന. ചിലരൊക്കെ എന്നെ കാണുമ്പോൾ പറയും. ചേച്ചി എന്തെങ്കിലും അവസരങ്ങൾ കിട്ടുമ്പോൾ പറയണം എന്നൊക്കെ. ഞാൻ സ്പോർട്സ് കൗൺസിസിലൊക്കെ ഇക്കാര്യം പറയാറുണ്ട്. എനിക്ക് സർക്കാർ ജോലി തന്നു. വീട് പണിതു തന്നു. എന്നാൽ ഇതേപോലെ നാടിനു വേണ്ടി മെഡലുകൾ നേടിയ എല്ലാവരെയും ഒരുപോലെ പരിഗണിച്ചില്ല എന്നതു യാഥാർഥ്യമാണ്.

കായികതാരങ്ങളുടെ പ്രഭവസ്ഥാനമാണ് ഇടുക്കി ജില്ല. ഷൈനി വിൽസൺ, കെ.എം.ബീനാ മോൾ, പ്രീജ ശ്രീധരൻ, ....അങ്ങനെ നീളുന്നു പട്ടിക. പരിശീലനകേന്ദ്രങ്ങളുടെ കാര്യത്തിൽ ഇടുക്കി വളരെ പിന്നിലാണല്ലോ ?

ശരിയാണ്, കേരളത്തിന്റെ അത്‌ലറ്റുകളിൽ ഒട്ടേറെ പേർ ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ്. പുതിയ തലമുറയിലും ട്രാക്കുംഫീൽഡും ഗെയിംസ് സ്വപ്‌നം കാണുന്ന ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും പരിശീലനം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും ജില്ലയ്ക്ക് അന്യമാണ്. ഇടുക്കിയിൽനിന്ന് എത്തിയ ഒരു കായികതാരമെന്ന നിലയിൽ സർക്കാരിനോടുള്ള എന്റെ അപേക്ഷ ഇതാണ്- ജില്ലയിൽ കുറഞ്ഞത് രണ്ടോ മൂന്നോ സിന്തറ്റിക് ട്രാക്കുകൾ നിർമ്മിക്കുകയും മറ്റു പരിശീലനങ്ങൾക്കായി ്‌സ്പോർട്സ് സെന്റർ സ്ഥാപിക്കുകയും വേണം. ഞാൻ ട്രാക്കിലിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് സിന്തറ്റിക് ട്രാക്കിലിറങ്ങുന്നത്. അതുവരെ കേട്ടിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അങ്ങനെയല്ല. മികച്ച ട്രാക്കുകളും പരിശീലന സെന്ററുകളും പരിശീലകരുമാണ് മറ്റു സംസ്ഥാനങ്ങളിൽ താരങ്ങളെ വാർത്തെടുക്കുന്നത്. ഹൈ ആൾറ്റിറ്റിയൂഡ് പരിശീലനത്തിയി ഞങ്ങൾ ഊട്ടിയിലാണ് പോകുന്നത്. മൂന്നാർ പോലെയുള്ള ഹൈ ആൾറ്റിറ്റിയൂഡ് സ്ഥലങ്ങൾ നമുക്കുള്ളപ്പോൾ ഇതിനായി നമ്മളെന്തിനു ഊട്ടിയിൽ പോകണം. ഇത്തരം സൗകര്യങ്ങളൊക്കെ ഇടുക്കിയിൽ ഉറപ്പാക്കാൻ കഴിഞ്ഞാൽ അതു മികച്ച നേട്ടമായിരിക്കും.

(തുടരും...)