- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസീറും സത്യനും ഭാഷ പഠിപ്പിച്ചു; 'തുലാഭാരം' നൽകിയത് വലിയ അനുഭവങ്ങൾ; രാഷ്ട്രീയം സാധാരണക്കാർക്ക് വേണ്ടിയും; ഇനി മോഹം മലയാളത്തിൽ സജീവമാകാൻ; വെള്ളിത്തിരയിൽ 50 വർഷം തികച്ച 'ഉർവ്വശി' ശാരദ മറുനാടനോട് മനസ് തുറക്കുന്നു
തിരുവനന്തപുരം: മലയാള സിനിമയുടെ ദുഃഖപുത്രിയായി അറിയപ്പെട്ടിരുന്ന ശാരദ ഇന്ന് ഏറെ സന്തോഷവതിയാണ്. കച്ചവടവും രാഷ്ട്രീയ പ്രവർത്തവുമൊക്കെയായി ആന്ധ്രാപ്രദേശിൽ കഴിയുന്ന അവർ രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയതാണ്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ അഭിയിച്ച് മൂന്നു ദേശീയ അവാർഡ
തിരുവനന്തപുരം: മലയാള സിനിമയുടെ ദുഃഖപുത്രിയായി അറിയപ്പെട്ടിരുന്ന ശാരദ ഇന്ന് ഏറെ സന്തോഷവതിയാണ്. കച്ചവടവും രാഷ്ട്രീയ പ്രവർത്തവുമൊക്കെയായി ആന്ധ്രാപ്രദേശിൽ കഴിയുന്ന അവർ രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയതാണ്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ അഭിയിച്ച് മൂന്നു ദേശീയ അവാർഡുകൾ നേടിയ നടിയാണ് അവർ. കേന്ദ്രസർക്കാരിന്റെ ഉയർന്ന അഭിനയ പുരസ്‌കാരമായ 'ഉർവശി' അവാർഡ് നേടിയതിനാൽ 'ഉർവശി ശാരദ' എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. രണ്ടുദിവസം തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികൾക്കെത്തിയ അവർ അമ്പതു വർഷം തികഞ്ഞ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മറുനാടനോട് സംസാരക്കുന്നു.
?വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ നടിയാണല്ലോ ശാരദാമ്മ. എങ്ങനെയാണ് അത് സാധ്യമായത്
എന്നെ വലിയ നടിയാക്കണമെന്ന് അമ്മയ്ക്കായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ അമ്മ എന്നെ ആറാംവയസുമുതൽ ഭരതനാട്യം പഠിപ്പിച്ചു. 14-ാം വയസിൽ ഞാൻ നാടക നടിയായി. തുടർന്നാണ് സിനിമയിലേക്ക് വരുന്നത്. 1955-ൽ തെലുങ്കിൽ പി പുള്ളയ്യ സംവിധാനം ചെയ്ത 'കന്യാസൽക്കം' എന്ന സിനിമയിൽ ചെറിയ റോൾ ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീട് എട്ട് തെലുങ്ക് സിനിമകളിൽകൂടി ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഇതോടെ ഞാൻ ശ്രദ്ധിക്കപ്പെട്ടു. 63 ൽ തമിഴിൽ കുങ്കുമം എന്ന സിനിമയിലും കന്നഡയിൽ വാൽമീകി എന്ന സിനിമയിലും അരങ്ങേറ്റം കുറിച്ചതോടെ മലയാളികളും എന്നെ അറിഞ്ഞുതുടങ്ങി. 65-ൽ ഉദയാസ്റ്റുഡിയോ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകളിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. കുഞ്ചാക്കോയാണ് സത്യത്തിൽ എന്നെ മലയാളത്തിനു പരിചയപ്പെടുത്തിയത്.
?സത്യൻ, പ്രേംനസീർ, തിക്കുറിശി, കൊട്ടാരക്കര ശ്രീധരൻനായർ തുടങ്ങിയവർ അഭിനയിച്ച അക്കാലത്തെ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ഇണപ്രാവുകൾ. ഇവരോടൊപ്പമുള്ള അനുഭവം ഓർത്തെടുക്കാമോ
അയ്യോ... പേടിച്ചു പേടിച്ചാണ് ഞാൻ മലയാളത്തിൽ അഭിനയിക്കാനെത്തിയത്. നസീറും സത്യൻ മാഷുമൊക്കെ സൂപ്പർതാരങ്ങളെപ്പോലെ നിൽക്കുന്നു. കിങ്ങ്‌മേക്കറായി തിക്കുറിശി സാറും. പക്ഷേ എന്റെ പരിഭ്രമംകണ്ട് എല്ലാവരും സഹായിച്ചു. 'അയ്യോ, പാവം കുട്ടി, ഇവൾക്ക് ഭാഷയറിയില്ലല്ലോ' എന്നു പറഞ്ഞ് പഠിപ്പിക്കാനെത്തിയത് നസീറായിരുന്നു. സത്യൻ മാഷും നന്നായി സഹായിച്ചു. തമിഴ് അറിയാവുന്നതുകൊണ്ട് തിക്കുറിശി സാറിന്റെ സഹായം കൂടുതൽ ഗുണമായി. നസീർ സാറും സത്യൻ മാഷുമായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.
?ഇത് ശാരദാമ്മയുടെ സിനിമാ ജീവിതത്തിലെ അമ്പതാം വർഷമാണ്. ജീവിതത്തിന്റെ അര നൂറ്റാണ്ട് അഭിനയരംഗത്ത് ചിലവഴിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാമോ
അനുഭവങ്ങൾ പറഞ്ഞാൽ തീരില്ല. ഓരോ നിമിഷവും എനിക്ക് ഓരോ അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. അതിൽ ഓർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്ന അനുഭവം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. അഞ്ചു ഭാഷകളിൽ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്ത അനുഭവങ്ങളാണ്. പിന്നെ ഇന്ത്യയിൽ ഒരു നടിക്കും കിട്ടാത്ത അനുഭവമാണ് വിൻസന്റ് മാഷിന്റെ 'തുലാഭാരം' എന്ന സിനിമ എനിക്കു സമ്മാനിച്ചത്. ഈ സിനിമ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദിഭാഷകളിൽ ഇറങ്ങിയപ്പോൾ ഞാൻതന്നെയായിരുന്നു നായിക. ആദ്യമായി എനിക്ക് ദേശീയ പുരസ്‌കാരമായ 'ഉർവശി' അവാർഡ് നേടിത്തന്നതും തുലാഭാരം തന്നെ. എന്റെ പേരിനൊപ്പമുള്ള 'ഉർവശി' എന്ന പട്ടം സമ്മാനിച്ചതും ആ സിനിമ തന്നെ.
?കളർ സിനിമയും ബ്‌ളാക്ക് ആൻഡ് വൈറ്റ് സിനിമയും തമ്മിൽ പൊരുത്തപ്പെടുത്തുമ്പോൾ ഏതിന്റെ കൂടെ നിൽക്കാനാണ് ഇഷ്ടം
തീർച്ചയായും കളർ സിനിമയോടൊപ്പമാണ് ഞാൻ. പണ്ടത്തെ ഏറ്റവും ഉയർന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബ്‌ളാക്ക് ആൻഡ് വൈറ്റ് സിനിമകൾ നിർമ്മിച്ചത്. ഇന്ന് ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കളർ സിനിമകൾ നിർമ്മിക്കുന്നത്. പണ്ട് നമുക്ക് ഫോണും ലാപ്‌ടോപ്പും ഒന്നും ഇല്ലായിരുന്നു. ഇന്നത്തെ ജീവിതത്തിൽ അത്തരം ഉപകരണങ്ങളുടെ സാന്നിധ്യം അനിവാര്യമായിത്തീർന്നിരിക്കുകയാണ്. ഇന്നത്തെ ജീവിതരീതികളെക്കുറിച്ചുള്ള സിനിമ തന്നെയാണ് ഈ കാലഘട്ടത്തിൽ അനിവാര്യം.
?രാഷ്ട്രീയത്തിലും കച്ചവടത്തിലും സജീവമാണല്ലോ. കോൺഗ്രസിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.
രാഷ്ട്രീയത്തിൽ ഞാൻ സജീവമാണ്. സാധാരണക്കാരെ, പാവങ്ങളെ സേവിക്കുക, സ്‌നേഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തെ സമീപിക്കുന്നത്. 1999ൽ തെലുങ്കുദേശം പാർട്ടിയുടെ ഭാഗമായി ലോക്‌സഭാംഗമായിട്ടുണ്ട്. കഴിഞ്ഞ ആറുവർഷമായി ഞാൻ കോൺഗ്രസ് അംഗമാണ്. തെലങ്കാനയിൽ ലോട്ടസ് ചോക്‌ളേറ്റ് എന്ന ചോക്‌ളേറ്റ് കമ്പനിയുണ്ട്.
?കേരളത്തെ മറക്കാൻ കഴിയുമോ, ഇനി മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലേ
അയ്യോ, അതെങ്ങനെ മറക്കും. കേരളമാണ്, മലയാളികളാണ് എന്നെ ഏറ്റവും കൂടുതൽ സ്‌നേഹിച്ചത്. രണ്ടു ദേശീയ അവാർഡുകൾ സമ്മാനിച്ചത് കേരളമാണ്. ഇപ്പോഴും ചില മലയാള സിനിമകളിൽ എനിക്ക് അവസരം വരുന്നുണ്ട്. ഉടൻതന്നെ ഒരു മലയാളസിനിമയിൽ അഭിനയിക്കും.