നിക്കി ഗൽറാണി മലയാള സിനിമയിലെ പുതിയ താരോദയമാണ്. അന്യഭാഷാ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിരനായികമാരിൽ ഇടംനേടി. അവിടെനിന്നും മലയാള സിനിമയിലേക്ക് ചുവടുമാറിയ ഈ ബാംഗ്ലൂരുകാരി മലയാള സിനിമയുടെ ഭാഗ്യനായിക കൂടിയായി മാറുകയാണ്. തൊട്ടതെല്ലാം പൊന്നായി മാറിയ അനുഭവമാണ് നിക്കിക്ക്. മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചപ്പോൾ ഭാഗ്യതാരമെന്ന വിശേഷണം കിട്ടി. സിനിമക്കാർ നിക്കിയുടെ പിന്നാലെയായി, മറ്റു നായികാതാരങ്ങൾക്കെല്ലാം അവസരങ്ങൾ ഇല്ലാത്ത അവസ്ഥയായി.

1983 എന്നചിത്രത്തിലൂടെ നിവിൻപോളി എന്ന യുവനായകനടനൊപ്പമാണ് നിക്കി മലയാള സിനിമയിലെത്തുന്നത്. ചിത്രീകരണം പൂർത്തിയായ രുദ്രസിംഹാസനം എന്ന ചിത്രമാണ് അവസാനം ഇറങ്ങാനിരിക്കുന്നത്. ബിജു മേനോൻ, അജു വർഗീസ് തുടങ്ങി ചുരുക്കം ചില താരങ്ങളൊഴിച്ച് ബാക്കിയുള്ളവരും അണിയറ പ്രവർത്തകരുമെല്ലാം പുതുമുഖങ്ങളും തുടക്കക്കാരുമായിട്ടും വെള്ളിമൂങ്ങ എന്ന സിനിമ പ്രതീക്ഷിക്കാത്ത തരത്തിൽ വൻവിജയമായതോടെ അതിലെ നായികയായ നിക്കി ഗിൽറാണിയുടെ ഭാഗ്യം തെളിയുകയായിരുന്നു. നിക്കി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിച്ചതോടെ പ്രമുഖ സംവിധായകരും ഇപ്പോൾ ഈ നടിയുടെ ഡേറ്റുറപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ 10 ചിത്രങ്ങളിലാണ് കരാറൊപ്പിട്ടിരിക്കുന്നത്. കന്നടയിലിറങ്ങിയ ഡാർലിങ് എന്ന ചിത്രം സൂപ്പർ ഹിറ്റായി. മലയാളത്തിന്റെ ഭാഗ്യനായിക മറുനാടൻ മലാളിക്ക് നൽകിയ അഭിമുഖത്തിലേക്ക്..

  • മറ്റു ഭാഷാചിത്രങ്ങളിൽനിന്നും മലയാള സിനിമയ്ക്കുള്ള പ്രത്യേകതകൾ എന്തെല്ലാമാണ്?

കന്നട, തമിഴ് സിനിമകളിൽനിന്ന് മലയാള സിനിമയെ വ്യത്യസ്തമാക്കുന്നത് വസ്ത്രധാരണരീതിയും ഭാഷാപരമായ സൗന്ദര്യവുമാണ്. മാത്രമല്ല മറ്റു ഭാഷാചിത്രങ്ങളുടെ അണിയറ പ്രവർത്തകരേക്കാൾ കൂടുതൽ ബന്ധവും സൗന്ദര്യവും തോന്നാറുണ്ട്. വളരെ കഴിവുള്ള നടീനടന്മാരും പ്രഗത്ഭരായ സംവിധായകരും മലയാളത്തിന് സ്വന്തമായുണ്ട്. മാത്രമല്ല മറ്റു ഭാഷാചിത്രങ്ങളേക്കാൾ മലയാളസിനിമയുടെ ചിത്രീകരണം പെട്ടെന്ന് പൂർത്തിയാകുന്നുണ്ട്.

  • മലയാള സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു?

സിനിമാ താരമെന്നതിനേക്കാൾ എന്റെ പ്രൊഫഷൻ മോഡലിങ്ങാണ്. മലയാളത്തിലും തമിഴിലും പ്രശസ്തമായ പലകമ്പനികൾക്കും വേണ്ടി പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. അതുവഴി സുപരിചിതമായ എന്റെ മുഖം കണ്ട് 1983-ലെ സംവിധായകനാണ് എന്നെ ആദ്യമായി മലയാളത്തിലേക്ക് ക്ഷണിച്ചത്. അതുവഴി നിരവധി ചിത്രങ്ങളും പിന്നീട് ലഭിച്ചു.(എ വി റ്റി ചായ, എം സി ആർ മുണ്ടുകൾ തുടങ്ങിയവയിലൊക്കെ നിക്കിയാണ് മോഡലായിരിക്കുന്നത്)

  • മലയാളത്തിൽ കൂടെ അഭിനയിച്ച താരങ്ങളെക്കുറിച്ചുള്ള അഭിപ്രായമെങ്ങനെ?

കൂടെ അഭിനയിച്ച എല്ലാ നടന്മാരുമായും നല്ല ബന്ധമാണുള്ളത്. എന്നാൽ മലയാളഭാഷ വശമാകാത്തതാണ് എന്നെ വിഷമിപ്പിക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും തമിഴും കൈകാര്യം ചെയ്യുന്നതുപോലെ മലയാളം വശമാകാത്തത് ഡയലോഗുകളെ പോലും ബാധിക്കുന്നുണ്ട്. എങ്കിലും ദിലീപ്, ബിജുമേനോൻ, നിവിൻപോളി, സുരേഷ്‌ഗോപി എന്നിവരെല്ലാം ഇപ്പോൾ എന്റെ നല്ലസുഹൃത്തുക്കളാണ്.

  • മൊഴിമാറ്റം ചെയ്യപ്പെട്ട മര്യാദരാമൻ എന്ന സിനിമ കന്നടയിൽ വൻഹിറ്റായിരുന്നു. ദിലീപിന്റെ നായികയായി എത്തിയതിനെ കുറിച്ച്?

മലയാള സിനിമയുടെയും പ്രേക്ഷകരുടെയും അഭിരുചിക്കനുസരിച്ചുള്ള മാറ്റമാണ് മര്യാദരാമനിൽ വരുത്തിയിരുന്നത്. മലയാളത്തിലെത്തുമ്പോൾ അനുയോജ്യനെന്ന് തോന്നിയ ദിലീപ് തന്നെയാണ് നായകനായെത്തുന്നതും. സിനിമ അതിന്റെ പൂർണതയ്ക്കായി ഒരു സെറ്റിടാൻ തന്നെ ഒന്നരക്കോടിയോളം ചെലവഴിച്ചു. അതുകൊണ്ടുതന്നെ സിനിമ അതിന്റെ പൂർണതയിൽ തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്കതിഷ്ടപ്പെടും.

  • സുരേഷ്‌ഗോപി എന്ന സീനിയർ താരത്തിനൊപ്പമുള്ള രുദ്രസിംഹാസനത്തിലെ അഭിനയ അനുഭവം?

സുരേഷ് ചേട്ടനൊപ്പം അഭിനയിക്കുക എന്നത് വലിയ ഭയം ഉണ്ടാക്കി. എന്നാൽ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ ഒരു ജ്യേഷ്ഠസഹോദരനെ പോലെയാണ് അനുഭവപ്പെട്ടത്. ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് രുദ്രസിംഹാസനം. ദൈവീകവും ആത്മീയവുമായ ഒരുപാട് വിഷയങ്ങൾ കോർത്തിണക്കിയുള്ള കുടുംബചിത്രമാണത്. വള്ളുവനാടൻ ഗ്രാമാന്തരീക്ഷവും തറവാടുകളും ക്ഷേത്രങ്ങളും പാമ്പിൻകാവുകളുമെല്ലാം അതിന്റെ തനിമയോടെതന്നെ സിനിമയിൽ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്

  • സിനിമാ മേഖലയിൽ നിക്കിയൊരു ഭാഗ്യനായികയായി അറിയപ്പെടുന്നു എന്തു തോന്നുന്നു?

ഒരു പൊട്ടിച്ചിരി..അൽപനേരം ആലോചന പിന്നീട് ഒട്ടും അഹങ്കാരമില്ലാതെ തന്നെ നിക്കി പറഞ്ഞൊഴിഞ്ഞു, 'അത് എന്റെ ഭാഗ്യം.. സിനിമകൾ വിജയിച്ചു എന്ന് അറിയുമ്പോൾ സന്തോഷം. അണിയറപ്രവർത്തകർക്കൊപ്പം ഞാനും അതിൽ പങ്കു ചേരും. ഭാഷ മനസിലാകാത്തതിനാൽ മലയാള സനിമ കാണാറില്ല. എങ്കിലും ഭാഗ്യതാരമെന്നറിയപ്പടുന്നതിൽ സന്തോഷമാണ്.

  • പ്രണയവും വിവാഹവും വിവാഹജീവിതവും?

ഇതെല്ലാം ജീവിതത്തിൽ സംഭവിക്കേണ്ടതാണ് അതുവരെ കാത്തിരിക്കും
പുഞ്ചിരി സമ്മാനിച്ച് താരം പറഞ്ഞു.സ്വർണമുത്തുമണികൾ തുന്നിച്ചേർത്ത ഓറഞ്ച് ചുരിദാറിൽ നിക്കി നക്ഷത്രംപോലെ തിളങ്ങി. നിഷ്‌കളങ്കമായൊരുചിരിക്കുള്ളിൽ എല്ലാമൊളിപ്പിച്ച്..