- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎംപിക്ക് സ്ഥാനാർത്ഥിയെ കിട്ടാതെ വന്നപ്പോൾ സാമൂഹ്യപ്രവർത്തക ജില്ലാ പഞ്ചായത്ത് അംഗമായി; അഴിമതിക്കെതിരെ പോരാടിയപ്പോൾ സർവരുടെയും കണ്ണിൽ കരടും: ശോഭാ സിറ്റിയുടെ പണക്കൊഴുപ്പിനെ മുട്ടുകുത്തിച്ച അഡ്വ. വിദ്യാ സംഗീത് മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
കോർപ്പറേറ്റ് കമ്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധാരണ നിലയിൽ ഉദ്യോഗസ്ഥരായാലും രാഷ്ട്രീയക്കാരായും ആരും ധൈര്യസമേതം തയ്യാറാകുകയില്ല. പരിസ്ഥിതിവാദവും പറഞ്ഞ് ചിലർ എത്തിയാൽ തന്നെ അവർ പോക്കറ്റിൽ ഗാന്ധി നോട്ടെത്തിയാൽ പ്രകൃതിസ്‌നേഹം മതിയാക്കി പിന്തിരിയാറാണ് പതിവ്. ഇങ്ങനെയുള്ള തട്ടിപ്പുസമരക്കാർ അരങ്ങുവാഴുന്നിടത്ത
കോർപ്പറേറ്റ് കമ്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധാരണ നിലയിൽ ഉദ്യോഗസ്ഥരായാലും രാഷ്ട്രീയക്കാരായും ആരും ധൈര്യസമേതം തയ്യാറാകുകയില്ല. പരിസ്ഥിതിവാദവും പറഞ്ഞ് ചിലർ എത്തിയാൽ തന്നെ അവർ പോക്കറ്റിൽ ഗാന്ധി നോട്ടെത്തിയാൽ പ്രകൃതിസ്‌നേഹം മതിയാക്കി പിന്തിരിയാറാണ് പതിവ്. ഇങ്ങനെയുള്ള തട്ടിപ്പുസമരക്കാർ അരങ്ങുവാഴുന്നിടത്താണ് രാഷ്ട്രീയ-ഭരണ- ഉദ്യോഗസ്ഥ മേധാവികൾ ചേർന്ന് ചുവന്ന പരവതാനി വിരിച്ച വൻകിടക്കാരൻ രംഗത്തെത്തുന്നത്. ഇവർക്ക് മുമ്പിൽ പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തപ്പെട്ടു. നിയമത്തെ നോക്കുകുത്തിയാക്കി വൻകിട ഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പൊക്കാൻ തുടങ്ങി. ഇങ്ങനെയിരിക്കെയാണ് വൻകിടക്കാരന്റെ തട്ടിപ്പിനെ ചൂണ്ടി ഒരു വനിത സധൈര്യം മുന്നോട്ടു വരുന്നത്. നഗ്നമായ നിയമലംഘനങ്ങൾക്ക് നേരെ അവർ വിരൽ ചൂണ്ടി. പണമുണ്ടെങ്കിൽ എന്തുമാകാമോ? നിശ്ചയദാർഢ്യത്തോടെയുള്ള അവളുടെ ചോദ്യങ്ങൾ ഓൺലൈൻ മാദ്ധ്യമങ്ങൾ അടക്കമുള്ളവർ ഏറ്റെടുത്തു. മുഖ്യധാര മൗനം തുടരുന്നിടത്ത് സോഷ്യൽ മീഡിയയുടെ പിന്തുണയോടെ നിയമപോരാട്ടത്തിന് ഇറങ്ങിതിരിച്ച ആ സ്ത്രീശക്തി ഒടുവിൽ വിജയം നേടി. നഗ്നമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി അനധികൃത നിർമ്മാണം നിർത്താൻ ഉത്തരവിട്ടു. - ഭീഷണികൾക്ക് നടുവിലും ഒറ്റയാൾ പോരാട്ടം നടത്തിയ ആ സ്ത്രീശക്തിയുടെ പേര് അഡ്വ. വിദ്യാ സംഗീത് എന്നാണ്.
നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി തൃശ്ശൂർ പുഴയ്ക്കൽ പാടം നികത്തി ഫ്‌ളാറ്റ് സമുച്ഛയം നിർമ്മിക്കാൻ ഒരുങ്ങിയ പിഎൻസി മേനോന്റെ ശോഭാ സിറ്റിക്കെതിരെ ആയിരുന്നു അഡ്വ. വിദ്യാ സംഗീതിന്റെ ഒറ്റയാൾ പോരാട്ടം. സ്വന്തം രാഷ്ട്രീയപ്പാർട്ടിയിൽ നിന്നുപോലും എതിർപ്പുകൾ ഉയർന്നപ്പോൾ അതിനെ അവഗണിച്ച് വിദ്യ നീതിക്കായുള്ള പോരാട്ടം തുടരുകയായിരുന്നു. സമീപവാസികളാണ് ജില്ലാ പഞ്ചായത്തംഗം എന്ന നിലയിൽ വിദ്യയ്ക്ക് മുമ്പിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വിദ്യ ഹൈക്കോടതി വരെ നിയമപോരാട്ടം നടത്തിയാണ് അനുകൂലമായ വിധി സമ്പാദിച്ചത്.
ശോഭാ സിറ്റിയും ഉപകമ്പനികളും ചേർന്ന് പുഴയ്ക്കൽ പാടത്ത് മണ്ണിട്ടു നികത്തിയ 18 ഏക്കർ സ്ഥലമാണ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ കലക്ടർ വീഴ്‌ച്ചവരുത്തിയതോടെ വിദ്യ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് ശോഭാ സിറ്റി നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ കോടതി നിർദേശിച്ചത്. നിയമം ലംഘിച്ച് വയൽ നികത്തി ഫ്‌ളാറ്റ് സമുച്ചയം പണിയാൻ കൂട്ടുനിന്നെവരുടെ കൂട്ടത്തിൽ ചീഫ് സെക്രട്ടറി വരെയുണ്ടായിരുന്നിട്ടും ഇതൊന്നും വകവെയ്ക്കാതെയായിരുന്നു വിദ്യയുടെ ഒറ്റയാൾ പോരാട്ടം. വമ്പന്മാർക്കെതിരെ നടത്തുന്ന സമരത്തെ പരിഹസിക്കാൻ കൂട്ടത്തിലുള്ള രാഷ്ട്രീയക്കാർ തന്നെ രംഗത്തെത്തിയെങ്കിലും വിദ്യയിലെ പോരാളി വിട്ടുവീഴ്‌ച്ചക്ക് തയ്യാറായിരുന്നില്ല.
ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരിലുള്ള തൃശ്ശൂർ വില്ലേജിലെ പാട്ടുരയ്ക്കലിൽ റോഡരികിലുള്ള 40 സെന്റ് ഭൂമിയുടെ ന്യായവില നേർപകുതിയാക്കി കുറച്ച് നൽകിയ കളക്ടറുടെ നടപടിയും പൊതുജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചത് വിദ്യയായിരുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വിദ്യ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. എന്നാൽ സങ്കുചിതമായ രാഷ്ട്രീയ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാൻ അന്നും ഇന്നും സംഗീത തയ്യാറായിട്ടില്ല. 2010ൽ മുളങ്കുന്നത്തുകാവ് ഡിവിഷനിൽ മത്സരിക്കാൻ സിഎംപി ആവശ്യപ്പെട്ടത് അവിചാരിതമായിട്ടായിരുന്നു. അന്ന് ആകെയുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ നാരായണന്റെ മകളാണെന്ന പേരു മാത്രമായിരുന്നു. അച്ഛനെ രാഷ്ട്രീയശത്രുക്കൽ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ആ ധീരനായ അച്ഛന്റെ മകൾ എന്ന പേരിൽ തന്നെയാണ് അഡ്വ. വിദ്യാ സംഗീതിന്റെ ഇപ്പോഴത്തെ പോരാട്ടവും. രാഷ്ട്രീയത്തിലേക്കുള്ള അവിചാരിതമായ കടന്നുവരവിനെ കുറിച്ചും അഴിമതിക്കെതിരായ പോരാട്ടത്തിലുണ്ടായ അനുഭവങ്ങളെ കുറിച്ചും വിദ്യാസംഗീത് മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു. മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാറിന് നൽകിയ അഭിമുഖത്തിലേക്ക്..
- താങ്കൾ മുൻകാല രാഷ്ട്രീയ പരിചയമുള്ള ആളല്ല. എങ്ങിനെയാണ് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്?
ഞാൻ അന്നും ഇന്നും സിഎംപിയല്ല. എനിക്ക് ആ പാർട്ടിയിൽ മെമ്പർഷിപ്പുമില്ല. തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫിൽ നിന്ന് സിഎംപിക്ക് ലഭിച്ച ഒരേയൊരു സീറ്റിലാണ് ഞാൻ മത്സരിച്ചത്. മുളങ്കുന്നത്തുകാവ് ഡിവിഷൻ ഇടതുപക്ഷത്തിന്റെ ഒരു കോട്ടയായിരുന്നു. വനിതാസംവരണം കൂടിയായപ്പോൾ സി എം പിക്ക് മത്സരിക്കാൻ ആളെ കിട്ടിയില്ല എന്നാണ് ഞാൻ കരുതുന്നത്. സിഎംപിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന എം കെ കണ്ണനാണ് ഈ വിഷയത്തിൽ എന്നെ സമീപിക്കുന്നത്. അദ്ദേഹം പ്രസിഡണ്ടായ തൃശ്ശൂർ സർവ്വീസ് സഹകരണബാങ്കിലെ ലീഗൽ അഡൈ്വസറായിരുന്നു അന്ന് ഞാൻ. ഈ ബന്ധം വച്ചാണ് അവർ സമീപിച്ചത്. മത്സരിക്കുന്നില്ല എന്നുതന്നെയായിരുന്നു എന്റെ തീരുമാനം. എന്റെഭർത്താവിനെക്കൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് സിഎംപിക്കാർ സമീപിച്ചു. അദ്ദേഹത്തിന്റെ കൂടി നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മത്സരിച്ചത്. 465 വോട്ടുകൾക്കായിരുന്നു ഇടതുപക്ഷക്കോട്ടയായ ഡിവിഷനിൽ ഞാൻ ജയിച്ചുകയറിയത്. അപ്പോൾ മുതൽ തുടങ്ങിയതാണ് സിഎംപിയും കോൺഗ്രസ്സുമായുള്ള പ്രശ്‌നം (ചിരിക്കുന്നു...).[BLURB#1-H]
- എന്തായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം?
ഞാൻ ജയിച്ചുകഴിഞ്ഞപ്പോൾ പിന്നെ സിഎംപിക്കാരുടെ ആവേശവും തണുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരെയും അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പോലും സിഎംപി ജില്ലാ സെക്രട്ടറി കൂടിയായ എം കെ കണ്ണൻ പങ്കെടുത്തില്ല. യു ഡി എ ഫ് നേതൃത്വം അറിയിച്ചതനുസരിച്ചാണ് ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നത്. മുന്മന്ത്രിയായിരുന്ന കെ പി വിശ്വനാഥനാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്റെ പേര് നിർദ്ദേശിച്ചത്. എന്റെ വിദ്യാഭ്യാസവും മറ്റും പരിഗണിച്ചായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. വിശ്വനാഥൻ സർ തന്നെയാണ് എം കെ കണ്ണനെ നിർബന്ധിച്ച് ആ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. യോഗത്തിന്റെ തീരുമാനമറിയിച്ചിട്ടും എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനം ഏറ്റെടുത്താൽ പിന്നെ ആ നിലക്ക് പ്രവർത്തിക്കണമല്ലോ. ഞാൻ ആദ്യം ചെയ്തത് കരാറുകാരുടെ യോഗം വിളിച്ചുചേർത്ത് അഴിമതി ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന നിലപാട് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ആദ്യം കമ്മിറ്റിയിലെ മുഴുവൻ മെമ്പർമാരും തീരുമാനത്തെ അംഗീകരിച്ചെങ്കിലും എറെവൈകാതെ തന്നെ കോൺഗ്രസ്സുകാർ അവരുടെ സ്വഭാവം കാണിച്ചു. പ്രസിഡന്റും മറ്റും മരാമത്ത് കമ്മിറ്റിയിലെ തീരുമാനങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടാൻ തുടങ്ങി. പലപ്പോഴും ഇത് വാഗ്വാദത്തിനും ഇടയാക്കിയിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷയായ എന്നെ മറികടന്ന് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് തീരുമാനമെടുത്ത് നടപ്പാക്കാൻ തുടങ്ങിയതോടെ സ്വരച്ചേർച്ചയില്ലായ്മ രൂക്ഷമായി. ഈ അവസരത്തിലൊക്കെ എനിക്ക് സീറ്റ് തന്ന പാർട്ടി ഒരക്ഷരം മിണ്ടിയില്ല എന്നതാണ് സത്യം.
- എപ്പോഴാണ് സിഎംപിയുമായുള്ള പ്രശ്‌നം ആരംഭിക്കുന്നത്?
ഞാൻ ജയിച്ചുവന്നപ്പോൾ മുതൽ ആ പാർട്ടിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നുവേണം പറയാൻ. മുൻപ് തന്നെ പറഞ്ഞല്ലോ എനിക്ക് അവരുമായുള്ള ബന്ധം ഒരു തെരെഞ്ഞെടുപ്പുമാത്രമായിരുന്നു. എന്നാൽ സത്യസന്ധമായി ജില്ലാ പഞ്ചായത്തിൽ ഞാൻ ഇടപെടുമ്പോഴെല്ലാം പരോക്ഷമായി പാർട്ടി മറുപക്ഷത്തുതന്നെയായിരുന്നു. പലപ്പോഴും ഞാൻ വിളിച്ചുകൂട്ടിയ മരാമത്ത് കമ്മിറ്റിയോഗം പോലും ചേരാൻ അനുവദിക്കാത്ത സ്ഥിതി ജില്ലാ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഒരുതവണ യോഗത്തിനെത്തിയ കമ്മിറ്റിയിലെ മറ്റംഗങ്ങളെ സെക്രട്ടറി ഇടപെട്ട് മടക്കി അയക്കുന്ന അവസ്ഥവരെയുണ്ടായി. ഇതിനെതിരെ മനുഷ്യാവകാശക്കമ്മീഷനെ സമീപിക്കുകയാണ് ഞാൻ ചെയ്തത്. കമ്മീഷന് മൊഴികൊടുക്കാൻ പോകുന്ന ദിവസം എം കെ കണ്ണൻ എന്നെ വിളിച്ചു. വിദ്യ സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനുമെതിരെ മൊഴികൊടുത്താൽ പിന്നെ സിഎംപി- യുഡിഎഫിൽ ഉണ്ടാകില്ലെന്നായിരുന്നു കണ്ണന്റെ ഭീഷണി ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നീട് എനിക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടിവന്നു. മൊഴികൊടുത്തിട്ടില്ലെങ്കിലും കണ്ണൻ പ്രസിഡണ്ടായ സർവ്വീസ് സഹകരണബാങ്കിലെത്തിയ ഞാൻ രാജിവെക്കാൻ തയ്യാറാണെന്നറിയിച്ചു. അതോടൊപ്പം ജില്ലാ പഞ്ചായത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കൊടുക്കാനുദ്ദേശിച്ച കത്തും കണ്ണന് നൽകി. എന്നാൽ അതിലെ വിഷയം പോലും പഠിക്കാതെ കത്ത് വലിച്ചുകീറുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അവിടെവച്ച് എനിക്ക് സിഎംപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു.
- ഈ വിഷയമെല്ലാം അപ്പോൾ സിപി ജോണിന് അറിയിച്ചിരുന്നില്ലെ?. അദ്ദേഹത്തിന്റെ നിലപാടെന്തായിരുന്നു?
എല്ലാവരും രാഷ്ട്രീയക്കാർ തന്നെയാണ്. യുഡിഎഫുമായുണ്ടായ (കരാറുകാരുമായുണ്ടായ) പ്രശ്‌നങ്ങൾ അദ്ദേഹത്തെയും അറിയിച്ചിരുന്നു. എന്നാൽ ഒരുതവണ സി പി ജോണിന്റെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഭരണവും മുന്നണിയുമാവുമ്പോൾ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നെ ഞാനൊരുകാര്യവും അദ്ദേഹവുമായി ചർച്ചചെയ്തിട്ടില്ല.
- സിഎംപി പിളർന്നപ്പോൾ താങ്കൾ ഏതുപക്ഷത്താണ് നിന്നത്?
എനിക്ക് അവരുമായി പാർട്ടി ബന്ധങ്ങൾ ഒന്നുമില്ലെന്ന് ഞാൻ മുൻപുതന്നെ പറഞ്ഞല്ലോ. പിളർന്നതും ഞാനറിയുന്നത് പത്രങ്ങളിലൂടെയാണ്. ആരും എന്നെ ഒന്നും അറിയിച്ചിട്ടില്ല. സി പി ജോൺ ഒരുതവണ എന്നെ വന്നുകണ്ടിരുനു. ഒപ്പം നിൽക്കണെമെന്നഭ്യർത്ഥിച്ചു. ഞാൻ ആരോടൊപ്പവുമില്ലെന്ന നിലപാടുതന്നെയാണ് അദ്ദേഹത്തോടും പറഞ്ഞത്.
- ജില്ലാ പഞ്ചായത്തിൽ ഏതുമുന്നണിക്കൊപ്പമാണ് നിൽക്കുന്നത്?
സാങ്കേതികമായി ഈ അഞ്ചുവർഷക്കാലവും ഞാൻ യു ഡി എഫ് തന്നെയാണ് ആ ലേബലിലാണല്ലോ ജനം എന്നെ തിരഞ്ഞെടുത്തത് എന്നുവച്ച് അവർ ചെയ്ത എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കാൻ എനിക്ക് സാധിക്കില്ലെന്നുമാത്രം. ഞാൻ ജനപക്ഷത്താണ്.[BLURB#2-VR]
- പലപ്പോഴും മുന്നണിക്കെതിരെ നിലകൊണ്ടപ്പോൾ പ്രതിപക്ഷത്തിന്റെ നിലപാടെന്തായിരുന്നു?
പലവിഷയങ്ങളിലും കോൺഗ്രസ്സിനെതിരെയും യു ഡി എഫിനെതിരെയും ഞാൻ നിലപാടെടുക്കുമ്പോൾ ഇടതുപക്ഷം എന്നോടൊപ്പം നിന്നിരുന്നു. അവർ അതിന് നിർബന്ധിതരായിരുന്നു എന്നുവേണം കരുതാൻ ജങ്കാർ അഴിമതി ഉൾപ്പെടെ ഞാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഞാൻ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം കാര്യമായ നിലപാടൊന്നും എടുത്തിരുന്നില്ല. പിന്നീടാണ് വിഷയം കത്തിപ്പടർന്നതും ഭരണസമിതിക്കെതിരെ എൽ ഡി എഫ് സമരമാരംഭിച്ചതും. എന്നോടാലോചിക്കാതെ പുതിയവാഹനം വാങ്ങിയതിനെ ഞാൻ എതിർത്തിരുന്നു. അപ്പോഴെല്ലാം പ്രതിപക്ഷം കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
- ഇനി ശോഭാസിറ്റിയിലേക്ക് വരാം. ശോഭാസിറ്റിയുടെ നിയമലംഘനത്തിനെതിരെ താങ്കളുടെ പോരാട്ടത്തിന് ആരുടെയെങ്കിലും പിന്തുണയുണ്ടായിരുന്നോ?
രാഷ്ട്രീയപാർട്ടിയിൽപ്പെട്ട ആരുടെയും പിന്തുണ എനിക്ക് ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല. കുറച്ചെങ്കിലും പിന്തുണച്ചത് സിപിഐയിലെ വി എസ് സുനിൽകുമാർ എം എൽ എയാണ്. ശോഭാസിറ്റിയുടെ പുഴക്കൽപാടം നികത്തൽ നിയമലംഘനമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളിൽ പറഞ്ഞു. കലക്ടറെ വിളിച്ച് വിവരം അന്വേഷിക്കാനും വി എസ് സുനിൽകുമാർ തയ്യാറായി. എന്നാൽ പിന്നീട് യാതൊരുപ്രതികരണവും അദ്ദേഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. പാർട്ടിതലത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദമുണ്ടായെന്നുവേണം കരുതാൻ. പക്ഷേ അദ്ദേഹം ഇത്രയെങ്കിലും പ്രതികരിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. പുഴക്കൽ പാടവുമായി ബന്ധപ്പെട്ട് എന്റെ നിലപാടിനൊപ്പം പിന്നീട് വി എസ് അച്ചുതാനന്ദനും പ്രസ്താവനയിറക്കി. തണ്ണീർത്തടസംരക്ഷണ നിയമലംഘനം കോടതി തടഞ്ഞതോടെ താൽക്കാലികമായെങ്കിലും ആ പ്രശ്‌നം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. എന്നാൽ പുഴക്കൽപാടം അനധികൃതമായി നികത്താൻ കൂട്ടുനിന്നവർക്കെതിരെ നടപടിയെടുക്കുംവരെ എന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും.
- താങ്കളുടെ കുടുംബത്തെപ്പറ്റി
ഭർത്താവ് സംഗീത് അദ്ദേഹം തൃശ്ശൂർ ബാറിലെ അഭിഭാഷകനാണ്. അദ്ദേഹത്തിന്റെ ജൂനിയറായാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നത്. പൊതുകാര്യങ്ങളിലെല്ലാം സംഗീതിന്റെ പിന്തുണയാണ് എനിക്ക് പ്രചോദനം. കുടുംബത്തിൽ നിന്ന് പിന്തുണലഭിക്കാതെ ഒരു സ്ത്രീക്ക് പൊതുരംഗത്ത് ശോഭിക്കാനാവില്ലെന്നുതന്നെയാണ് എന്റെ പക്ഷം. മകൻ നവനീത്കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കോടതിക്കടുത്ത് അയ്യന്തോളിൽ തന്നെയാണ് ഇപ്പോൾ താമസം.