- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസിപ്പലിന്റെ ഗെറ്റൗട്ടിൽനിന്ന് ഇംഗ്ലീഷ് പഠിച്ചു; അറിയപ്പെടുന്ന കവയത്രിയായി; പഠിച്ചത് എട്ടുവിദേശഭാഷകൾ; മലയാളികൾ ഇനിയും അറിയാത്ത മലയാളി പെൺകുട്ടി ഐശ്വര്യ ടി അനീഷ് മറുനാടൻ മലയാളിയോട്
ഐശ്വര്യ ടി അനീഷ്... പെട്ടെന്നു കേട്ടാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. മലയാളിയുടെ പെരുമ ലോകരാജ്യങ്ങൾക്കു മുന്നിലെത്തിച്ച ഈ പ്രതിഭയെ ഇനിയും അറിഞ്ഞില്ലെങ്കിൽ അതു മോശമാണ്. പതിനാറാം വയസിൽ രാജ്യാന്തര പുരസ്‌കാരങ്ങളടക്കം നേടിയ കവയത്രി. അദ്ധ്യാപകർക്കടക്കം ക്ലാസെടുക്കുന്ന കുഞ്ഞ് അദ്ധ്യാപിക, കോളമിസ്റ്റ്... ഐശ്വര്യക്കുള്ള വിശേഷണങ്ങൾ നീള
ഐശ്വര്യ ടി അനീഷ്... പെട്ടെന്നു കേട്ടാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. മലയാളിയുടെ പെരുമ ലോകരാജ്യങ്ങൾക്കു മുന്നിലെത്തിച്ച ഈ പ്രതിഭയെ ഇനിയും അറിഞ്ഞില്ലെങ്കിൽ അതു മോശമാണ്. പതിനാറാം വയസിൽ രാജ്യാന്തര പുരസ്‌കാരങ്ങളടക്കം നേടിയ കവയത്രി. അദ്ധ്യാപകർക്കടക്കം ക്ലാസെടുക്കുന്ന കുഞ്ഞ് അദ്ധ്യാപിക, കോളമിസ്റ്റ്... ഐശ്വര്യക്കുള്ള വിശേഷണങ്ങൾ നീളുകയാണ്. പതിനാറു വയസിനുള്ളിൽ സ്വായത്തമാക്കിയത് എട്ടു വിദേശഭാഷകളും. ഐശ്വര്യ ടി അനീഷ് മറുനാടൻ മലയാളിയോട്.
- ഐശ്വര്യ ഒരു കവയത്രിയാണ്, കോളമിസ്റ്റാണ്, ഭാഷാപ്രവീണയാണ്.. തുടക്കത്തിലേ ചോദിക്കട്ടെ, എഴുത്തുകാരിയാണെന്നു തിരിച്ചറിഞ്ഞതെപ്പോഴാണ്?
ഞാൻ എഴുതിയത് ആദ്യം വായിച്ചത് അച്ഛനും അമ്മയും, അദ്ധ്യാപകരും, പിന്നെ അടുത്ത ബന്ധുക്കളുമൊക്കെയാണ്. പിന്നീട് പ്രസിദ്ധീകരിച്ചു വന്നപ്പോൾ വായിച്ചവർ പറഞ്ഞു 'ഐശ്വര്യക്ക് എഴുതാനുള്ള കഴിവുണ്ട്, ഒരു എഴുത്തുകാരിയാണ്' എന്നൊക്കെ. എന്നിൽ ഒരു എഴുത്തുകാരി ഉണ്ടെന്ന് ആദ്യം പറഞ്ഞത് വായനക്കാരാണ്. അങ്ങനെയാണ് ഞാനും അത് തിരിച്ചറിയുന്നത്.
- എഴുതിയത് ആരാണ് ആദ്യം കണ്ടത്? എത്രാമത്തെ വയസിലായിരുന്നു?
അമ്മയാണ് ആദ്യം കണ്ടത്. അക്ഷരം പഠിച്ചു തുടങ്ങിയ കാലം തൊട്ടേ എഴുതി തുടങ്ങിയിരുന്നു. മൂന്നാമത്തെ വയസിലാണ് ആദ്യത്തെ സൃഷ്ടി പുറത്തു വന്നത്.
- ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടി ഏതായിരുന്നു?
പൂമ്പാറ്റയെകുറിച്ച് എഴുതിയ കവിതയായിരുന്നു ആദ്യമായി പുറംലോകം കണ്ടത്.
- ഇതുവരെ എത്ര സൃഷ്ടികൾ എഴുതി? എങ്ങനെയാണ് വിദേശഭാഷകൾ പഠിക്കാൻ ആരംഭിച്ചത്? ഇപ്പോൾ എത്ര ഭാഷകൾ കൈകാര്യം ചെയ്യും?
ഇതുവരെ നാനൂറോളം കവിതകൾ, ഇരുന്നൂറോളം ലേഖനങ്ങൾ, മൂന്നു നോവലുകൾ എന്നിവ എഴുതി. അഞ്ചാം ക്ലാസ് മുതലാണ് വിദേശഭാഷകൾ പഠിക്കാൻ ആരംഭിച്ചത്. ഇപ്പോളും പഠിക്കുന്നുണ്ട്. വിവിധ കോഴ്‌സുകൾക്ക് ചേർന്നിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്കു പുറമേ എട്ട് വിദേശഭാഷകൾ കൈകാര്യം ചെയ്യും. സംസാരിക്കാൻ ആളെ കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം. എഴുത്തും വായനയും മാത്രമേ നടക്കുന്നുള്ളൂ. ഇപ്പോൾ ജെർമനും ഫ്രെഞ്ചുമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.
- മലയാളികളെ സംബന്ധിച്ച് ഇംഗ്ലീഷ് അത്ര വഴങ്ങുന്ന ഭാഷയല്ല. ഒരു പക്ഷെ, ശ്രമിക്കാത്തതുകൊണ്ടാകാം. സാധാരണ കുടുംബത്തിൽ ജനിച്ച ഐശ്വര്യ എഴുതിത്തുടങ്ങിയതേ ഇംഗ്ലീഷിലാണ്. എന്തായിരുന്നു ഇതിനു കാരണം?
ഇംഗ്ലീഷ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭാഷയാണ്. താത്പര്യം ഒന്നുകൊണ്ടു മാത്രമാണ് പഠിക്കാൻ കഴിഞ്ഞത്. എൽകെജി യുകെജി ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ പ്രിൻസിപ്പൽ എന്നോട് ദേഷ്യപ്പെട്ട് ക്ലാസിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. സത്യത്തിൽ അന്ന് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കു മനസിലായിരുന്നില്ല. അപ്പോൾ മുതലാണ് ഇംഗ്ലീഷ് പഠിക്കണം എന്ന് വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയത്. ആ വാശിയാണ് ഇംഗ്ലീഷ് പഠനത്തിന്റെ പ്രേരണ. ടിവിയിലെ കാർട്ടൂണുകൾ കണ്ടായിരുന്നു തുടക്കം. അതിലെ സംഭാഷണങ്ങളെല്ലാം നന്നായി ശ്രദ്ധിക്കുമായിരുന്നു. പക്ഷെ ഇപ്പോഴും ഹിന്ദി ഒഴുക്കോടെ സംസാരിക്കാൻ ഞാൻ പഠിച്ചിട്ടില്ല.
- കവിതകൾ മാത്രമല്ല, കഥകളും, നോവലുകളും, കോളങ്ങളും എഴുതാറുണ്ട്. അമേരിക്കയിലെ മലയാളികളുടെ പ്രസിദ്ധീകരണമായ ആഴ്ചവട്ടത്തിൽ കോളമിസ്റ്റാണ്. എഴുത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? അനുഭവങ്ങൾ മാത്രമാണോ?
തീർച്ചയായും. ഞാൻ കാണുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങളാണ് എഴുതാറുള്ളത്.
- സാധാരണ കുട്ടികൾ എഴുതിത്തുടങ്ങുമ്പോൾ അതൊക്കെ ബാലസാഹിത്യമായിരിക്കും. ഐശ്വര്യയുടെ എഴുത്തുകളിൽ കുറച്ചുകൂടി ഗൗരവമായ തലം കാണുന്നുണ്ട്. ഇതെങ്ങനെയാണ്? മനപൂർവ്വം ചെയ്യുന്നതാണോ?
എഴുത്തിൽ പക്വത വന്നു എന്നു പറയുന്നത് വായനക്കാർ തന്നെയാണ്. അവർ ഒരിക്കലും ഒരു കുട്ടിയായല്ല എന്നെ കാണുന്നത്. ഏതു തരം കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. കുട്ടിയാണെന്നു പറഞ്ഞ് ആരും മാറ്റി നിർത്തിയിട്ടില്ല. ഏഴാമത്തെ വയസിൽ ഞാൻ എഴുതിയത് കുട്ടികൾക്കു വേണ്ടിയുള്ള ഒരു പുസ്തകമായിരുന്നു. പക്ഷെ പതിമൂന്നാത്തെ വയസിൽ അ#്ഫ്ഗാനിസ്ഥാനെക്കുറിച്ച് എഴുതാൻ കഴിഞ്ഞു. അതിന് പ്രേരണയായത് എന്റെ ഒരു വിദേശിയായ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു സ്പാനിഷ് പഠിച്ചിരുന്നത്. അദ്ദേഹം എന്നോട് അഫ്ഗാനിലെ ആളുകളുടെ അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നു. ഗവൺമെന്റിന്റെ ശ്രദ്ധയെത്താത്ത അവിടുത്തെ ചെറിയ ഗ്രാമങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞു. അങ്ങനെ ആ പശ്ചാത്തലത്തിൽ ഒരു നോവലെഴുതി. പിന്നീട് 'ദ് 9.30 ട്രെയ്ൻ ടു ഹെവൻ' എന്ന നോവലെഴുതി. അതിനുശേഷം 'എൻഎച്ച്47'. അത് തികച്ചും കേരളത്തിലെ ഗ്രാമങ്ങളെ പശ്ചാത്തലമാക്കിയായിരുന്നു.
- പതിനാറാം വയസിൽ ഒരു അദ്ധ്യാപിക കൂടിയാണ് ഐശ്വര്യ. സ്‌കൂൾ, കോളേജ് അദ്ധ്യാപകർക്കു ക്ലാസുകളെടുക്കുന്നു. എങ്ങനെയുണ്ട് അദ്ധ്യാപികയുടെ വേഷം?
എന്റെ പതിമൂന്നാമത്തെ ജന്മദിനത്തിനായിരുന്നു സ്ഥാപനം തുടങ്ങിയത്. രാംദാസ് സാറായിരുന്നു എന്റെ ഗുരു. അദ്ദേഹമാണ് സ്ഥാപനം തുടങ്ങാൻ എന്നെ പ്രേരിപ്പിക്കുന്നത്. തുടക്കത്തിൽ ഏകദേശം 40 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അടുത്തവർഷം അതിനേക്കാൾ കൂടുതൽ ആളുകൾ വന്നു. ഇപ്പോൾ പല സ്‌കൂളുകളിലും പോയി പഠിപ്പിക്കാറുണ്ട്. വീട്ടിലും ക്ലാസെടുക്കാറുണ്ട്.
- വായന സജീവമായിരിക്കും. ഏതൊക്കെ തരം പുസ്തകങ്ങളാണ് വായിക്കുക? മലയാളത്തിലും വിദേശസാഹിത്യത്തിലും ഇഷ്ടപ്പെട്ട എഴുത്തുകാർ ആരൊക്കെ?
അങ്ങനെ ഒരു പ്രത്യേക എഴുത്തുകാരനെനെ്നോ പ്രത്യേക വിഷയമെന്നോ ഇല്ല. ഒരു പുസ്തകം വായിക്കുമ്പോൾ ഞാൻ എഴുത്തുകാരനെയല്ല വിലയിരുത്തുന്നത്. എഴുത്തിനെയാണ്. അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള പുസ്തകങ്ങൾ എങ്ങനെയായിരുന്നു എന്നൊക്കെ നോക്കാറുണ്ട്. നല്ല ഒരു പുസ്തകം എഴുതിയെന്നു വച്ചിട്ട് എഴുതുന്നതെല്ലാം നന്നാകണമെന്നില്ലല്ലോ.
പിന്നെ ഏറ്റവും ഇഷ്ടമുള്ള ക്ലാസിക്കൽ എഴുത്തുകാർ വേർഡ്‌സ്വർതും കീറ്റ്‌സുമാണ്. അവരെഴുതിയത് വായിക്കുമ്പോൾ ഇനിയും അതിൽ നിന്നും ഒരുപാട് മനസിലാക്കാനുണ്ട് എന്നുതോന്നാറുണ്ട്. മലയാളത്തിലേക്ക് വരുമ്പോൾ കുഞ്ഞുണ്ണിമാഷ്, എംടി, ബഷീർ, സുഗതകുമാരി, മാധവിക്കുട്ടി, വികെഎൻ, ബാലചന്ദ്രൻ ചുള്ളിക്കാട്. അടുത്തിടെ വായിച്ചത് ബെന്യാമിന്റെ ആടുജീവിതമാണ്. അത് ഒരു പാട് ഇഷ്ടമായി. മലയാളവായനയിൽ ഇപ്പോഴാണ് സജീവമാകുന്നത്.
- സിനിമയിലേക്ക് പാട്ടെഴുതുന്നു എന്നുകേട്ടിരുന്നു. എന്താണ് കൂടുതൽ വിശേഷങ്ങൾ?
ബാബു മങ്കേരി എന്ന സംവിധായകന്റെ സിനിമയിലേക്ക് വേണ്ടി രണ്ടു പാട്ടുകൾ എഴുതിക്കൊടുത്തു.
- പതിനാറു വയസേ ആയിട്ടുള്ളൂ. ജീവിതത്തിന്റെ നാലിലൊന്നു പോലും ആയില്ല. അപ്പോളേക്കും എത്തിപ്പിടിച്ചത് ആർക്കും എത്തിപ്പിടിക്കാനാവാത്ത കുറെ ഉയരങ്ങൾ. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ?
ഒരുപാട് സ്വപ്നങ്ങളുണ്ട്. മംഗലത്താണ് എന്റെ ഗ്രാമം. അവിടെ ഒരുപാട് കഴിവുള്ള കുട്ടികളുണ്ട്. ഗ്രാമത്തിൽ ഒരു സ്‌കൂൾ തുടങ്ങണം. പിന്നെ യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ലോകം മുഴുവൻ സഞ്ചരിക്കണം. എഴുതണം. അതുപോലെ എന്നാലാകുന്ന രീതിയിൽ ലോകത്തിന് എന്തെങ്കിലും നന്മ ചെയ്യണം.
- നിരവധി പ്രശസ്തരായ എഴുത്തുകാരുമായി അടുപ്പം പുലർത്തുന്നയാളാണ് ഐശ്വര്യ. പലരുമായും കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്. ഇവരോടൊന്നിച്ചുള്ള ഓർത്തെടുക്കാവുന്ന അനുഭവങ്ങൾ എന്തെല്ലാമാണ്?
ഒരിക്കൽ ഈസ്റ്റ് തിമൂർ പ്രസിഡന്റിനെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ശരിക്കും ഹൃദയസ്പർശിയായിരുന്നു. അവരുടെ രാജ്യം മാലിദ്വീപ് പോലെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അന്നദ്ദേഹം പറഞ്ഞത്, ഞങ്ങളുടെ രാജ്യം മുങ്ങിപ്പോയാൽ എന്റെ ജനങ്ങൾക്ക് താമസിക്കാൻ സ്ഥലമുണ്ടാകില്ല. അന്നവർക്ക് താമസിക്കാൻ ഇന്ത്യ സഹായം ചെയ്തുതരുമെന്നു വിശ്വസിക്കുന്നു എന്നായിരുന്നു. അതു പോലെ മുബാറക്ക് അവാദിനെക്കാണാനും അവസരം ലഭിച്ചിട്ടുണ്ട്. എന്റെ വളരെ നല്ല സുഹൃത്താണ് അദ്ദേഹം. എന്നെ ഇസ്രയേലെന്താണ് ഫലസ്തീൻ എന്താണ് എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഒരു അന്താരാഷ്ട്ര കോൺഫ്രൻസിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അദ്ദേഹം എന്നെ സ്റ്റേജിലേക്ക് വിളിച്ച് അദ്ദേഹത്തിന് കൊടുത്ത ഉപഹാരം എനിക്ക് തന്നുകൊണ്ടു പറഞ്ഞു 'ഐശ്വര്യ ഈസ് ദ് ഡേഞ്ചറസ് ഗേൾന' എന്ന്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്. അതുപോലെ കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. എംഎം ബഷീർ സാറാണ് എനിക്ക് എംടി അങ്കിളിനെ കാണാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. അങ്കിൾ എന്നോട് അരമണിക്കൂറോളം സംസാരിച്ചു. ഒരുപാട് ഉപദേശിച്ചു. പ്രധാനമായി അദ്ദേഹം പറഞ്ഞത്, എത്ര വിമർശനം വന്നാലും എഴുത്തു നിർത്തരുത്. ധാരാളം എഴുതണം വായിക്കണം എന്നൊക്കെയായിരുന്നു.
- ഈ എഴുത്തുകാരൊക്കെ എങ്ങനെയാണ് ഐശ്വര്യയുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്?
അവരൊക്കെ എന്നെ സ്വാധീനിച്ചു എന്നു പറയുന്നതിനേക്കാൾ പ്രചോദനമായി എന്നു പറയുന്നതായിരിക്കും ശരി. കാരണം എനിക്കൊരിക്കലും അവരെപ്പോലെ എഴുതാൻ സാധിക്കില്ല. അവർ ജീവിച്ചിരുന്നത് വേറെ കാലഘട്ടത്തിലായിരുന്നു. ചുറ്റുപാടുകളും വ്യത്യസ്തമായിരുന്നു. ഞാൻ ജീവിക്കുന്നതിവിടെയാണ്. ഇവിടുത്തെ ചുററുപാടുകളെക്കുറിച്ചേ എനിക്കെഴുതാനാകൂ. മാത്രമല്ല, എനിക്ക് എഴുത്തിൽ എന്റേതായ സ്റ്റൈൽ ഉണ്ട്, അതു നല്ലതാകാം ചീത്തയാകാം. പക്ഷെ ഞാൻ എന്റെതായ രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അവരേ പോലെ അവരേ ഉള്ളൂ.
- ലഭിച്ച പുരസ്‌കാരങ്ങൾ?
റോട്ടറി ഇന്റർനാഷണൽസിന്റെ സ്റ്റുഡെന്റ്‌സ് ഐക്കൺ ഓഫ് ദ് ഇയർ, ലയൺസ് ക്ലബിന്റെ എക്‌സലെൻസ് അവാർഡ്. പിന്നെ ഒരുപാട് സംഘടനകൾ അനുമോദിച്ചിട്ടുണ്ട്.
- ബഹിരാകാശത്തോടാണ് എഴുത്തിനോടെന്ന പോലെ താത്പര്യം എന്നു കേട്ടിട്ടുണ്ട്. പഠനം കഴിഞ്ഞ് ഒരു എയറോസ്‌പേസ് എഞ്ചിനീയറാകാനാണ് ആഗ്രഹം. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം?
എഴുത്തും വായനയും ഒരിക്കലും എന്റെ പഠനത്തെ ബാധിക്കില്ല. അതിനു ഞാൻ സമ്മതിച്ചിട്ടുമില്ല. ബഹിരാകാശത്തോട് ഒരുപാട് താത്പര്യമുണ്ട്. പണ്ടു മുതലേ ആകാശത്തേക്ക് വെറുതേ നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്. എത്ര മണിക്കൂർ വേണമെങ്കിലും അങ്ങനെ ഇരിക്കും. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ എനിക്കറിയില്ല. സയൻസ് ഫിക്ഷൻസ് എല്ലാം വായിക്കാൻ ഇഷ്ടമാണ്. ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻസൊക്കെ വായിക്കുമ്പോൾ തോന്നാറുണ്ട്, ഇന്നത്തെ കണ്ടുപിടിത്തങ്ങളുമായി വളരെ അടുത്തു നിൽക്കുന്നതാണെന്ന്.
- ഈ കുറഞ്ഞകാലത്തെ ഒരുപാട് ജീവിതാനുഭവങ്ങളിൽനിന്നു എങ്ങനെയുള്ള ലോകമാണ് ഐശ്വര്യയുടെ സങ്കല്പം?
രാഷ്ട്രീയമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട് നമ്മുടെ നാട്ടിൽ. നാം രാജ്യങ്ങളുടെ അതിർത്തി കാണുന്നത് ഭൂപടത്തിൽ മാത്രമാണ്. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ അതൊന്നും ഇല്ല. എല്ലാ അതിർത്തികൾക്കുമപ്പുറം നമ്മുടെ അയൽരാജ്യങ്ങളിലുള്ളവരെ നമ്മുടെ സഹോദരീസഹോദരന്മാരായി കാണാൻ കഴിയണം.
- വീടിനേയും കുടുംബത്തെയും കുറിച്ച്?
എന്റെ അച്ഛൻ അനീഷ് രാജ് ചെമ്പഴന്തി കോളേജിൽ ജോലി ചെയ്യുന്നു. അമ്മ താരാഭായ്, വീട്ടമ്മയാണ്. എന്റെ കുടുംബമില്ലെങ്കിൽ ഞാനില്ല. കവിത എഴുതുന്ന സമയത്ത് 'പോയി പഠിക്കെടീ' എന്ന് അച്ഛനോ അമ്മയോ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ എഴുതില്ലായിരുന്നു. ഒരുപക്ഷെ എഴുതിയാൽ തന്നെ അതൊന്നും പുറം ലോകം കാണില്ലായിരുന്നു.