- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു
തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു. ഇത് ഫേസ്ബുക്ക് യുദ്ധത്തിലേക്ക് മാറിയതോടെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും
തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു.
ഇത് ഫേസ്ബുക്ക് യുദ്ധത്തിലേക്ക് മാറിയതോടെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്. കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെനനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഈ നിലപാടിനെതിരെ വിമർശനം ശക്തമായപ്പോഴും ശാസ്ത്ര സെമിനാറായ ഹോക്കിങ്ങ്-18ൽ വെച്ചും സി രവിചന്ദ്രൻ ജാതിസംവരണത്തിനെതിരായ നിലപാടിൽ ഉറച്ചു നിന്നു. എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർത്ത് എന്ന് അദ്ദേഹം മറുനാടന് വേണ്ടി സജീവൻ അന്തിക്കാടിന് നൽകിയ അഭിമുഖത്തിലും നിലപാട് വ്യക്തമാക്കി. വിശദമായ അഭിമുഖത്തിലേക്ക്...
- ഒരാൾ സ്വയം ഇല്ലെന്നു വെളിപ്പെടുത്തിയാലും അയാളുടെ ജാതി പോകില്ല എന്നാണ് പല പ്രമുഖ ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരിക്കലും പോകാത്ത ഒരു ആത്യന്തിക സത്യമാണോ ഈ ജാതി. നാം നമ്മുടെ ചുറ്റുപാടും നോക്കുമ്പോൾ ഒരു പാട് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കാണാറുണ്ട്. അവരൊക്കെ കുറെ തലമുറ മുമ്പ് ഏതെങ്കിലുമൊക്കെ ജാതിയിൽ നിന്ന് കൺവെർട്ട് ചെയ്തു വന്നവരല്ലേ. അവരിൽ ഭൂരിപക്ഷത്തിനും അവരുടെ പണ്ടത്തെ ജാതി കാണാനുമില്ല. ജാതി നിർമൂലനം പ്രായോഗികമാണെന്ന് ഇതു തെളിയിക്കുന്നു. പക്ഷെ കേരളത്തിലെ ബുദ്ധിജീവികൾ അതംഗീകരിക്കുന്നുമില്ല. താങ്കൾ എന്തു പറയുന്നു?.
സി രവിചന്ദ്രൻ: ജാതി ആത്യന്തിക സത്യം ആണെന്ന രീതിയുള്ള പ്രഖ്യാപനങ്ങൾ ശരിയല്ല. അത് പഞ്ചസാരയ്ക്ക് ലേബൽ വെക്കുന്നതുപോലെയുമല്ല. പഞ്ചസാര ഒരു തന്മാത്രാ ഘടനയാണ്. അതിന്റെ മേൽ ലേബൽ വെക്കുന്നത് നമുക്ക് മനസ്സിലാകാനാണ്. ജാതി അത്തരമൊരു ആന്തരിക ഘടനയോ വസ്തുവോ അല്ല. അതൊരു സഹജഗുണവുമല്ല. ജാതി പരസ്പര വിനിമയത്തിൽ ആശ്രിതമായ ഒരു മനോഗതിയാണ്. അത് കാലികവും പ്രാദേശികവുമാണ്. ജാതികൾക്ക് സാമൂഹികമായ ഉന്നതിയുണ്ടാവാം, തളരാം, പിളരാം, അപ്രത്യക്ഷമാകാം, മെച്ചപ്പെടാം.
ജാതി ഒരിക്കലും പോകില്ലെന്ന് പറയാൻ എളുപ്പമാണ്. അതാണ് വാദമെങ്കിൽ മതവും ദേശീയതയും ഭാഷയും വംശീയതയും നിറവുമൊന്നും ഒരിക്കലും പോകാൻ പോകുന്നില്ലെന്ന് വാദിക്കാം. മതംമാറി ചെന്നാൽ ഏതാനും തലമുറ വരെ പഴയമതത്തെകുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ടാവും, വ്യക്തിക്കും ആ ഓർമ്മകൾ തികട്ടിവരും. ഏതാനും തലമുറ വരെ അയാൾ ഒരു 'വരുത്തൻ' ആയിരിക്കും. ജാതിയുടെ കാര്യവും സമാനമാണ്. ഏതാനും തലമുറവരെ ഓർമ്മിക്കലുകളും ഓർമ്മപ്പെടുത്തലുകളും ഉണ്ടാവും. ഇന്ത്യാക്കാരൻ വേറൊരു സമൂഹത്തിൽ പോയി ജീവിച്ചാൽ അയാൾക്ക് ജാതി അനുഭവപ്പെടില്ല: ജാതി ആരോപിക്കപ്പെടുകയുമില്ല. ംഗതി 'ബാധ' പോലെയാണ്. ബാധ പിടിപെട്ടവനും ചുറ്റുമുള്ളവരും ബാധയിൽ വിശ്വസിക്കണം. എങ്കിലേ ബാധ വർക്ക് ചെയ്യൂ. അല്ലാതെ സ്വയം പ്രവർത്തിക്കാനുള്ള ശേഷി അതിനില്ല.
പഞ്ചസാരയുടെ കാര്യം അങ്ങനെയല്ല. ഏത് സമൂഹത്തിലും അത് മധുരിക്കും. ജാതി ഇല്ലാതാകണമെങ്കിൽ സമൂഹം ജാതിരഹിതമാകണം. സമൂഹം വ്യക്തികളുടെ കൂട്ടമാണ്. അതായത് മാറ്റം വ്യക്തികളിൽ തുടങ്ങണം. ആരെങ്കിലും ജാതിയെ തകർക്കാനുള്ള പണി തുടങ്ങുമ്പോൾ ജാതി സംരക്ഷണവാദം ഉന്നയിച്ചാൽ അതൊരിക്കലും സാധ്യമാകില്ല.
- 'സംവരണമില്ലാത്തവന് ജാതിയും മതവും കളഞ്ഞാൽ ഒരു നഷ്ടവും വരാനില്ല. പക്ഷെ അല്ലാത്തവർക്ക് സംവരണാനുകൂല്യം പോകും. പതിനെട്ട് വയസ്സ് കഴിഞ്ഞ് വേണ്ടെന്ന് സംവരണം വേണ്ടെന്ന് തോന്നുന്നുവെങ്കിൽ കുട്ടികൾ സ്വയം ചെയ്യട്ടെ. 'കുറെ കുട്ടികൾ സ്ക്കൂൾ അഡ്മിഷൻ സമയം ജാതിക്കോളം ഉപേക്ഷിച്ചു എന്ന വ്യാജവാർത്ത വന്ന സമയം കേട്ട അഭിപ്രായങ്ങളായിരുന്നു. എന്തു പറയുന്നു.?
18 വയസ്സിന് ശേഷം വേണമോ എന്ന് കുട്ടി സ്വയം തീരുമാനിക്കട്ടെ എന്നു പറയുന്നത് ഒരു ഔദാര്യമായി അവതരിപ്പിക്കുന്നതിൽ കഥയില്ല. അതുപിന്നെ അങ്ങനെയല്ലേ സാധ്യമാകൂ? 18 വയസ്സുവരെ ജാതിയും മതവും ഇല്ലാത്ത ഒരാൾക്ക് പിന്നെ സ്വയം അവകാശപ്പെടാമെന്നിരിക്കെ തുടക്കത്തിൽ കുട്ടിയുടെ അനുവാദമില്ലാതെ മതകൊക്കയിലേക്ക് വലിച്ചെറിയുന്നത് നീതിപൂർവകമല്ല. മദ്യവും മയക്കുമരുന്നും കൊടുത്ത് ശീലിപ്പിക്കുന്നതുപോലെ കുട്ടിക്ക് മതംകൊടുക്കുന്നതാണ് തെറ്റ്. മതവുംജാതിയും ഇല്ലെന്നു പറഞ്ഞാൽ മതാധിഷ്ഠിത സമൂഹങ്ങളിൽ തീർച്ചയായും അതൊരു നഷ്ടകച്ചവടം തന്നെയാണ്. ചില പുരോഗമന ആശയങ്ങൾ നടപ്പിലാകുമ്പോൾ പരമ്പരാഗതമായ ചില 'ആനുകൂല്യങ്ങൾ' നഷ്ടപെടും. അതിനെയൊക്കെ 'നഷ്ട'മായി കാണാൻ തുടങ്ങിയാൽ സമൂഹം ഒരിഞ്ച് മുന്നോട്ടുപോകില്ല.
ജാതിയുടെ കാര്യം അവിടെ നിൽക്കട്ടെ. മതരഹിതനായാലും നഷ്ടം ഉണ്ട്. പാരമ്പര്യ സമൂഹങ്ങളിൽ അത് വലിയ തിരിച്ചടി കൊണ്ടുവരും. നാസ്തികനാണെന്ന് തുറന്നു പറഞ്ഞുനോക്കൂ, നഷ്ടം പലതരം, ബഹുവിധം... ഒറ്റപ്പെടുത്തലും കുറ്റപ്പെടത്തലും മുതൽ നേരിട്ടുള്ള പീഡനംവരെ. തൊഴിൽസാധ്യത, അവസരങ്ങൾ, പദവികൾ, പൊതുസ്വീകാര്യത... ഇവയൊക്കെ കുറയും . വീട്ടുകാരും ബന്ധുക്കളും വരെ ഒറ്റപ്പെടുത്തിയെന്ന് വരും. സുഹൃത്തുക്കളെ കിട്ടാതെ വരാം, ഉള്ളവ നഷ്ടപെടാം, നിരന്തര ചോദ്യങ്ങൾ...പരിഹാസവചനങ്ങൾ.... മതരഹിതനാകുന്ന ഏതൊരു വ്യക്തിക്കും ഇതൊക്കെ പൊതുവെ ബാധകമായ കാര്യമാണ്.
- ഇനി, നഷ്ടക്കണക്ക് എടുത്താൽ, ജാതി പറയാതിരുന്നാൽ സംവരണമില്ലാത്ത കുട്ടികൾക്ക് ഒരു നഷ്ടവുമില്ലെന്ന വാദവും ശരിയല്ല. അങ്ങനെ ചിന്തിച്ചാൽ അവർക്കും കാര്യമായ 'നഷ്ടം' ഉണ്ട്.
1. വ്യക്തിക്ക് ജാതി അംഗത്വമുണ്ടെങ്കിൽ, അത് ഏതിനം ജാതി ആയാലും, ഒരു മതാധിഷ്ഠിത സമൂഹത്തിൽ അധികാരവും സ്വീകാര്യതയും സാധ്യതയും ഗോത്രസംരക്ഷണവും കൊണ്ടുവരും. ജാതി വേണ്ടെന്ന് വെക്കുന്നവന് ആരുടെയും സംരക്ഷണകവചമോ സവിശേഷ ആനുകൂല്യമോ ലഭിക്കില്ല, ജാത്യാധികാരം ലഭിക്കില്ല, ജാതിയാനുകൂല്യം ലഭിക്കില്ല, ജാതി സംഘടനകളുടെ പിന്തുണയോ പദവികളോ ലഭിക്കില്ല, ജാതിക്കൊപ്പമില്ലാത്തതിനാൽ ഭരണകൂടവും നിങ്ങളെ പരിഗണിക്കില്ല........
2. മുന്നാക്ക ജാതിയിലെ അംഗമാകുക എന്നാൽ ഒരാൾക്ക് സാംസ്കാരിക മൂലധനം (cultural capital) ലഭിക്കുക എന്നാണ് അർത്ഥം-ഇങ്ങനെയൊക്കെ സംവരണസാഹിത്യം പറയുന്നുണ്ട്.. ജാതിയില്ലാതെ വന്നാൽ അത്തരം 'സവിശേഷാധികാരങ്ങൾ' നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. വിശേഷിച്ചും അയാളെ കുറിച്ച് ധാരണയില്ലാത്തവർക്കിടയിൽ, ബാഹ്യസമൂഹത്തിൽ. അതേസമയം സംവരണക്കാരന് ജാതി കൾച്ചറൽ കാപിറ്റൽ അല്ലെന്നും സംവരണം ഈ നഷ്ടം നികത്തില്ലെന്നും സങ്കൽപ്പമുണ്ട്.. ഇതും മറക്കാതിരിക്കുക.
3. സംവരണമില്ലാത്തവർക്കും ധാരാളം ജാതി മാനേജ്മെന്റ് സ്ഥാപനങ്ങളുണ്ട്, അവിടെ തൊഴിൽ ലഭിക്കണമെങ്കിൽ ജാതി നിലനിർത്തിയേ മതിയാകൂ. മാത്രമല്ല, അവർക്ക് ജാതിസംഘടനയുണ്ട്, ജാതി പാർട്ടിയുണ്ട്, പാർട്ടികളിലും ഭരണതലത്തിലും ക്വാട്ടായുണ്ട്, ഉയർന്നതലത്തിലുള്ള ഉദ്യോഗനിയമനത്തിന് ജാതിപിന്തുണ സഹായകരമാണ്, മേലുദ്യോഗസ്ഥന് ജാതിസ്നേഹം കാണിച്ചെന്നുവരാം.... അങ്ങനെ ഒരുപിടി സാങ്കൽപ്പികവും അല്ലാത്തതുമായ നേട്ടങ്ങളാണ് ജാതിരഹിതനാവുന്നതോടെ സംവരണരഹിതന് 'നഷ്ട'പെടുന്നത്.
4. 1955 ന് ശേഷം സംവരണമില്ലാതിരുന്ന ആയിരക്കണക്കിന് ജാതികൾ സംവരണപ്പട്ടികയിലെത്തി. രാജ്യം പുരോഗമിക്കുകയും കൂടുതൽ ജനങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതരാവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ജാതികൾ കൂടുതൽ പിന്നാക്കം പോയികൊണ്ടിരുന്നു എന്നതാണ് തമാശ. പോരാട്ടമില്ലാതെ ആയിരക്കണക്കിന് ജാതികൾ സംവരണപട്ടികയിലെത്തി. ഗുജ്ജാർ, മീന, ജാട്ട്, യാദവ, കുർമി,..... പലരും പോരാട്ടത്തിലൂടെ. സംവരണപോരാട്ടങ്ങൾ ഇപ്പോഴും കനക്കുകയാണ്. ഭാവിയിൽ കൂടുതൽ സമുദായങ്ങൾ സംവരണപരിധിയിൽ വരും എന്നുറപ്പാണ്. ആ നിലയ്ക്ക് സംവരണമില്ലാത്തവൻ ഇപ്പോഴേ ജാതി കളഞ്ഞാൽ 'ഭാവിയിൽ കിട്ടാനുള്ള സംവരണാനുകൂല്യം' നഷ്ടപെടുമെന്നതിൽ സംശയമില്ല.
5. ഇന്ത്യയിലെ നാല് സംസ്ഥാന സർക്കാരുകൾ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം അനുവദിച്ച് സംസ്ഥാനതലത്തിൽ ബിൽ പാസ്സാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കോടതികൾ തള്ളിയാലും അവസാനം ഇതും യാഥാർത്ഥ്യമായിത്തീരും. അതാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രം! ആ നിലയ്ക്ക് ജാതി ഇപ്പോഴേ വേണ്ടെന്ന് വെക്കുന്നത് ശരിക്കും 'നഷ്ടക്കച്ചവടം' ആയിരിക്കും.
6.ഭാവിയിൽ സാമ്പത്തിക സംവരണം കൂടുതലായി വന്നാലും ജാതി ഇപ്പോഴേ നഷ്ടപെടുത്തുന്നത് സംവരണമില്ലാത്തന് 'നഷ്ടക്കച്ചവട'മായിരിക്കും. ത്തരം 'നഷ്ടങ്ങൾ' ഓർത്ത് വിതുമ്പാതെ ജാതിയുംമതവും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് മനുഷ്യരാവുകയാണ് വേണ്ടത്.
(ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം)