- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമ്പസ് രാഷ്ട്രീയം നിരോധിക്കണം, അറബി കോളേജുകൾ മുസ്ലീങ്ങൾക്ക് മാത്രമുള്ളതല്ല; അനധികൃതമായി ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം തുടരുന്നു...
യൂണിവേഴ്‌സിറ്റി വിദ്യ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ്. എജ്യുക്കേഷനായിരിക്കണം മുൻഗണന. അമ്പലത്തിലും പള്ളിയിലും പോയി നിങ്ങൾ രാഷ്ട്രീയം പറയുമോ. ഇല്ലല്ലോ, ആശുപത്രിയിൽ പോയി പറയുമോ. ഇല്ല. എന്നാൽ യൂണിവേഴ്‌സിറ്റിയിൽ പോയി രാഷ്ട്രീയം പറയാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വേണമെങ്കിൽ കുറച്ചൊക്കെ പറഞ്ഞോട്ടെ, പക്ഷെ ഫോക്കസ് ചെയ്യേണ്ടത് വിദ്യാഭ്യാസമായിരിക്കണം.
കോഴിക്കോട്: കാമ്പസ് രാഷ്ട്രീയം നിരോധിക്കണോ വേണ്ടയോ എന്ന ചർച്ചകൾ കാലങ്ങളായി നടക്കുന്നതാണ്. ഹൈക്കോടതിയുടെ ഭാഗത്തു നിന്നുപോലും ഈ പരാമർശം ഉണ്ടായിട്ടുണ്ട്. കാമ്പസ് രാഷ്ട്രീയക്കാർ നടത്തുന്ന സമരങ്ങളെ കൊണ്ട് പൊറുതിമുട്ടിയ വൈസ് ചാൻസലർ എന്ന നിലയിൽ ഡോ. എം അബ്ദുൾ സലാമിനോട് ചോദിച്ചാൽ കാമ്പസ് രാഷ്ട്രീയ നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇരട്ട പ്രതിഫലം പറ്റുന്ന വൈസ് ചാൻസലർ എന്ന ആരോപണം ശക്തമായിരിക്കെ ഇതിൽ തനിക്ക് പറയാനുള്ള കാര്യങ്ങളും ഡോ. അബ്ദുൾ സലാം മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അനധികൃതമായി നയാപൈസ് പോലും താൻ വാങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം മറുനാടൻ ലേഖകൻ എം പി റാഫിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അറബിക് കോളേജുകൾക്ക് അനുമതി നൽകുന്ന തീരുമാനത്തെ കുറിച്ചും മുസ്ലിംലീഗിന് തങ്ങളോടുള്ള താൽപ്പര്യത്തെ കുറിച്ചും ഡോ. അബ്ദുൾസലാം വിശദീകരിച്ചു. ഡോ. അബ്ദുൾസലാമുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം..
- കാമ്പസിനുള്ളിലെ സംഘടനാ പ്രവർത്തനത്തോടുള്ള താങ്കളുടെ അഭിപ്രായം?
ഇതിൽ എന്റെ അഭിപ്രായം വളരെ വ്യക്തമാണ്, പള്ളിയും അമ്പലവുമൊക്കെ എന്തിനുള്ളതാണ്? പ്രാർത്ഥിക്കാനുള്ളതാണല്ലോ.. അതുപോലെ സർവ്വകാലാശാല എന്തിനുള്ളതാണ്, പഠിക്കാനുള്ളതാണല്ലോ. യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രീയം വേണോ എന്ന് ചോദിച്ചാൽ വേണ്ടാ എന്നൊന്നും ഞാൻ പറയില്ല. യൂണിവേഴ്‌സിറ്റി എന്നത് വിദ്യ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ്. അതായത് എജ്യുക്കേഷനായിരിക്കണം മുൻഗണന നൽകേണ്ടത്. അമ്പലത്തിലും പള്ളിയിലും പോയി നിങ്ങൾ രാഷ്ട്രീയം പറയുമോ. ഇല്ലല്ലോ, ആശുപത്രിയിൽ പോയി പറയുമോ. ഇല്ല. എന്നാൽ യൂണിവേഴ്‌സിറ്റിയിൽ പോയി രാഷ്ട്രീയം പറയാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വേണമെങ്കിൽ കുറച്ചൊക്കെ പറഞ്ഞോട്ടെ, പക്ഷെ ഫോക്കസ് ചെയ്യേണ്ടത് വിദ്യാഭ്യാസമായിരിക്കണം.
ഞാൻ കാലിക്കറ്റിൽ വന്നപ്പോൾ സമരം സമരം തന്നെയായിരുന്നു എപ്പോഴും. എല്ലാവരും മത്സരിച്ച് സമരം ചെയ്യുകയായിരുന്നു. അപ്പോ എനിക്ക് മനസിലായി ഇത് സമരത്തിന്റെ കലാലയമാണെന്ന്. എനിക്ക് ദിവസങ്ങൾ ഇതുമൂലം നഷ്ടമായിട്ടുണ്ട്. യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ ഇതു കാണിച്ച് ഞാൻ ഹൈക്കോടതിയിൽ പോയി. അങ്ങിനെ സമരം ഇരുനൂറ് മീറ്റർ അകലെയാക്കാനും സമരങ്ങൾ ചുരുക്കാനും കോടതി ഉത്തരവിറക്കുകയുണ്ടായി. ഇത് ഞാൻ കാമ്പസിൽ നടപ്പാക്കുകയാണ്. ചെയ്തത്.
- അറബി കോളേജുകൾക്ക് ആർട്‌സ് & സയൻസ് പദവി നൽകുന്നു എന്നുള്ള തീരുമാനവും വിവാദമായിരുന്നല്ലോ..?
ഇവിടത്തെ അറബികോളേജുകൾ എന്ന് പറയുന്നത് അറുപത് വർഷത്തിലധികമായി ഇവിടെ നടന്നുവരുന്ന മുസ്ലിംങ്ങൾക്ക് അറബി ഭാഷയും സാഹിത്യവുമൊക്കെ പഠിക്കാൻ വേണ്ടിയുള്ളതാണ്. മുസ്ലിംങ്ങളെന്നല്ല ഏത് മതക്കാരായാലും അവരുടെ മതം മാത്രം പഠിച്ച് ഒതുങ്ങുന്നു എന്നുള്ളത് അവരെ ചെറുതാക്കുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ മതക്കാർക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെങ്കിൽ അവർക്ക് അതിനുള്ള അവസരങ്ങൾ വേണം. വിദ്യാഭ്യാസപരമായ പുരോഗതി, ടെക്‌നിക്കലായ പുരോഗതി അവർക്കും വേണം. അതായത് മതപഠനത്തോടൊപ്പം ബൗധിക വിദ്യാഭ്യാസം നേടാനുള്ള അവസരം എല്ലാവർക്കും വേണം. പ്രത്യേകിച്ചും പിന്നോക്കമായി നിൽക്കുന്നവർക്ക് വേണം.[BLURB#1-H]
അതിനെ വേറെ കണ്ണു കൊണ്ട് കാണുകയല്ല വേണ്ടത്. വേറൊരു സമൂഹത്തിനുള്ളതുകൊടുക്കാതെ ഇവർക്ക് കൊടുക്കുകയാണെങ്കിൽ അത് പ്രശ്‌നമാണ്. എല്ലാ ജാതി മതക്കാരും പിന്നോക്കാവസ്ഥയിൽ നിന്നും മുന്നോട്ടു വരണം. മത ഭൗതിക വിദ്യാഭ്യാസം ഒന്നിച്ചു വന്ന് സമമാവണം. ഈ പ്രക്രിയയിൽ മതേതരത്വം കൂടി വരണം. എല്ലാ മതക്കാരും അങ്ങോട്ടുമിങ്ങോട്ടും സഹകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതി വരണം. ഹിന്ദുക്കൾ അവരുടെ മതത്തിലും മുസ്ലിങ്ങൾ അവരുടേതായ ചട്ടക്കൂടിലും ക്രിസ്ത്യാനികൾ അവരുടെ പള്ളിയിലും മതത്തിലും ഒതുങ്ങുകയല്ല വേണ്ടത് മറിച്ച് ഇവരെല്ലാം സമൂഹത്തിന്റെ മുഖ്യധാരയിൽ വന്ന് അത് ആസ്വാദ്യമാക്കുകയാണ് വേണ്ടത് അതിനുള്ള ശ്രമമാണ് ഗവൺമെന്റ് ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് എത്ര നല്ല പ്രവർത്തിയാണ്. ഇതിൽ മാദ്ധ്യമങ്ങളും കൂടി ചേർന്ന് അനാവശ്യ വിവാദമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്.
- അനർഹമായി ഇരട്ടപ്രതിഫലം കൈപറ്റുന്നു എന്നുള്ള ആരോപണത്തിൽ എന്തെങ്കിൽ യാഥാർത്ഥ്യമുണ്ടോ..?
അനധികൃതമായി ഒരു പൈസ പോലും ഞാൻ കൈപറ്റിയിട്ടില്ല. യുജിസി ഉത്തരവിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമന ഉത്തരവിൽ യുജിസി നിരക്കു പ്രകാരമുള്ള ശമ്പളത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. പെൻഷൻ ഒഴിവാക്കണമെന്നോ കൈപറ്റാൻ പാടില്ലെന്നോ ഇതിൽ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ മനസിലാക്കേണ്ട പ്രധാനകാര്യം എന്നത് ഇത് പുനർ നിയമനമല്ല. മാത്രമല്ല പുനർ നിയമനത്തിലെ പെൻഷൻ ഒഴിവാക്കുന്ന വകുപ്പുകൾ എനിക്ക് ബാധകമാവുകയുമില്ല. വൈസ്ചാൻസിലർ പദവി എന്നത് നാല് വർഷത്തെ കാലാവധി മാത്രമുള്ള പദവിമാത്രമാണ്. പെൻഷനും ഇപ്പോൾ കൈപറ്റുന്ന ശമ്പളവും രണ്ടാണ്. പെൻഷൻ എന്നത് കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുമുള്ള എന്റെ സേവനത്തിന് നൽകുന്നതാണ്. അതുകൊണ്ട് അനുബന്ധം 1,9 ൽപാർട്ട് 3 പ്രകാരം (99) വൈസ് ചാൻസിലർ നിയമനം എന്നത് പുനർ നിയമനം അല്ല എന്ന് തെളിയിക്കുന്നതാണ്.
- ഭരണകക്ഷിയിൽ തന്നെയുള്ള സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നത അവസാനം കയ്യാങ്കളിയിലേക്കു വരെ എത്തി, എങ്ങനെ കാണുന്നു ഇതിനെ?
ഇതിന്റെ പിന്നിൽ എന്താണ് എന്നത് വളരെ വ്യക്തമാണ്. എന്നെ എതിർക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ എന്ന് പറയുന്നവർക്ക് ഒരു മിനി വിസിയായി ഞെളിഞ്ഞു നടക്കാൻ പറ്റാത്തതിന്റെ അമർശമാണ്. ഇവർ പറയുന്നതിനെല്ലാം വഴങ്ങുന്നതിന് എന്നെ കിട്ടാതെ വന്നപ്പോഴാണ് നിരവധി കാര്യങ്ങൾ എനിക്കെതിരെ മെനഞ്ഞു കൊണ്ടിരുന്നത്. ഇതൊന്നും ഏൽക്കാതെ വന്നപ്പോൾ എനിക്കും പ്രൊ വിസിക്കുമെതിരിൽ മർദ്ധനം അഴിച്ചുവിട്ടത്. സിൻഡിക്കേറ്റ് മീറ്റിങ്ങുകളിൽ ഒരു തരത്തിലുള്ള തീരുമാനങ്ങളും എടുക്കാൻ ഇവർ സമ്മതിക്കാതെയായി ഇടതുപക്ഷത്തിന്റെ ആളുകളെയും കൂട്ടു പിടിച്ച് ലീഗിന്റെയും കോൺഗ്രസിന്റെയും അംഗങ്ങൾ തന്നെയാണ് പ്രധാനമായും എനിക്കെതിരെ രംഗത്ത് വന്നിരുന്നത്.
ഇതിന്റെ ഭാഗമായി എന്നെ ശാരീരികമായി തളർത്തുന്നതിനായിരുന്നു അവർ എന്നെ അക്രമിച്ചത്. നിയാസും സലാഹുദ്ധീനുമായിരുന്നു ഇതിൽ മുന്നിൽ നിന്നത്. ഞാൻ സത്യത്തിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിച്ചത് അതുകൊണ്ട് എനിക്ക് ഭയക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും ഞാൻ അതിൽ തന്നെ ഉറച്ച് നിൽക്കുന്നത്. ഇവർക്കാ ഷൈൻ ചെയ്യാൻ പറ്റുന്നില്ലെന്നു കണ്ടെപ്പോൾ പലതും എനിക്കെതിരിൽ ചെയ്തു നോക്കി. ഡൽഹിയിൽ പരാതി കൊടുത്തു, ഗവർണ്ണർക്ക് പരാതി കൊടുത്തു, നേതാക്കളോട് പരാതിപ്പെട്ടു, ആറ് വിജിലൻസ് കേസ് കൊടുത്ത്, മൂന്ന് ലോകായുക്ത കേസ് കൊടുത്തു, വനിതാ കമ്മീഷന് രണ്ടെണ്ണം കൊടുത്തു,അവസാനമായി ഹൈക്കോടതിയിലും ഇംകം ടാക്‌സിലും പരാതി കൊടുത്തിരിക്കുകയീണിവർ. ഇവരുടെ ഉദ്ധേശം എങ്ങനെയെങ്കിലും എന്നെ ഇറക്കി വിടുക എന്നതാണ്. ഇവർ ഇതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ ഇതിന് ഓരോന്നിനും ഇവർക്കെതിരെ രംഗത്ത് വന്നിട്ടില്ല, എല്ലാം ദൈവത്തിൽ അർപ്പിച്ചിരിക്കുകയാണ്.
- താങ്കൾ വൈസ്ചാൻസിലറായി തുടരുന്നത് കൃത്രിമ രേഖ നൽകി കൊണ്ടാണ് എന്നുള്ള വിവരാവകാശ രേഖയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെ ദിവസങ്ങൾക്കു മുമ്പ് രംഗത്ത് വരികയുണ്ടായല്ലോ.., ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?
ഇത് വെറും വിവരക്കേട് മാത്രമാണ്. എന്റെ ബയോഡാറ്റാ എന്നത് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ഇട്ടിട്ടുള്ളതാണ്. ഞാൻ 1997 മുതൽ പ്രൊഫസർ ആണെന്നുള്ള രേഖയാണ് ഇവരുടെ കൈകളിലുള്ളത്. ഇവർ പറയുന്നത് ഞാൻ വിദേശത്തേക്ക് പ്രൊഫസറായിപ്പോയ കാലയളവിൽ ഞാൻ പ്രൊഫസർ അല്ലെന്നുള്ളതാണ്. ഇവരന്മാർ ഇതിനു വേണ്ടി നാലു മാസമായി തിരുവനന്തപുരത്ത് കറങ്ങുകയായിരുന്നു. പക്ഷെ ഇവർ പറയുന്ന കാര്യങ്ങളൊക്കെ വെബ്‌സൈറ്റിൽ ഉള്ളതാണ് അല്ലാതെ പുതുതായി ഒന്നുമില്ല. 1997 മുതൽ 2011 വരെയുള്ള കാലയളവിൽ മുഴുവനായും ഞാൻ പ്രൊഫസർ ആയിട്ടു തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടക്ക് ലീവെടുത്തിട്ട് ഞാൻ വിദേശത്തേക്ക് പോയത് ഇലക്ട്രീഷനായോ വണ്ടി കൈകാനോ അല്ല പോയിരുന്നത്.
അവിടത്തെ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംങ് പ്രൊഫസറായിട്ടായിരുന്നു പോയത്. ലീവ് എടുത്തു എന്നേ ഇവന്മാർക്ക് അറിയുകയുള്ളൂ..ലീവെടുത്ത് ഇവിടത്തേക്കാൾ നൂറിരട്ടി പ്രാധാന്യമുള്ള യൂണിവേഴ്‌സിറ്റിയിലേക്കാണ് ഞാൻ പോയത്. എവിടെ പോയാലെന്താ..? പ്രൊഫസറായിട്ടല്ലേ പോയത്, ഇത് നിയമ വിധേയമാണ്. കുവൈത്ത് ഗവൺമെന്റിന്റെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി ഓഫ് കുവൈത്തിലേക്കാണ് ഞാൻ പോയത്. അതായത് സാധാരണ അമേരിക്കൻ സായ്പന്മാർക്ക് കൊടുക്കുന്ന പോസ്റ്റാണ് ആദ്യമായി എനിക്ക് കിട്ടുന്നത്. അങ്ങിനെയാണ് നാല് വർഷം ഞാൻ അവിടെ പഠിപ്പിച്ചത്. ഇതാണ് ഇവർ ലീവ് എന്ന് കണ്ടയുടനെ വായിക്കാനറിയാതെ ചാടി വീണത്. ഇങ്ങനെ വലിയൊരു യൂണിവേഴ്‌സിറ്റിയിലേക്ക് പോകാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ്. അല്ലാതെ ഇതിൽ യാതൊരു കൃത്രിമവുമില്ല.
- ഗവൺമെന്റും വിദ്യാഭ്യാസ വകുപ്പുമെല്ലാം താങ്കളുടെ പ്രവർത്തനങ്ങളിൽ പൊതുവെ സംതൃപ്തരാണോ?
ഞാൻ മനസിലാക്കുന്നത് ഭരണരംഗത്ത് വളരെ മുകളിലുള്ള ഉദ്യോഗസ്ഥരാണെങ്കിലും നേതാക്കളാണെങ്കിലും വളരെ വളരെ സംതൃപ്തരാണ്. അതേസമയം താഴെ കിടയിലുള്ളവർക്ക് അവരുടെ കാര്യം സാധിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ട് അവർക്കുണ്ട്. വൈസ് ചാൻസിലർ എന്ന നിലയിൽ എന്റെ പ്രവർത്തനത്തിൽ നേതാക്കൾക്കെല്ലാം സംതൃപ്തിയുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ അണികളെന്നത് നേതാക്കളുടെ വോട്ട് ബാങ്കാണ് അവരെയും പിണക്കാതെ ഇങ്ങനെ മുന്നോട്ട് പോവാണ് ഇപ്പോൾ. മുഖ്യമന്ത്രിക്കാണെങ്കിലും കുഞ്ഞാലിക്കുട്ടി സാഹിബിനാണെങ്കിലുമൊക്കെ നല്ല മതിപ്പുണ്ടെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. കാലിക്കറ്റ് വിസിയെ മാതൃകയാക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എനിക്ക് ഇങ്ങന നേർവഴിക്കേ പോകാൻ പറ്റുകുള്ളൂ അല്ലെങ്കിൽ വേറെ ആൾ വന്നാൽ ഞാനങ്ങ് മാറിക്കൊടുക്കും. [BLURB#2-H]
എനിക്ക് നൂറു ശതമാനം വിശ്വാസമാണ് എന്റെ പ്രവർത്തനങ്ങളിൽ അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. മുസ്ലിംലീഗിനോട് നന്ദി പറയുന്നു. എന്നെ കൊണ്ടുവന്ന മന്ത്രിമാർക്കും മുസ്ലിം ലീഗിലും യു.ഡി.എഫിലുമുള്ള ഉയർന്ന നേതാക്കൾക്കും എന്റെ പ്രവർത്തിയിൽ തൃപ്തിയായതു കൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത് തന്നെ. അതേ സമയം താഴെ കിടയിലുള്ള നേതാക്കൾ ഇങ്ങനെയിരിക്കുന്നതിൽ എനിക്ക് നിർവാഹമില്ല, കൊടുക്കാൻ പറ്റുന്നതെല്ലേ കൊടുക്കാൻ പറ്റൂ.. എല്ലാം അവസാനിപ്പിച്ച് ഒരു നിമിഷം പോകാം പക്ഷെ, ചെയ്യേണ്ട സമയത്തല്ലേ ഇതൊക്കെ ചെയ്യാൻ പറ്റുകയുള്ളൂ. മാത്രമല്ല ഞാനിത്രയും നാൾ നേടിയെടുത്ത അനുഭവവും അറിവും പരിചയ സമ്പന്നതയുമെല്ലാം സമൂഹത്തിനു മുന്നിൽ പരിഭാഷപ്പെടുത്തേണ്ടതുണ്ട്. അത് പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇതെന്ന തോന്നൽ എനിക്ക് നന്നായി ഉണ്ട്.
- വിവാദങ്ങൾ എപ്പോഴെങ്കിലും ആത്മവിശ്വാസത്തെ ചോർത്തിയിട്ടുണ്ടോ?
അങ്ങിനെ ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റും. എന്റെ എനർജി നലനിർത്തി ഞാൻ പോകുന്നു. ഇങ്ങനെയുള്ള വിഷയങ്ങൾ വരുമ്പോൾ എന്റെ എനർജി ചിലപ്പോൾ ഡൗൺ ആകാറുണ്ട്. പലപ്പോവും എന്നെ മനസിലാക്കാത്ത ദുഃഖം, എന്നും എന്നെ കള്ളനാക്കി പുകമാറ സൃഷ്ടിക്കുന്നതിലുള്ള ദുഃഖം, സിൻഡിക്കേറ്റ് ഒന്നടങ്കം എനിക്കെതിരിൽ തിരിയുന്നത് ഇതെല്ലാം ആരും നമ്മോട് കൂടെയില്ലാ എന്നുള്ള ഒരു തോന്നൽ ഉണ്ടാകാറുണ്ട്. എന്നാൽ കുട്ടികലുടെ പ്രതികരണവും ഇ മെയിലുമെല്ലാം വരുമ്പോവുള്ള സന്തോഷം, കേരളത്തിന് പുറത്തു നിന്ന് പത്ത് അവർഡുകൾ കിട്ടിയതിന്റെ സന്തോഷം ഇങ്ങനെ തുടങ്ങി സന്തോഷങ്ങൾ ഒരു വശത്ത് സങ്കടങ്ങൾ ഒരു വശത്ത് ദുഃഖം ഒരു വശത്ത് നിസ്സഹായത ഒരു വശത്ത് എന്ത് ചെയ്യണമെന്ന ആശങ്ക വേറൊരു വശം ഇതെല്ലാമായിരുന്നു എന്റെ ആത്മ വിശ്വാസത്തെ നിർണ്ണയിച്ചിരുന്നത്. പക്ഷെ, വിവാദങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കുന്നവർ ഒരു കാര്യം ഓർക്കണം ഇത് കുട്ടികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. വീട്ടിൽ അഛനും അമ്മയും വഴക്കിടുമ്പോൾ അനുഭവിക്കുന്നത് മക്കളായിരിക്കും എന്ന അവസ്ഥയാണ് ഇവിടത്തേത്. ഒരു യൂണിവേഴ്‌സിറ്റിയുടെ പിതാവെന്നത് വൈസ്ചാൻസിലറാണ് അവരുടെ സ്വപ്നം വിദ്യാർത്ഥികളുടെ നല്ല ഭാവി തന്നെയാണ്.