മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്രശ്‌നങ്ങളും പരാതികളും, ചിട്ടയും നിലവാരവും തേടി കേന്ദ്ര സിലബസ് പഠിക്കാൻ ഇവർ നിർബന്ധിതരാകുമ്പോൾ പലതും ഇത്തരം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. അതിൽ പ്രധാനമാണ് കലാകായിക മത്സരങ്ങളിൽ മികവ് കാട്ടുന്നവരോടുള്ള സർക്കാർ സമീപനം. ലക്ഷങ്ങൾ ചെലവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമാന്തരമായി തന്നെ വർഷംതോറും ശാസ്‌ത്രോത്സവവും കലാ കായിക മേളയും സംഘടിപ്പിക്കാറുണ്ട്. പക്ഷെ, ഈ കുട്ടികൾക്ക് എത്ര കഴിവുണ്ടെങ്കിലും സ്റ്റേറ്റിലെ കലാ പ്രതിഭയോ കലാ തിലകമോ ആണെങ്കിൽ പോലും യാതൊരു വിധ ആനുകൂല്യങ്ങളോ ഗ്രേസ് മാർക്കോ വെയ്‌റ്റേജോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നും ഒരു രൂപ ഫണ്ട് ലഭിക്കാതെ കഴിഞ്ഞ ഇരുപത് വർഷമായി സി.ബി.എസ്.സി മാനേജ്‌മെന്റ് അസോസിയേഷനു കീഴിൽ സ്‌കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധതരം മേളകൾ നടത്തി വരുന്നുണ്ട്. മാതൃകാപരവും ചിട്ടയോടെയും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ പലപ്പോഴും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരുടെ മക്കൾ പഠിക്കുന്നുണ്ടെങ്കിലും നേരിടുന്ന പ്രശ്‌നങ്ങളിൽ ഇവരാരും ഇടപെടുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. പല മിടുക്കരായ വിദ്യാർത്ഥികൾക്കും അർഹമായ ഗ്രേസ് മാർക്ക് പോലും ലഭിക്കാതെ പോകുന്നത് ഇത്തരക്കാരെ കലാപ്രകടനങ്ങളിൽ നിന്നും പിന്നോട്ടടിക്കാൻ കാരണമാകുന്നുണ്ട്. വ്യത്യസ്ത ടെലിവിഷൻ റിയാലിററി പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നതും പങ്കെടുത്ത് മികവ് തെളിയിക്കുന്നവരെയും പരിശോധിച്ചാൽ 85ശതമാനവും സി.ബി.എസ്.സി വിദ്യാലയങ്ങളിൽ നിന്നും വരുന്നവരാണെന്ന് കാണാൻ കഴിയും.

സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും അതിലുപരി മാനേജ്‌മെന്റ് അധികൃതരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അർഹമായ ആനുകൂല്യങ്ങൾ നൽകി വിദ്യാർത്ഥികളെയെല്ലാം ഒരുപോലെ കാണുക എന്നുള്ളത്. ഇതിൽ പ്രധാന ആവശ്യമായിരുന്നു ഗ്രേസ് മാർക്കും കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ദേശീയ തലത്തിൽ അവസരവും. എന്നാൽ കേരളത്തിലും കേന്ദ്രത്തിലും സർക്കാറുകൾ മാറി ഭരിച്ചിട്ടും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ശശിതരൂർ വരെയുള്ളവർ കൈകാര്യം ചെയ്തിട്ടും ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായിരുന്നില്ല.

എന്നാൽ അധികാരത്തിലേറി മാസങ്ങളായില്ല. സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി കസേരയിലെത്തിയിട്ട്, കേരളത്തിൽ നിന്നുള്ള ആവശ്യങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഞൊടിയിടയിലാണ് സമ്മത പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞവർക്ക് നോക്കിനിൽക്കാനെ സാധിച്ചുള്ളൂ. സ്മൃതി ഇറാനിയുടെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയും അതിലുപരി വിശ്വാസവും അർപ്പിച്ചിരിക്കുകയാണ് കേരള മാനേജ്‌മെന്റ് അസോസിയേഷൻ. അടുത്ത വർഷം മുതൽ കലാമേളകൾ കേന്ദ്രം നേരിട്ട് നടത്തുകയും പിന്നീട് ദേശീയ തലത്തിലേക്കും കേരളാ മാതൃകയിൽ മേള സംഘടിപ്പിക്കാനുമാണ് കേന്ദ്ര തീരുമാനം. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കുട്ടികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നതോടെ ഗ്രേസ് മാർക്കും മികവ് കാട്ടുന്ന കുട്ടികൾക്ക് അതത് ഇനങ്ങളിൽ പ്രത്യേകം റിസർച്ചിനും കേന്ദ്ര മാനവ വിഭവ ശേഷി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമാണ് കേരളത്തിൽ പ്രതീക്ഷയുണ്ടാക്കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവ മേളയിൽ വച്ച് സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ മറുനാടൻ മലയാളിയുമായി തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പങ്കുവച്ചതിങ്ങനെ:

കുറെ വർഷങ്ങളായി സി.ബി.എസ്.ഇയിൽ പഠിക്കുന്ന കുട്ടികളോട് സർക്കാറുകൾ അവഗണന കാണിക്കുകയാണ്. കലാ കായിക പ്രകടനങ്ങളിൽ മത്സരരംഗത്ത് മികവ് തെളിയിച്ചാലും അവർക്കാർക്കും ഉയരാൻ പറ്റാത്ത സാഹചര്യമാണ്. കേരളത്തിൽ നിന്നും നല്ല കലാപ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ പോവാൻ പറ്റുന്നില്ല. മാത്രമല്ല എത്ര പ്രയത്‌നിച്ച് കുട്ടികൾ മികവ് തെളിയിച്ചാലും അവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത അവസ്ഥ അവരെ ഇതിൽ നിന്നും പിന്നോട്ടടിക്കും. എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡൻസ്, സ്റ്റുഡന്റ് പൊലീസ് ഈ ഇനങ്ങൾക്കെല്ലാം നിലവിൽ സംസ്ഥാന ഗവൺമെന്റ് ഗ്രേസ് മാർക്ക് കൊടുക്കുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രഫഷണൽ കോഴ്‌സുകളിലേക്കുൾപ്പടെ അഡ്‌മിഷൻ ലഭിക്കുന്ന കാലഘട്ടത്തിലേക്ക് വന്നതോടെ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കനത്ത അവഗണനയാണ് നടത്തികൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലേക്ക് ഇത്തരത്തിലുള്ള ഗ്രേസ് മാർക്കുകളെല്ലാം തന്നെ ആകർശിച്ച് ഇവിടെ നിന്നും കുട്ടികൾ പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം വളരെ സിസ്റ്റമാറ്റിക്കായി നടത്തുന്നതും മത്സര രംഗത്ത് മുൻപന്തിയിൽ നിൽക്കുകയും ഉയർന്ന് വരികയും ചെയ്യേണ്ടവർ പിന്മാറി.

ഈ വിഷയം സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ട് വന്ന് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഞാൻ തന്നെ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനവും വരാഞ്ഞപ്പോൾ ഇതേ വിഷയവുമായി ഞങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തെ സമീപിച്ചു. അങ്ങിനെ ഞങ്ങളുടെ റിക്വസ്റ്റ് മാനിച്ചുകൊണ്ട് ഈ മാസം രണ്ടിന് സി.ബി.എസ്.ഇ യുടെ നാഷണൽ കോൺഫറൻസ് നടന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനായി മാത്രമാണ് അന്ന് സ്മൃതി ഇറാനി കേരളത്തിലെത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്. ഇതിന്റെ മുമ്പും നാല് തവണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടിരുന്നു. കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ വന്നപ്പോൾ ഞങ്ങളൊരു മെമോറാണ്ടം ഒരിക്കൽ കൂടി സമർപ്പിക്കുകയുണ്ടായി.

ഈ വേദിയിൽ വച്ച് തന്നെ സ്മൃതി ഇറാനി പ്രഖ്യാപനം നടത്തി, അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ കലോത്സവം ദേശീയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കലോത്സവം വരുന്നതോടെ ഞങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഗ്രേസ് മാർക്ക് എന്നതിന് പരിഹാരം കൂടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സി.ബി.എസ്.ഇ സ്‌കൂളുകളുള്ള കേരളത്തിന്റെ ആവശ്യം ഇപ്പോൾ മാത്രമാണ് ഒരുപരിതി വരെ അംഗീകരിച്ചിട്ടുള്ളത് ബാക്കി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് മന്ത്രി. അടുത്ത വർഷം മുതൽ ദേശീയ തലത്തിൽ നടത്തേണ്ട കലോത്സവം നടത്തുന്നതിനുള്ള യോഗം ഈ മാസം 20ന് ഡൽഹിയിൽ നടക്കുകയാണ്. ഇതിൽ എല്ലാ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

അസോസിയേഷന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും സ്മൃതി ഇറാനി മാഡം വന്നതിന് ശേഷം ഇതുവരെ ആർക്കും ചെയ്യാൻ പറ്റാതിരുന്ന നിരവധി കാര്യങ്ങൾ സൈലന്റായി ചെയ്തു കൊണ്ടിരിക്കുന്നു. കേരള സർക്കാറിന് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടതു കൊണ്ടാകാം ചിലപ്പോൾ ഞങ്ങളെ അവഗണിക്കുന്നത്. അല്ലാതെ കേരള സർക്കാറിനെ ഞങ്ങൾ അന്തമായി ആക്ഷേപിക്കുന്നില്ല. ഇതെല്ലാം ശശി തരൂരടക്കമുള്ളവരെ നേരിട്ട് കണ്ടിരുന്നതാണ് പക്ഷെ അവരുടെയെല്ലാം പരിമിതികളാണ് ഇതിന് തടസമായത്. ഞങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരവും അവകാശം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.