- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനെന്ന് സംശയിച്ച് നാട്ടുകാർ കൂവി; സഹോദരിയുടെ വിവാഹം മുടങ്ങി; നുണ പരിശോധനയിൽ മുറിഞ്ഞ ഹൃദയവുമായി ക്യാൻസർ വന്ന് മരിച്ചു; ഗുരുവായൂരിൽ കാണാതായ തിരുവാഭരണത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട ദാമോദരൻ നമ്പൂതിരിയുടെ മകൻ മറുനാടനോട്
1986 മാർച്ച് 31 കക്കാട് മനക്കാർ ഇന്നും ഓർക്കാനിഷ്ടമില്ലാത്ത ഒരു ദിവസമാണ്. എല്ലാ വർഷവും മാർച്ച് 31 കടന്ന് വരുമ്പോൾ ആ കുടുംബം സമൂഹത്തിന് മുമ്പിൽ ഇല്ലാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട് നീറി നീറി മരിച്ച തങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരിയുടെ വേദനയാർന്ന മുഖമാണ് തെളിഞ്ഞ് വരിക. ഭഗവാന്റെ തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ
1986 മാർച്ച് 31 കക്കാട് മനക്കാർ ഇന്നും ഓർക്കാനിഷ്ടമില്ലാത്ത ഒരു ദിവസമാണ്. എല്ലാ വർഷവും മാർച്ച് 31 കടന്ന് വരുമ്പോൾ ആ കുടുംബം സമൂഹത്തിന് മുമ്പിൽ ഇല്ലാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട് നീറി നീറി മരിച്ച തങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരിയുടെ വേദനയാർന്ന മുഖമാണ് തെളിഞ്ഞ് വരിക. ഭഗവാന്റെ തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ ഭക്തരുടെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുമ്പിൽ ക്രൂശിക്കപ്പെട്ടപ്പോഴും ഗുരുവായൂരപ്പന്റെ പരീക്ഷണങ്ങളായിരുന്നു അതെല്ലാം എന്ന് വിശ്വസിക്കാനാണ് ദാമോദരൻ നമ്പൂതിരിയുടെ മകനും തിരുവാഭരണം നഷ്ടപ്പെട്ട കേസിൽ കുറ്റാരോപിതനും ആയിരുന്ന കക്കാട് ദേവദാസ് നമ്പൂതിരിക്കിഷ്ടം. വർഷങ്ങൾക്കിപ്പുറം ഗുരുവായൂർ അമ്പലത്തിലെ മണികിണറിൽ നിന്ന് നാഗപടത്താലി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും കക്കാട് മനക്കാരാണ്. 62-ാം വയസ്സിൽ ബ്രയിൻ ട്യൂമർ ബാധിച്ച് ദാമോദരൻ നമ്പൂതിരി മരിക്കുന്നതിന് മുമ്പും സത്യം എന്നായാലും പുറത്ത് വരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മകൻ ദേവദാസ് പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിനടുത്തെ കക്കാട് ദേവദാസ് നമ്പൂതിരിയുടെ ഇല്ലത്തെത്തിയപ്പോഴും ആ സന്തോഷം കാണാമായിരുന്നു. പുതിയ വാർത്തകളുടെ പശ്ചാത്തലത്തിൽ കക്കാട് ദാമോദരൻ നമ്പൂതിരിയുടെ മകൻ ദേവദാസ് നമ്പൂതിരി മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.
- തിരുവാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ അച്ഛനോടൊപ്പം താങ്കളും കുറ്റാരോപിതൻ ആയിരുന്നല്ലോ? ആ സംഭവം ഒന്ന് ഓർത്തെടുക്കാമോ?
മൂന്ന് തവണ ഗുരുവായൂർ അമ്പലത്തിൽ മേൽശാന്തിയായി കണ്ണനെ പൂജിക്കാൻ അവസരം കിട്ടിയ ആളാണ് അച്ഛൻ. സാധാരണ ആറ് മാസത്തിന് ശേഷം കാലവനധി കഴിഞ്ഞ് പുതിയ മേൽശാന്തി ചുമതലയേറ്റെടുക്കുമ്പോൾ ഗുരുവായൂരപ്പന്റേതായ എല്ലാം അദ്ദേഹത്തിന് കൈമാറുന്നതാണ് ചടങ്ങ്. അന്നൊരു മാർച്ച് 31 ആയിരുന്നു. അച്ഛൻ സ്ഥാനമൊഴിഞ്ഞ് ഭഗവാന്റെ തിരുവാഭരണം കൈമാറുമ്പോൾ ആണ് അതിൽ ചിലത് കാണാനില്ലെന്ന് അറിഞ്ഞത്. എത്ര നോക്കിയിട്ടും കണ്ടെത്താനായില്ല. ആ സമയം കൂടിയ ഭരണസമിതിയോഗം അതിന്റെ ചിലവ് ദേവസ്വത്തിലേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു. കസ്റ്റോഡിയൻ എന്ന നിലയിൽ അച്ഛൻ അപ്പോൾ തന്നെ 50000 രൂപ കെട്ടിവയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് കേസ് പൊലീസിന് കൈമാറിയത്. പിന്നെ ചോദ്യം ചെയ്യലായി. ഞാനും അച്ഛനും ഉൾപ്പെടെ ഞങ്ങൾ നാല് പേരെ ഡൽഹിയിൽ കൊണ്ട് പോയി നുണ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെയാണ് അച്ഛന് ട്യൂമർ ബാധിച്ച വിവരം അറിഞ്ഞത്. അവസാന സ്റ്റേജിൽ ആയതിനാൽ ഒന്നും ചെയ്യാനായില്ല. 1989 ഏപ്രിൽ നാലാം തീയതിയാണ് അച്ഛൻ ഞങ്ങളെ വിട്ട് പോകുന്നത്. മരണശേഷം 96-ൽ ആണ് കുന്നംകുളം കോടതി ഞങ്ങളെ നിരപരാധികളാണെന്ന് പറഞ്ഞ് വെറുതെ വിട്ടത്. എല്ലാം പരീക്ഷണങ്ങളായി മാത്രമേ ഞാൻ ഇന്നും കാണുന്നുള്ളൂ.
- മേൽശാന്തിക്കല്ലാതെ മറ്റാർക്കെങ്കിലും ഈ തിരുവാഭരണം എടുത്ത് കൈകാര്യം ചെയ്യാനാകുമോ?
കൈകാര്യം ചെയ്യുന്ന വേറെ ചിലയാളുകൾ ഒക്കെയുണ്ട്. ക്ഷേത്രത്തിലെ ഓതിക്കാന്മാരുമുണ്ട്.
- മണിക്കിണറിൽ നിന്ന് കിട്ടിയ മാല തിരുവാഭരണം തന്നെയാണെന്ന് ഉറപ്പിക്കാമോ?
ഞാൻ എന്തായാലും ആ മാല കണ്ടിട്ടില്ല. തന്ത്രിയും ദേവസ്വം ഭരണാധികാരികളും പിന്നെ പത്രക്കാരുമാണ് മാലകണ്ടത്. ക്ഷേത്രത്തിൽ നിന്ന് കാണാതായ മാല തന്നെയാണോ മണികിണറിൽ നിന്ന് കിട്ടിയതെന്ന് പറയേണ്ടത് ദേവസ്വം ഭരണാധികാരികൾ ആണ്.
- മാല മണിക്കിണറിൽ എത്തിയതെങ്ങിനെയാണെന്നാണ് താങ്കൾ ഇപ്പോൾ വിശ്വസിക്കുന്നത്?
(ചിരിയോടെ) അതൊന്നും പറയാൻ ഞാൻ ആളല്ല. അതൊക്കെ കൂടുതൽ അന്വേഷണത്തിന് ശേഷം കണ്ടെത്തേണ്ടതാണ്.
- അന്വേഷണത്തിനിടെയുണ്ടായ തിക്താനുഭവം?
പൊലീസും അന്വേന്വേഷണ ഉദ്യോഗസ്ഥരും ഞങ്ങളെ ആരെയും മർദിച്ചിട്ടില്ല. മാനസികമായിട്ടായിരുന്നു പീഡനം. എന്റെ ഒരു സഹോദരിയുടെ വിവാഹം മുടങ്ങി. കല്യാണം ഉറപ്പിച്ചതിന് ശേഷമായിരുന്നു ഈ കേസ് വരുന്നത്. ഇതുപോലെയുള്ളവരുമായി ബന്ധത്തിന് താത്പര്യമില്ലാഞ്ഞിട്ടായിരിക്കാം അവർ ഒഴിഞ്ഞ് പോയി. പിന്നീട് മറ്റൊരു വിവാഹം നടന്നെങ്കിലും അച്ഛൻ മാനസികമായി തകർന്നു എന്നതാണ് സത്യം. ഈ പീഡനങ്ങൾ ഒന്നും താങ്ങാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ലായിരിക്കാം. അതുകൊണ്ടാണല്ലോ 62-#ാ#ം വയസ്സിൽ അദ്ദേഹത്തിന് ഞങ്ങളെവിട്ട് പോകേണ്ടി വന്നത്. അവസാന സ്റ്റേജിലാണ് ബ്രയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കാനായത്. ഓപ്പറേഷൻ പോലും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു എറണാകുളം ലിസി ആശുപത്രിയിൽ വച്ചാണ് അച്ഛൻ മരിച്ചത്.
- ആ സംഭവത്തിന് ശേഷം ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ താങ്കളോടുള്ള മനോഭാവം എന്താണ്?
അതിൽ ഒരു വൈരാഗ്യ ബുദ്ധിയോടെയൊന്നും ദേവസ്വം ഞങ്ങളോട് പെരുമാറിയിട്ടില്ല.
- അച്ഛനെ മോഷ്ടാവാക്കാൻ ഉള്ള ഒരിടപെടലിന്റെ ഭാഗമായിരുന്നു തിരുവാഭരണം നഷ്ടപ്പെടലെന്ന് ഇപ്പോൾ കരുതാനാകുമോ? അന്വേന്വേഷണം നിങ്ങളിൽ മാത്രം ഒതുങ്ങിയോ?
അതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ ആളല്ല. പിന്നെ അന്വേന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ ചില പരിമിതികൾ ഉണ്ടായിരിക്കാം. മണികിണർ വറ്റിക്കുക, ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിരിക്കാം. എന്തായാലും ഞങ്ങൾക്ക് ആരോടും പരാതിയില്ല.
- എന്ത്‌കൊണ്ടാണ് അച്ഛനോടൊപ്പം ഈ കേസിൽ താങ്കളും പ്രതിയായത്?
അച്ഛന്റെ കൂടെയും അല്ലാതെയും ക്ഷേത്രത്തിൽ ഞാനും നിത്യസന്ദർശകനായിരുന്നു. ക്ഷേത്രത്തിനകത്ത് അച്ഛനെ സഹായിക്കാൻ ഞാനുമുണ്ടായിരുന്നു. അതായിരിക്കാം എന്നെക്കൂടി പ്രതിയാക്കിയത്. അന്നെനെിക്ക് വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം.
- തിരുവാഭരണം നഷ്ടപ്പെട്ടത് അറിയാനും വൈകി? എന്തായിരിക്കാം അതിന് കാരണം?
എല്ലാ ദിവസവും ഭഗവാന് മേൽ മുഴുവൻ ആഭരണങ്ങളും ചാർത്താറില്ലല്ലോ. വിശേഷദിവസങ്ങളിൽ മാത്രമാണ് സർവ്വാഭരണവിഭൂഷിതനായിരിക്കുന്ന ഗുരുവായൂരപ്പനെ കാണാൻ കഴിയുക. അതായിരിക്കാം മാലകൾ നഷ്ടപ്പെട്ടത് അറിയാതെ പോയത്.
- കരുണാകരനെയും പ്രതിക്കൂട്ടിൽ ആക്കിയ സംഭവം ആണിത്? അതിനെക്കുറിച്ച്?
സർക്കാരിനോ കരുണാകരനോ ഈ കേസിൽ ഒരു ബന്ധവും ഇല്ലെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അല്ലെങ്കിൽ മാലയിപ്പോൾ തിരിച്ച് കിട്ടില്ലായിരുന്നല്ലോ?
- കേസിൽ ദേവസ്വം ബോർഡിന്റെ നടപടി ചട്ടങ്ങൾക്ക് വിധേയമാണെന്ന് കരുതാനാകുമോ?
ചട്ടം എന്ന് പറയുമ്പോൾ കസ്റ്റോഡിയൻ പണം അടച്ചപ്പോൾ ബാധ്യത അവസാനിച്ചു. പിന്നെ വീണ്ടും കേസ് കൊടുത്ത
ത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന ഒരു ചോദ്യം ഉയർന്ന് വന്നേക്കാം.
- ചെറിയ ഒരു തെളിവ് പോലും നിങ്ങൾക്കെതിരെ ഇല്ലാഞ്ഞിട്ട് പോലും എന്ത് കൊണ്ടായിരിക്കാം ഈ കേസ് തെളിയാതിരുന്നത്?
അത് ഗുരുവായൂരപ്പനേ അറിയൂ.
- ആ സമയത്ത് ആളുകളുടെ ഒരു പ്രതികരണം എന്തായിരുന്നു?
തുടക്കത്തിൽ ആളുകൾക്കൊരു സംശയം ഉണ്ടായിരുന്നു നമ്മൾ തന്നെയാണോ ചെയ്തത്. പത്രങ്ങളിൽ ഒക്കെ വാർത്ത വരികയാണല്ലോ? എവിടെയോ വച്ച് ആളുകൾ കൂവുകയും മറ്റും ചെയ്തിരുന്നു. പിന്നെ കുറഞ്ഞ് കുറഞ്ഞ് വന്നു. അതിന് ശേഷം ഞാൻ രണ്ട് പ്രാവശ്യം മേൽശാന്തിയായതോടെ ആ സംശയം അശ്ശേഷം ഇല്ലാതായി എന്നുവേണം പറയാൻ. 98ലും 2002ലും ഞാനായിരുന്നു ഗുരുവായൂർമേൽ ശാന്തി.
- നിങ്ങളുടെ നിരപരാധിത്വം തെളിഞ്ഞ് കഴിഞ്ഞു. ഇനി ഈ കേസിൽ അന്വേന്വേഷണം ആവശ്യപ്പെടുമോ?
ഞങ്ങളുടെ നിരപരാധിത്വം ഭഗവാൻ തെളിയിച്ച് കഴിഞ്ഞു. ബാക്കിയൊക്കെ നിയമോപദേശത്തിനനുസരിച്ച് ചെയ്യും.
- അവസാനകാലത്ത് അച്ഛൻ ഈ വേദന പങ്ക് വച്ചിരുന്നോ?
മനപ്രയാസം അദ്ദേഹത്തെ അലട്ടിയിരുന്നു. ഭഗവത്ചിന്തയോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അവസാനകാലത്ത് സത്യം ഗുരുവായൂരപ്പൻ പുറത്ത് കൊണ്ട് വരുമെന്ന് അദ്ദേഹം എന്നോട് തന്നെ പറഞ്ഞിരുന്നു.
- അച്ഛന് ഒരു ധാരണയുണ്ടായിരുന്നോ ആരാണ് ഇത് ചെയ്തതെന്ന്?
അദ്ദേഹത്തിനറിയാമായിരിക്കാം. ചില അസൂയാലുക്കളുണ്ടല്ലോ? അത് അകത്തുള്ളവരും പുറത്തുള്ളവരുമായിരിക്കാം. ഞാനിപ്പോഴും കരുതുന്നു ഈ സംഭവം തന്നെയായിരിക്കും അച്ഛനെ 62-ാം വയസ്സിൽ മരണത്തിലേക്ക് തള്ളിവിട്ടതെന്ന്. എന്തായാലും എങ്ങിനെയാണ് ആഭരണം നഷ്ടമായതെന്ന് കൂടുതൽ അന്വേന്വേഷണത്തിലൂടെ മാത്രമേ പറയാനാകൂ.