തിരുവനന്തപുരം: കൈരളി ടിവിയിലെ 'കേരള എക്സ്പ്രസിലെ' 'തെണ്ടികളുടെ ദൈവം' എന്ന പരിപാടി പൂർണ്ണമായും കാണാത്തവരാണ് വിമർശനവും വധഭീഷണിയുമായി രംഗത്ത് വരുന്നതെന്നും ആ തലക്കെട്ട് മാത്രം അടർത്തിയെടുത്താണ് വിമർശനമെന്നും പരിപാടിയുടെ അവതാരകൻ ബിജു മുത്തത്തി. സർവ്വമത കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ് ഓച്ചിറ ആൽത്തറ. അവിടുത്തെ അമ്പലത്തെക്കുറിച്ച് തെണ്ടികളുടെ ദൈവം എന്ന പേരിൽ പരിപാടി അവതരിപ്പിച്ച ചാനൽ അവതാരകൻ ബിജു മുത്തത്തിക്കെതിരെ വധഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു മാധ്യമപ്രവർത്തകൻ. തെണ്ടിയെന്നാൽ തേടുന്നവനെന്നാണ് അർഥം. അവിടെ വരുന്നത് അഭയവും ആശ്രയവും തേടി നിരവധിപേരാണ്. ഈ അവസ്ഥ നേരിൽ കണ്ടാൽ പിന്നെ ഒരു സംഘപരിവാറുകാരനും വിമർശനവുമായി മുന്നോട്ട് വരില്ലെന്നും ബിജു പറയുന്നു.

സംഘപരിവാർ അനുകൂലികളിൽ നിന്നും ഫേസ്‌ബുക്ക് വഴിയും ഫോൺ വഴിയും ഭീഷണി സന്ദേശങ്ങൾ വരുന്നു. കൊല്ലം ഓച്ചിറയിൽ അഗതികൾക്ക് സംരക്ഷണം നൽകുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള പരിപാടിയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. 'തെണ്ടികളുടെ ദൈവം' എന്ന് പരാമർശിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. ഫേസ്‌ബുക്കിലെ വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് ബിജുവിന് ഭീഷണി സന്ദേശങ്ങൾ കൂടുതലും വരുന്നത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ തുടർച്ചയായി ഫോൺ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. ആദ്യം കാര്യമായി എടുത്തില്ലെന്നും എന്നാൽ തുടർച്ചയായി ഭീഷണി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിജിപിക്ക് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ ഇത്തരം ഭീഷണികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര (1988) എന്ന ചിത്രത്തിൽ ലാലിന്റെ കഥാപാത്രമായ മാതു പണ്ടാരവും മാള അരവിന്ദന്റെ കഥാപാത്രമായ കുട്ടപ്പനും തമ്മിലുള്ള സംഭാഷണമാണ് ബിജു ഉപയോഗിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് വഴിയും ബിജുവിനും കൈരളി ടിവിക്കുമെതിരെ, ഹിന്ദുക്കളെ അപമാനിച്ചു എന്ന പേരിൽ വലിയ പ്രചാരണവും സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്നുണ്ട്. പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രം പഴയ ബുദ്ധമത കേന്ദ്രമായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. സംഘപരിവാറിന് ഒട്ടും കേൾക്കാൻ താൽപര്യമില്ലാത്ത ചരിത്രം പറയുന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ടാകാമെന്നും ബിജു പറയുന്നു. അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്:

കേരള എക്സ്പ്രസ് എന്ന പരിപാടിയെക്കുറിച്ച്

കേരള എക്സ്പ്രസ് ഈ ആഴ്ച അതിന്റെ 7ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2011 സെപ്റ്റംബർ 20നാണ് ഈ യാത്രാ പരിപാടി കൈരളി ടിവിയിൽ ആരംഭിക്കുന്നത്. അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 108 വർഷം പ്രായമുള്ള ഒരു റെയിൽ പാത നിർത്തൽ ചെയ്യുകയാണ്. പുനലൂർ ചെങ്കോട്ട പാത. അതാണ് അന്ന് മനസ്സിലേക്ക് വന്നത്. ഇത്രയും കാലം കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജനങ്ങൾ സഞ്ചരിച്ചിരുന്ന ആ മനോഹരമായ പാത നിർത്തലാക്കുകയാണ്. ആ ഒരു വൈകാരികത ഉൾക്കൊണ്ട് കൊണ്ടാണ് ഇങ്ങനെയരു പേര് നൽകിയത്. അന്ന് ആ പാതയിൽ നടന്ന അവസാനത്തെ യാത്. അവസാനമായി ആ പാതയിൽ യാത്ര ചെയ്യാനായി മാത്രം നിരവധിപേരാണ് എത്തിയത്. അങ്ങനെയാണ് കേരളത്തിലെ മുഖ്യധാരയിലേക്ക് വരാത്ത എന്നാൽ നമ്മുടെ സംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്ന. വ്യത്യസ്തമായ പല തരം മനുഷ്യ ജീവിതങ്ങളും, ഒറ്റയായി നിൽക്കുന്ന മനുഷ്യർ വ്യത്യസ്തമായ സാമൂഹിക ജീവിതം എന്നിവയൊക്കെയാണ് ആ പരിപാടിയുടെ പിന്നിൽ.

ഓച്ചിറയിലെ അമ്പലത്തിലേക്കും ആൽത്തറയിലേക്കും എത്തിയതിനെക്കുറിച്ച്

വ്യത്യസ്തമായ ജനസഞ്ചയത്തെ തേടിയുള്ള യാത്രയാണ് ഓച്ചിറയിലേക്കും എത്തിച്ചത്. ഒരു വിശാലമായ മൈദാനമാണ് ആദ്യം കാണുക. സാധാരണ ക്ഷേത്ര സങ്കൽപ്പങ്ങളുമായി ചേർന്ന് നിൽക്കുന്ന ഒന്നല്ല അവിടുത്തേത്. ഒന്നോ രണ്ടോ ആൽത്തറകൾ അവിടെയെല്ലാം അഗതികളാണ്. പല മേഖലകളിൽ നിന്നും എത്തുന്നവർ. കൈയില്ലാത്തവർ, കാലില്ലാത്തവർ, കുഷ്ടരോഗികൾ തുടങ്ങി എല്ലാവരും നമ്മുടെ നേരെ കൈ നീട്ടുകയാണ്. നമ്മൾ അങ്ങോട്ട് കയറുമ്പോളേ ഒരു 50 പേർ നമ്മുടെ നേർക്ക് കൈനീട്ടും. വീടും വീട്ടുകാരും ഉപേക്ഷിക്കപ്പെട്ട അത്രയധികംപേർ ആ കാഴ്ച മനസ്സിനെ വല്ലാതെ പൊള്ളിക്കും.ഇത്രയും അധികം പേർക്ക് ആശ്രയമാകുന്ന ആ ക്ഷേത്രം ശരിക്കും പറഞ്ഞാൽ ഒരു അൽഭുതമാണ്.

ഓച്ചിറയിലെ ആ ക്ഷേത്രത്തിനും വലിയ പ്രത്യേകതകളഴാണുള്ളത്. വിവിധ മതവിഭാഗത്തിൽ പെട്ടവരാണ് അവിടെയെത്തുന്നത്. പിന്നെ ഭഗവാനും മേൽക്കൂരയൊന്നും ഇല്ല പ്രതിഷ്ഠയില്ല. മുസ്ലിം ക്രൈസ്തവ മതവിഭാഗത്തിൽ പെട്ടവരും അവിടെ എത്തുന്നുണ്ട്. ഒരുപക്ഷേ അവിടെയെത്തുന്ന മനുഷ്യരെപ്പോലെ തന്നെയാണ് അവിടത്തെ ദൈവവും. പ്രത്യേക മേൽക്കൂരയൊന്നുമില്ല. കിടക്കാനിടമില്ലാത്ത മനുഷ്യനും ദൈവവുമൊക്കെ ചേർന്നുള്ള ഒരു അവസ്ഥയാണ്. ഈ ആളുകൾക്കെല്ലാം അവിടത്തെ സംഘാടകർ മരുന്നും ഭക്ഷണവും നൽകുന്നുണ്ട്.

തെണ്ടികളുടെ ദൈവം എന്ന പേരിന് പ്രമേയമായത് ആർ സുകുമാരന്റെ പാതമുദ്ര എന്ന ചിത്രമാണ്. മോഹൻലാൽ നായകനായ അദ്ദേഹത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾക്ക് സാകഷ്യം വഹിച്ച ആ ചിത്രത്തിൽ മോഹൻലാലും മാളയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മനസ്സിലുടക്കിയപ്പോഴാണ് ഈ പേര് പെട്ടന്ന് മനസ്സിൽ വന്നത്. മാള അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട് ഈ ദൈവത്തിന് തെണ്ടികളെയായിരിക്കും ഇഷ്ടം എന്ന് പറയുന്നുണ്ട്. അപ്പോൾ മോഹൻലാൽ പറയുന്നുണ്ട് ഒരർഥത്തിൽ എല്ലാവരും തെണ്ടികളാണെന്ന്. അപ്പോൾ സമൂഹത്തിൽ അത്രയും അവഗണിക്കപ്പെട്ടവർക്ക് ആശ്രയമാകുന്നതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു പേരിലേക്ക് എത്തിയത്.

ജനങ്ങൾ ഈ ടൈറ്റിൽ പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളുമെന്നാണ് കരുതിയത്?

ആ പരിപാടി മുഴുവൻ കാണുകയും ആ മനുഷ്യർ അവിടെ അനുഭവിക്കുന്ന കാര്യങ്ങൾ കണ്ടാൽ അത്തരം വിമർശനം ഉണ്ടാവില്ല. പക്ഷേ ഈ പരിപാടിയിൽ നിന്നും അത് മാത്രം അടർട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവതാരകൻ പറയുന്നു.ആ വാക്കുകൾ മാത്രം അടർത്തിയെടുത്ത് വായിച്ചാൽ അവഹേളിക്കുന്നുവെന്ന് മാത്രമേ തോന്നുകയുള്ളു. പക്ഷേ പരിപടിക്കുള്ളിൽ അവിടുത്തെ മനുഷ്യരോടും അമ്പലത്തോടും ചേർന്ന് നിൽക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. തെണ്ടി എന്ന വാക്ക് പോലും അത്ര വലിയ തെറ്റില്ല. തെണ്ട് എന്നാൽ തേടുന്നവനെന്നാണ് അർഥം.അനുഗ്രഹം, ഭക്ഷണം, പണം, താമസിക്കാനിടം അങ്ങനെ പലതും തേടാം. വഴിമുട്ടിയ ആളുകൾ തേടുന്ന കാര്യങ്ങളെ കുറിച്ച് അത്തരത്തിൽ പറഞ്ഞ് കാര്യമാണ് തെണ്ടി എന്ന വാക്ക് മാത്രം എടുത്ത് പർവ്വതീകരിച്ച് കാണിക്കുന്നത് വേറെ ഉദ്ദേശമുള്ളത്കൊണ്ടാണ്.

പല ഹൈന്ദവ തീവ്രവാദികളും ആഗ്രഹിക്കുന്നത് പോലെ അങ്ങോട്ട് പ്രവേശിക്കാനായിട്ടില്ല എന്നാതാണ് ഇപ്പോൾ ഇത്തരത്തിൽ വ്യാഖ്യാനം നൽകുന്നതിന്റെ പിന്നിൽ. 'ഈ ക്ഷേത്രപരിസരത്ത് ഹൈന്ദവ തീവ്രവാദികൾക്ക് ഇതുവരെ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെ''ന്ന് ബിജു പറയുന്നു. ''ഇടതുപക്ഷ അനുഭാവികൾ ഉള്ള ജനകീയ സമിതിയാണ് ''ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ ഹൈന്ദവ തീവ്രവാദികൾ അസ്വസ്ഥരാണ്. പല തരം പ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ആൽമരം വീഴാൻ കാരണം ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കുന്ന ജനകീയ സമിതിയാണെന്ന് വരെ അവർ പറയുന്നു. പാദമുദ്രയിൽ ആർ സുകുമാരൻ ഉപയോഗിച്ച ഒരു പ്രയോഗമാണിത്. ഏറ്റവും താഴെത്തട്ടിലുള്ള, നിരാലംബരായ മനുഷ്യരെക്കുറിച്ച് വളരെ നല്ല രീതിയിൽ തന്നെയാണ് തെണ്ടികൾ എന്ന വാക്ക് ഉപയോഗിക്കുന്നത്. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള, ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരെക്കുറിച്ചാണ് പറയുന്നത്.

 

അഗതികളോട് കാരുണ്യം കാട്ടി ഈ ക്ഷേത്രം ഒരു അഭയ സ്ഥാനമായി മാറുന്നതിനെക്കുറിച്ചായിരുന്നു പരിപാടി. ഈ പരിപാടി കാണാതെയും അതിന്റെ ഉള്ളടക്കം എന്താണെന്ന് മനസിലാക്കാതെയുമാണ് ഇത്തരക്കാർ ഭീഷണിയുമായി വരുന്നത്. വിശ്വാസികളെ തെണ്ടികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്ന് പറഞ്ഞ് എന്റെ ഫോട്ടോയും ഫോൺ നമ്പറും ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്- ബിജു പറഞ്ഞു.

ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിന് പിന്നിലെ ഉദ്ദേശം പ്രദേശം കൈയടക്കുകയെന്നത് തന്നെയാണ്. ഇവിടെ അഗതികൾ വരുന്നത് സംഘപരിവാർ തീവ്രവാദികൾക്ക് അത്ര ഇഷ്ടമുള്ള കാര്യവുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഒരു ചിന്താഗതി കേരള സമൂഹത്തിൽക്കൂടി പടർത്തി മനുഷ്യനെ ചുരുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോയാൽ ഇനി ആ സിനിമ തന്നെ പ്രദർശിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമെന്നും ബിജു പറയുന്നു.