- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഗോൾഡ് കൂടുതൽ പേരെ കഞ്ചാവു വലിപ്പിച്ചു; മയക്കുമരുന്നിന് അടിമകൾ സിനിമാ ലോകത്തുമുണ്ട്; ആശാ ശരത് തനിക്കൊപ്പം അഭിനയിക്കാത്തത് താരരാജാക്കന്മാരെ ഭയന്ന്; മലയാള സിനിമയിലെ പരസ്യമായ രഹസ്യങ്ങൾ മറുനാടനോട് പങ്കുവച്ച് ഇന്ദ്രൻസ്
മുന്നൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരെ ആവോളം ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. വെറുമൊരു ഹാസ്യനടനപ്പുറം മലയാളിയുടെ മനസ്സിൽ പതിഞ്ഞ പേര്. വസ്ത്രാലങ്കരാകനായി സിനിമയിലെത്തിയ ഇന്ദ്രൻസ് തന്റെ രൂപത്തിലെ പ്രത്യേകതകളുമായി വെള്ളിത്തിരയിലെത്തി. ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്
മുന്നൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരെ ആവോളം ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. വെറുമൊരു ഹാസ്യനടനപ്പുറം മലയാളിയുടെ മനസ്സിൽ പതിഞ്ഞ പേര്. വസ്ത്രാലങ്കരാകനായി സിനിമയിലെത്തിയ ഇന്ദ്രൻസ് തന്റെ രൂപത്തിലെ പ്രത്യേകതകളുമായി വെള്ളിത്തിരയിലെത്തി.
ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്ള ഹാസ്യനടനായി ഇന്ദ്രൻസ് മാറി. ഇടയ്ക്ക് ചില ഗൗരവമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ. ആരോടും പരിഭവമൊന്നുമില്ല. പക്ഷേ തന്റെ മുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം നന്മ മാത്രമാണെന്ന അഭിപ്രായം ഈ നടനില്ല. ആ അനുഭവങ്ങളും തന്റെ അഭിപ്രായങ്ങുളും പിന്നെ ചില ഗൗരവമായ വെളിപ്പെടുത്തലുകളുമായി മറുനാടൻ മലയാളിയോട് ഇന്ദ്രൻസ് എന്ന പ്രിയ നടൻ മനസ്സുതുറക്കുന്നു.
- ഏകദേശം 30 വർഷമായി താങ്കൾ ചലച്ചിത്രലോകത്തെത്തിയിട്ട്. ഇപ്പോൾ കൊച്ചി കേന്ദ്രമാക്കിയുള്ള ന്യൂ ജനറേഷൻ എന്ന് മാദ്ധ്യമങ്ങളും സിനിമാക്കാരും വിളിക്കുന്ന പുതിയ ചെറുപ്പക്കാരായ ചലച്ചിത്രപ്രവർത്തകരെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്കറിയില്ല. ഇവരുടെ ചിത്രങ്ങളിൽ പലതും സമൂഹത്തിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. കുടുംബബന്ധങ്ങളിലോ, ഗ്രാമീണ ജീവിതത്തിന്റെ നന്മകളിലോ ഒന്നും ഇവർക്ക് വിശ്വാസമില്ല. നഗരകേന്ദ്രീകൃതമായ കഥാപശ്ചാത്തലവും ലൈംഗിക അരാചകത്വങ്ങളും നിറഞ്ഞതാണ് പലപ്പോഴും ഈ ന്യൂ ജനറേഷൻ സിനിമകൾ.
ഇടുക്കി ഗോൾഡ് എന്ന ഇടുക്കിയിലെ കഞ്ചാവ് വലിക്കാൻ വേണ്ടി മാത്രം വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ഇടുക്കി ഗോൾഡ്. ഈ ചിത്രം കണ്ടിറങ്ങുന്ന ഒരു ചെറുപ്പക്കാരന് കഞ്ചാവ് വലിക്കാൻ തോന്നിയാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം ആ ചിത്രം അത്രയ്ക്ക് കഞ്ചാവിനെയും ലഹരിയെയും വാഴ്‌ത്തുന്നുണ്ട്. അടുത്തകാലത്തിറങ്ങിയ ഇത്തരം സിനിമകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. കൊച്ചി കേന്ദ്രമാക്കിയുള്ള ചില സിനിമാസംവിധായകരും നടന്മാരും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലാണ് എന്നത് സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ അതു ശരിവയ്ക്കുന്നുമുണ്ട്.
- ഉടൻതന്നെ പുറത്തിറങ്ങാൻ പോകുന്ന, താങ്കൾ നായകനായി അഭിനയിച്ച ബുദ്ധൻ ചിരിക്കുന്നു എന്ന ചിത്രത്തിനുവേണ്ടി താങ്കളുടെ കൂടെ നായികയായി അഭിനയിക്കാൻ ആശ ശരത്ത് വിസമ്മതിച്ചതായി കേട്ടു?
ശരിയാണ്. (ഒരു ചിരിയോടെ) ഇന്ദ്രൻസിന്റെ കൂടെയൊക്കെ ആരാ സുഹൃത്തേ നായികയായൊക്കെ അഭിനയിക്കുന്നത്. ഇത്തരം സംഭവങ്ങൾ മുമ്പും എനിക്ക് ഉണ്ടായിട്ടുണ്ട്. വിഷമം തോന്നിയിട്ടുള്ള നിമിഷങ്ങളാണ് അതൊക്കെ. ഒരു കൊമേഡിയന് എല്ലായിടത്തും രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളു. എല്ലാപേരെയും ചിരിപ്പിക്കാൻ മാത്രമുള്ള കോമാളികളായി മാത്രമാണ് നമ്മളെയൊക്കെ എല്ലാവരും കാണുന്നത്. തമിഴിലൊക്കെ നോക്കിയാൽ വടിവേലുവിന്റെയും വിവേകിന്റെയും ഒക്കെ കൂടെ അഭിനയിക്കുന്നത് അവിടത്തെ മുൻനിര നായികമാരാണ്. മലയാളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ. എന്റെ കൂടെയൊക്കെ അഭിനയിച്ചാൽ പിന്നീടുള്ള സിനിമകളിൽ നായകനടന്മാരാരും നായികയായി കൂടെ അഭിനയിപ്പിക്കില്ലെന്ന ഭയം കൊണ്ടാവാം അവർ എന്നെപ്പോലുള്ളവരുടെ കൂടെ അഭിനയിക്കാത്തത്. താരരാജാക്കന്മാർ ഭരിക്കുന്ന സിനിമാലോകത്ത് അങ്ങനെയല്ലേ സംഭവിക്കൂ.
- ഒരു നടന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുകയല്ലേ സിനിമാ സംഘടനകൾ ചെയ്യുന്നത്. ചിലർക്കെതിരെ ഒന്നും പറയാൻ പാടില്ല, പറഞ്ഞാൽ അവർ പടിക്കുപുറത്ത് എന്ന അനാരോഗ്യകരമായ പ്രവണത ഇപ്പോൾ മലയാള സിനിമയിലുണ്ടല്ലോ. തിലകനെയും വിനയനെയും പോലുള്ളവർ അതിന് ഇരകളായിരുന്നല്ലോ. എന്താണ് ഈ പ്രവണതയെക്കുറിച്ച് പറയാനുള്ളത്?
ശുദ്ധ അസംബന്ധം, വിവരമില്ലായ്മ. ഒരു നടന്റെ കലാപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുക, അതിലൂടെ ആ നടനെ ഒറ്റപ്പെടുത്തുക അതൊന്നും ശരിയായ കാര്യങ്ങളല്ല. എന്നാൽ നമ്മളെല്ലാം ഒരു സംഘടനയായി, ഒരു കുടുംബം പോലെ കഴിയുമ്പോൾ അവിടെയുണ്ടാകുന്ന അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കേണ്ടത് ആ സംഘടനയ്ക്കുള്ളിൽ തന്നെയല്ലേ. അതല്ലാതെ ആ സംഘടനയെക്കുറിച്ചും അതിന് നേതൃത്വം കൊടുക്കുന്നവരെക്കുറിച്ചും ചാനലുകളായ ചാനലുകളിലെല്ലാം കയറിയിരുന്ന് തെറിപറയുന്നത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തിലകൻ ചേട്ടനെയൊക്കെ സഹിക്കാൻ വളരെ വിഷമമാണ്.
എന്നാൽ അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങൾ കിട്ടിയത് അദ്ദേഹം മഹാനടനായതുകൊണ്ടു മാത്രമാണ്. വിനയൻ സാറിന്റെ കൂടെ ഒരുപാട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ആരേയും കൂസാതെ തുറന്നു സംസാരിക്കുന്ന ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വെട്ടിത്തുറന്നുള്ള പ്രസ്താവനകൾ കൊണ്ടായിരിക്കാം ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധികൾക്കുള്ളിൽ നിന്നുകൊണ്ട് ബിഗ് ബജറ്റ് സിനിമകൾ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. സംഘടനകൾ നടന്മാരുടെയും സാങ്കേതികപ്രവർത്തകരുടെയും ക്ഷേമത്തിന് വേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. അതൊന്നും ഒരു മാദ്ധ്യമവും റിപ്പോർട്ട് ചെയ്യുന്നില്ല.
ചിലർക്കൊക്കെ എന്തുതന്നെ കൊടുത്താലും സിനിമാക്കാർ സഹായിച്ചില്ല, സിനിമ എന്നെ ചതിച്ചു എന്നൊക്കെ പാടിക്കൊണ്ടു നടക്കും. അത്തരം ആളുകൾക്ക് എത്ര കിട്ടിയാലും തൃപ്തിയാകില്ല. എല്ലാപേർക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്. അവരുടെയെല്ലാം ക്ഷേമം നോക്കിയ ശേഷം ബാക്കികൊണ്ടു മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ.
- സിനിമാ ലോകത്തെ വിവാഹബന്ധങ്ങൾക്ക് പൊതുവേ ആയുസ്സ് കുറവാണല്ലോ?
പല ലക്ഷ്യങ്ങളും വച്ചുകൊണ്ട് നടിമാരെ വിവാഹം കഴിക്കുന്നവരുണ്ട്. ഒരു നടി പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ കല്യാണം കഴിക്കുന്നത് കച്ചവടക്കണ്ണോടുകൂടിയായിരിക്കാം. പിന്നീട് ആ നടിയുടെ അടങ്ങാത്ത അഭിനയമോഹങ്ങൾക്ക് അയാൾ കടിഞ്ഞാണിടുമ്പോൾ പ്രശ്‌നം രൂക്ഷമാവുകയും അവസാനം ബന്ധം വേർപെടുത്തുന്ന അവസ്ഥയിലെത്തുകയും ചെയ്യും.
മഞ്ജു വാര്യരെപ്പോലെ കഴിവും ലക്ഷക്കണക്കിന് ആരാധകരുടെ പിൻബലവുമുള്ള ഒരു നടി എത്രയോവർഷമായി അഭിനയമോഹം കൊണ്ടുനടന്നിട്ടുണ്ടാവും എന്നതിന് തെളിവാണല്ലോ ഇപ്പോഴത്തെ അവരുടെ വേർപിരിയൽ.