- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ ഞാനും അത്യാവശ്യം ബോൾഡാണ്; എനിക്കു പ്രശ്‌നം വരുന്ന കാര്യങ്ങളിൽ നോ പറയാൻ മടിയില്ല; ഫേസ്ബുക്കിലുള്ളതു താനല്ലെന്നു നടി ഹണി റോസ് മറുനാടൻ മലയാളിയോട്
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ തിരക്കുകളുമായി ഹണി റോസ് സിനിമാലോകത്തുതന്നെ ഉണ്ടായിരുന്നെങ്കിലും ഈ നടിയെ മലയാളികൾ കുറച്ചു പേരെങ്കിലും മറന്നു പോയിരിക്കാം. പിന്നീട്, തന്നെ മറന്നുതുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ തിരക്കുകളുമായി ഹണി റോസ് സിനിമാലോകത്തുതന്നെ ഉണ്ടായിരുന്നെങ്കിലും ഈ നടിയെ മലയാളികൾ കുറച്ചു പേരെങ്കിലും മറന്നു പോയിരിക്കാം. പിന്നീട്, തന്നെ മറന്നുതുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ധൈര്യ പൂർവ്വം ഹണി തിരിച്ചു വന്നു, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ...
ആണുങ്ങൾ മാത്രം താമസമാക്കിയ ഒരു പഴയ ലോഡ്ജിലേക്ക് ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായി കടന്നു വന്നപ്പോൾ അത് മലയാള സിനിമയിലെ അന്നോളം നില നിന്നിരുന്ന ഒരു നായികാ സങ്കൽപ്പത്തെ തന്നെയാണ് പൊളിച്ചെഴുതിയത്. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ട്രിവാണ്ട്രം ലോഡ്ജ് എന്ന ചിത്രത്തിന് മാത്രമല്ല അതിലെ ഓരോ കഥാ പാത്രങ്ങൾക്കുമുണ്ടായിരുന്നു മാറ്റത്തിന്റെ പുതിയ മുഖം. കേരളത്തിലെ (കപട) സദാചാര വാദികൾ പലരും ചിത്രത്തിനും അതിലെ അതി പ്രസരമുള്ള ഡയലോഗുകൾക്കുമെതിരെ വാദിച്ചു. ആധുനിക യുഗത്തിന്റെ പ്രതിനിധിയായ അതിലെ ധ്വനി നമ്പ്യാരെയും നിരവധി പേർ അത്ഭുതത്തോടെ നോക്കി. ശാലീനതയുടെയും അച്ചടക്കമുള്ള പെരുമാറ്റത്തിന്റെയും ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നായികാ സങ്കൽപ്പത്തിന് മാറ്റം കൊണ്ടു വന്നത് ആ കഥാപാത്രം തന്നെയാണ്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടവർ ചോദിച്ചു, ഇത് ട്രിവാൻഡ്രം ലോഡ്ജിലെ ആ തന്റേടിപ്പെണ്ണു തന്നെ അല്ലേ എന്ന്. അതെ, അത് ഹണി റോസ് തന്നെ, ലോഡ്ജിലെ ആ തന്റേടിപ്പെൺകുട്ടി. മമ്മൂട്ടി തകർത്തഭിനയിച്ച ക്ലീറ്റസിനൊപ്പം തനി നാട്ടിൻ പുറത്തുകാരിയായി ജീവിത ദു:ഖങ്ങൾക്കു നടുവിൽ ജീവിക്കുന്ന ഒരു പാവം പെണ്ണ്. കഥാപാത്രത്തിന് വേണ്ടി തന്നെ സ്വയം പരിശീലിപ്പിച്ചെടുക്കാൻ ഹണി പഠിച്ചു കഴിഞ്ഞു. ജീവിതത്തിൽ തന്റേതായ തീരുമാനങ്ങൾ എടുക്കുന്ന, നോ എന്നു പറയേണ്ടിടത്ത് നോ എന്നു പറയാൻ മടിയില്ലാത്ത നായിക. മികച്ച സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്താൻ ഇഷ്ടപ്പെടുന്ന ഹണി റോസ് മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു.....
- ഹണി റോസ് എന്ന നായികയുടെ തിരിച്ചുവരവ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എങ്ങനെയാണെന്നാണ് കരുതുന്നത്?
നല്ല ഒരു ടീമിന്റെയൊപ്പം തിരിച്ചുവരാൻ കഴിഞ്ഞതു തന്നെയാണന്ന് ഞാൻ വിശ്വസിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിൽ നല്ല ഒരു കഥാപാത്രം തന്നെ കിട്ടി. ഇതുവരെ മലയാള സിനിമയിൽ വന്നിട്ടില്ലാത്ത കഥാപാത്രമാണ് എനിക്ക് കിട്ടിയത്. എനിക്ക് തോന്നുന്നു മലയാളികൾക്ക് അത്തരമൊരു കഥാപാത്രം സിനിമയിലും ജീവിതത്തിലും അപരിചിതമാകാം.
അവൾ വെൽ എജ്യൂക്കേറ്റഡ് ആണ് വളരെ ബോൾഡ് ആണ്, അവൾ അവളുടെ ലൈഫ് എൻജോയ് ചെയ്യാൻ നാട്ടിലേക്ക് വരുന്നതായാണ് ആ സിനിമ. അവൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് പോലും വളരെ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് എനിക്ക് വളരെ പ്രത്യേകതയായിത്തന്നെ തോന്നുന്നു. പിന്നെ അന്നുവരെ എന്നെ കണ്ടിരുന്ന ഒരു രൂപ ഭാവമേ അല്ല 'ധ്വനി നമ്പ്യാർന' എന്ന കഥാപാത്രത്തിന്. അതൊക്കെ എനിക്ക് പോസിറ്റീവ് ആയിത്തീർന്നു. മാത്രമല്ല, ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ഒരു പുതുമയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ എന്നെയും ശ്രദ്ധിച്ചു.
- ട്രിവാൻഡ്രം ലോഡ്ജ് തന്നെയാണോ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. ധ്വനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് എന്ത് തോന്നുന്നു?
അല്ല, 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ന' ഇറങ്ങിക്കഴിഞ്ഞ് എല്ലാവരും പറഞ്ഞു ഇതാണ് ഹണിയുടെ ഇതുവരെയുള്ള മികച്ച കഥാപാത്രം എന്ന്. ഞങ്ങൾ ഇങ്ങനെ ഒരു നടിയെയാണ് പ്രതീക്ഷിക്കുന്നത് എന്നൊക്കെ. ക്ലീറ്റസ് ഇറങ്ങിക്കഴിഞ്ഞ് കുറേപ്പേർ എന്നെ വിളിച്ചിരുന്നു. ഇന്നും പുറത്ത് പോകുമ്പോഴൊക്കെ ആളുകൾ ആ കഥാ പാത്രത്തെക്കുറിച്ചാണ് പറയാറുള്ളത്. ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തോന്നുന്നു, എല്ലാവർക്കും സുപരിചിതയായ ഒരു നാട്ടിൻ പുറത്തുകാരി. മമ്മൂക്കയുടെ സിനിമ എന്ന പേരിൽ വളരെ പ്രതീക്ഷയോടെയാകണം ആളുകൾ ആ സിനിമ കണ്ടത്. കൂടാതെ അതിലെ എന്റെ കഥാപാത്രം എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന ഒന്നായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് കണ്ട് ആളുകൾ വിളിച്ചതിനേക്കാൾ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടാണ് ആളുകൾ കൂടുതലും അഭിപ്രായം പറഞ്ഞത്. ശരിക്കും ക്ലീറ്റസിലെ കഥാപാത്രമാണ് ആളുകൾ കുറച്ചുകൂടി അംഗീകരിച്ചത്.
- ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലേക്ക് എത്തിയത് എങ്ങനെയാണ്?
ബെന്നിച്ചേട്ടനാണ് (ബെന്നി പി നായരമ്പലം) എന്നെ വിളിച്ചത്. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞു. ശരിക്കും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ്. അങ്ങനെ ജോയിൻ ചെയ്തു. പിന്നെ ആദ്യമായി സെറ്റിൽ ചെന്നപ്പോൾ പേടിയുണ്ടായിരുന്നു. എങ്ങിനെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുക എന്നൊക്കെയോർത്ത് ടെൻഷൻ ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ മാർത്താണ്ഡൻ സർ അദ്ദേഹവും പത്ത് പതിനാറു വർഷമായി ഇന്റസ്ട്രിയിൽ ഉള്ള ആളാണല്ലോ. എല്ലാവരും ഹെൽപ് ഫുൾ ആയിരുന്നു. അത് എന്റെ അഭിനയത്തിനും ഗുണം ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നു.
- മമ്മൂട്ടി എന്ന നടനിൽ ഹണി കണ്ടെത്തിയ പ്രത്യേകത എന്തായിരുന്നു?
ക്ലീറ്റസിൽ അദ്ദേഹത്തിനൊപ്പമായിരുന്നു എനിക്ക് കൂടുതൽ സീനുകൾ. എനിക്ക് കൂടെ അഭിനയിക്കാൻ ഉള്ളതിനേക്കാൾ ടെൻഷനുണ്ടിയിരുന്നു അദ്ദേഹത്തിനൊപ്പം ഞാൻ എത്ര കംഫർട്ടബിൾ ആകും എന്നോർത്ത് സംവിധായകന്. പക്ഷേ, അദ്ദേഹം മമ്മൂട്ടിയായിട്ടല്ല, ശരിക്കും ക്ലീറ്റസ് ആയിത്തന്നെയായിരുന്നു എന്റെ മുന്നിൽ നിന്നത്. അഭിനയത്തിൽ അത്രകണ്ട് ഇൻവോൾവ്ഡ് ആണ് അദ്ദേഹം. പിന്നെ ചില സീനുകളിൽ ഇങ്ങനെയല്ല അങ്ങനെ ചെയ്താലാകും ശരിയാകുക എന്നൊത്തെ എനിക്ക് പറഞ്ഞു തന്നിരുന്നു.
ശരിക്കും പെർഫോം ചെയ്യുകയാണ് എന്ന് തോന്നുന്നില്ല. പക്കാ ക്ലീറ്റസ് ആയി തന്നെ നിൽക്കുകയാണ് എന്നേ തോന്നിയിട്ടുള്ളൂ. അത്ര നാച്വറൽ ആയിരുന്നു അദ്ദേഹം. ഒരു അഭിനേതാവ് എന്ന നിലയിൽ മറ്റുള്ളവർക്ക് അദ്ദേഹത്തിനടുത്ത് നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.
- എങ്ങിനെയാണ് അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഇത്ര റിയൽ ആക്കാൻ ഹണിക്ക് കഴിയുന്നത്?
അത് ചിലപ്പോൾ ദൈവാനുഗ്രഹം ആയിരിക്കാം. പിന്നെ ഒരു കഥാപാത്രം എനിക്ക് കിട്ടുമ്പോൾ അത് മാക്‌സിമം നന്നാക്കാൻ എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്യാറുണ്ട്. കാരണം ഞാൻ അഭിനയത്തെ അത്ര ഇഷ്ടപ്പെടുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ അഭിനയിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യവും സ്വപ്നവും എല്ലാം. അഭിനയത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. കുറച്ചു സമയത്തെപണിയാണ് അത്. ആ സമയം അത് എത്ര നന്നാകുന്നുവോ അതായിരിക്കും പിന്നീട് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ഓരോ സിനിമയും യൂണിക് ആണ് എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഇത്തവണ ഞാൻ ചെയ്തില്ല, അടുത്ത സിനിമയിൽ കുറച്ച് കൂടി ശരിയാക്കാം എന്ന് നമുക്ക് കരുതാൻ കഴിയില്ല. പിന്നെ സിനിമകൾ വരുമ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സാമ്യതയില്ലാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
- ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രത്തിനോട് സാമ്യമുള്ള ഏതെങ്കിലും ആളുകളെ ഹണി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ ഇത്ര പെർഫെക്ട് ആയി മേക്ക് ഓവർ ചെയ്യാൻ കഴിഞ്ഞു?
ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ചിലപ്പോൾ രൂപത്തിലും ഭാവത്തിലും വ്യത്യസ്തയായിരിക്കും. പക്ഷേ, അവളുടെ മെന്റാലിറ്റിയുള്ള ഒത്തിരി പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ടാകാം. സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രമായി ജീവിക്കുന്ന തന്റെ ജീവിതത്തെ വളരെ പക്വമായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പെൺകുട്ടി. ആ കഥാപാത്രത്തിന് ചില നെഗറ്റീവ് സൈഡുകൾ ഉണ്ടായിരിക്കാം. പക്ഷെ, നമ്മുടെ നാട്ടിലെ പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട ഒരുപാട് പോസിറ്റീവ് സൈഡുകൾ ആ കഥാപാത്രത്തിനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവളുടെ ഒരു ബോൾഡ്‌നസ്സ്, മാറി നിൽക്കാൻ ഒരാളുടെ അടുത്ത് പറയണമെങ്കിൽ അവളത് പറയും. നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്ക് പലപ്പോഴും അതിന് കഴിയണമെന്നില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കും അല്ലെങ്കിൽ പ്രതികരിച്ചാൽ ഉണ്ടായേക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ചായിരിക്കും അവർക്ക് ചിന്ത. അങ്ങനെ പറയാൻ എനിക്ക് വലിയ മടിയൊന്നുമില്ല. മാറി നിൽക്കാൻ പറയേണ്ടവരോട് ഞാൻ അങ്ങിനതന്നെ പറയും. അതുകൊണ്ട് തന്നെ ധ്വനി എന്ന കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ എനിക്ക് വലിയ പാടൊന്നും വന്നില്ല.
- അപ്പോൾ ധ്വനി എന്ന കഥാപാത്രത്തെപ്പോലെയാണോ ഹണി?
ഞാൻ ധ്വനിയൊന്നുമല്ല. പക്ഷേ, ഞാൻ അത്യാവശ്യം ബോൾഡ് ഒക്കെത്തന്നെയാണ്. എന്റെ കാര്യത്തിൽ ഇപ്പോൾ നമുക്ക് എന്തെങ്കിലും പ്രശ്‌നം വരുന്ന കാര്യമാണെങ്കിൽ നോ എന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല.
- ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിച്ച ശേഷം എന്തെങ്കിലും മോശം പരാമർശങ്ങൾ നേരിട്ടിട്ടുണ്ടോ?
ഇല്ല. ഇനിയിപ്പോൾ അങ്ങിനെ മറ്റുള്ളവരുടെ ഉള്ളിൽ ഉണ്ടെങ്കിൽ തന്നെ ആരും എന്നോട് പ്രകടിപ്പിച്ചിട്ടില്ല. അതൊരു കഥാപാത്രം മാത്രമാണ്. ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ ഞാൻ ചിലപ്പോൾ ആ കഥാപാത്രം ആവശ്യപ്പെടുന്ന ഡയലോഗുകൾ പറഞ്ഞിട്ടുണ്ടാകാം. സീനുകളാകാം കഥാപാത്രത്തിന് വേണ്ടി അതും നമ്മൾ ചെയ്യുന്നു അത്രമാത്രമേയുള്ളൂ.
- അരുൺകുമാർ അരവിന്ദ് എന്ന സംവിധായകനൊത്തുള്ള പുതിയ ചിത്രം?
അത് ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്. ഒരുപാട് നിഗൂഢതകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. വൺ ബൈടു എന്ന ആചിത്രത്തിന് അതുകൊണ്ടു തന്നെ ഒരുപാട് പ്രത്യേകതയുണ്ട്. നല്ല ഒരു ടീമാണ്. അതുകൊണ്ട് തന്നെ നല്ല ഒരു സിനിമയാകും എന്ന് പ്രതീക്ഷിക്കുന്നത്.
- അഞ്ചുസുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഫഹദിനൊപ്പം വൺ ബൈ ടു എന്ത് തോന്നുന്നു?
ഫഹദ് സിനിമയിലുണ്ടെങ്കിലും മുരളിച്ചേട്ടനുമായി (മുരളി ഗോപി) എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉള്ളത്. വളരെ കംഫർട്ടബിൾ ആയി അഭിനയിക്കാൻ കഴിഞ്ഞു എനിക്ക്. നമ്മളെ ഒത്തിരി സഹായിക്കും അദ്ദേഹം. വളരെ ഡെഡിക്കേറ്റഡ് ആയ ഒരു നടനാണദ്ദേഹം. വളരെ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിൽ. എത്ര ഹാർഡ് വർക്ക് ചെയ്തും കഥാപാത്രത്തെ നന്നാക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ് മുരളി ഗോപി എന്ന നടൻ. ഞാൻ അഭിനയിക്കാൻ ആദ്യം സെറ്റിൽ ചെല്ലുന്നതിന് മുമ്പു മനസ്സിൽ കരുതിയത് വളരെ സീരിയസ് ആയ ഒരാളാകും അദ്ദേഹമെന്നാണ്. എന്നാൽ ഒരുപാട് തമാശകളൊക്കെ പറയുന്ന എല്ലാവരോടും സംസാരിക്കുന്ന ഒരുപാവം മനുഷ്യനാണ് അദ്ദേഹം.
- ഫെയിസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമാണോ?
ഇല്ല, പക്ഷേ, എന്റെ പേരിൽ ഒരുപാട് ഫെയ്ക്ക് ഐഡികളുണ്ട്. കാരണം എന്നോട് പലരും പറയാറുണ്ട്. ഞാനാണെന്ന് കരുതി അവർ ഹണി റോസ് എന്ന ഫെയ്‌സ് ബുക്ക് കഥാപാത്രത്തെ ഫ്രണ്ടാക്കിയെന്ന്. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നാമത് ഫെയ്‌സ്ബുക്ക് ഒന്നും ഉപയോഗിക്കാൻ സമയമില്ല, താത്പര്യവുമില്ല. നമുക്ക് പരിചയമില്ലാത്ത കുറേ സുഹൃത്തുക്കൾ നമുക്ക് പരിചയമില്ലാത്തവരുടെ അനാവശ്യമായ ഇടപെടലുകൾ ഇതൊന്നും ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. എന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ ഉള്ളത് ഞാനേ അല്ല...