കോഴിക്കോട്: കോഴിക്കോട് ഡൗൺ ടൗൺ റെസ്‌റ്റോറന്റിൽ അനാശാസ്യം നടക്കുന്നെന്ന ജയ്ഹിന്ദ് ടിവിയുടെ റിപ്പോർട്ടും പിന്നാലെ യുവമോർച്ച പ്രവർത്തകരെത്തി ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുവമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു വിഭാഗം യുവാക്കൾ ചുംബന സമരവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ചുംബനത്തിന്റെ പേരിൽ ഹോട്ടൽ അടിച്ച് തകർത്തതിന്റെ രാഷ്ട്രീയം ഫാസിസത്തിന്റെ മൂർത്തമായ ഭാവമായാണ് കേരളീയ പൊതു സമൂഹം പൊതുവെ വിലയിരുത്തിയത്. കോൺഗ്രസ് നേതാക്കൾ പോലും ഈ റിപ്പോർട്ടിനെ അപലപിക്കുകയും ചെയ്തിരുന്നു. അയല് സംസ്ഥാനമായ കർണ്ണാടകത്തിലെ മംഗലാപുരത്ത് സംഘപരിവാറിന്റെ ശ്രീറാം സേന വഴിയരികിലൂടെ പോകുന്ന ആണിനേയും പെണ്ണിനേയും സദാചാരത്തിന്റെ പേരിൽ കടന്നാക്രമിച്ചതിന്റെ തുടർച്ചയായിപോലും കോഴിക്കോട് സംഭവത്തെ പലരും കണ്ടു.

കേന്ദ്രഭരണത്തിന്റെ മറപറ്റി ഹൈന്ദവ രാഷ്ട്രീയം നടപ്പാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് കോഴിക്കോട് നടക്കുന്നതെന്ന ആരോപണവുമായി ഇടത്-വലത് യുവജനനേതാക്കൾ രംഗത്ത് വരികയുണ്ടായി. ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം ജയ്ഹിന്ദ് ചാനലിലൂടെ പുറത്ത് വന്ന വാർത്തയിലൂടെയായിരുന്നു. ചാനലിന്റെ കോഴിക്കോട് റിപ്പോർട്ടറായ ധനിത് ലാൽ എസ്. നമ്പ്യാർ എന്ന മാദ്ധ്യമ പ്രവർത്തകനാണ് ഹോട്ടലിലെ അനാശാസ്യമെന്ന പേരിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. സദാചാര പൊലീസിംഗിനെതിരെ നവമാദ്ധ്യമങ്ങളിലൂടെ യുവജനങ്ങളെമ്പാടും പ്രതിഷേധിക്കുമ്പോഴും ഫെയ്‌സ് ബുക്ക് പ്രതിഷേധം കിസ് ഓഫ് ലവ് എന്ന പേരിൽ തെരുവിലേക്ക് വ്യാപിക്കുമ്പോഴും തങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്ന വിമർശനത്തോടെ ധനിത് ലാൽ എസ്. നമ്പ്യർ പങ്കുവച്ചത്. വിഷയത്തിൽ തങ്ങൾക്കും പറയാനുണ്ടെന്നാണ് ധനിത് ലാലിന്റെ പക്ഷം. അനാശാസ്യമെന്ന വാർത്ത റിപ്പോർട്ട് ചെയ്തതും അതിലേക്ക് നയിച്ച സംഭവങ്ങളും ധനിത്‌ലാൽ മറുനാടൻ മലയാളിയോട് വിശദീകരിക്കുന്നു...

കേരളമിന്നേറെ ചർച്ചചെയ്യപ്പെടുന്ന ചുംബന വിവാദം ഉയർത്തി വിട്ടത് താനും ജയ്ഹിന്ദ് ചാനലുമാണ് എന്ന കാര്യം ഓർമ്മപ്പെത്തിയാണ് ധനിത് ലാൽ എസ്. നമ്പ്യാർ പറഞ്ഞു തുടങ്ങിയത്. ഈ വിഷയത്തെ കേവലമൊരു ചുംബന വിവാദം മാത്രമായി കാണരുത്. ഡൗൺ ടൗൺ ഹോട്ടലിന്റെ വർക്കിങ് ഏരിയയിൽ നടക്കുന്നത് കേവലം ചുംബനം മാത്രമല്ല. തനി അനാശാസ്യമാണെന്ന് ധനിത് മറുനാടൻ മലയാളിയോട് പറഞ്ഞു. 4 മാസത്തോളമായി താൻ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്. പലർക്കും കേട്ടു പരിചയമുള്ള ഡൗൺ ടൗൺ റസ്റ്റോറന്റിന്റെ തൊട്ടടുത്ത് തന്നെയാണ് ജയ്ഹിന്ദ് ടിവിയുടെ ബ്യൂറോയും പ്രവർത്തിക്കുന്നത്. രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ഓട്ടോ ഡ്രൈവറുടെ വായിൽ നിന്നാണ് ഇവിടെ ഇത്തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആദ്യമായി കേൾക്കുന്നത്. സമീപത്തെ ജീവൻ ടി.വിയിലെ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടു. നാലു പാടും 8 അടിയോളം ഉയരത്തിൽ മറച്ചിട്ടുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾക്കിടയിൽ നടക്കുന്ന കാഴ്‌ച്ച ജയ്ഹിന്ദ് ഓഫീസിന്റെ മുകളിൽ നിന്ന് നേരിട്ട് കാണാനും ഇടയായി.

ഇപ്പോഴും കേവലം ഒരു റസ്റ്റോറന്റിൽ അനാശാസ്യമെന്ന ഒരു സാധാരണ വാർത്തയായി താനിതിനെ കാണുന്നില്ല. ആദ്യമൊക്കെ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരെയാണ് ആ സാഹചര്യത്തിൽ കണ്ടിരുന്നെങ്കിൽ പിന്നീട് അത് 18 പോലും തികയാത്ത ആൺകുട്ടിയും പെൺകുട്ടിയുമായി ചുരുങ്ങി വന്നു. അതോടെ വിഷയം പൊതു ജനമധ്യത്തിൽ വാർത്തയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ പറയുമ്പോൾ കേവലം ഒരു സദാചാര പ്രശ്‌നം മാത്രമായി വിഷയത്തെ ചുരുക്കിക്കാണാൻ കഴിയില്ലെന്നു കൂടി ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് ഉദ്ധരിച്ച് ധനിത് പറഞ്ഞ് വയ്ക്കുന്നു. ഹോട്ടലുകാരുടെ അനുമതിയോടെയണ് ഇത്തരത്തിൽ പാർക്കിങ് ഏരിയയിൽ അനാശാസ്യം നടക്കുന്നതെന്ന് വാർത്തയിൽ എവിടേയും പറയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഒളിക്യാമറയിൽ അന്യന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നുമുള്ള ആരോപണങ്ങളും പൂർണ്ണമായും ധനിത് ലാൽ എസ് നമ്പ്യാർ തള്ളിക്കളയുന്നു. വീഡിയോ മോർഫ് ചെയ്തതല്ലെന്ന് ആർക്കു വേണമങ്കിലും പരിശോധിച്ച് ബോധ്യപ്പെടാം. വാർത്ത പുറത്ത് വന്നതിന് ശേഷം യുവമോർച്ച് ഹോട്ടലിലേക്ക് പ്രതിഷേധം നടത്തുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു മാദ്ധ്യമ പ്രവർത്തകരെ നേരിൽ വിളിച്ച യുവമോർച്ച നേതാക്കൾ ജയ്ഹിന്ദ് ടി.വിയെ വിവരം അറിയിച്ചിരുന്നില്ല. യുവമോർച്ചയുടെ പ്രതിഷേധരീതി അപലപനീയമാണെന്നും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ലെന്നും ധനിത് ലാൽ പറയുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷമാണ് തനിക്കും ചാനലിനും എതിരെ കൃത്യമായ ഗൂഡാലോചന നടന്നത്. ഇതിൽ ഏഷ്യാനെറ്റിലെ ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമുണ്ട്.

ഡൗൺ ടൗൺ ഹോട്ടലിന്റെ 6 പാർട്ണർമാരിൽ ഒരാളുടെ ബന്ധു കൂടിയായ ഇയാൾ ഇടപ്പെട്ടാണ് മറ്റു മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും തങ്ങൾക്കെതിരാക്കി മാറ്റിയത്. കപടസദാചാരവാദികളുടെ പൗരാവകാശത്തിന് മേലുള്ള കടന്ന് കയ്യേറ്റമായും സദാചാര പൊലീസിന്റെ അക്രമമായുംവാർത്തയെ ഗതിമാറ്റി വിടാനും ഈ ഗൂഡാലോചനക്കായി. ഈ മാദ്ധ്യമ പ്രവർത്തകന്റെ പിന്തുണയും ബുദ്ധിയുമാണ് പിന്നീട് നടന്ന ഉടമകളുടെ വാർത്താസമ്മേളനം. വിഷയത്തെ ഹിന്ദുമുസ്ലിം പ്രശ്‌നമായിപ്പോലും വ്യഖ്യാനിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഭരണ പ്രതിപക്ഷഭേതമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബന്ധമുള്ളതിനാലും പൊലീസിന്റെയും ഭരണ സംവിധാനത്തിന്റേയും കടുത്ത പിന്തുണയുള്ളതിനാലുമാണ് ഡൗൺടൗൺ ഇപ്പോഴും ഇതുപോലെ പ്രവർത്തിക്കുന്നത്.

ഇപ്പോൾ അക്രമസമരത്തിനും സദാചാര പൊലീസിംഗിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ ഫെബ്രുവരി മാസത്തിൽ അനാശാസ്യമാരോപിച്ച കോഴിക്കോട്ടെ ലോഡ്ജ് അടിച്ചു തകർത്തതെന്തിനെന്ന് ധനിത് ചോദിക്കുന്നു. വിഷയം സദാചാര പൊലീസിനെതിരാക്കി മാറ്റി ചുംബനത്തിനും ആണിനും പെണ്ണിനും അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയതും ഹോട്ടലുടമകളുടെ ബുദ്ധിയാണ് കിസ് ഓഫ് ലവ് എന്ന സംഘടനയ്ക്ക് പിന്നിൽ അരാജക വാദികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയം ഇത്രഗുരുതരമായിട്ടും വാർത്തയിൽ നിന്ന് പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്നും ധനിത് പറയുന്നു. വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനകൾ വാർത്തയിലൂടെ നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ധനിത് ലാൽ എസ്. നമ്പ്യാർ കൂട്ടിച്ചേർത്തു.