മറുനാടൻ മലയാളിക്ക് വേണ്ടി റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാരൻ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുമായി നടത്തിയ അഭിമുഖം തുടരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചും സമരങ്ങളോട് താൻ പുലർത്തുന്ന നിലപാടുകളെക്കുറിച്ചും ചിറ്റലപ്പള്ളി തുറന്നുപറയുന്നു.

  • തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?

എന്നല്ല. പക്ഷേ, അടിസ്ഥാനവർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരുടെ ഒക്കെ മക്കൾ എവിടെയാണ് പഠിക്കുന്നതെന്ന് നോക്കൂ. അവരെല്ലാം വിദേശത്താണ്. എന്നിട്ട് കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടു ചോറ് മാന്തിക്കുന്നത് മാതിരി സാധാരണ സ്‌കൂളിലും കോളേജിലും അടിപിടിയും ബഹളവും. കെഎസ് യു, എസ്എഫ്‌ഐ എന്നീ പേരുകളിൽ കുട്ടികളെ തമ്മിലടിപ്പിക്കുകയാണിവിടെ. ഇതിന് ഒരുമാറ്റം വരേണ്ടേ?

  • വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം എന്നാണോ?

യാഥാർത്ഥ്യങ്ങൾ മനസിലാക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ. വിദ്യാർത്ഥി രാഷ്ട്രീയമൊക്കെ നല്ലത് തന്നെ. അക്രമരാഷ്ട്രീയമാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പഠിപ്പിച്ച് കൊടുക്കുന്നതെന്നേ പറഞ്ഞുള്ളൂ.

  • ഇനി സന്ധ്യയെക്കുറിച്ച്? ആരാണ് വീട്ടമ്മ സന്ധ്യക്ക് പാരിതോഷികം നൽകാൻ പ്രേരിപ്പിച്ചത്?

കേരളത്തിൽ ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ അടിക്കടിയുണ്ടാകുന്ന ഹർത്താലിലും വഴിതടയൽ സമരങ്ങളിലും ഞാൻ രോഷാകുലനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബിസിനസിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കേരളത്തിലുള്ളത്. ബാക്കിയെല്ലാം പുറത്താണ്. ഇവിടെ ഹർത്താൽ വന്നാലും എനിക്ക് കാര്യമായ നഷ്ടം സംഭവിക്കില്ല. പക്ഷേ, ഒരു ചെറിയ തൊഴിലുടമയെ, ഒരു ചെറിയ ഷട്ടർ കടയുള്ളവനെ, ഒരു ദിവസവേതനക്കാരനെ, അത് കാര്യമായി ബാധിക്കും. അങ്ങിനെ രോഷം അണപൊട്ടി നിൽക്കുമ്പോഴാണ് സന്ധ്യ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് കടന്നുവരുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മൊത്തം രോഷമാണ് സന്ധ്യ അവിടെ പ്രകടിപ്പിച്ചത്.

അന്ന് അവിടെ നിന്നിരുന്ന നേതാക്കന്മാർ ചില്ലറക്കാരല്ല. സന്ധ്യയ്ക്ക് ചിലപ്പോൾ അവരാരാണെന്ന് അറിയില്ലായിരിക്കും. പക്ഷേ, ഒരു സാധാരണക്കാരിയുടെ മുമ്പിൽ ആദ്യമായി ആ നേതാക്കൾ പതറുന്നത് ഞാൻ കണ്ടു. അവരുടെ മുഖം ഒന്ന് റിപ്ലേ ചെയ്ത് കണ്ടാൽ അറിയാം. അവർ ആകെ ചമ്മി നാറിപ്പോയി. ഇതു കണ്ടപ്പോൾ എനിക്കൊരു സന്തോഷം തോന്നി. പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടായല്ലോ എന്ന അഭിമാനമാണ് എനിക്കപ്പോഴുണ്ടായത്. തീർച്ചയായും അവരെ അഭിനന്ദിക്കണമെന്ന് തോന്നി. അപ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 100 രൂപ സമ്മാനം കൊടുത്ത് അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ് ഒരു കാര്യവുമില്ല. കാശിന് കാശ് തന്നെ വേണം. പണ്ടൊക്കെ 25000 രൂപ ക്യാഷ് അവാർഡ് ആയിരുന്നു അതിനൊന്നും ഇപ്പോൾ ഒരു വിലയുമില്ല. കൊടുക്കുമ്പോൾ കാര്യമായിട്ട് കൊടുക്കണം. നാട്ടിൽ ഒരു ചലനമുണ്ടാകണം, അതൊരു പ്രതീകമാകണം എന്നാണ് എന്റെ പക്ഷം, അതുകൊണ്ട് തന്നെയാണ് 5 ലക്ഷം സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അപ്പോൾ എന്നോട് എന്റെ ചില സുഹൃത്തുക്കൾ എല്ലാം ചോദിച്ചു. ഞങ്ങൾ ഇതുപോലെ പ്രതികരിക്കാൻ തയ്യാറാണ്. ഞങ്ങൾക്കും ഈ അഞ്ച് ലക്ഷം തരുമോ എന്നൊക്കെ. ഞാൻ പറഞ്ഞു നിങ്ങൾ പ്രതികരിച്ചോളൂ അപ്പോൾ എനിക്ക് ആ കാശ് ആശുപത്രി ചെലവിലേക്ക് തരേണ്ടി വരും എന്ന്. സന്ധ്യ ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് അന്ന് അവർ വെറുതെ വിട്ടതെന്ന്.

  • ജസീറയ്ക്കും താങ്കൾ പാരിതോഷികം പ്രഖ്യാപിച്ചല്ലോ? ആ സമരത്തെക്കുറിച്ച് വല്ലതും മനസ്സിലാക്കിയാണോ അങ്ങിനെ ചെയ്തത്?

സത്യത്തിൽ ജസീറയുടെ സമരത്തെക്കുറിച്ച് ഞാൻ അത്ര സ്റ്റഡി ചെയ്തിരുന്നില്ല. മനോരമയിൽ ഫ്രണ്ട് പേജിൽ ഒരു ആർട്ടിക്കിൾ വന്നിരുന്നു. പിന്നെ ചാനലുകളിൽ ജസീറയുടെ സമരത്തെക്കുറിച്ചുള്ള ചർച്ചകൾ കണ്ടിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ ജസീറക്കല്ല ഞാൻ പണം കൊടുത്തത്. അവരുടെ മൂന്ന് കുട്ടികളുണ്ടല്ലോ. പഠിപ്പ് മുടക്കിയിരിക്കുന്ന അവർക്കാണ് ഞാൻ പാരിതോഷികം കൊടുത്തത്. ഞാൻ പ്രഖ്യാപനം നടത്തിയതിന് ശേഷം വേറെ എത്രയോ പേർ കുട്ടികളുടെ പൂർണ്ണമായ ചെലവും ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ് മുന്നോട്ട് വന്നതായാണറിഞ്ഞത്. അപ്പോൾ എന്റേത് ഒരു തുടക്കമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇനി ഇതുപോലെ എല്ലാവർക്കും കൊടുക്കാമോ എന്ന് ചോദിച്ചാൽ എനിക്ക് തോന്നണം എന്നാണ് മറുപടി.

  • ജസീറയുടെ സമരം ന്യായമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഞാൻ അവരോട് തന്നെ ചോദിച്ചു. കുട്ടികളുടെ പഠിപ്പ് മുടക്കി എന്തിനാണ് ഒറ്റയ്ക്ക് പോയി സമരം ചെയ്യുന്നത് എന്നൊക്കെ. ആ സമരത്തെ എത്രത്തോളം ന്യായീകരിക്കാമെന്ന് എനിക്കിപ്പോഴും അറിയില്ല. ആ സ്ത്രീയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നെനെിക്കറിയില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം നിയമങ്ങൾ ധാരാളമുണ്ട് അത് നടപ്പാകുന്നില്ല എന്നതാണ് സത്യം . അതുകൊണ്ടായിരിക്കണം അവർ ഇപ്പോഴും സമരം ചെയ്യുന്നതെന്ന് തോന്നുന്നു.

  • ഇത്തരത്തിലുള്ള ജനകീയ സമരങ്ങളോട് സർക്കാർ മുഖം തിരിച്ച് നിൽക്കുകയല്ലേ?

വേറെ ഒരു ഭാഗത്ത് നിന്ന് ചിന്തിച്ചാൽ മണൽവേണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്. കൺസ്ട്രക്ഷൻ നടക്കണമെങ്കിൽ മണൽ വേണ്ടേ? എനിക്ക് ഉത്തരമില്ല. ഇതെല്ലാം നമ്മുടെ പ്ലാനിങ്ങിൽ വരുന്ന പരിമിതിയാണ്. ഇവിടെ ഇപ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയാണുള്ളത്. നാട്ടിൽ കുറെ നിയമങ്ങളുണ്ട്. എന്നാലും നിങ്ങൾക്ക് മണൽ വേണമെങ്കിൽ കിട്ടാനുള്ള സൗകര്യമുണ്ട്. പിടിപാടുള്ളവന് എന്തുമാകാം അല്ലാത്തവന്റെ കാര്യം കട്ടപ്പൊക.

അതിന്റെ ഒരു ഫ്രസ്‌ട്രേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായുയരുന്ന സമരങ്ങളെ ഭരണകൂടം പരിഗണിക്കുന്നില്ല എന്നത് വാസ്തവം തന്നെയാണ്.

  • ഇതെല്ലാം താങ്കൾ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്ന് ആരോപണമുണ്ടല്ലോ?

പണ്ടൊരു കയറ്റിറക്ക് പ്രശ്‌നം വന്നു. നിങ്ങൾ നോക്കൂ, നിയമം നൂറ് ശതമാനം എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഞാനെനെ്തിന് പേടിക്കണം? അന്നുണ്ടായത് ഒരു വൈകാരികമായ പ്രശ്‌നമായിരുന്നു. യൂണിയൻകാർ വന്ന് എന്റെ ഒരു ജീവനക്കാരനെ തല്ലി. അതായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. എന്നെ അടിച്ചതിന് തുല്യമാണ്, എന്റെ സ്റ്റോർ കീപ്പറെ അടിച്ചത. എന്നാൽ പിന്നെ കണ്ട് കളയാം എന്ന് കരുതിയാണ് ഞാൻ അവിടെത്തിയത്. അതിനു ശേഷം നോക്കുകൂലി ചോദിക്കൽ ഒക്കെക്കുറഞ്ഞു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ, അതൊരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല.

  • അതിന് ശേഷം ഉയർന്ന ആരോപണത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്? താങ്കൾ അവയവദാനം ഉൾപ്പെടെ നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു എന്ന ആരോപണം.

നിർഭാഗ്യവശാൽ അത് സിഐടിയു ആയെന്ന് മാത്രം. ഐഎൻടിയുസി ആയാലും ഇത് തന്നെ ചെയ്യും. ബിഎംഎസ് ആണെങ്കിലും ഇതു തന്നെയാകുമായിരുന്നു അവസ്ഥ. ഒരു കൊടിയുടെ നിറം നോക്കിയല്ല ചെയ്തത്. അതിന് ശേഷം ഞാൻ കിഡ്‌നി ദിനം ചെയ്തിട്ടില്ല, എന്നെ സ്‌കാൻ ചെയ്ത് നോക്കണം എന്ന തരത്തിലൊക്കെ ആവശ്യം ഉയർന്നു. അതിനോടൊന്നും ഞാൻ പ്രതികരിച്ചില്ല. അതൊന്നും എനിക്ക് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.

  • താങ്കൾക്കെതിരെ ഉയർന്ന മറ്റൊരാരോപണം ടാക്‌സ് വെട്ടിച്ചു എന്നതരത്തിലാണ്?

അത് എന്റെയും ശ്രദ്ധയില്പെട്ടിരുന്നു. വണ്ടർലായിൽ ടാക്‌സ് കുറച്ചേ അടക്കുന്നുള്ളൂവെന്ന്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കൃത്യമായ ടാക്‌സ് അടച്ച് ബാക്കിയുള്ള ലാഭം മതിയെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഈ വണ്ടർലായിൽ ഒരു ഡിമാന്റ് നോട്ടീസോ ഒരു ഷോക്കോസ് നോട്ടീസോ ഇതുവരെ കിട്ടിയിട്ടില്ല. നിങ്ങൾ അന്വേഷിച്ച് നോക്കൂ. വേറൊരു അമ്യൂസ്‌മെന്റ് പാർക്ക് നടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് കാണണം. തീർച്ചയായും ഏതെങ്കിലും വിധത്തിൽ തേജോവധം ചെയ്യാനാണെന്നാണ് ഞാൻ കരുതുന്നത്.

  • വിജേഷ് വിജയനെക്കുറിച്ച്?

ഞങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ഒരു ആക്‌സിഡന്റ് ഉണ്ടായി അവർ ഞങ്ങൾക്കെതിരായി കേസ് കൊടുത്തു. രണ്ടടി മാത്രം താഴ്ചയുള്ള ഒരു പൂളിലേക്ക് എടുത്ത് ചാടി. അങ്ങിനെ ചാടിയാൽ എനിക്കെന്ത് ചെയ്യാൻ പറ്റും? തുടക്കത്തിൽ ആ ട്രീറ്റ്‌മെന്റിന്റെ എക്‌സ്‌പെന്റിച്ചർ വഹിച്ചിരുന്നു. 60,000 രൂപയും കൊടുത്തു. എന്നിട്ടും കേസ് കൊടുക്കുകയാണ് അവർ ചെയ്തത്. അപ്പോഴാണ് സഹായം നിർത്തിവച്ചത്. കഴുത്തിന് കത്തിവച്ചാൽ ഞാൻ ആർക്കും സഹായം നൽകാറില്ല.

  • പക്ഷേ, വിജേഷ് ഉന്നയിക്കുന്നത് ഇതൊന്നുമല്ല. വീഗാലാന്റിൽ അന്ന് ചികിത്സ നൽകാൻ ഒരു ഡോക്ടറുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല എന്നൊക്കെയാണ്?

ഡോക്ടറുടെ ആവശ്യം അമ്യൂസ്‌മെന്റ് പാർക്കിൽ ഇല്ല. അങ്ങിനെ നിയമം പറയുന്നില്ല. അങ്ങിനെയാണെങ്കിൽ ലുലു മാളിൽ ഡോക്ടറെ നിയമിച്ചിട്ടുണ്ടോ? ഇത്രയധികം ആളുകൾ വന്ന് പോകുന്ന എറണാകുളം കളക്ടറേറ്റിൽ ഡോക്ടറുണ്ടോ? അവിടുന്നൊക്കെ ആളുകൾ എടുത്ത് ചാടിക്കൂടേ? നിയമം അനുസരിച്ചല്ലേ ചെയ്യേണ്ടതുള്ളൂ. പോട്ടെ സിപിഐ(എം) നടത്തുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ ഡോക്ടറുണ്ടോ? വണ്ടർലായിൽ ക്വാളിഫൈഡ് നഴ്‌സുണ്ട്. പ്രാഥമിക ചികിത്സാ സംവിധാനങ്ങളുണ്ട്.

  • ഇടയ്ക്ക് ധാരാളമായി പരസ്യം ചെയ്തിരുന്ന വി സ്റ്റാർ ചുഡീദാറുകൾ ഇന്നു വിപണിയിലില്ല. എന്തായിരുന്നു, ഇവയുടെ നിർമ്മാണം നിർത്തിവച്ചത്?

ബൾക്ക് പ്രൊഡക്ഷനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന പ്രശ്‌നം, ഒരു കാരണവശാലും നഷ്ടത്തിലായതുകൊണ്ടല്ല, നിർത്തിയത്. മാറിവരുന്ന ഫാഷനനുസരിച്ച് ചുഡീദാർ നിർമ്മിച്ചുകൊടുക്കുന്നതിലുള്ള പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായിരുന്നു. നിലവിൽ ഇന്നർവെയർ മാത്രമാണ് വിപണിയിലുള്ളത്.

  • താങ്കൾക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള രാഷ്ട്രീയ നേതാവാരാണ്? ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവാരാണ്?

എനിക്ക് ഒരുപാട് രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ട്. എല്ലാവരോടും എനിക്ക് ബഹുമാനമാണ്. ആശയങ്ങളോടാണ് എനിക്ക് എതിർപ്പ്. വ്യക്തികളോടല്ല. പലരും സംഭാവന ചോദിച്ച് വരാറുണ്ട്. മിക്കവർക്കും കൊടുക്കാറുണ്ട്. അതിന്റെ രേഖകൾ ഇവിടെയുണ്ടാകും. അധികം ഒന്നും ചോദിക്കാറില്ല. കാരണം ഞാൻ ഇവരുടെ അടുത്ത് ഒരാവശ്യവുമായി പോയിട്ടില്ല. അനധികൃതമായി ഒന്നും എനിക്ക് വേണ്ട. അതാണെന്റെ പോളിസി.

  • അവസാനമായി ഒരു ചോദ്യം കൂടി. പ്രകൃതി വിഭവങ്ങൾ നാളേക്ക് കൂടി കാത്ത് സൂക്ഷിക്കണം എന്ന് പറയുന്ന ഒരാളാണ് താങ്കൾ. വണ്ടർലാ പോലുള്ള അമ്യൂസ്‌മെന്റ് പാർക്കുകൾ ഒരർത്ഥത്തിൽ പറഞ്ഞാൽ വൈദ്യുതി ദുർവിനിയോഗം നടത്തുകയല്ലേ?

ഒരു മൊട്ടക്കുന്ന് പോലൊരു സ്ഥലത്ത് എത്രമരം ഞാൻ വച്ച് പിടിപ്പിച്ചു. പോട്ടെ, ഈ കെട്ടിടത്തിൽ എത്ര ചെടികൾ നട്ടുവളർത്തിയെന്ന് നോക്ക്. നമ്മൾ തത്വം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യന്റെ ആവശ്യത്തിനാണ് ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നത്. അല്ലാതെ വരട്ടുവാദം പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല. വിനോദം നമുക്ക് ആവശ്യമാണ്. അങ്ങിനെയാണെങ്കിൽ ഈ പാർട്ടി നടത്തുന്ന പാർക്കിൽ കറണ്ട് ഉപയോഗിക്കുന്നില്ലേ? അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയെന്തിനാ പാർക്ക് നടത്തുന്നത്?

സമയമായെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നെ ഓർമ്മിപ്പിച്ചു. അരമണിക്കൂറാണ് അദ്ദേഹം സമയം തന്നത്. ഇപ്പോൾ ഒരു മണിക്കൂറോളം ആയി. ചിറ്റിലപ്പിള്ളിക്ക് നന്ദി പറഞ്ഞ് ഞാൻ ആ കോർപ്പറേറ്റ് ഓഫീസിൽ നിന്നിറങ്ങി.