കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ ചരിത്രപ്രധാന വിധി ലിംഗ സമത്വം ഉറപ്പുവരുത്തുന്ന വിധിയെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ എംഎൻ കാരശ്ശേരി. സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കോടതി വിധി വരുന്നത് വരെ കാത്തിരിക്കരുതെന്നും സമുദായത്തിനകത്ത് തന്നെ അത്തരം മാറ്റങ്ങൾ വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ശബരിമലയിലെയും, മുസ്ലിം പള്ളികളിലെയും സ്ത്രീ പ്രവശേനവുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തിലെ കോടതി വിധി

കേരളത്തിൽ ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിനായി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവുമൊക്കെ അത്തരത്തിലുള്ളതാണ്. ഇതിന്റെയൊക്കെ ഭാഗമായി ആർക്കൊക്കെയാണോ ക്ഷേത്രവും അതിന്റ പരിസരവും നിഷിദ്ധമാക്കിയിരുന്നത് അവർക്ക് അതിനുള്ള അവകാശങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശബരിമല വിഷയത്തിലുണ്ടായിരിക്കുന്നത് അത്തരം സമരങ്ങളുടെ ഭാഗമായിട്ടുണ്ടായ അവകാശമോ സ്വാതന്ത്ര്യമോ അല്ല. ഇത് സുപ്രിം കോടതിയുടെ വിധിയാണ്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ പണ്ട് കാലത്തും ഇപ്പോഴും അനവധി അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഇന്നുള്ള ഒരു അനാചാരമാണ് ശബരിമലയിൽ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾക്കുള്ള വിലക്ക്. അതിനെതിരെ കേരളത്തിൽ ഇതുവരെ ഒരു പൗരാവകാശ സമരമോ, അനാചാര വിരുദ്ധ സമരമോ നടന്നിട്ടില്ല. പുതിയ കാലത്ത് അത്തരം സമരങ്ങളൊന്നും അത്ര എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ലതാനും. കാരണം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കൊണ്ട് നടക്കുന്നവർ വലിയൊരു വോട്ട് ബാങ്കാണ്. അതുകൊണ്ട് തന്നെ സുപ്രിം കോടതിയുടെ വിധിക്കൊപ്പം നിൽക്കുകയാണ് കേരളത്തിലെ പൗരാവകാശ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ചെയ്യേണ്ടത്.

മുസ്ലിം പള്ളിയിലെ സ്ത്രീപ്രവേശനം

ശബരിമല വിഷയം സംസാരിക്കുമ്പോൾ തന്നെ ഉയർന്നുവരുന്ന മറ്റൊരു പ്രധാന ചോദ്യമാണ് മുസ്ലിം പള്ളികളിലെ സ്ത്രീകളുടെ പ്രവേശനമെന്നത്. കേരളത്തിലെ മുജാഹിദ്, ജമാഅത്ത് പള്ളികളിലെല്ലാം തന്നെ ഇപ്പോൾ അതുണ്ട്. എന്നാൽ ഇവിടെ ഭൂരിപക്ഷം വരുന്ന സുന്നിപള്ളികളിൽ ഇത് സാധ്യമല്ല. അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്. അത് നേരത്തെ എതിർക്കപ്പെട്ടിട്ടുമുണ്ട്. അതിന്റെ ഭാഗമായി സമരങ്ങളുമുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒതായി എന്ന സ്ഥലത്താണ് കേരളത്തിൽ ആദ്യമായി ഒരു സ്ത്രീ വെള്ളിയാഴ്ചയിലെ കൂട്ടപ്രാർത്ഥനക്ക് പള്ളിയിൽ കയറുന്നത്. മറ്റു പള്ളികളിലും സ്ത്രീകൾക്ക് തീർച്ചയായും പ്രവേശനം വേണം. എന്നാൽ അത് കോടതി വിധിയിലൂടെയോ ഗവൺമെന്റ്് നിയമനിർമ്മാണം നടത്തുന്നതിലൂടെയോ വരുന്ന മാറ്റമാകരുത്. മറിച്ച് സാമൂഹിക പരിഷ്‌കരണത്തിലൂടെ തന്നെയുണ്ടാവണം. അത് മുസ്ലിം സമുദായത്തിനകത്ത് നടക്കുന്ന പരിഷ്‌കാരത്തിലൂടെ വേണം നടപ്പിലാകാൻ. അങ്ങനെയാകുമ്പോൾ ചെറുത്ത് നിൽപ്പ് കുറയും.

സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള വിധിയെ എതിർക്കാൻ രംഗത്തുള്ളതും സ്ത്രീകൾ തന്നെ

ശബരിമല വിഷയത്തിൽ സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള ഒരു സുപ്രധാന വിധിയെ എതിർക്കാൻ രംഗത്തുള്ളത് ഏറ്റവും അധികം സ്ത്രീകളാണ് എന്നത് വലിയ കഷ്ടമാണ്. ജനാധിപത്യത്തിന്റെ ഒരാപത്താണിത്. ജനങ്ങളെ ജനങ്ങൾക്കെതിരെ ഉപയോഗിക്കാൻ കഴിയും എന്നതാണിത്. അത് തന്നെയാണ് ഇവിടെ നടക്കുന്നത്. കേരളത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതായി എന്നതും ആധുനിക, ശാസ്ത്രീയ വിദ്യാഭ്യാസം നേടിയ ജനതയാണിതെന്നതുമൊക്കെ വറും തോന്നലുകൾ മാത്രമാകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും സാധാരണക്കാരുമെല്ലാം ലിംഗസമത്വത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്.

ഇവിടുത്തെ ജാതിപാരമ്പര്യമനുസരിച്ച് ജാതിയിൽ താഴ്ന്നവരെന്ന് നേരത്തെ കണക്കാക്കിയിരുന്ന വിഭാഗത്തെ ഇവിടുത്തെ സവർണർ കണ്ടിരുന്നത് ഇവരൊക്കെ അഴുക്കാണ് എന്ന നിലയിലായിരുന്നു. അതേ നിലപാടാണ് ഇപ്പോൾ സ്ത്രീകളുടെ കാര്യത്തിലുമുണ്ടായിരിക്കുന്നത്. സ്ത്രീകളെല്ലാം അഴുക്കാണെന്നാണ് ഇവർ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വോട്ട് ബാങ്കുകളെ പേടിക്കാതെ ഇവിടുത്തെ രാഷ്്ട്രീയ നേതൃത്വം ഇത്തരം അശുദ്ധി, അഴുക്ക് ചിന്തകളെല്ലാം കാലഹരണപ്പെട്ടതാണെന്ന് തിരിച്ചറിയണം. ജാതി മത ചിന്തകൾക്കതീതമായി സമത്വത്തിനും ലിംഗനീതിക്കും വേണ്ടി എല്ലാവരും നിലകൊള്ളണം. അപ്പോൾ മാത്രമേ അതിനെ പൗരാവകാശം എന്നും ജനാധിപത്യം എന്നും വിളിക്കാനാകൂ.