- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിപ്പിക്കേണ്ട, പോരാട്ടം തുടരും..! ഫേസ്‌ബുക്കിൽ എഴുതിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; മുസ്ലിം മതപൗരോഹിത്യം സ്ത്രീയെ കാണുന്നത് ശരീരമായി മാത്രം; മദ്രസാ പീഡനങ്ങളെ കുറിച്ച് എഴുതിയത് ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കാനല്ല: വി പി റജീന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
കോഴിക്കോട്: മദ്രസാ പഠനകാലത്ത് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഫേസ്‌ബുക്കിൽ രൂക്ഷമായ ആക്രമണമാണ് വി പി റജീന എന്ന മാദ്ധ്യമപ്രവർത്തക നേരിടേണ്ടി വന്നത്. ഒരു വിഭാഗം ആളുകൾ സംഘം ചേർന്ന് റജീനയെ തെറിവിളിച്ചും മറ്റും രംഗത്തെത്തി. ഒടുവിൽ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പോലും മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്
കോഴിക്കോട്: മദ്രസാ പഠനകാലത്ത് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഫേസ്‌ബുക്കിൽ രൂക്ഷമായ ആക്രമണമാണ് വി പി റജീന എന്ന മാദ്ധ്യമപ്രവർത്തക നേരിടേണ്ടി വന്നത്. ഒരു വിഭാഗം ആളുകൾ സംഘം ചേർന്ന് റജീനയെ തെറിവിളിച്ചും മറ്റും രംഗത്തെത്തി. ഒടുവിൽ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പോലും മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്നാൽ എന്തൊക്കെ വന്നാലും താൻ ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് റജീന മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഏതെങ്കിലും സംഘടനകളെ കരിവാരിത്തേക്കാനായിരുന്നില്ല മദ്രസാ പഠനകാലത്തെ അനുഭവങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചതെന്നും ഇപ്പോഴുള്ള ഘടനകൾ പൊളിക്കലല്ല ശുദ്ധീകരിക്കലാണ് ഉദ്ദേശ്യമെന്നും അവർ പറഞ്ഞു. ആരോഗ്യകരമായ ചർച്ചക്ക് എല്ലാ മതസംഘടനകളും രംഗത്തുവരണമെന്നും റജീന മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്‌നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്‌നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്.
എന്നാൽ അഭിപ്രായം സ്വന്തം പേജിൽ കുറിച്ചതിന്റെ പേരിൽ തന്നെ ഇത്രയേറെ ആക്രമിക്കപ്പെട്ട സംഭവം മുമ്പ് ഉണ്ടായിട്ടേയില്ലെന്ന് റജീന ഓർത്തെടുക്കുന്നു. പാരമ്പര്യമായി സുന്നി ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന റജീന സുന്നി മദ്രസയിലായിരുന്നു തന്റെ മതവിദ്യാഭ്യാസം നടത്തിയിരുന്നത്. ഇവിടത്തെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുകയും അക്കൗണ്ട് പൂട്ടിക്കുന്നതിലേക്കു വരെ എത്തുകയും ചെയ്തത്. ഇന്ന് ഒരു മത സംഘടനയുമായി പ്രത്യേക അനുകമ്പയില്ലെന്ന് പറയുന്നതോടൊപ്പം താനൊരു മുസ്ലിമാണെന്നും അതിലുപരി മനുഷ്യനാണെന്നും റജീന ആണയിട്ട് പറയുന്നു. റജീനയുടെ നിലപാടുകൾക്ക് ഊർജം പകർന്ന് ഒപ്പം നിൽക്കുന്നത് മാദ്ധ്യമം ദിനപത്രത്തിലെ സീനിയർ സബ് എഡിറ്റർ കൂടിയായ ഭർത്താവ് കെ എ സൈഫുദ്ദീനാണ്.
ലിംഗ സമത്വവാദ ചർച്ചകൾ ചൂടുപിടിച്ച സാഹചര്യത്തിലായിരുന്നു റജീനയുടെ മദ്രസാനുഭവങ്ങളും ഉസ്താദിന്റെ പീഡന കഥകളും തുറന്നെഴുതി ഫേസ്‌ബുക്കിലിട്ടത്. ഇത്തരമൊരു പോസ്റ്റ് കുറിക്കാനുണ്ടായ സാഹചര്യങ്ങളും തന്റെ ഉദ്ദേശങ്ങളും വിശദീകരിക്കുന്നതോടൊപ്പം തുടർന്നുണ്ടായ തന്റെ ദുരനുഭവങ്ങളെപ്പറ്റിയും അസഹിഷ്ണുക്കളുടെ കടന്നാക്രമണങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് വി.പി റജീന മനസു തുറക്കുകയാണിവിടെ:
ഞാൻ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ പോസ്റ്റ് എന്റെ ഫേസ്‌ബുക്ക് പേജിലിട്ടത്. ആദ്യ സമയത്തൊക്കെ പ്രശ്‌നങ്ങളില്ലായിരുന്നു. പിന്നീട് കൂട്ടമായെത്തിയാണ് എന്റെ പോസ്റ്റിനു താഴെ അറ്റാക്ക് നടത്തിയത്. മതത്തിനകത്തെ കാര്യങ്ങൾ പരസ്യമായി ഒരു പെണ്ണ് എന്തിന് പറയുന്നു എന്ന ധ്വനിയുള്ള കമന്റുകളായിരുന്നു ഇതെല്ലാം. ഉള്ളിൽ പറഞ്ഞാൽ പോരെ, പുറത്തു പറഞ്ഞത് എന്തിന് എന്നായിരുന്നു ചിലരുടെ ചോദ്യം. അകത്ത് പറയാൻ സ്‌പെയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തുപറഞ്ഞത്. ഞാൻ എഴുതിയതെല്ലാം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.[BLURB#1-H]
ലിംഗ സമത്വവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇതെഴുതിയത്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സംഭവങ്ങളായിരുന്നു ഉദ്ദേശിച്ചതും. ഞാൻ ഉദ്ദേശിച്ചത് സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്തത്. ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാര്യത്തിൽ സാഹചര്യ തെളിവോടെയായിരുന്നു എന്റെ കുറിപ്പ്. ഇസ്ലാം വ്യക്തമായി ലിംഗ നീതിയെ കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിനകത്തെ ലിംഗ നീതി എന്നത് സ്ത്രീകൾക്ക് വലിയ സ്ഥാനം കൊടുത്തിട്ടുള്ളതാണ്. ഈ നീതിയും അവകാശവും അവൾക്ക് കിട്ടുന്നില്ല. കാലങ്ങളായി സ്ത്രീക്ക് ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മത പൗരോഹിത്യം ഒറ്റക്കെട്ടാണ്.സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് അവർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്.[BLURB#2-VL]
ഈ ഒരു സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഇസ്ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ പോസ്റ്റും പ്രവർത്തനങ്ങളുമെല്ലാം. ഈ ഒരു ലക്ഷ്യത്തിൽ ഞങ്ങൾ കുറച്ചു പേർ ഒരു സംഘടനയുടെയും ലേബലില്ലാതെ നിലകൊള്ളുന്നുണ്ട്. എല്ലാ സംഘടനകൾക്കെതിരെയാണെങ്കിൽ പോലും സത്യം പറയുക എന്നതാണ്. ഈ ഒരു ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഞങ്ങളുടെ രാഷ്ട്രീയം കൂടിയാണ് എന്റെ പോസ്റ്റ്. യഥാർത്ഥത്തിലുള്ള ഒരു ഇസ്ലാമുണ്ടല്ലോ, ആ ഇസ്ലാമിനകത്ത് മനുഷ്യാവകാശവും സമത്വ നീതിയും വിഭാവനം ചെയ്യുന്നതാണ്. ലിംഗ സമത്വത്തേക്കാളും വളരെ വിശാലമായ ജൈവിക സമത്വമാണ് മതത്തിലുള്ളത്.
ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ നീതിയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്താണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അത് പ്രവാചകന്റെ ജീവിതംകൊണ്ടു തന്നെ തെളിയിക്കപ്പെട്ടതാണ്. ഈ പ്രവാചകന്റെ അനുയായികളെന്ന് പറയുന്നവർ സമൂഹത്തിൽ തികച്ചും വ്യതിചലിക്കുമ്പോൾ അതിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം കിട്ടുന്ന കാലഘട്ടത്തിൽ അറേബ്യയുടെ അവസ്ഥ എന്നത് സ്ത്രീകളെ ഒരു നിലക്കും പരിഗണിക്കാത്ത അവസ്ഥയായിരുന്നു. അവൾക്ക് ജീവിക്കാൻ പോലും അർഹതയില്ലാത്തവളാണെന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. സ്വത്തവകാശം ഇല്ലന്ന് മാത്രമല്ല ഇഷ്ടംപോലെ അവളെ ഭോഗിക്കാവുന്ന അവസ്ഥയുമായിരുന്നു. ഇതിനെതിരെയുള്ള വിമോചന സമരമായിരുന്ന പ്രവാചകൻ ഉയർത്തിയിരുന്നത്. പ്രവാചകൻ അന്ന് നടത്തിയ വിമോചനം എന്തിനായിരുന്നോ അതെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. അവളുടെ ശരീരത്തെ ഭോഗിക്കാനുള്ള ഉപകരണം മാത്രമാക്കി ഇവിടത്തെ പൗരോഹിത്യം സ്ത്രീയെ ഒതുക്കിയിട്ടുണ്ട്.
[BLURB#3-VR] അതുപോലെതന്നെ ഫാസിസത്തിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫാസിസത്തെ എതിർക്കേണ്ടതും അതിനു വേണ്ടി മസ്ലിം സംഘടനകൾ ഐക്യപ്പെടേണ്ടതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ പുഴുക്കുത്തുകളും നിലനിൽക്കുന്നത്. ഞാൻ എഴുതിയ കുറിപ്പ് പലരും മനസിൽ അനുഭവിക്കുന്നതും പുറത്തു പറയാൻ പേടിക്കുന്നതുമായ കാര്യങ്ങളായിരുന്നു. കുറച്ചൊക്കെ സ്വാഭാവികമായുള്ള അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ ഇതിലൂടെ ആരെയും കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല, ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല. ഇ.കെ വിഭാഗം സുന്നി മദ്രസയിലാണ് ഈ സംഭവമെന്ന് ഇടാൻ കാരണം മുമ്പ് ഒരു പോസ്റ്റിൽ സുന്നി എന്ന് ഇട്ടപ്പോൾ ഏത് സുന്നി എന്ന് പ്രത്യേകം ഇടാൻ പലരും കമന്റ് കോളത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ഒരു ഉദ്ദേശ്യ ശുദ്ധിയോടെയാണ് ഇ.കെ സുന്നി എന്ന് പേരെടുത്ത് പറഞ്ഞത്. പക്ഷെ, ഇപ്പോൾ പല രീതിയിലുമാണ് എന്റെ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിൽ ജോലി ചെയ്യുന്ന ഞാൻ സുന്നി സംഘടനയോട് പക പോക്കലിന്റെ ഭാഗമായി എഴുതിയെന്ന തരത്തിലാണ് വ്യഖ്യാനങ്ങൾ. യഥാർത്ഥത്തിൽ ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുമായി യാതൊരു ബന്ധവുമി്ല്ലാത്തയാളാണ് ഞാൻ. അവരുടെ ആരുടേയും പിന്തുണയോടെയോ നിർദ്ദേശത്തോടെയോ അല്ല ഞാൻ പോസ്റ്റുകൾ ഇടുന്നത്. ഇതെല്ലാം എന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ്. ഇതിന്റെ പേരിൽ ആ സംഘടനയെ ക്രൂശിക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ളത് സംഘടനകൾ തമ്മിലുള്ള വിഭാഗീയത പുറത്തേക്ക് പ്രതിഫലിക്കുകയാണ്. ഇ കെ വിഭാഗത്തിന്റെ മദ്രസയിൽ മാത്രമല്ല ഇത്തരമൊരു സംഭവം നടക്കുന്നതെന്നും പല വിഭാഗങ്ങളുടെ മദ്രസകളിലും ഈ സംഭവം ഉണ്ടെന്നും ചില പോസ്റ്റുകളിൽ നിന്നും എനിക്ക് മനസിലായിട്ടുണ്ട്. പലരുടെയും അനുഭവങ്ങൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയിട്ടുണ്ട്.
പിന്നെ എനിക്ക് പറയാനുള്ള പ്രധാന കാര്യം, ഇത് ആരെങ്കിലും ആയുധമാക്കുകയാണെങ്കിൽ ഞാൻ ആവരെ സപ്പോർട്ട് ചെയ്യില്ല. ഞാൻ ഉദ്ദേശിച്ചത് ഈ മതസമൂഹത്തിനകത്ത് തന്നെ ഇത് ചർച്ച ചെയ്യണമെന്നായിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ ഇത് പല തരത്തിലുള്ള ആക്രമണങ്ങൾക്കും വിധേയമായപ്പോൾ, ആളുകളാരെങ്കിലും പ്രത്യേക താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ളതും സംശയിക്കുന്നുണ്ട്. അതിനാൽ അത്തരം നീക്കങ്ങളെ ഞാൻ ശ്ക്തമായി അപലപിക്കുകയാണ്. എന്റെ ഉദ്ദേശം ഇതു വച്ച് ആർക്കെങ്കിലും ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കുക എന്നതല്ല. തീർച്ചയായും സമുദായത്തെ ശുദ്ധീകരിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഈ പോസ്റ്റിട്ടത്. മനുഷ്യനെന്ന നിലയിൽ എഴുത്തിൽ പല പോരായ്മകളും ഉണ്ടായേക്കാം. ഇ.കെ വിഭാഗത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗക്കാർക്കോ എന്നോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ എന്നോട് മാന്യമായി വിയോജിക്കാമായിരുന്നു. അതിനൊരു വിശാലമായ ഇടം ഇവിടെ തുറന്നു വച്ചിട്ടുണ്ടായിരുന്നു. അതിനു പകരം വളരെ മോശമായ തരത്തിൽ എല്ലാവരും കൂടി ആക്രമിക്കുകയാണുണ്ടായത്.
[BLURB#4-H] ഇപ്പോൾ മാസ് റിപ്പോർട്ടിംങ് നടത്തിയാണ് ഫേസ്‌ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. അത് ഏത് വിഭാഗക്കാരാണോ ആരാണോ എന്നൊന്നും എനിക്ക് അറിയില്ല. മാസ് റിപ്പോർട്ടിംങ് നടത്തി അക്കൗണ്ട് പൂട്ടിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്പോഴും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഈ പോരാട്ടത്തിൽ ഏതറ്റംവരെയും പോകും. ഇപ്പോൾ എന്റെ വയസ്സ് വച്ചും പോസ്റ്റിലെ ഓരോ പുള്ളിയിലും സംശയം ഉണ്ടാക്കുന്ന വിധത്തിലും വൈരുധ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഈ ചർച്ചയെ വഴിതിരിച്ചു വിടാനുള്ള ചില താൽപര്യങ്ങളാണ്. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് യാതൊരു ദുരുദ്ദേശ്യവും ഇല്ല. ഏതെങ്കിലും സംഘടനകളെ ലക്ഷ്യം വച്ചിട്ടുമില്ല. മുസ്ലിം സംഘടനകൾക്കകത്ത് ഇതൊരു ആരോഗ്യകരമായ ചർച്ചക്ക് ഇടയാക്കുകയും പുതിയൊരു ശുദ്ധീകരണം ഉണ്ടാക്കുകയും മാത്രമായിരുന്നു ഉദ്ദേശം.