കോഴിക്കോട്: സൈബർ ലോകത്ത് നിരവധി ചർച്ചകൾക്ക് ഇടയാക്കിയിട്ടുള്ള വസ്ത്രമാണ് മുസ്ലിം സ്ത്രീകളുടെ വേഷമായ പർദ്ദയെ കുറിച്ച്. അറബ് സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പർദ്ദ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുസ്ലിംങ്ങളുടെ ഇഷ്ടവേഷമായി മാറുകയും ചെയ്തു. എന്നാൽ മുഖംമൂടിയുള്ള പർദ്ദയോട് കേരളത്തിലെ സ്ത്രീകൾക്ക് അത്ര താൽപ്പര്യമില്ല. എന്നാൽ ചില മൗലികവാദികൾ പർദ്ദ മുസ്ലിം സ്ത്രീകൾ ധരിക്കണമെന്ന് ശഠിക്കുകയും ചെയ്തു പോന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖംമൂടിയുള്ള പർദ്ദ മുസ്ലിം സ്ത്രീകൾ ധരിക്കേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിന്റെ പേരിൽ മൗലികവാദികൾക്ക് പുറമേ സർക്കാർ സംവിധാനം പോലും ഫസൽ ഗഫൂറിനെതിരായി തിരിഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പർദ്ദയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ഉണ്ടായി. എങ്കിലും വിഷയത്തിൽ തന്റെ നിലപാട് മാറ്റില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോ. ഫസൽ ഗഫൂർ. താൻ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഫസൽ ഗഫൂർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാദ വിഷയങ്ങളെ എംഇഎസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:

  • പർദ്ദയോടുള്ള എതിർപ്പ് വ്യക്തിപരമാണോ അതോ സംഘടനാ നിലപാടാണോ?

ഈ വിഷയത്തിൽ എന്റെ നിലപാട് വളരെ വ്യക്തമായതുകൊണ്ടാണല്ലോ, കഴിഞ്ഞ ആഴ്ച നടന്ന എം.ഇ.എസ് എക്‌സിക്യൂട്ടീവ് യോഗത്തിൽ എന്റെ നിലപാടിനെ ശരിവച്ചത്. എം.ഇ.എസ് സംഘടനയിൽ ഒരു കുട്ടി പോലും ഈ നിലപാടിനെതിരായി രംഗത്ത് വന്നിട്ടില്ല. ഞങ്ങൾ ഒറ്റക്കെട്ടായി തന്നെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും മുന്നോട്ടു പോകുകയും ചെയ്യും.

  • എന്താണ് എം.ഇ.എസിന് പർദ്ദയോടുള്ള കാഴ്ചപ്പാട്?

എം.ഇ.എസിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് പർദ്ദ വിഷയത്തിൽ. ഞങ്ങൾ മുഖം മറക്കുന്ന പർദ്ദയെ ആണ് എതിർക്കുന്നത്. എം.ഇ.എസിലെയും ഒരുപാട് പേരുടെ ഭാര്യമാരും കുടുംബങ്ങളും പർദ്ദ ധരിക്കുന്നവരുണ്ട്. അത് പണ്ടും ധരിക്കുന്നുണ്ട്. കോഴിക്കോടെന്ന് പറയുന്നത് ആദ്യം മുതലേ പർദ്ദയുടെ ഒരു കേന്ദ്രം തന്നെയാണ്. എന്നാൽ അതിനെ ഇവിടെയാരും എതിർക്കുന്നില്ല. ഞങ്ങൾ എതിർക്കുന്നത് മുഖം മറച്ചു കൊണ്ടുള്ള വസ്ത്ര ധാരണയെയാണ്. മുഖം മറച്ചുകൊണ്ട് നടക്കണമെങ്കിൽ അവർ ഞങ്ങളുടെ സ്ഥാപനത്തിൽ ചേരണ്ട അവർക്ക് പറ്റിയ സ്ഥാപനത്തിൽ അവർ ചേരട്ടെ. അല്ലെങ്കിൽ അവർ സ്ഥാപനമുണ്ടാക്കി മുഖം മറച്ച് അവിടെ കൂടിക്കോട്ടെ. ഇവിടെ ഒരു ലക്ഷം വിദ്യാർത്ഥികൾ എം.ഇ.എസ് സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട് അതിൽ നാൽപതിനായിരം പേരും മുസ്ലിം പെൺകുട്ടികളാണ്. അവരിലാരും മുഖം മറക്കുന്നില്ല. പിന്നെ ഇവർ മാത്രം പൊതുഇസ്ലാമായി ഇവിടെ വരണ്ട. ഇവരുടെ വല്യമ്മമാരൊന്നും ഇവിടെ മുഖം മറച്ചിട്ടില്ലല്ലോ. ഇത്തരത്തിൽ ഒരു അറബ് സംസ്‌കാരം ഇവിടെ കൊണ്ടു വരണ്ട. അവരുടെ ശമ്പളം പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരത്തെ ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. ഈ വിഷയിത്തിൽ ഞങ്ങളുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്.[BLURB#1-H]

  • മറ്റു വസ്ത്ര ധാരണകളെ പറ്റി എം.ഇ.എസിന് എന്താണ് നിലപാട്?

ഞങ്ങൾ മുഖം മറച്ചുകൊണ്ടുള്ള പർദ്ദക്കും എതിരാണ് അതുപോലെ ജീൻസ് സംസ്‌കാരത്തിനും എതിരാണ്. ഞങ്ങളുടെ സ്ഥാപനങ്ങളിലെവിടെയും ആരെയും ജീൻസിടാൻ സമ്മതിക്കില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഞങ്ങൾ ഇതിന് അനുവദിക്കില്ല. ഞങ്ങളുടെ നിലപാടെന്നത് ജീൻസും വേണ്ട ഒരു തരത്തിലുള്ള ആധുനികവൽക്കരണവും വേണ്ട എന്നുള്ളതാണ്. സാരിയെന്നതിന് ഞങ്ങൾ എതിരാണ്.

  • താങ്കൾ കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽ പർദ്ദയെ ഒന്നടങ്കം എം.ഇ.എസ് എതിർക്കുന്നു എന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയോ?

അത് മാദ്ധ്യമങ്ങളുടെ വർഗീയമായ കുത്തിത്തിരിപ്പുകളാണ്. ഞാൻ ഇപ്പൊ പറഞ്ഞ നിലപാടുകൾ തന്നെയായിരുന്നു അവിടെയും പറഞ്ഞത്. എന്നാൽ അത് പർദ്ദയെ ഒന്നടങ്കം എതിർക്കുന്നു എന്നെല്ലാം മാദ്ധ്യമങ്ങളുടെ വളച്ചൊടിക്കലായിരുന്നു. ഈ വിവാദങ്ങളെ പറ്റിയെല്ലാം പ്രതികരിക്കാനോ ഇടപെടാനോ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഞാൻ നാട്ടിലെത്തിയത് എത്തിയത്. ഇനി ഇതിലൂടെ ധരിക്കുന്നവന് എല്ലാം അറിയാം ഇതെല്ലാം കുറെ ആളുകൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇവർ ആരെല്ലാമാണെന്നുള്ളതും വ്യക്തമാണ്. ഇതൊന്നും കേരളത്തിൽ ചെലവാകില്ല എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.

  • കേരളത്തിന്റെ പശ്ചാത്തലത്തിൽ പർദ്ദ എത്രമാത്രം അനുയോജ്യമാണ്?

ഈ മുഖമൂടിക്കൊണ്ടുള്ള വസ്ത്രധാരണം സമുദായത്തെ പിന്നോട്ടടിക്കും. ഇവിടെ ഐ.എ.എസ് ഉദ്യോഗസ്ഥകൾ വരെ മുസ്ലിം പെൺകുട്ടികൾ ഉണ്ടായിട്ടുണ്ട്. മുസ്ലിം ഐ.എ.എസ് ഡോക്ടർമാരുണ്ട്, കലക്ടർ ലെവലിലുള്ളവരുണ്ട്. ഇതിൽ ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചവരുണ്ടെന്നതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ഫാത്തിമാ ബീവി ആണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനെയെല്ലാം ഇനിയും പുറകോട്ട് കൊണ്ടുപോകാൻ ആര് എതിർത്താലും ഞങ്ങൾ എതിർക്കും. അതിൽ മതപണ്ഡിതന്മാരുടെ അഭിപ്രയമൊന്നും ഞങ്ങൾക്ക് കിട്ടേണ്ട ആവശ്യമല്ല. ഇവിടെ പർദ്ദ എന്ന് പറഞ്ഞ് ഇന്ന് ധരിക്കുന്നവർ ആധുനികമായ രീതിയിലും മറ്റു തരത്തിലുള്ള മോടിയിലുമാണ് നടക്കുന്നത്. എന്നാൽ അവരുടെ മക്കൾ ധരിക്കുന്നതോ സെൽവാർ കമ്മീസ് ധരിച്ചു കൊണ്ടാണ് ഇത് ഭയങ്കരമായ വൈരുധ്യമല്ലേ.

പർദ്ദ എന്ന വസ്ത്രം ഉണ്ടാക്കിയിട്ടുള്ളത് ശരീരം പ്രദർശിപ്പിക്കണ്ട എന്ന് കരുതിയിട്ടു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരിയാണ് ഇറുകിയ വസ്ത്ര ധാരണം നടത്തിയാൽ കൂടുതൽ ആകർഷണമുണ്ടാകും ഞാനതിനെ അംഗീകരിക്കുന്നു. എന്നാൽ ഇവിടെ നടക്കുന്നതെന്താണ് പർദ്ദ എത്രത്തോലം ശരീരത്തിൽ ഒട്ടിനിൽക്കാം അതിനെ എത്രത്തോളം കല്ലും ഗിൽറ്റ് വർക്കുകളും പിടിപ്പിക്കാം തുടങ്ങി ഓപ്പണുള്ളതും കീറിയതുമായ വിവിധ മോഡലിലാണ് ഇപ്പോ പർദ്ദ ധരിക്കുന്നത്. പിന്നെ എന്ത് വ്യത്യാസമാണ് സെൽവാർ കമ്മീസും പർദ്ദയും തമ്മിൽ. ഇവിടെത്തെ കാലാവസ്ഥക്കും ചുറ്റുപാടിനും അനുയോജ്യമായ വസ്ത്രം സെൽവാറും കമ്മീസുമാണ്, ഇത് ചുരിദാറിനെക്കാളും ലൂസുള്ളതും അഴഞ്ഞതുമാണ്. അല്ലാതെ പർദ്ദ ധരിക്കുമ്പോൾ വീണ്ടും അടിയിൽ വേറെ വസ്ത്രം ധരിക്കേണ്ടി വരികയാണ്. അത് ഇവിടത്തെ കാലാവസ്ഥക്ക് യോജിച്ചതല്ല. ഇനി പർദ്ദയല്ല എന്ത് വസ്ത്രവും ശരീരത്തിൽ ഒട്ടിയ രൂപത്തിൽ ധരിച്ചാൽ അത് സ്ത്രീ ശരീരത്തെ കൂടുതൽ പ്രദർശിപ്പിക്കാൻ ഇടവരുത്തും.

  • ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഏതെങ്കിലും മതത്തിന്റെ പിൻബലത്തിലാണോ എം.ഇ.എസ് എടുത്തിട്ടുള്ളത്?

പിൻബലത്തിന്റെ ആവശ്യം ഞങ്ങൾക്കില്ലല്ലോ.., ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും മതപരമായ പിൻബലത്തോടുകൂടിയല്ലല്ലോ നടക്കുന്നത്. ഉദാഹരണമായി ഇവിടെ നടക്കുന്ന വിവാഹങ്ങൾക്ക് മതപരമായ എന്ത് പിൻബലമാണുള്ളത്. ഇസ്ലാമിൽ വെറം രണ്ടു സാക്ഷികളുടെ മുന്നിൽ വിവാഹം നടത്താനാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ പതിനായിരം പേരെ വിളിച്ച് വിവാഹം നടത്തുന്നതിന് മതപരമായ വല്ല പിൻബലവും ഉണ്ടോ..ഇസ്ലാമിൽ ഇമാമുമാർക്ക് ശുദ്ധിയുള്ള സ്വഭാവം വേണമെന്നാണ് പറഞ്ഞിട്ടുള്ളത് ഇവിടത്തെ നേതാക്കളുടെ സ്വഭാവം ശുദ്ധിയുള്ള സ്വഭാവമാണോ. ഞങ്ങൾ എടുത്തിട്ടുള്ളത് ഏതെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രയമല്ല. കേരളത്തിലെ മുസ്ലിംങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമാണ് എന്റെ പിന്തുണ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരിയാണ് എന്റെ വല്യുമ്മ. അവർ ഇവിടെ മുഖം മറച്ച് നടന്നിരുന്നില്ല, എ.എ റഹീമിന്റെ മകളെയാണ് ഞാൻ വിവാഹം കഴിച്ചത് അവരുടെ കുടുംബത്തിലൊന്നും ഇത്തരം പ്രവണതയില്ല. നവോത്ഥാനത്തിന്റെ മുന്നിൽ നിന്നിരുന്ന മണപ്പാട് കുഞ്ഞുമുഹമ്മദാജി എന്നത് എന്റെ വല്യപ്പയുടെ ജേഷ്ഠനാണ്. അദ്ദേഹത്തിന്റെ ഭാര്യമാരൊന്നും മുഖം മറച്ചിട്ടില്ല ഈ പാരമ്പര്യമാണ് ഞങ്ങൾ പിന്തുണക്കുന്നത് .അല്ലാതെ ഇതെല്ലാം ഇസ്ലാമികമാണോ അല്ലയോ എന്ന് നോക്കിയിട്ടല്ല. ഇവിടെ അങ്ങിനെയല്ലല്ലോ എല്ലാരും ജീവിക്കുന്നത്.[BLURB#2-VL] 

  • ഇസ്ലാമിന്റെ കാര്യം പറയാൻ മത പണ്ഡിതരുണ്ട്, എം.ഇ.എസ് അവരുടെ വിദ്യാഭ്യാസ കാര്യം നോക്കിയാൽ മതി എന്ന തരത്തിലുള്ള എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു ഇതിനെ എങ്ങിനെ കാണുന്നു?

അങ്ങിനെ എം.ഇ.എസിനെ കൊച്ചാക്കി ഇരുത്താൻ നോക്കേണ്ട. ഞങ്ങൾക്കും ഇവിടെ നിരവധി പള്ളികളുണ്ടല്ലോ, ഒരു സ്ഥാപനത്തിൽ ആയിരം വിദ്യാർത്ഥികളുണ്ടെങ്കിൽ അറുനൂറ് കുട്ടികളും മുസ്ലിംങ്ങളാണ് അവരെല്ലാം ഒരു എതിർപ്പും കൂടാതെ ഈ പള്ളികളിൽ പോകുന്നുണ്ടല്ലോ. ഈ ഇസ്ലാം വർത്താനം ഇവരാരും എന്റടുത്ത് പറയണ്ട. പിന്നെ ഈ വിഷയത്തിൽ എനിക്ക് പറയാനുള്ള പ്രധാന കാര്യം മത പണ്ഡിതന്മാർ സംസ്‌കാരമുള്ള ഭാഷയുപയോഗിക്കണം അല്ലെങ്കിൽ, ഞാനിവിടെ കോഴിക്കോട് കടപ്പുറത്തെ മുക്കവരോട് ഫുട്ബോൾ കളിച്ച് വളർന്നവനാണ് എന്റെ വീട് കടപ്പുറത്തിനോടടുത്താണ് അവരുടെ ഭാഷയും എനിക്കറിയാം അവരുടെ പണിയും എനിക്കറിയാം ഒട്ടും മോശമല്ല ഞാനും. ഇപ്പോഴും ആരുടെയും സപ്പോർട്ടിന് ഞാൻ പോയില്ലല്ലോ. ഞാൻ ഇതിനെ നേരിടുകയാണ് ചെയ്തിട്ടുള്ളത്. ഇവരുടെ മക്കൾ ഒരു വശത്ത് എം.ഇ.എസിന്റെ സ്ഥാപനങ്ങളിൽ മുഖം മറക്കാതെ പോകുകയും മറുവശത്ത് വേറെ വർത്താനവുമായി നടക്കുകയാണ്. എന്നലോ താത്വികമായി ഇത്തരക്കാർ പറയും ഇസ്ലാമിൽ മുഖം മറക്കാതിരിക്കുന്നതുകൊണ്ട് വിരോധമില്ലെന്ന്. അതായത് എല്ലാ പൈസയും ബാങ്കിൽ ഇട്ടിട്ട് പലിശ വാങ്ങുന്നില്ല, ഇന്ത്യൻ സംവിധാനത്തിലുള്ള ബാങ്കിലല്ലേ ഇട്ടിട്ടുള്ളൂ എന്ന് പറയും പോലയാണിത്. ഇസ്ലാമെന്നു പറഞ്ഞാൽ ഒരു ജനാധിപത്യ സ്വഭാവമുള്ള ഒരു മതമാണ്. വിശ്വാസിയായാൽ പ്രവാചകനെ അംഗീകരിക്കുക, തൗഹീദ്, തഖ്‌വ ഇതൊക്കെ സൂക്ഷിക്കുകയെന്നതാണ്. മറ്റു വിഷയങ്ങളിൽ നൂറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്.

  • കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും പർദ്ദക്ക് അനുകൂലമായാണ് സംസാരിച്ചത്, പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും പരസ്യമായി തന്നെ താങ്കൾക്കെതിരിൽ രംഗത്തുവരികയുമുണ്ടായി?

സുന്നികളോട് എനിക്ക് വിരോധമില്ല, കാരണം സുന്നികളുടെ ആദർശം അങ്ങിനെയാണ് ഞാനതിനെ അംഗീകരിക്കുന്നു. സമസ്തയുടെ തീരുമാനത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. എനിക്ക് എതിർപ്പുള്ളത് മോഡേണായി അഭിനയിക്കുന്നവരും പുറകിൽ ഈ പണി ചെയ്യുന്ന മുനാഫിഖു(കപട ഭക്തർ)കളെയുമാണ്. സമസ്തയോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ബാപ്പു മുസ് ലിയാരോടും കാന്തപുരത്തോടും എനിക്ക് എതിർപ്പില്ല അവർ അവരുടെ ആദർശത്തിലാണ് നിലകൊള്ളുന്നത്. എം.ഇ.എസിന് തികച്ചും വേറൊരു ആദർശമാണ് അതായത് എം.ഇ.സിന്റെ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ പള്ളിയിൽ പോകുന്നു, വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ മലയാളത്തിലാണ്. അതിനർത്ഥം ഞങ്ങൾ മുജാഹിദോ ജമാഅത്തോ ആണെന്നല്ല. എം.ഇ.എസിന് മുപ്പതോളം പള്ളികളുണ്ട് അവിടെയെല്ലാം ഇത്തരത്തിലാണ് ആരാധന നടക്കുന്നത്.

  • എം.ഇ.എസ് ശരിക്കും ഇസ്‌ലാമിൽ ഏതു ആദർശത്തെയാണ് പിൻപറ്റുന്നത്?

എം.ഇ.എസിന്റെ ആദർശമെന്നത് നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടായതാണ്. അത് കെ.എൻ.എം ന്റെ ഭാഗമോ ജമാഅത്തേ ഇസ്ലാമിയുടു ഭാഗമോ അല്ല, നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായതാണ്. ഞങ്ങൾ സ്വന്തമായി രൂപപ്പെടുത്തിയെടുത്ത നവോത്ഥാനത്തിന്റെ ഭാഗമായുള്ള ആദർശങ്ങളാണ് ഞങ്ങൾ പിൻതുടരുന്നത്. ഞങ്ങളുടെ ഡെൻന്റൽ കോളേജുകളിലും മെഡിക്കൽ എഞ്ചിനീയറിംങ് കോളേജുകളിലുമെല്ലാം പെൺകുട്ടികൾ പള്ളിയിൽ പോകുന്നുണ്ട്. പക്ഷെ, എന്റെ ഭാര്യ പള്ളിയിൽ പോകാറില്ല. കാരണം ഞങ്ങൾക്ക് സമ്മിശ്രമായ വിശ്വാസങ്ങളുണ്ട്. ഇവിടെ ഇവരുണ്ടാക്കിയതാണല്ലോ ഈ സുന്നി മുജാഇദ് ജമാഅത്ത് സംഘടനകളൊക്കെ അല്ലാതെ ഇസ്ലാമിൽ മൗദൂദിയെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ. ഇതിനു പുറമെ ഞാൻ ചില സംഘടനകളുടെ സാമൂഹ്യ പരമായുള്ള പ്രവർത്തനങ്ങളെ ഞാൻ അംഗീകരിക്കുന്നു. അതിൽ ജമാഅത്തെ ഇസ്ലാമിയുടെയും ഒറിജിനൽ മുജാഹിദുകളുടെയും നവോത്ഥാനത്തെ ഞാൻ അംഗീകരിക്കുന്നു.[BLURB#2-VR] 

അതേസമയം കുറെയൊക്കെ യാഥാസ്ഥിതികമാവണം എന്ന് പറയുന്ന സുന്നികളെയും അംഗീകരിക്കുന്നു. പരമ്പരാഗതമാകണം എന്ന് പറയാൻ കാരണം നിരവധി സൂഫിവര്യരിലൂടെയാണ് ഇസ്ലാം ഇവിടെ എത്തി ചേർന്നിട്ടുള്ളതുകൊണ്ടാണ്. നിസാമുദ്ദീൻ ഔലിയായും അജ്മീർ മുഈനുദ്ദീൻ ചിസ്തിയെയുമെല്ലാം ഞാൻ നൂറ് ശതമാനം അംഗീകരിക്കുന്നു. കാരണം അവരില്ലായിരുന്നെങ്കിൽ ഇവിടെ ഇസ്ലാം ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. അതായത് ഞങ്ങൾ പിന്തുടരുന്നതിലധികവും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദിന്റെയും ആശയങ്ങളാണ്. എം.ഇ.എസിന്റെ പത്ത് പ്രസിഡന്റുമാർ ഉണ്ടായിരുന്നതിൽ ഒമ്പത് പേരും ഈ ആശയക്കാരാണ്. ഇതുകൊണ്ട് തെറ്റിദ്ധരിക്കരുത് ഞങ്ങൾ ആ സംഘടനക്കാരാണെന്ന്.അതേസമയം ഞങ്ങൾ ജമാഅത്തേ ഇസ്ലാമിയുടെ ഹുകൂമത്തേ ഇലാഹി (ദൈവിക രാഷ്ട്രം) എന്ന ആശയത്തോടെ ഞങ്ങൾ യോജിക്കുന്നില്ല. രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ ജമാഅത്തേ ഇസ്ലാമിയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുമുണ്ട്. ഈ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം ആവേശം കൊണ്ട് ഒരു പുതു പ്രസ്ഥാനമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതെല്ലാം മതപരമായ കാര്യമായതു കൊണ്ട് അതിൽ കൂടുതൽ ഇടപെടുന്നില്ല.

  • ഇത്തരത്തിലുള്ള മതപരമായ വിഷയങ്ങളിൽ എം.ഇ.എസ് എന്തുകൊണ്ടായിരുന്നു മുൻകാലങ്ങളിൽ ഇടപെടാതിരുന്നത്?

പൊതുവെ ഇടപെടാറില്ല എന്നത് ശരിയാണ്, പക്ഷെ ശരീഅത്ത് വിവാദമുണ്ടായപ്പോൾ ഞങ്ങൾ ഇടപെട്ടിരുന്നു. അന്ന് ഞങ്ങളെ പിന്നെ എന്തിനാ മീറ്റിങിൽ വിളിച്ചത്. വിവാഹ പ്രായ വിഷയത്തിൽ ഞങ്ങളെ വിളിച്ചിരുന്നല്ലോ..വെറുതെ ഞങ്ങളെ മീറ്റിങിലേക്ക് വിളിക്കില്ലല്ലോ. കുറെ മൊല്ലാക്കമാരുടെ എണ്ണമുണ്ടായതുകൊണ്ട് കാര്യമില്ല അടിസ്ഥാനപരമായിട്ട് പവർ കിടക്കുന്നത് ഞങ്ങളടുത്താണ് അത് അംഗീകരിച്ചേ പറ്റൂ. പിന്നെ മുസ്ലിം ലീഗിനാണ് ഞങ്ങളേക്കാളും പവറ് അതിൽ സംശയമൊന്നുമില്ല. അവർക്ക് അണികളും അധികാരവുമുണ്ട്. അഡ്‌മിഷനെടുക്കുമ്പോൾ ഇവരുടെ മക്കളെ മൊല്ലാക്കയാക്കാനല്ലല്ലോ കൊണ്ടു വരുന്നത്. അതുകൊണ്ട് ഒരു വശത്ത് എം.ഇ.എസിന്റെ മെഡിക്കൽ എഞ്ചിനീയറിംങ് സ്ഥാപനങ്ങളിൽ മക്കളെ ചേർക്കുകയും മറുവശത്ത് ഇത്തരം ഡയലോഗ് പറയുന്നതും കപടതയാണ്.

  • കേരളത്തിലെ ജാമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ സംഘടനകളുടെ മറ്റൊരു പതിപ്പാണോ എം.ഇ.എസ് എന്നത്?

നൂറ് ശതമാനം അങ്ങിനെ വേണമെങ്കിൽ പറയാം. ഞങ്ങളുടെ ആചാരക്രമമെല്ലാം തന്നെ നിങ്ങൾ ചോദിച്ച സംഘടനകൾ പുലർത്തുന്ന രീതിയിലാണ്. അത് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ് ഞങ്ങളുടെ പള്ളി തന്നെ പരിശോധിച്ചാൽ മതി. ഞങ്ങളുടെ എഞ്ചിനീയറിംങ് കോളേജിൽ ജാമാഅത്തിന്റെയും മുജാഹിദുകളുടെയും ആളുകളാണ് ഖുതുബ നിർവഹിക്കാറുള്ളത്. പക്ഷെ ഞങ്ങൾ സുന്നികളെ വിളിക്കാറില്ല. കാരണം കമ്മ്യൂണിസ്റ്റുകാരൻ ആർ.എസ്.എസിൽ ചേരുന്നപോലെയാണ് സുന്നി വിഭാഗങ്ങളുമായി ആദർശപരമായി ഞങ്ങൾക്ക് ഒരുപാട് അന്തരമുണ്ട്.[BLURB#3-H] 

  • തുടരെ ഇത്തരത്തിലുള്ള വിവാദങ്ങളിലൂടെ എം.ഇ.എസ് മറ്റെന്തെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടോ?

ഇതിൽ മറ്റു താൽപര്യങ്ങളോ വിഷയങ്ങളെ എനിക്കോ പ്രസ്ഥാനത്തിനോ ഇല്ല. ഞാൻ ഇത്തരത്തിൽ തുടരെ ഇത് പറയാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഒരു ദിവസം പാലക്കാട്ടേക്ക് ഒരു സെമിനാറിൽ പങ്കെടുക്കാൻ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ മുന്നിൽ എട്ടും പത്തും വയസുള്ള കുട്ടികളെ മൂടിപ്പുതച്ച് സൺലൈറ്റൊന്നും കാണിക്കാതെ കാണാൻ ഇടയായി അങ്ങിനെ ആ പരിപാടിയിൽ വച്ചു തന്നെ ഞാനിതിനെതിരിൽ പ്രസംഗിക്കുകയാണ് ചെയ്തത്. അങ്ങിനെയായിരുന്നു ഇതിന്റെ തുടക്കം. സമുദായത്തെ പിന്നോട്ടടിക്കുന്ന പ്രവണതക്കെതിരിൽ ഇടപെടുകയാണ് ലക്ഷ്യം അല്ലാതെ വേറൊരു താൽപര്യമൊന്നും ഇതിനില്ല.

(തുടരും)