തിരുവനന്തപുരം നഗരത്തിലെ പ്രൗഢ സംസർഗ്ഗങ്ങളിൽ ഒന്നായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്ക് കയറി ചെല്ലുമ്പോൾ പി.ടി ഉഷ അവിടെ ഉണ്ടായിരുന്നു. ഉഷക്കൊപ്പം പഴയതും പുതിയതുമായ തലമുറയിലെ അനേകം കായിക പ്രതിഭകളും മുതിർന്ന സ്‌പോർട്‌സ് ജേർണലിസ്റ്റുകളും. ഇന്ത്യൻ കായിക ലോകത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ഉഷയുടെ സുവർണ കാലത്തിന്റെ ഓർമകൾ അയവിറക്കുന്ന ചിത്രപ്രദർശനത്തിലൂടെ കടന്നു പോവുകയാണ് അനേകം ഉഷ ആരാധകർ. ആ തിരക്കിനിടയിൽ ഞങ്ങൾ ഉഷയോട് ചില കുശലങ്ങൾ ചോദിച്ചു.

മലയാളത്തിന്റെ ഉരുക്കു വനിതയുടെ വാക്കുകൾ ഇപ്പോഴും ഉരുക്കു പോലെ ഉറപ്പ് തന്നെ. വന്നുപോകുന്ന കാഴ്ചക്കാരൊക്കെ ഉഷയോട് അടുത്തെത്തി വിശേഷങ്ങൾ ചോദിക്കുന്നു. എല്ലാത്തിനും കൂട്ടായി ടിന്റു ലൂക്ക എന്ന ഉഷയുടെ പിൻഗാമിയുമുണ്ട്. ഉഷയുടെ ജീവിതം ഏറ്റവും അധികം ക്യാമറയിൽ പകർത്തിയ മുൻ മലയാള മനോരമ ഫോട്ടോഗ്രാഫർ പി. മുസ്തഫയക്കും ഉഷയെക്കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു. ആ ഓർമളിലൂടെ തിരികെ നടക്കാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ...

  • ഇതിഹാസ തുല്ല്യയായി ട്രാക്കിനോട് വിട പറഞ്ഞ ഉഷ വീണ്ടും എത്തി. ആ മടങ്ങിവരവ് അനിവാര്യമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

ഇപ്പോഴും അറിയില്ല അതിനൊരുത്തരം. ഞാൻ അത്രമേൽ സ്‌പോർട്‌സിനെ ഇഷ്ടപ്പെട്ടിരുന്നു. അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ഞാൻ തിരിച്ചെത്തി. മനസ്സ് ആഗ്രഹിക്കുന്നതു പോലെ ശരീരം വഴങ്ങിയില്ലെങ്കിൽ എന്തുചെയ്യും? എന്നാൽ അതിൽ എനിക്ക് നിരാശ ഇല്ല. രണ്ടാം വരവിലും അനേകം ഏഷ്യൻ മെഡലുകൾ എനിക്ക് ലഭിച്ചു. അതൊരു വെല്ലുവിളിയും ആത്മധൈര്യവുമായിരുന്നു. 62 കിലോയിൽ നിന്നും 84 കിലോയിലേക്ക് മാറിയ ശരീരമായാണ് ഞാൻ തിരിച്ചെത്തിയത്.

ശരീരം തീരെ വഴങ്ങാത്ത അവസ്ഥ. ഒപ്പം മനസ്സിന്റെ ശക്തിയും ഏറെക്കുറേ ചോർന്നുപോയി. ട്രാക്കിലിറങ്ങുംവരെ ജയിക്കണം എന്ന് മനസ് പറയും, പക്ഷെ ഇറങ്ങിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും തീർത്ത് കയറിയാൽ മതി എന്നു തോന്നും. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ. വല്ലാതെ വിഷമിപ്പിച്ചിരുന്നു അന്നത്തെ പരാജയങ്ങൾ. എന്റെ ശ്രീനിയേട്ടന്റെ(ഭർത്താവ് ശ്രീനിവാസൻ) പ്രോത്സാഹനംകൊണ്ടാണ് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായത്. കൂടെ നിന്ന് ഓരോന്നും ചെയ്യിപ്പിക്കുമായിരുന്നു. ചെറിയ കുട്ടികളെ നടക്കാൻ പഠിപ്പിക്കുന്നതു പോലെ ഓരോ തവണ വീഴുമ്പോഴും എന്റെ കൂടെ നിന്നു. പരാജയങ്ങൾ വിജയത്തിന്റെ പടിയാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഒരു പാട് ആത്മവിശ്വാസവും ഊർജവും തന്നു.

  • ട്രാക്കിലെ കരുത്തുറ്റ ഓട്ടക്കാരി, ജീവിതത്തിൽ പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന സ്വഭാവക്കാരിയാണെന്ന് കേട്ടിട്ടുണ്ടല്ലോ?

ജീവിതത്തിൽ ഞാൻ നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന ആളാണ്. മനസ്സിൽ ഒരിക്കലും കള്ളത്തരമോ ചതിയോ സൂക്ഷിക്കാറില്ല. അത്രയും ആത്മാർത്ഥതയോടെ നമ്മൾ ചെയ്യുന്ന പലകാര്യങ്ങളും ചോദ്യം ചെയ്യപ്പെടുകയും തിരിച്ചടികളാവുകയും ചെയ്യുമ്പോൾ അത് വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പൊതുവേ ഞാൻ കുറച്ച് സെൻസിറ്റീവ് ആണ്. എങ്കിലും ഇപ്പോൾ കുറച്ചുകൂടി മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു.

ഉഷയുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് ടിന്റു അടുത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഉഷ നടത്തുന്ന കഠിനപ്രയത്‌നത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ടിന്റു. അതുകൊണ്ടുതന്നെ, ടിന്റുവുംകൂടി ചേരുമ്പോഴേ പി.ടി ഉഷ പൂർണമാകൂ. ഉഷ എന്ന അനുഭവത്തെക്കുറിച്ച് ടിന്റു എന്തുപറയുന്നു എന്ന ചോദ്യത്തിന്, ഉഷ സ്‌കൂൾ ഓഫ് അത്‌ലെറ്റിക്‌സിൽ അഡ്മിഷൻ തേടി ചെന്ന കാലം മുതൽ ഇങ്ങോട്ടുണ്ടായിരുന്നു ടിന്റുവിന്റെ ഓർമകൾ:

'അമ്മയുടെ കൈയ്യും പിടിച്ച് ആദ്യമായി ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ എത്തുമ്പോൾ മനസിൽ വല്ലാത്തൊരു പേടിയായിരുന്നു. ഇത്രയും നാൾ പത്രങ്ങളിലും ടിവിയിലും കണ്ട പി.ടി ഉഷ എന്ന താരത്തെ നേരിൽ കാണുമ്പോൾ എന്താ, എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അന്നു മുതൽ ഇന്നുവരെ എന്റെ എല്ലാകാര്യങ്ങൾക്കും ഉഷച്ചേച്ചി കൂടെയുണ്ടായിരുന്നു. എന്തു കാര്യങ്ങളും എനിക്ക് തുറന്നു പറയാം. എന്റെ സ്വന്തം അമ്മയെപ്പോലെയാണ്. പക്ഷെ, പരിശീലനസമയത്ത് വളരെ കർക്കശക്കാരിയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തെറ്റുകൾ കണ്ടാൽ നന്നായി വഴക്കു പറയാറുണ്ട്. എങ്കിലും അതൊക്കെ സ്‌നേഹം കൊണ്ടാണ്‌ന'.

ടിന്റുവിന് അമ്മയും അദ്ധ്യാപികയുമാണ് ഉഷയെങ്കിൽ തൊട്ടടുത്ത് നിന്ന് കേൾക്കുന്ന പി. മുസ്തഫക്കും ഉണ്ട് പറയാൻ ഒരുപാട്. ഉഷയുടെ ജീവിതം ഏറ്റവും കൂടുതൽ ഫ്രെയ്മിൽ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന അഭിമാനത്തോടെയാണ് മുസ്തഫ സംസാരിച്ച് തുടങ്ങിയത്: ന

'1982 മുതലാണ് ഞാൻ ഉഷയുടെ പടങ്ങൾ എടുത്ത് തുടങ്ങിയത്. അതായത് ഇപ്പോൾ ഏതാണ്ട് മുപ്പതിൽ അധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1982ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ഞാൻ ഉഷയുടെ ആദ്യ സ്‌നാപ്പ് എടുക്കുന്നത്. അന്ന് മുതൽ ദാ ഈ നിമിഷം വരെ ഞാൻ ഉഷയെ പിന്തുടരുന്നുണ്ട്.'

  • ഉഷ ഒരു ഇതിഹാസ താരമായതുകൊണ്ട് മാത്രമാണോ അതോ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഉഷയെ പിന്തുടരാൻ വേറെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ?

അവരോട് തോന്നിയ ഒരു ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. ചില തോന്നലുകളാണ് പിന്നീട് പലപ്പോഴും ശരിയായി വരുന്നത്. ഉഷയുടെ അന്നത്തെ ഓട്ടം കണ്ടത് മുതൽ ഈ കുട്ടി ഇനിയും തിളങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഉഷയെ ശ്രദ്ധിച്ചു. അന്നൊക്കെ ഉഷയുടെ സമയമായിരുന്നു. നിരവധി പ്രകടനങ്ങളിലൂടെ ഉഷ അവരുടെ വിജയം ഉറപ്പിച്ചു. ഞാനും അത്യാവശ്യം ഓട്ടവും കളികളുമൊക്കെയുള്ള ഒരു ചെറിയ കായിക താരമായിരുന്നു. അതോടെ ഞാനും അവരുടെ ഫാമിലിയുമായി അടുത്തു. ആ സമയങ്ങളിൽ ഞാൻ ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായിരുന്നു. അതിനാൽ തന്നെ എനിക്ക് അവരുടെ ഫോട്ടോകൾ എടുക്കാനുള്ള നിരവധി അവസരങ്ങളും ലഭിച്ചു. അന്നു മുതൽ ഇന്നുവരെ ഞാൻ ഉഷയ്‌ക്കൊപ്പമുണ്ട്. അന്ന് ഉഷയുടെ ഫോട്ടോസ് എടുക്കാൻ പ്രശസ്തരായ നിരവധി ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മികച്ച പടം എനിക്ക് തന്നെ ലഭിക്കണമെന്ന വാശിയും എന്റെ മനസ്സിലുണ്ടായിരുന്നു.

  • താങ്കൾ ഉഷയുടെ എത്ര ചിത്രങ്ങൾ എടുത്തിട്ടുണ്ട്?

അനേകം തവണ ഞാൻ ഉഷയെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. അതിൽ അനാവശ്യമായത് ഒഴിവാക്കി വളരെ ശ്രദ്ധയോടെ തെരെഞ്ഞെടുത്താൽ തന്നെ അത് രണ്ടായിരത്തിന് പുറത്ത് വരും. ഞാനാണ് ഉഷയുടെ ഏറ്റവും അധികം പടങ്ങൾ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫർ. ഞാൻ എടുത്തിട്ടുള്ളതിൽ ഏറ്റവും അധികം ചിത്രങ്ങളും ഉഷയുടേത് തന്നെയാണ്. ഫ്രീലാൻസ് വിട്ട് കേരളാകൗമുദി ദിനപത്രത്തിൽ കയറിയതിന് ശേഷമാണ് ഞാൻ ഉഷയുടെ കൂടുതൽ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്രിയപ്പെട്ട ചിത്രങ്ങൾ നിരവധിയാണ്. ഉഷ തനിക്ക് കിട്ടിയ മുഴുവൻ അന്താരാഷ്ട്ര മെഡലുകളും കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഒരുപടം ഞാനെടുത്തിട്ടുണ്ട്. അത് കിട്ടുന്നതിന് വേണ്ടി ഒരു ദിവസം മുഴുവനും ഞാനും ഉഷയും ഉഷയുടെ ഭർത്താവും കൂടി മെനക്കെട്ടിട്ടുണ്ട്. ഏതാണ്ട് 120 ഓളം അന്താരാഷ്ട്ര മെഡലുകൾ മാത്രം വരുമത്. അതിൽ രണ്ട് മെഡലുകൾ അവർ രണ്ട് ക്ഷേത്രങ്ങൾക്ക് നൽകിയതായി അറിയാൻ കഴിഞ്ഞു.

പിന്നെ ഒരു പടമുള്ളത് ഷൈനി വിൽസണും പിടി ഉഷയും ഒരു അന്തർദേശീയ ഗെയിംസിൽ ഫിനിഷ് ചെയ്യുന്ന പടമാണ്. വി ആകൃതിയിൽ രണ്ട് താരങ്ങൾ എത്തിനിൽക്കുന്നു. ഇന്ത്യയ്ക്ക് തന്നെ രണ്ട് മെഡലുകളും ലഭിക്കുന്നു എന്ന പ്രത്യേകതയും അതിലുണ്ടായിരുന്നു. ഒരുപക്ഷേ, ഉഷ കഴിഞ്ഞാൽ ഷൈനിയുടെ പടങ്ങളാണ് ഞാൻ പകർത്തിയതിൽ അധികവും. ഉഷയുടെ പരിശീലന ദൃശ്യങ്ങൾ നിരവധി ഞാൻ പകർത്തിയിട്ടുണ്ട്. ബിച്ചിലുള്ള ഉഷയുടെ പരിശീലന ദൃശ്യങ്ങൾ പ്രശസ്തമാണ്.

തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഉഷയുടെ പെർഫോമൻസ് ഞാൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇന്ത്യയിൽ വച്ച് നടന്ന അനേകം മത്സരങ്ങളുടെ ചിത്രങ്ങളും എന്റടുത്തുണ്ട്.

  • ഉഷയെന്ന വ്യക്തിയോടും അവരുടെ കുടുംബത്തോടുമുള്ള താങ്കളുടെ ബന്ധം?

അവിടെയും എനിക്ക് നല്ല സ്വാതന്ത്ര്യമാണ്. ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ ഞാൻ പറയുന്ന ആങ്കിളുകളിൽ എല്ലാം ഉഷ പോസ് ചെയ്യാറുണ്ട്. അത് അവരുടെ ലാളിത്യമാണ് കാട്ടിത്തരുന്നത്. അവർ വീട്ടിൽ പാചകം ചെയ്യുന്നതും കുട്ടികളോടൊപ്പമുള്ള നിമിഷങ്ങളടക്കം നിരവധി ചിത്രങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. അടുപ്പിച്ചുള്ള നാല് ഓണത്തിന് ഞാൻ അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.

  • താങ്കളൊരു ഫോട്ടോഗ്രാഫറാണ്. ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ എന്ത് പ്രത്യേകതയാണ് ഉഷയിൽ താങ്കൾ കാണുന്നത്?

ഉഷ വലിയ സുന്ദരിയൊന്നുമല്ല. ഒരുപക്ഷേ, സുന്ദരികൂടിയായിരുന്നെങ്കിൽ അവരെ പിടിച്ചാൽ കിട്ടില്ലായിരുന്നു. കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ വിജയിച്ച് പ്രശസ്തരായവർ സൗന്ദര്യത്തിന്റെ പേരിൽ സിനിമയിൽ വരെ എത്തിയിരുന്നു. ഉഷ കുറേക്കൂടി സുന്ദരിയായിരുന്നെങ്കിൽ അവരെയിങ്ങനെ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ, അവരുടെ ചിത്രങ്ങളിലുളള പവർ അപാരമാണ്. ക്യാമറയിലൂടെ നോക്കുമ്പോൾ സ്റ്റാർട്ടിങ്ങിലും ഫിനിഷിങ്ങിലുമാണ് അവരുടെ ഊർജ്ജം ഞാൻ നിഴലിച്ച് കണ്ടിട്ടുള്ളത്. ചിത്രങ്ങളിൽ ഇത്ര പവറുള്ള ഒരു കായിക താരത്തെ ഞാൻ വേറെ കണ്ടിട്ടില്ല. മത്സരങ്ങളിൽ വിജയിച്ച് കഴിഞ്ഞാൽ വലിയ ആഹ്ലാദ പ്രകടനങ്ങൾ ഒന്നും ഉഷയിൽ നിന്നും ഉണ്ടാകാറില്ല.

  • ഉഷയെന്ന സുഹൃത്തിനെ എങ്ങനെ വിലയിരുത്തുന്നു.

ഉഷയോടൊപ്പം നിരവധി യാത്രകളിൽ പോയിട്ടുണ്ട്. എവിടെപ്പോയാലും ഉഷയ്ക്ക് ധാരാളം പരിചയക്കാരുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ചൈനയിലും ഉഷയെന്ന പേരിൽ ഒരു റോഡുണ്ട്. സാധാരണക്കാർക്കിടയിൽ ഇത്ര ഈസിയായി ഇടപഴകുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. പലപ്പോഴും പരിശീലന സമയത്ത് ഉഷയോടൊപ്പം പോയപ്പോൾ ഞാൻ ഞെട്ടിയിട്ടുണ്ട്. പരിശീലനത്തിന് ഉഷ ആൺകുട്ടികളോടൊപ്പമാണ് ഓടുന്നത്. എന്നാൽ പേടിച്ചിട്ട് ആൺകുട്ടികളിൽ പലരും ഉഷയോടൊപ്പം പരിശീലനസമയത്ത് പോലും ഓടാറില്ല.
(അവസാനിച്ചു)