- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ കായികതാരമായതു കൊണ്ട് നാട്ടിലെ റോഡ് നന്നായി, കുടിവെള്ളമെത്തി; എല്ലാത്തിനും സർക്കാറിന് നന്ദിയും അറിയിക്കുന്നു; ഇനി സ്വസ്ഥം ഗൃഹഭരണം: പ്രീജാ ശ്രീധരനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
താൻ കായികരംഗത്തുകാട്ടിയ മികവിന് അംഗീകാരമായി രാജാക്കാട്ടെ തന്റെ നാട്ടിൽ സർക്കാരും പഞ്ചായത്തുമൊക്കെ ചേർന്നു റോഡും കുടിവെള്ളസൗകര്യവുമൊക്കെ ഒരുക്കിത്തന്നതിൽ തനിക്കു സന്തോഷവും അഭിമാനവുമുണ്ടെന്നു പ്രീജാ ശ്രീധരൻ. കായികരംഗത്തുനിന്നു വിടപറഞ്ഞ പ്രീജാ ശ്രീധരൻ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ഒരുപാട് നേട്ടങ്ങൾ ജ
താൻ കായികരംഗത്തുകാട്ടിയ മികവിന് അംഗീകാരമായി രാജാക്കാട്ടെ തന്റെ നാട്ടിൽ സർക്കാരും പഞ്ചായത്തുമൊക്കെ ചേർന്നു റോഡും കുടിവെള്ളസൗകര്യവുമൊക്കെ ഒരുക്കിത്തന്നതിൽ തനിക്കു സന്തോഷവും അഭിമാനവുമുണ്ടെന്നു പ്രീജാ ശ്രീധരൻ. കായികരംഗത്തുനിന്നു വിടപറഞ്ഞ പ്രീജാ ശ്രീധരൻ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
- ഒരുപാട് നേട്ടങ്ങൾ ജീവിതത്തിൽ ലഭിച്ചെങ്കിലും അതിന്റെ ഒക്കെ പിന്നിൽ കഠിനാധ്വാനവും തളരാത്ത മനസും ഉണ്ടായിരുന്നു. എങ്ങനെയായിരുന്നു സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അടക്കമുള്ള ക്യാമ്പുകളിലെ ജീവിതം.?
എനിക്ക് പരിശീലനം തന്ന എല്ലാ കോച്ചുകളും വളരെ കർക്കശ സ്വഭാവക്കാരായിരുന്നു. നമ്മളോട് സ്‌നേഹമുണ്ടെങ്കിലും അവർ ഒരിക്കലും പുറത്തുകാണിക്കുകയില്ല.എന്നാൽ ഏറ്റവും കർക്കശക്കാരനായ കോച്ച് ഡോ. നിക്കോളിയ ആയിരുന്നു. പരിശീലനത്തിനിടയിൽ ഒരു പിഴവും അദ്ദേഹം അംഗീകരിക്കില്ല. പിന്നെ ഭക്ഷണക്രമം. പുഴുങ്ങിയ മീൻ, പുഴുങ്ങിയ ചിക്കൻ, പുഴുങ്ങിയ പച്ചക്കറികൾ ഇതായിരുന്നു മുഖ്യഭക്ഷണം. എരിവ്, പുളി, എണ്ണ ഇവ ചേർത്ത ഭക്ഷണങ്ങൾ ഒന്നും തരില്ല. ചിലപ്പോൾ വീട്ടിൽ അമ്മയും ചേട്ടായിയുമൊക്കെ കാണാൻ വന്നാലും അരമണിക്കൂർ സമയം മാത്രമാണ് അനുവദിക്കുന്നത്. കൂടുതലായി ഒരു മിനുട്ട് പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒരു അത്‌ലറ്റ് എന്ന നിലയിൽ വളരെയധികം സഹായിച്ച വ്യക്തിയാണ് ഡോ.നിക്കോളിയ.
- കായികകേരളം പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് പ്രീജ ശ്രീധരന്റെ വിരമിക്കൽ. പെട്ടെന്നുള്ള ഈ തീരുമാനത്തിനു പിന്നിൽ ?
വിവാഹം കഴിഞ്ഞ് വിരമിക്കണം എന്ന തീരുമാനത്തിലായിരുന്നു ഞാൻ. പക്ഷേ ഹസ്ബന്റിൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും മികച്ച സപ്പോർട്ടാണ് ലഭിച്ചത്. 'നിനക്ക് കഴിയുന്നതുവരെ അത്‌ലറ്റിക്‌സിൽ തുടർന്നോളൂ, എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും ' ഇതായിരുന്നു ദീപുവേട്ടന്റെ അഭിപ്രായം. പിന്നെ, 20 വർഷം ആയില്ലേ ട്രാക്കിലിറങ്ങിയിട്ട്. ഇനി സ്വസ്ഥം ഗൃഹഭരണം.
- കായികജീവിതത്തിൽനിന്ന് വ്യക്തി ജീവിതത്തിലേക്ക് വരുമ്പോൾ ?
പാലക്കാടാണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഡോ.ദീപേഷ് ഗോപിനാഥ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓങ്കോളജിയിൽ പി.ജി. ചെയ്യുന്നു. എനിക്ക് പാലക്കാട് റെയിൽവെ ഡിവിഷനിൽ ഓഫീസ് സൂപ്രണ്ടായി ജോലിയുണ്ട്. ജോലിയിൽ കയറിയിട്ട് 13 വർഷങ്ങൾ ആയെങ്കിലും അവിടെ ഇതുവരെ ജോലി ചെയ്യാൻ കഴിഞ്ഞിട്ടില്ല. അടുത്താഴ്ച ഓഫീസിൽ ജോയിൻ ചെയ്യണം. അതിനു മുമ്പ് നാട്ടിലേക്ക് ഒന്നു പോകണം. എന്തായാലും ഞാൻ കായികതാരമായതു കൊണ്ട് നാട്ടിലെ റോഡുകളൊക്കെ സർക്കാർ ശരിയാക്കിത്തന്നു. നേരത്തെ അവിടെ കുടിവെള്ളം ഒന്നും ലഭിക്കില്ലായിരുന്നു. ഇപ്പോൾ പഞ്ചായത്ത് അതെല്ലാം ശരിയാക്കി കൊടുത്തു. അതിലെല്ലാം എനിക്ക് ഭയങ്കര സന്തോഷമുണ്ട്.
- ഈ ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. വലിയ നേട്ടം തന്നെയാണ്. കേരളത്തിന്റെ കായികരംഗത്തെ വിലയിരുത്തുമ്പോൾ ?
മൂന്നു ദേശീയ ഗെയിംസുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത ദേശീയ ഗെയിംസിനേക്കാൾ ഏറ്റവും മികച്ച ദേശീയഗെയിംസായിരുന്നു കേരളത്തിൽ നടന്നത്. അതിന്റെ സംഘാടനമികവിൽ ഭയങ്കര സന്തോഷം തോന്നി. കൂടാതെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ട്രാക്കിലും ഗെയിംസിലും മെഡൽ നേടാനായി എന്നതും വളരെ സന്തോഷകരമായിരുന്നു. നിലവിൽ മറ്റേതു താരങ്ങളോടും കിടപിടിക്കത്തക്ക വിധത്തിൽ കായികരംഗം വളർന്നിട്ടുണ്ട്. സൗകര്യങ്ങളും ഏറ്റവും മികച്ചവയാണ്. ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും കാത്തു സൂക്ഷിക്കുകയാണ് ഇനി വേണ്ടത്. എനിക്ക് ഒരു നിർദ്ദേശമുള്ളത്. താരങ്ങളുടെ പരിശീലനത്തിനായി വിദേശകോച്ചുകളുടെ സേവനം കൂടി നിർബന്ധമായി ഉൾപ്പെടുത്തണം.
- മെഡൽ സ്വപ്‌നങ്ങളുമായി ഒട്ടേറെ കുട്ടികൾ ട്രാക്കിലും ഗെയിംസിലുമായി എത്തുന്നുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വ്യക്തി എന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള കായികതാരമെന്ന നിലയിലും പ്രീജയ്ക്ക് യുവതലമുറയ്ക്ക് കൊടുക്കാൻ കഴിയുന്ന ഉപദേശങ്ങൾ എന്താണ്?
കായികതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഗ്രൗണ്ടിലേക്ക് മെഡൽ സ്വപ്‌നങ്ങളുമായി ഇറങ്ങുന്നവർ ആയിരക്കണക്കിനുണ്ട്. എന്നാൽ കഠിനാധ്വാനം, അർപ്പണ മനോഭാവം, തളരാത്ത മനസ്, ലക്ഷ്യബോധം ഈ മൂന്നു കാര്യങ്ങളാണ് ഒരു കായികതാരത്തിന് അടിസ്ഥാനമായി വേണ്ടത്. പരിശീലനം തുടങ്ങി പെട്ടെന്നു തന്നെ സമ്മാനങ്ങളോ, മെഡലുകളോ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. വർഷങ്ങൾ പരിശീലിച്ചിട്ടു പോലും പ്രതീക്ഷിച്ച മെഡൽ കിട്ടാതെ പോയ അനുഭവത്തിലാണ് ഞാനിത് പറയുന്നത്. കഠിനാധ്വാനം മാത്രമാണ് മെഡലുകളിലേക്കുള്ള വഴി. ഒരു ജോലി സമ്പാദിക്കുന്നതിനുള്ള എളുപ്പവഴിയായി കായികരംഗത്തെ കാണുന്നവരും കുറവല്ല. സ്‌പോർട്‌സിനോട് നമ്മൾ കാണിക്കുന്ന അർപ്പണ മനോഭാവത്തിന് അനുസരിച്ചാണ് അംഗീകാരങ്ങളും തേടിയെത്തുക. അതുകൊണ്ട് അംഗീകാരങ്ങളിലും മെഡലുകളിലും മാത്രം ശ്രദ്ധിക്കാതെ കഠിനാധ്വാനം ചെയ്താൽ എല്ലാം പ്രതീക്ഷിക്കാതെ തന്നെ വന്നു ചേരും. പിന്നെ ബാക്കി എല്ലാം ഈശ്വാരനുഗ്രഹം.
(അവസാനിച്ചു)