- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
ലണ്ടൻ: കോളേജ് ഉപേക്ഷിച്ചു വീട്ടിലിരിക്കുന്ന ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവിനെയാണ് പ്രേക്ഷകർ സിനിമയുടെ ആദ്യ പകുതിയിൽ ഉടനീളം കാണുന്നത്. അഞ്ജുവിനു എന്തുപറ്റിയെന്ന ഒരു സൂചന പോലുമില്ലാതെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. പൊലീസ് ജീപ്പ് കണ്ടാലോ പൊലീസിനെ കണ്ടാലോ ഭയക്കുന്ന അഞ്ജു ഒരു രോഗിയാണെന്ന് ഒരിടത്തും പറയുന്നുമില്ല.
എന്നാൽ ഒരിക്കൽ വീട്ടിൽ അയൽവാസിയെ തേടി പൊലീസ് വന്നുപോകുന്ന രാത്രിയിൽ അപസ്മാര ലക്ഷണം കാണിക്കുന്ന അഞ്ജുവിൽ നിന്നാണ് ആ പെൺകുട്ടിക്ക് കഴിഞ്ഞ കാല സംഭവങ്ങൾ എത്ര ഗുരുതരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നത്.
തുടർന്ന് കുടുംബ ഡോക്ടറെ കാണിക്കാൻ ജോർജുകുട്ടിയും റാണിയും എത്തുന്ന രംഗത്താണ് ഡോക്ടർ കാര്യങ്ങൾ വിശദമാക്കുന്നത്. ചിത്രം വൻഹിറ്റായതോടെ മാധ്യമ ലോകം ഓരോ സീനും ചികഞ്ഞെടുത്തു ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച താരങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ഇനിയും അവസാനിച്ചിട്ടില്ല.
എന്നാൽ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോർജ് ഇതുവരെയും ഒരു മാധ്യമത്തിനും പിടികൊടുത്തിട്ടില്ല എന്നതാണ് സത്യം. എന്നാൽ മുൻ യുകെ മലയാളികൂടിയായ രഞ്ജിനിയെ യുകെയിൽ പലരും തിരിച്ചറിഞ്ഞതോടെ തന്റെ ആദ്യ അഭിമുഖം മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായി പങ്കുവയ്ക്കുകയാണ് ജീവിതത്തിൽ നേഴ്‌സ് ആയും അദ്ധ്യാപികയായും വേഷമിട്ട രഞ്ജിനി ജോർജ്.
രഞ്ജിനിയെ ഒരുപാടു അന്വേഷിക്കേണ്ടി വന്നു കണ്ടെത്താൻ. മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ കഴിയുകയാണോ?
ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല. എന്റേതായ ലോകത്തു സന്തോഷം കണ്ടെത്തുന്ന വ്യക്തി എന്ന നിലയിൽ കഴിയുന്നതിനാലാകും അധികം പേരുടെ കണ്ണിൽ പെടാതെ കഴിയുന്നത്. എന്നാൽ ദൃശ്യം വന്നതോടെ കഥ മാറുകയാണ്. എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി, പ്രത്യേകിച്ചും സിനിമ മേഖലയിൽ. മാധ്യമങ്ങളുടെ കണ്ണിൽ പെട്ടില്ല എന്നിനി പറയാനാകില്ല, നിങ്ങളൊക്കെ തുടങ്ങി വയ്ക്കുകയല്ലേ.
സിനിമ എൻട്രി ലേറ്റ് ആയിപ്പോയി എന്ന് തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല. റിട്ടയർമെന്റ് ഇല്ലാത്ത രംഗം അല്ലെ അഭിനയം. ഒരു പക്ഷെ അഭിനയത്തിന് മാത്രമാകും ഏതു പ്രായത്തിലും ഈ നേട്ടം അവകാശപ്പെടാനാകുക. എന്റെ ആദ്യ ചിത്രമാണിത്. അതും ആദ്യ സീനിൽ തന്നെ ഏവരും ആഗ്രഹിക്കുന്ന, സിനിമ മോഹം ഉള്ളിൽ ഉള്ളവർ കൊതിക്കുന്ന ലാലേട്ടനും മീന മാഡത്തിനും ഒപ്പം. എനിക്കിതു ബെസ്റ്റ് എൻട്രി തന്നെയാണ്.
എങ്ങനെയാണു ദൃശ്യത്തിലേക്കു എത്തുന്നത്?
ഞാൻ നേരത്തെ കൂത്താട്ടുകുളം മേരിഗിരി സിബിഎസ്ഇ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. അവിടെ തന്നെയാണ് ജിത്തു ജോസഫ് സാറിന്റെ മക്കൾ പഠിച്ചിരുന്നതും. പിന്നീട് ഞാനും സാറിന്റെ മക്കളും ആ സ്‌കൂൾ വിട്ടിരുന്നു. എങ്കിലും സിനിമ മോഹം അടക്കാൻ പറ്റാതായപ്പോൾ ഏതാനും വർഷം മുൻപ് പ്രൊഫൈൽ സാറിന് അയച്ചു കൊടുത്തിരുന്നു. അന്ന് ഇപ്പോൾ പുതിയ പടങ്ങൾ ഒന്നും ഇല്ലെന്നായിരുന്നു സാറിന്റെ മറുപടി. ഇപ്പോൾ ദൃശ്യം രണ്ടു വന്നപ്പോൾ ഡോക്ടറുടെ വേഷമുണ്ട്, ഓഡിഷന് വന്നോളൂ എന്ന ലിൻഡ ചേച്ചിയുടെ വിളി വന്നപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. ഓഡിഷൻ വിജയിച്ചതോടെ വേഷവും ഉറപ്പായി. എല്ലാം ഒരത്ഭുതം പോലെ തോന്നുകയാണ്.
ഓഡിഷൻ ഭയത്തോടെയാണോ പങ്കെടുത്തത്?
നല്ല ആത്മവിശ്വാസത്തോടെയാണ് പോയത്. പ്ലസ് വൺ പഠിക്കുന്ന മൂത്ത മകൻ ഓഡിഷൻ പാസാകാതെ വന്നേക്കരുത് എന്ന് പറഞ്ഞ വാക്കുകളായിരുന്നു കാതിൽ നിറയെ.
നേഴ്‌സ് ആയ രഞ്ജിനി എങ്ങനെ അദ്ധ്യാപികയായി ?
നാലു വര്ഷമാണ് ഞാൻ യുകെയിൽ ജോലി ചെയ്തിട്ടുള്ളത്. ഭർത്താവിന് യുകെയിലേക്കു വരാൻ പ്രയാസമുള്ള ജോലി ആയിരുന്നതിനാൽ കുടുംബത്തെ വിട്ടു പിരിയാൻ ഉള്ള പ്രയാസം മൂലമാണ് ഞാൻ നാട്ടിലേക്കു മടങ്ങുന്നത്. എന്നാൽ ഭർത്താവിന് ഗൾഫിൽ ജോലി ആയതിനാൽ അടുത്ത നാലു വർഷം ഒമാനിൽ കഴിയുക ആയിരുന്നു. ഈ സമയത്തു എന്റെ ഭാവി കരിയർ എന്തെന്ന ചോദ്യമാണ് എനിക്കേറ്റവും ഇഷ്ട്ടപെട്ട അദ്ധ്യാപനത്തിലേക്കു തിരിയുന്നത്. തുടർന്ന് സ്‌കൂൾ അദ്ധ്യാപികയായും ഇപ്പോൾ ഐ ഇ എൽ ടി എസ് കോച്ചിങ് ട്രെയിനർ ആയും ജോലി ചെയുന്നു.
ലാലേട്ടന് മുന്നിൽ അഭിനയിക്കുമ്പോൾ എന്ത് തോന്നി?
ഇക്കാര്യത്തിൽ ജിത്തു സാറിനോടുമാണ് നന്ദി പറയേണ്ടത്. പകയ്ക്കരുത് എന്ന് മാത്രമേ ജിത്തു സാർ പറഞ്ഞിരുന്നുള്ളൂ. നാട്ടുകാരിയാണ്, ആദ്ധ്യാപികയാണ് എന്നൊക്കെ ജീത്തു സാർ ലാലേട്ടന് പരിചയപ്പെടുത്തിയിരുന്നു. ആദ്യമെത്തുന്നവർക്കു സമാധാനം നല്കാൻ ലാലേട്ടനും മീന മാഡവും ഒക്കെ വളരെ കൂളായി അൽപ നേരം സംസാരിച്ച ശേഷമാണു ഷൂട്ടിങ് നടന്നത്. എന്തായാലും ആദ്യ ടേക്കിൽ തന്നെ ഒകെ ആയി. മുന്നിലിരിക്കുന്നത് ലാലേട്ടനും മീനയും ആണെന്നത് മറന്നു ജോർജുകുട്ടിയും റാണിയും ആണെന്ന് മനസിലുറപ്പിച്ചാണ് ഞാൻ ഡോക്ടറുടെ വേഷത്തിൽ ഇരുന്നത്. അതോടെ കാര്യം എളുപ്പമായി.
ആദ്യമായാണോ ക്യാമറക്കു മുന്നിൽ?
അല്ല ഞാൻ ചെയ്ത പാകി 8 എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മലയാളികൾ നിർമ്മിച്ച ഹിന്ദി ഷോർട് ഫിലിം ആണത്. മൂന്നു ഫിലിം മേളകളിൽ എനിക്ക് അവാർഡ് നൽകിയ മൂവിയാണത്. അഭിനേത്രി എന്ന നിലയിൽ ആ കഥാപാത്രത്തെ ഞാൻ ഇപ്പോഴും നെഞ്ചേറ്റുന്നു. പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ശരീരം വിൽക്കേണ്ടി വരുന്ന ഒരു മറാത്തി സ്ത്രീയുടെ വേഷമാണത്. കറുത്ത നിറമൊക്കെ ശരീരത്തിൽ തേച്ചു പിടിപ്പിച്ച ആ സ്ത്രീയായി മാറിയത് വല്ലാത്തൊരു അനുഭവമായിരുന്നു. അവരെ തേടിയെത്തുന്ന ഒരു ട്രക്ക് ഡ്രൈവർ എട്ടു വയസുള്ള പെൺകുട്ടിയെ പിച്ചി ചീന്തുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. ഒരു രാഷ്ട്രീയ സന്ദേശം കൂടി നൽകിയാണ് ആ മൂവി അവസാനിക്കുന്നത്. സിനിമയെ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു ചെറു ഫിലിം ആണത്.
ആദ്യമായി അത്തരം ഒരു വേഷം ചെയ്യേണ്ടി വന്നപ്പോൾ മടി ഉണ്ടായിരുന്നോ? ടൈപ്പ് ചെയ്യപ്പെടുമോ എന്ന പേടി?
ഒരിക്കലുമില്ല. സന്തോഷത്തോടെയാണ് അത് ചെയ്തത്. സാധാരണ ഇത്തരം വേഷങ്ങൾ പലരും മടികാട്ടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. നമ്മൾ അഭിനേതാവാകുമ്പോൾ അങ്ങനെയേ പ്രേക്ഷകർ കാണൂ, ആ വേഷത്തിൽ നിന്നും ഇറങ്ങിയാൽ നമ്മൾ സാധാരണ വ്യക്തിയാകുകയല്ലേ. അപ്പോൾ വേഷത്തെ കുറിച്ച് ഓർത്തു എന്തിനു വേവലാതിപ്പെടണം.
ദൃശ്യം കഴിഞ്ഞപ്പോൾ എങ്ങനെയുണ്ട് പ്രതികരണം?
ഒട്ടേറെ ആളുകൾ വിളിക്കുന്നു, കൂടുതൽ നല്ല വേഷങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വർഷം ഇതിനകം പ്രൊഡക്ഷന് വർക്ക് കഴിഞ്ഞ നാല് ചിത്രങ്ങൾ എങ്കിലും വരുവാനുണ്ട് എന്നതാണ് സന്തോഷം. മഞ്ജു വാര്യർ പ്രധാന വേഷമിടുന്ന ചതുർമുഖം നല്ല പ്രതീക്ഷയുള്ള ചിത്രമാണ്. പിന്നെ പ്രമുഖ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പടവും. ഉടുമ്പ്, ഒന്ന്, അന്ന എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിൽ അന്നയിൽ നല്ല പ്രാധാന്യമുള്ള വേഷമുണ്ട്.
ആദ്യം സിനിമയിൽ പോകുന്നത് വിലക്കിയ ഭർത്താവ് ഇപ്പോൾ എന്ത് പറയുന്നു?
ഏതൊരു മലയാളി കുടുംബത്തിലും സംഭവിക്കുന്നതാണിതൊക്കെ. സിനിമ എന്ന് കേൾക്കുമ്പോൾ പേടിക്കുന്നവർ ഉണ്ടാകാം. ഞാൻ എന്റെ ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വേണ്ടെന്നു പറഞ്ഞതോടെ ആ ഇഷ്ടം മാറ്റിവച്ചു. പിന്നീട് അവസരം വന്നപ്പോഴും അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് ചെയ്തത്. ഇപ്പോൾ ദൃശ്യം ചെയ്യാനായതിൽ ഏറ്റവും സന്തോഷിക്കുന്നതും അദ്ദേഹമാണ്.
യുകെ വിടേണ്ടി വന്നപ്പോൾ സങ്കടം തോന്നിയിരുന്നോ?
തീർച്ചയായും. ഏറെ ഇഷ്ടപ്പെട്ടു വന്നതാണ്. എന്നാൽ കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു. അപ്പോൾ വിഷമം സഹിച്ചാണെങ്കിലും മടങ്ങുക ആയിരുന്നു. ഇപ്പോൾ തോന്നുന്നു അത് നല്ലതിനായിരുന്നു എന്നും.
കുടുംബത്തെ കുറിച്ച്?
ഞാൻ ഇടുക്കിക്കാരിയാണ്. വിവാഹം കഴിഞ്ഞാണ് കൂത്താട്ടുകുളം പുതുവേലിക്കാരിയാകുന്നത്. ഭർത്താവ് ഷാജൻ കുര്യൻ ഗൾഫിൽ മെക്കാനിക്കൽ എൻജിനീയറാണ്. മക്കൾ രണ്ടു ആൺകുട്ടികൾ, പ്ലസ് വൺ പഠിക്കുന്ന സ്റ്റീവ് ഷാജനും അഞ്ചിൽ പഠിക്കുന്ന ഡിയോൺ ഷാജനും.
മനസിൽ ഒളിപ്പിച്ച ആഗ്രഹം ഇനിയുമുണ്ടോ?
ഒരുപാടുണ്ട് (രഞ്ജിനി മനസ് നിറഞ്ഞു ചിരിക്കുന്നു) ദേശീയ അവാർഡും ഷാരൂഖ് ഖാൻ ഒപ്പം അഭിനയിക്കണം എന്നുമൊക്കെയാണ് ആഗ്രഹം എന്ന് പറഞ്ഞാൽ അഹങ്കാരി എന്ന് പറയരുത്. കുന്നോളം ആഗ്രഹിക്കണം എന്നല്ലേ പഴമക്കാർ പറയുക, നമുക്കു ചുമ്മാ ആഗ്രഹിക്കാല്ലോ.
യുകെ മലയാളിയും ഹോട്ടൽ ബിസിനസുമുള്ള ബിർമിൻഹാമിലെ ജെയ്മോൻ ജോർജും സിസ്റ്റർ ഇൻ ചാർജ് സിനി മാർട്ടിനും സഹോദരങ്ങളാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.