യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായ സന്തോഷ് എച്ചിക്കാനവുമായി തോമസ് ജോസഫ് നടത്തിയ സംഭാഷണം.

  • കാസർകോട്ടെ ബാല്യകാലം, ഭാഷ, സംസ്‌കാരം, നാട്?

കാസർകോട് ജില്ലയിലെ പേടടുക്ക ഗ്രാമത്തിലാണ് എന്റെ ജനനം. 10 - ക്ലാസ്സ് വരെ ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠനം. ആ സമയത്ത് സ്‌കൂൾ തലത്തിലുള്ള ചെറു കഥയ്ക്ക് സമ്മാനങ്ങൾ കിട്ടി. എച്ചിക്കാനത്തുവച്ചാണ് കഥയെ ഗൗരവമായി കാണാനും എഴുതാനും തുടങ്ങിയത്. ഭാഷയുടെ ഏറ്റവും സമ്പന്നമായ ഒരു സംസ്‌കാരമാണ് കാസർകോടിനുള്ളത്. നാട്ടു ഭാഷയുടെ ശക്തി ഇത്ര മാത്രം ആത്മാവിൽ ആവിഷ്‌കരിക്കപ്പെട്ട നാട് വേറെ കാണാൻ കഴിയില്ല.

  • എഴുത്തിൽ അച്ഛന്റെയും അമ്മയുടെയും സ്വാധീനം?

തീരെ ഇല്ല. എങ്കിലും എഴുത്തുകാരനെന്ന നിലയിൽ എന്നെ മനനസ്സിലാക്കിയ ഒരാൾ എന്റെ അമ്മയായിരുന്നു. എന്റെ അമ്മ ഒരു സാധാരണ നാട്ടുമ്പുറത്ത് കാരിയായിരുന്നു. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഒരു പരിജ്ഞാനവുമില്ലാത്ത അമ്മയ്ക്ക് എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞു. എഴുത്തിന്റേതായ എല്ലാ ഭ്രാന്തുകൾക്കും എന്റെ അമ്മ എനിക്ക് കൂട്ട് നിന്നിട്ടുണ്ട്.

  • ദിനചര്യ?

ഞാൻ വളരെ ചിട്ടയായിട്ട് ജീവിക്കുന്നയാളാണ്. ഫുൾ ടൈം ചിട്ടയിട്ട് ജീവിക്കുന്ന ഒരാൾ എന്ന അർത്ഥത്തിലല്ല ഇത് പറയുന്നത്. ഏത് അപതാളത്തിലും താളം കണ്ടെത്തുന്ന ജീവിതമാണ് എന്റേത്. എന്റെ ജോലിയുമായിട്ട് ബന്ധപ്പെട്ടു കൊണ്ടുള്ള കൃത്യ നിഷ്ഠയാണ് എന്റേത്.

  • മറ്റ് ജോലികൾ ഒന്നും ചെയ്യാതെ എഴുത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിലെ വെല്ലുവിളി?

ഞങ്ങളുടെ ഈ പുതിയ തലമുറയിൽ എഴുത്തുകൊണ്ട് ജീവിക്കും എന്ന വെല്ലുവിളി ഉയർത്തി കൊണ്ട് ഉള്ള ജോലിയെല്ലാം രാജിവച്ച് വീട് വിട്ട് ഇറങ്ങിയവനാണ് ഞാൻ. പക്ഷെ ഇന്നും ഞാൻ ജീവിക്കുന്നത് എഴുതിയിട്ട് തന്നെയാണ്. എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എഴുത്തുകൊണ്ട് തന്നെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്.

  • സാമൂഹിക പ്രശ്‌നങ്ങളാണ് സന്തോഷിന്റെ കഥകളുടെ പ്രത്യേകത? വ്യക്തിയുടെ ഉള്ളിലേക്ക് കടന്ന് ചെല്ലുന്ന കഥകൾ കുറവാണെന്ന് തോന്നുന്നു അല്ലേ?

വ്യക്തി ഒരു സമൂഹം ആണെന്നിരിക്കെ വ്യക്തിപരമായി എഴുതപ്പെടുന്ന കഥകൾ സാമൂഹിക പരം കൂടിയാണ്. പക്ഷെ എന്റെ കഥകൾ എപ്പോഴും പൊളിറ്റക്കൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.

  • സാഹിത്യകാരൻ തിരക്കഥ എഴുതുമ്പോഴുള്ള വെല്ലുവിളി?

ലോകത്തിലെ വലിയ വലിയ എഴുത്തുകാരിൽ പലരും തിരക്കഥാകൃത്തുക്കൾ കൂടിയാണ്. എഴുത്തിന്റെ രസതന്ത്രം മനസ്സിലാക്കിയ ഒരാൾക്ക് ഇത് തിരക്കഥയായിക്കഴിഞ്ഞാലും വലിയ വെല്ലുവിളികളൊന്നും ഉയർത്താറില്ല.

  • മറക്കാനാവാത്ത അനുഭവം?

എന്റെ കഥകൾ വായിച്ചിട്ട് സാധാരണക്കാരായ ആളുകൾ എന്നെ ഫോണിൽ ബന്ധപ്പെടുകയും കഥ ഇഷ്ടപ്പെട്ടു എന്നു പറയുകയും ചെയ്യുന്ന നിമിഷങ്ങളാണ് ഞാനെന്നും എന്റെ ഓർമ്മയിൽ സൂക്ഷിച്ച് വയ്ക്കാറുള്ളത്.

  • അറേഞ്ച് മാരേജ് ആയിരുന്നോ?

പ്രണയ വിവാഹമായിരുന്നു. ആദ്യത്തെ കൂടി കാഴ്ചയിൽ തന്നെ ഞങ്ങൾ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു. പിന്നീട് വീട്ടുകാർ ആലോചിച്ച് തീരുമാനിച്ചതിന് ശേഷം നാല് മാസം പ്രണയിച്ചു. പിന്നെ വിവാഹം കഴിച്ചു.

  • ഭാര്യ, കുട്ടികൾ?

ഭാര്യ ജെൽസ മേനോൻ വിവേകാനന്ദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, മകൻ മഹാദേവൻ.
കടപ്പാട്- സ്മാർട്ട്ഫാമിലി