സീമയെ കാണണമെങ്കിൽ കാട്ടിൽ പോകണം. ഭർത്താവും വീട്ടുകാരുമൊക്കെ ഇങ്ങനെ പറയുന്നതിൽ അദ്ഭുതപ്പെടേണ്ട. ഇപ്പോൾ വർഷത്തിൽ മുക്കാൽ പങ്കിലേറെ ദിവസവും സീമ കാട്ടിൽതന്നെയാണ്. വെറുതേ കാട്ടിൽ പോവുകയല്ല. കാടിന്റെയും കാടിളക്കിവരുന്ന കൊമ്പന്റെയുമൊക്കെ കാഴ്ചകൾ പകർത്താൻ. വനിതാ ഫോട്ടോഗ്രാഫർമാരെ ഏറെക്കണ്ടിട്ടുണ്ടെങ്കിലും വനത്തിന്റെയും വന്യജീവികളുടെയും ഫോട്ടെയെടുത്തു കാടുകയറി നടക്കുന്ന ഒരു പെണ്ണിനെ കേരളം വേറേ കണ്ടിട്ടില്ല. അതാണു സീമ. കാമറയും തൂക്കി കാട്ടിൽനിന്നു മടങ്ങിയെത്തിയ ഒരു വൈകുന്നേമാണ് മറുനാടൻ മലയാളി സീമയെ കണ്ടത്. കാടറിവുകളും കാട്ടിലെ കാണാക്കാഴ്ചകളും സീമ പങ്കുവച്ചു.

പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് സീമക്ക് അച്ഛൻ മോഹൻ കെ. പണിക്കർ ഒരു സാധാരണ യാഷിക്ക ഫിലിം ക്യാമറ സമ്മാനിച്ചത്. അക്കാലത്ത് മോഹൻ പണിക്കർ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. അവധിക്ക് നാട്ടിൽ വന്നപ്പോൾ തന്റെ മൂത്ത മകൾക്ക് നൽകിയ സമ്മാനമായിരുന്നു അതെങ്കിലും പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം സീമ ക്യാമറയുമേന്തി കാടായ കാടുകൾ എല്ലാം ചുറ്റിക്കറങ്ങി വന്യജീവികളുടെ ഫോട്ടോകളെടുക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ല. ഭർത്താവ് സുരേഷ് അബുദാബി ആഭ്യന്തര മന്ത്രാലയത്തിൽ ഫോട്ടോഗ്രാഫറാണ് തൃശൂർ പറപ്പൂക്കര സ്വദേശി സുരേഷ് ഇളയത്. പത്താം വിവാഹവാർഷികദിവസം സുരേഷാണു സീമയ്ക്കു മെച്ചപ്പെട്ട നിക്കോൺ 3100 കാമറ വാങ്ങി നൽകിയത്. അന്നു സുരേഷും വിചാരിച്ചില്ല ലോകമറിയപ്പെടുന്ന ഒരു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറാകുമെന്ന്. സുരേഷിന്റെ പിന്തുണയാണു തന്റെ കാടുകയറ്റത്തിനും ചിത്രമെടുപ്പിനും വഴികാട്ടിയായതെന്നു സീമ പറയുന്നു. സുരേഷ് ഇളയതിന്റെ പറപ്പൂക്കരയിലെ തറവാട്ടു വീട്ടിനടുത്ത വിശാലമായ പാടശേഖരങ്ങളിലെത്തുന്ന നീർകാക്കകൾ മുതൽ ജലപക്ഷികൾ സീമയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതെല്ലാം കാണുമ്പോൾ സുരേഷിന്റെ നിർവൃതിക്ക് അതിരുകളില്ലാതെയാകുന്നു.

ആദ്യത്തെ കാനന യാത്ര, ക്യാമറയുമേന്തി പോയതിന്റെ ഓർമ്മകൾക്കിന്നും സീമയുടെ മനസ്സിൽ മങ്ങലേറ്റിട്ടില്ല. രണ്ടര ദിവസം നീണ്ട ഒരു ഫോട്ടോഗ്രാഫി ക്യാമ്പിലാണ്. പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറായ എൻ.എ. നസീറിന്റെ നേനതൃത്വത്തിൽ 30 ഓളം പേർ പങ്കെടുത്ത ക്യാമ്പ് സംഘടിപ്പിച്ചത് ചിമ്മിണി ഡാമിലായിരുന്നു. രാവിലെ ഏഴരക്ക് കാട്ടിലേക്ക് പുറപ്പെട്ടു, ചാറ്റൽ മഴയുണ്ടായിരുന്നതായി സീമ ഓർക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതായത് ഒമ്പതു മണിക്ക്‌ശേഷം മഴ മാറി. അപ്പോഴേക്കും ശരിക്കും കാടിനുള്ളിലെത്തിയിരുന്നു. വലിയ മൃഗങ്ങളെയൊന്നും കാണാൻ കഴിഞ്ഞില്ല. പക്ഷെ, മറ്റൊരു പ്രശ്‌നമായിരുന്നു എന്നെ അലട്ടിയിരുന്നത്. ചെരിപ്പിട്ടായിരുന്നു കാട്ടിൽ പോയത്. കുറച്ച് നടന്നു കഴിഞ്ഞപ്പോൾ കാലിൽ നീരു വരാൻ തുടങ്ങി. ഒരടി മുന്നോട്ടുവെക്കാനാകാത്ത അവസ്ഥ. ക്യാമ്പിനെ നയിച്ചിരുന്ന നസീർ ഉടൻ പ്രതിവിധിയുമായെത്തി. ചെരിപ്പ് ഊരി നടക്കുക.

ചെരിപ്പ് ഊരി കാൽപാദങ്ങൾ പച്ചമണ്ണിനെ സ്പർശിച്ചപ്പോൾ ഉണ്ടായ അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. മണ്ണിൽ നഗ്നപാദയായി നടന്നപ്പോൾ പ്രകൃതിയിലേക്ക് ലയിക്കുന്ന പ്രതീതി. പിന്നീടൊരിക്കലും പാദരക്ഷയുമായി കാടുകയറിയിട്ടില്ലെന്ന് സീമാ സുരേഷ് അഭിമാനത്തോടെ പറയുന്നു. ഇതിനുശേഷം നിരവധി കാടുകളിലൂടെ യാത്ര ചെയ്തു. ഷോളയാർ, മലക്കപ്പാറ, നെല്ലിയാംപതി, ആമ്പല്ലൂർകാട്, മൂന്നാർ, വട്ടവിള തുടങ്ങിയവയെല്ലാം കയറിയിറങ്ങിയിട്ടുണ്ട് ക്യാമറയുമായി ഈ യുവതി. സൈലന്റ് വാലിയിലും നിലമ്പൂർ കാടുകളിലും അലഞ്ഞ് നടന്ന് ചിത്രങ്ങളെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സീമ ഇപ്പോൾ.

ആദ്യയാത്രയിൽ വലിയ മൃഗങ്ങളെ ക്യാമറക്കുള്ളിലാക്കാൻ കഴിഞ്ഞില്ല. പച്ചനിറത്തിലുള്ള ഒരു അണലി പാമ്പിനെയായിരുന്നു സീമ ആദ്യത്തെ കാനനയാത്രയിൽ ക്യാമറയിലാക്കിയത്. പിന്നീട്, നൂറുകണക്കിന് വന്യജീവികളെ സീമയുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു. ആദ്യകാലത്ത് നിക്കോൺ 3100 പ്രൊഫഷണൽ ക്യാമറയായിരുന്നു അധികവും സീമ സുരേഷ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കാനൺ ഡി 6 ഡി ക്യാമറയാണ് ഉപയോഗിക്കുന്നതെന്ന് സീമ പറഞ്ഞു. ഇനി സീമ തന്നെ പറയട്ടെ...

  • വന്യജീവികളെ ഇഷ്ടപ്പെടാൻ കാരണം?

ചെറുപ്പത്തിലെ ആനകളെ ഇഷ്ടമായിരുന്നു. ആനക്കമ്പം എന്നെ അച്ഛന്റെ ഒരുപാട് ചീത്ത കേൾപ്പിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ അച്ഛനേനാടൊപ്പം പോകുമ്പോൾ ആനയെ സ്പർശിക്കാനും കാണാനുമൊക്കെയായി ഒരുപാട് ഇഷ്ടമായിരുന്നു. സ്ഥിരമായി ആനയെ സ്വപ്നം കാണുക സാധാരണ. മാത്രമല്ല, എന്റെ അച്ഛൻ അടിസ്ഥാനപരമായി കൃഷിക്കാരനാണ്. കൃഷിക്കാരുടേതാണ് കുടുംബം തന്നെ. ഇടക്കാലത്ത് അച്ഛൻ വിദേശത്തുപോയെങ്കിലും തിരിച്ചെത്തിയപ്പോൾ വീണ്ടും കൃഷിക്കാരനാകുകയായിരുന്നു. പ്രകൃതിയുമായുള്ള കുടുംബത്തിന്റെ അടുപ്പംതന്നെ കൃഷിയിൽനിന്നാണ്. ഗ്രാമങ്ങൾ നഗരവൽക്കരിക്കുമ്പോൾ മനുഷ്യന് അഭയം ഇനി കാടുകൾ മാത്രമായിരിക്കും. ചെറുപ്പത്തിൽ ആനക്കമ്പത്തിൽനിന്നു തുടങ്ങിയ വന്യജീവി സ്‌നേനഹം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പാഷനായി മാറാനുള്ള പ്രധാന കാരണമായി. പക്ഷെ, ഇപ്പോൾ ഉത്സവപറമ്പിൽ ആനയെ കാണുമ്പോൾ സഹതാപം തോന്നുന്നു. കാടറിഞ്ഞപ്പോൾ, വന്യജീവികളെ അടുത്തറിയാൻ തുടങ്ങിയപ്പോഴാണ് ഉത്സവ എഴുന്നള്ളിപ്പുകൾക്കായി അണിനിരക്കുന്ന ആനകൾ എത്രയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിയുന്നതു. ആനകളെ പീഡിപ്പിക്കുക തന്നെയാണ് എന്തിന്റെ പേരിലായാലും ഉത്സവങ്ങളിൽ ആന സാന്നിദ്ധ്യം.

  • കാട്ടിൽ ഒരു സ്ത്രീക്ക് ഒറ്റക്കു പോകാനാകുമോ?

സ്ത്രീയെന്ന നിലയിൽ പരിമിതികളുണ്ടെന്നതു വാസ്തവം. എന്നാൽ, നല്ല സുഹൃത്തുകൾ കൂടെയുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. സ്ത്രീയെന്നു തന്നെയല്ല, പുരുഷനായാലും കാട്ടിൽ ഒറ്റയ്ക്കു പോകുന്നത് അപകടം തന്നെയാണ്. ഒരിക്കൽ, കാടിനുള്ളിൽ വച്ച് കാട്ടാനക്കൂട്ടത്തെ കണ്ടപ്പോൾ ആദ്യം പരിഭ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നവരുടെ ഉപദേശപ്രകാരം അപകടം ഒഴിവാകുകയായിരുന്നു. ആ ആനക്കൂട്ടത്തിന്റെ നല്ല ചിത്രങ്ങളെടുക്കാനും കഴിഞ്ഞു. കാട്ടിൽപോകുമ്പോൾ, കാടിനെ നന്നായി അറിയാൻ ശ്രമിക്കുക, ഒപ്പം വന്യജീവികളേയും. നസീറിനെപ്പോലെ, കാടിന്റെ അനുഭവങ്ങളുള്ള ഒരാളുടെ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും വലിയ വിലയുണ്ട്. കാടിനെ അറിയാനും വന്യജീവികളുടെ സ്വഭാവമടക്കം മനസ്സിലാക്കാനും കഴിഞ്ഞാൽ പ്രശ്‌നങ്ങൾ കുറയും.

  • വന്യജീവി ഫോട്ടോഗ്രാഫർമാരിൽ വനിതകൾ ആരെങ്കിലും സുഹൃത്തുക്കളായിട്ടുണ്ടോ?

തീർച്ചയായും. ബാഗ്ലൂരുകാരി പ്രവീണ അടുത്ത സുഹൃത്താണ്. ഇടയ്ക്കിടെ ഫോണിൽ വിളിക്കും. കർണ്ണാടകത്തിലെ കാടുകളാണ് പ്രവീണയുടെ പ്രവർത്തനമേഖല. മനേനാഹരങ്ങളായ നിരവധി വന്യജീവികളുടെ അപൂർവ്വ ഫോട്ടോകൾ പ്രവീണക്കു ക്യാമറയിൽ പകർത്താനായി.

  • വന്യജീവി ഫോട്ടോകൾ പ്രദർശിപ്പിക്കാനുള്ള വേദി?

ഫെയ്‌സ് ബുക്കാണ് പ്രധാന മാദ്ധ്യമം. എടുക്കുന്ന ഫോട്ടോകൾ മുഴുവൻ ഫെയ്‌സ് ബുക്കിൽ പോസ്റ്റു ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ അഭിപ്രായം ആരായാൻ ഇതു സഹായിക്കുന്നു. മാത്രമല്ല, പ്രശസ്തരും പ്രഗത്ഭരുമായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും ലഭ്യമാകുന്നു. യഥാർത്ഥത്തിൽ ഫെയ്‌സ് ബുക്കാണ് എന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാക്കുന്നത്. വലിയ പ്രചോദനമാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിലപ്പെട്ട അറിവുകളും ഒപ്പം ഉണ്ടാകുന്നു.

  • വന്യജീവി ഫോട്ടോഗ്രാഫിയിൽ എന്താണ് ലക്ഷ്യം?

ഒരുപാട് ചിത്രങ്ങൾ എടുക്കണം. അതും അപൂർവ്വതകൾ നിറഞ്ഞത്. ഇപ്പോൾ കൂടുതലും പക്ഷികളാണ്, പലവിധത്തിലുള്ളവയാണ് പ്രധാന വിഷയം. എന്നാൽ, കാടുകളിലെ അപൂർവ്വ നിമിഷങ്ങളെ ഒപ്പിയെടുക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കുകയില്ല. കാടിനടുത്ത് ഒരു വീടുവെക്കണമെന്നാണ് ആഗ്രഹം. ഒപ്പം ഒരും ഫാം ഹൗസും. പ്രകൃതിയുമായി അടുക്കുക ഓരോ ചുവടിലും. ഗ്രാമങ്ങൾ ഇല്ലാതാകുകയാണ് കേരളത്തിൽ. നഗരം ഗ്രാമങ്ങളിൽ അധിനിവേശിക്കുന്നു. മനുഷ്യന്റെ അവസാന ആശ്രയവും കാടാകുന്നു. കാട്ടിലേക്കു ചേക്കേറാൻ മനുഷ്യൻ തയാറാകുകയാണ്. അത്രയേറെ പരിസ്ഥിതി ആഘാതങ്ങളാണ് വികസനത്തിന്റേയും മറ്റും പേരിൽ അരങ്ങുതകർക്കുന്നത്. ഒരുപാട് ചിത്രങ്ങളെടുക്കണമെന്നതു തന്നെയാണ് മറ്റേതു ഫോട്ടോഗ്രാഫർമാരെ പോലെ എന്റേയും ലക്ഷ്യം. അതും, അപൂർവ്വതകൾ നിറഞ്ഞ ചിത്രങ്ങൾ.

സീമാ സുരേഷ് അടിസ്ഥാനപരമായി പത്രപ്രവർത്തകയാണ്. അഞ്ചുവർഷത്തിലേറെ വിവിധ പത്രസ്ഥാപനങ്ങളിൽ ഫിലിം ജേർണലിസ്റ്റായി ജോലി ചെയ്ത ഈ യുവതിയുടെ പാഷനായ വന്യജീവിഫോട്ടോഗ്രാഫി ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ കാടുകയറുകയാണ് സീമ. പുതിയ ചിത്രങ്ങൾക്കായി, വലിയ ക്യാമറയും താങ്ങി പിടിച്ചുകൊണ്ട്. കാടിനെപ്പറ്റിയും കാട്ടു ചിത്രങ്ങളെപ്പറ്റിയും എൻ എ നസീർ പകർന്നു നൽകുന്ന അറിവിനേനാടൊപ്പം ക്യാമറയെപ്പറ്റിയുള്ള സാങ്കേതിക പരിജ്ഞാനം സുരേഷ് ഇളയതുതന്നെ പത്‌നിക്കു നൽകുകയാണ്. സീമയുടെ ഇഛാശക്തിയും അഭിനിവേശവും കാടിന്റെ വിശാലതയിൽ വളർന്നു പന്തലിക്കുമ്പോൾ അപൂർവ്വങ്ങളായ ചിത്രങ്ങൾ ക്യാമറ കണ്ണുകൾക്ക് കാണാനാകുന്നു.