- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷ്ടകാലത്തിന്റെ കടുംനിറം മറന്നു ശീതൾ ശ്യാം മനുഷ്യരെ നന്മ പഠിപ്പിക്കാൻ ഇറങ്ങി: ഭിന്നലിംഗക്കാരെ അംഗീകരിക്കാൻ മലയാളികളെ പഠിപ്പിച്ച മലയാളി മറുനാടനോടു മനസുതുറക്കുന്നു
ലിംഗനീതിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ഉയരുകയാണ് കേരളത്തിൽ. ഭിന്നലൈംഗികതയെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് ഒരു രാജ്യം ജനാധിപത്യത്തിലേക്ക് ഉയരുന്നത് എന്ന ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ചർച്ചകളും. ഇവിടെ, 'ജീവിച്ചിരിക്കൽ ഒരു മനുഷ്യാവകാശമാണ്' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, തന്റേയും തന്നെപ്പോലുള്ള ആയിരങ്ങളുടേയും നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശീതൾ ശ്യാം.. ശീതളിന്റെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം. 'പരിഷ്‌കൃത' സമൂഹത്തിന് നേരെയുള്ള ശീതളിന്റെ ചോദ്യങ്ങൾ നമ്മെ ചിന്തിപ്പിക്കും. കുടുംബം, കുട്ടിക്കാലം? സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനേയും അമ്മയേയും കൂടാതെ ഒരു മുതിർന്ന സഹോദരനായിരുന്നു എനിക്കുണ്ടായിരുന്നത്. സഹോദരനുമായായിരുന്നു മാതാപിതാക്കൾ എന്നെ താരതമ്യം ചെയ്തിരുന്നത്. ഞാൻ ജ്യേഷ്ഠനെപ്പോലെയല്ല പെരുമാറുന്നത്, പെൺകുട്ടികളെ പോലെ പെരുമാറുന്നു എന്നു പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു. എന്നെ പുറത്തുകൊണ്ടു പോകാൻ മടിയായിരുന്നു. എങ്ങോട്ടെങ്
ലിംഗനീതിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ഉയരുകയാണ് കേരളത്തിൽ. ഭിന്നലൈംഗികതയെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് ഒരു രാജ്യം ജനാധിപത്യത്തിലേക്ക് ഉയരുന്നത് എന്ന ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ചർച്ചകളും. ഇവിടെ, 'ജീവിച്ചിരിക്കൽ ഒരു മനുഷ്യാവകാശമാണ്' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, തന്റേയും തന്നെപ്പോലുള്ള ആയിരങ്ങളുടേയും നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശീതൾ ശ്യാം.. ശീതളിന്റെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം. 'പരിഷ്‌കൃത' സമൂഹത്തിന് നേരെയുള്ള ശീതളിന്റെ ചോദ്യങ്ങൾ നമ്മെ ചിന്തിപ്പിക്കും.
- കുടുംബം, കുട്ടിക്കാലം?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനേയും അമ്മയേയും കൂടാതെ ഒരു മുതിർന്ന സഹോദരനായിരുന്നു എനിക്കുണ്ടായിരുന്നത്. സഹോദരനുമായായിരുന്നു മാതാപിതാക്കൾ എന്നെ താരതമ്യം ചെയ്തിരുന്നത്. ഞാൻ ജ്യേഷ്ഠനെപ്പോലെയല്ല പെരുമാറുന്നത്, പെൺകുട്ടികളെ പോലെ പെരുമാറുന്നു എന്നു പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു. എന്നെ പുറത്തുകൊണ്ടു പോകാൻ മടിയായിരുന്നു. എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ തന്നെ ഒരു നൂറു നിർദ്ദേങ്ങൾ തന്നേ പുറത്തിറക്കൂ. പെൺകുട്ടികളെ പോലെ പെരുമാറരുത്. അധിക സമയം കണ്ണാടിയിൽ നോക്കരുത്. പെൺകുട്ടികളുടെ വസ്ത്രം ധരിക്കരുത്. പള്ളിയിൽ പോലും കൊണ്ടു പോകാൻ മടിയായിരുന്നു. കുട്ടിക്കാലത്തെ ഓർമകളെല്ലാം ഒറ്റപ്പെടലിന്റെയും മാറ്റി നിർത്തലുകളുടേതുമായിരുന്നു. ഓർക്കാൻ ഒട്ടും സുന്ദരമല്ലാത്ത കുട്ടിക്കാലം.
സ്‌കൂളിൽ നിന്നുള്ള അനുഭവങ്ങൾ?
വീട്ടിലെ ബാക്കിയായിരുന്നു സ്‌കൂളിലെ അനുഭവങ്ങൾ. അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ഒറ്റപ്പെടുത്തി. പരിഹസിച്ചു. പലരും ഭ്രാന്താണെന്നു വരെ പറഞ്ഞു. ആൺ സുഹൃത്തുക്കളെക്കാൾ പെൺസുഹൃത്തുക്കളോടായിരുന്നു അടുപ്പം. അവരായിരുന്നു ആകെയുള്ള ആശ്വാസം. ഇടയ്ക്ക് എന്നെ പോലെ മറ്റൊരാൾ ക്ലാസിലേക്കു വന്നു. അയാളും എന്റേതിന് സമാനമായ അവസ്ഥകളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. വളരെ പെട്ടന്നു തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. ശരിക്കും വലിയൊരു ആശ്വാസമായിരുന്നു ആ സൗഹൃദം ഇരുവർക്കും. സങ്കടങ്ങളും സംശയങ്ങളും പങ്കുവയ്ക്കാനും മനസിലാക്കാനും ഒരു ചങ്ങാതി. മറ്റുള്ളവർ ഞങ്ങളെ പരിഹസിച്ചപ്പോഴും സ്വന്തം ലോകത്ത് ഞങ്ങൾ സന്തോഷം കണ്ടെത്തി. ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ട്യൂഷൻ ക്ലാസിലെ അദ്ധ്യാപകൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്റെ സുഹൃത്തിനും അത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് മരിക്കാൻ വരെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയാണ് ഒരു ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. പഠനമെന്ന സ്വപ്‌നം പാതിവഴിയിൽ അവസാനിപ്പിച്ചു. ഒമ്പതാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. തൊഴിലന്വേഷിച്ച് സുഹൃത്തിനൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ഞങ്ങളെപ്പോലുള്ള കൂടുതൽ ആളുകളെ കാണാൻ സാധിച്ചത്. അത് സത്യത്തിൽ ഒരു തിരിച്ചറിവായിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ധാരാളം പേരുണ്ടെന്ന തിരിച്ചറിവ്.
- തൊഴിലന്വേഷിച്ച് നഗരത്തിലെത്തിയപ്പോൾ എത്തരത്തിലുള്ള അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്?
എല്ലായിടത്തു നിന്നും പരിഹാസങ്ങളും ഉപദ്രവങ്ങളുമാണ് നേരിടേണ്ടി വന്നത്. പലയിടങ്ങളിൽ ജോലി നോക്കി. അലുമിനിയം കമ്പനി, സ്റ്റുഡിയോ, നിർമ്മാണ മേഖല.. എല്ലായിടത്തു നിന്നും ഒരേ അനുഭവങ്ങൾ. ഒടുവിൽ ബാംഗ്ലൂരിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെയെത്തിയപ്പോൾ ഞങ്ങളെപ്പോലുള്ള ഒരുപാട് പേരെ കണ്ടുമുട്ടി. കേരളത്തിലേതിനെക്കാൾ സുരക്ഷിതമാണ് ബാംഗ്ലൂർ ഞങ്ങൾക്ക് എന്ന് തോന്നി. അവിടെ ഒരു ബന്ധുവിന്റെ കമ്പനിയിൽ കുറേ കാലം ജോലി നോക്കി. പിന്നീട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സംഗമ എന്ന സംഘടനയിലുള്ളവരെ പരിചയപ്പെട്ടു. ഇടയ്ക്ക് നാട്ടിലേക്ക് തിരിച്ചു പോന്നെങ്കിലും വീണ്ടും ബാംഗ്ലൂരിലേക്ക് തന്നെ പോയി. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഭിക്ഷാടനവും ലൈംഗിക തൊഴിലും തന്നെയായിരുന്നു കൂടുതൽ പേരുടേയും വരുമാന മാർഗം. പക്ഷെ, ബാംഗ്ലൂർ ജീവിതം എന്റെ ചിന്തകളെ വല്ലാതെ മാറ്റി. സ്വത്വബോധം തിരിച്ചറിയുന്നതിനും അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനും അതെന്നെ സഹായിച്ചു. അത്രയും നാളും ആരെങ്കിലും ഉപദ്രവിച്ചാലും ഞാൻ പ്രതിരിക്കില്ലായിരുന്നു. എന്നാൽ മറ്റേതൊരാളെയും പോലെ ജീവിക്കാനുള്ള അവകാശം എനിക്കുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ചു തുടങ്ങി. ഇടയ്ക്ക് ജ്വാല എന്ന സംഘടനയിൽ ജോലി ചെയ്തു. ഇതിനിടയിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും, എയ്ഡസ് ബാധിതർക്കും വേണ്ടി പ്രവർത്തിച്ചു. പല പ്രൊജക്ടുകളുടേയും ഭാഗമായി. ക്യൂർ പ്രൈഡ് കേരളം എന്ന സ്ഥാപനം രൂപീകരിച്ചു.
- കേരളത്തിലെ ട്രാൻസ്‌ജെൻഡർ നയ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയല്ലേ ശീതൾ?
ചരിത്രപരമായ ഒരു തീരുമാനമായിരുന്നു ട്രാൻസ്‌ജെൻഡർ നയ രൂപീകരണം. 4000 ആളുകൾക്കിടയിലാണ് സർവ്വേ നടത്തിയത്. അതിലെ കണ്ടെത്തലുകൾ തീർത്തും വേദനാജനകമാണ്. ഇവരിൽ 64 ശതമാനം ആളുകളും സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. തൊഴിലില്ലായ്മ. തൊഴിൽ ഉണ്ടെങ്കിൽ പോലും 3000 രൂപയിൽ താഴെയാണ് മാസവരുമാനം. നിർബന്ധിത വിഹാഹം, ആരോഗ്യമേഖലയിലെ അവഗണന, കുടുംബത്തിൽ നിന്നുള്ള പുറന്തള്ളൽ ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങളാണ് ഇവർ നേരിടുന്നത്. നിയമ നിർമ്മാണം മാത്രമല്ല അത് നടപ്പാക്കുക കൂടി ചെയ്യണം. ഇപ്പോഴും ഭിന്നലിംഗ വിഭാഗക്കാർക്ക് ദത്തെടുക്കൽ സാധ്യമല്ല. മറ്റൊരു വലിയ പ്രശ്‌നം ഐപിസി 377 തന്നെയാണ്. ഇത് എൽജിബിറ്റി നിയമം എന്നാണ് പരക്കെ അറിയപ്പെടുന്നത്. വിവരമില്ലായ്മയാണത്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഈ നിയമം റീ പ്രൊഡക്ഷനുവേണ്ടിയല്ലാത്ത ലൈംഗികബന്ധങ്ങളെല്ലാം കുറ്റകരമാണ് എന്നാണ് പറയുന്നത്. പിന്നെങ്ങനെയാണ് സ്വവർഗാനുരാഗക്കാർ മാത്രം അതിൽ കുറ്റക്കാരാകുന്നത്? ഇവിടെയുള്ള മറ്റ് ആണും പെണ്ണുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരില്ലേ?
- നിയമ നിർമ്മാണത്തിലൂടെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സൗഹൃദ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇത്തരം നിയമങ്ങളും പോളിസികളും സമൂഹത്തിന്റെ പൊതുബോധത്തെ മാറ്റുമെന്ന് പ്രതീക്ഷയുണ്ടോ?
പ്രതീക്ഷയില്ലെന്ന് ഞാൻ പറയില്ല. എത്ര മോശമെന്ന് പറഞ്ഞാലും മുൻപുള്ളതിനെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് അവസ്ഥ. നിയമനിർമ്മാണങ്ങൾ മാത്രം പോര ഇതിന്. നിയമങ്ങൾ ശരിയായ രീതിയിൽ നടത്തണം. സമൂഹത്തിന് ബോധവത്ക്കരണം നൽകണം. ഭിന്നലിംഗക്കാരെല്ലാം ലൈംഗിക തൊഴിലാളികളാണെന്നും ഞങ്ങൾക്കെല്ലാം മാനസികരോഗമാണെന്നും സമൂഹത്തിലെ വലിയൊരു വിഭാഗം ചിന്തിക്കുന്നുണ്ട്. ലൈംഗികതൊഴിൽ ചെയ്യുന്നവർ ഇല്ല എന്നല്ല പറയുന്നത്. പക്ഷെ ആരും ആഗ്രഹിച്ചു കൊണ്ട് തെരഞ്ഞെടുക്കന്നതല്ല. സമൂഹം തന്നെയാണ് ഞങ്ങളെ ഈ തൊഴിലിലേക്ക് വലിച്ചിഴയ്ക്കുന്നത്. നിങ്ങളുടെ പരിഹാസംകൊണ്ടാ ഞങ്ങളിൽ ഏറെപ്പേരും വിദ്യാഭ്യാസമില്ലാത്തവരായി പോയത്. ഒരു സ്ഥാപനത്തിലും ജോലി ലഭിക്കാത്ത അവസ്ഥ. ഞങ്ങളും മനുഷ്യരല്ലേ? ജീവിക്കണ്ടേ? പിന്നെ ലൈംഗിക തൊഴിൽ ഒരു മോശം തൊഴിലാണെന്ന അഭിപ്രായം ഇല്ല. മറ്റേതൊരു ജോലിയും പോലെ ഒന്ന്. ചിലർ സ്വന്തം ബുദ്ധി വിൽക്കുന്നു; മറ്റു ചിലർ ശരീരവും. ഈ സദാചാരം പ്രസംഗിക്കുന്നവർ തന്നെയാണ് ഇരുട്ടിന്റെ മറവിൽ ലൈംഗികതൊഴിലാളികളെ തേടി എത്തുന്നതും.
2014ലെ സുപ്രീംകോടതി വിധിയും 2015ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമവും ഭിന്നലിംഗ വിഭാഗക്കാർക്ക് തുല്യ അവകാശവും ക്ഷേമവും ഉറപ്പുനൽകുന്നുണ്ടെങ്കിലും സാമൂഹ്യസമ്മതി ഇനിയുംലഭിച്ചിട്ടില്ല. ഐപിസി 377 വകുപ്പ് സാധുവാക്കുകയും പാർലമെന്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ രണ്ടുകൂട്ടർക്കും അവർക്കവകാശപ്പെട്ട ലൈംഗികജീവിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സിപിഐ എം ഈ കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. പഠന കോൺഗ്രസിൽ ഞാനുൾപ്പെടെയുള്ളവർ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പഴയതിനെ അപേക്ഷിച്ച് തുറന്നു പറച്ചിലുകൾക്ക് വേദികൾ ലഭിക്കുന്നുണ്ട് എന്നത് ഒരു നല്ല മാറ്റമാണ്. മാറ്റം എന്നത് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. പക്ഷെ അതൊരു തുടർപ്രക്രിയ തന്നെയാണ്.
- ഒരു വശത്ത് സാമൂഹിക നിർമ്മിതികളെ തകർത്തെറിയുമ്പോഴും, മറുവശത്ത് സ്ത്രീകളുടെ വസ്ത്രധാരണ രീതികളെയും രൂപത്തെയും സ്വീകരിച്ചു കൊണ്ട് ഇതേ സാമൂഹിക നിർമ്മിതികളെ അംഗീകരിക്കുക കൂടി ചെയ്യുന്നില്ലേ?
സാമൂഹിക നിർമ്മിതികൾ അഥവാ സോഷ്യൽ കൺസ്ട്രക്ഷൻസ് എന്നത് വളരെ ശക്തമായി നില കൊള്ളുന്ന ഒരിടത്താണ് നമ്മൾ ജീവിക്കുന്നത്. എന്റെയും നിങ്ങളുടെയും ഒക്കെ ഉള്ളിൽ ഉള്ള ചില ബോധ്യങ്ങൾ, സമൂഹം രൂപപ്പെടുത്തിയെടുത്ത ഈ ബോധ്യങ്ങളെയെല്ലാം ഒരുമിച്ച് വെല്ലുവിളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഒരു ജെൻഡറിലും ഉൾപ്പെടാതെ ജീവിക്കാൻ ശ്രമിക്കുന്ന ആളുകളും ഉണ്ട്. ഒരു വ്യക്തി ജനിക്കുമ്പോൾ അയാളുടെ സെക്‌സും ജെൻഡറും സമൂഹം തീരുമാനിക്കുകയാണ്. നിങ്ങളുടേതൊരു ഫീമെയിൽ ബോഡി ആണെങ്കിൽ നിങ്ങൾ ഒരു സ്ത്രീ ആണെന്നും ഒരു മെയിൽ ബോഡി ആണെങ്കിൽ ഒരു പുരുഷൻ ആണെന്നും പറയുന്നത് സമൂഹമാണ്. എല്ലാം സാമൂഹിക നിർമ്മിതികൾ ആണ്. പക്ഷെ ആളുകളുടെ ചിന്തകളിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്ന് പറയാതെ വയ്യ.
- പൊതുബോധം സൃഷ്ടിക്കുന്നതിൽ സിനിമയുൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് വലിയ പങ്കില്ലേ?
അതിപ്പോൾ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ മാത്രം കാര്യത്തിൽ അല്ല, ഇവിടുത്തെ സ്ത്രീകളെ എങ്ങനെയാണ് നമ്മുടെ സിനിമകളിൽ ചിത്രീകരിക്കുന്നത്? സിനിമ എന്നത് പുരുഷന്റെ ലോകമാണ്. സിനിമയ്ക്കുള്ളിൽ അത് നായകന്റെ മസിൽപ്പെരുപ്പത്തിനും പുറത്ത് പുരുഷ പ്രേക്ഷകന്റെ സംപ്തൃപ്തിക്കുമാണത് പ്രാധാന്യം നൽകുന്നത്. സിനിമയിൽ മോഹൻലാലിന്റെ നായക കഥാപാത്രം ഒരു സ്ത്രീകഥാപാത്രത്തെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുമ്പോൾ ചിരിച്ച് കൈയടിക്കുന്ന പ്രേക്ഷകസമൂഹവും ഉത്തരവാദികളാണ്. ഏറെ അവകാശങ്ങളും സംഘടനാ പിന്തുണകളുമുള്ള സ്ത്രീകളുടെ അവസ്ഥയിതാണെങ്കിൽ ഭിന്നലിംഗക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? പിന്നെ എല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം നല്ല രീതിയിൽ ഉപയോഗിക്കണമെന്നത് അണിയറയിലുള്ളവർ ചിന്തിക്കണം.
- എവിടെ നിന്നാണ് മാറ്റം തുടങ്ങേണ്ടത്?
സാമൂഹിക സ്ഥാപനങ്ങളിൽ നിന്ന്. കുടുംബത്തിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന്. ഇതൊരു രോഗമല്ലെന്നും തെരഞ്ഞെടുപ്പാണെന്നും മനസിലാക്കി മക്കളെ ചേർത്തു പിടിക്കുന്ന കുടുംബങ്ങൾ ഉണ്ടാകണം. മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുന്ന അദ്ധ്യാപകരും പാഠപുസ്തകങ്ങളും ഉണ്ടാകണം. പല സംസ്ഥാനങ്ങളും സ്‌കൂൾ സിലബസുകളിൽ ജെൻഡർ ഒരു വിഷയമായി ഉൾപ്പെടുത്തുന്നത് പ്രതീക്ഷ തരുന്നുണ്ട്. ഈ ലോകം സ്ത്രീയുടേയും പുരുഷന്റേയും മാത്രമല്ല എന്ന് ബോധ്യപ്പെടുത്തണം. നിയമവും കോടതിയും അത്തരത്തിലുള്ള വിധികൾ പ്രഖ്യാപിക്കണം. അധികാരികൾ സവർണ പുരുഷാധിപത്യ ബോധം മാറ്റി നിർത്തി ചിന്തിക്കാൻ തയ്യാറാകണം. നിയമപാലകരിൽ നിന്നു തന്നെ എന്തെല്ലാം തരത്തിലുള്ള അനീതിയാണ് ഞങ്ങൾ നേരിടുന്നത്. രാത്രിയിൽ പുറത്തിറങ്ങി നടന്നാൽ തല്ലിയോടിക്കും. എന്തെങ്കിലും ആവശ്യത്തിന് പൊലീസ് സ്‌റ്റേഷനിൽ പോയാൽ പരിഹാസങ്ങളും ഉപദ്രവങ്ങളുമായി.. സമൂഹത്തിന്റെ ഓരോ മുക്കിലും മൂലയിലും മാറ്റം ഉണ്ടാകണം. ഭിന്നലിംഗക്കാരെ സമൂഹം മൂന്നാം ലിഗക്കാർ അഥവാ തേർഡ് ജെൻഡർ എന്ന് വിളിക്കുന്നു. ഞാൻ ഒന്ന് ചോദിച്ചോട്ടെ, അപ്പോൾ ആരാണീ ഫസ്റ്റ് ജെൻഡർ? അത് മസിൽ പവറുള്ള പുരുഷ വർഗം തന്നെ. ഇത്തരം ഹൈറാർക്കികളെയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. പക്ഷെ, ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒന്നും മാറില്ല. എന്നാൽ ഭാവിയിലെ വലിയ മാറ്റങ്ങളുടെ ചെറു കണ്ണികളാകാൻ നമുക്കെല്ലാവർക്കും സാധിക്കും. എനിക്ക് പ്രതീക്ഷയുണ്ട്.