ളരെ സ്വാഭാവികമായ ഒരു ചോദ്യമാണ് ഡോ. ഗൗരി ലക്ഷ്മിക്കു ചോദിക്കാനുള്ളത്. ദേഷ്യം വരുമ്പോൾ ഈ പെൺകുട്ടികളെന്താ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഗൗരി വെറുതേ ചോദിക്കുന്ന ചോദ്യമല്ല, കാര്യ കാരണസഹിതം തന്നെയാണു ചോദ്യം. സോഷ്യൽ മീഡിയയിൽ വൈറലായ ഫോളോവർ എന്ന ഹ്രസ്വചിത്രത്തിൽ കൂടിയായിരുന്നു ചോദ്യം. കേട്ടവർ കേട്ടവർ ഗൗരവമായി തന്നെ ചിന്തിച്ചു. ഇതാണു ഗൗരിയുടെ ശീലം. വളരെ നിസാരമായ കാര്യങ്ങളാണു ചോദിക്കുന്നതും ചിന്തിപ്പിക്കുന്നതും. തിരുവനന്തപുരത്തെ പ്രശസ്തമായ ആയുർവേദ കുടുംബത്തിൽ ജനിച്ച്, ആയുർവേദം പഠിച്ചശേഷമാണ് ഗൗരി സിനിമയുടെ ലോകത്തെത്തിയത്. ഒരു വർഷത്തിനുള്ളിൽ ഫോളോവർ, ജയഹേ എന്നീ രണ്ടു ഹ്രസ്വചിത്രങ്ങൾ ഫ്‌ളെയിംസ് എന്ന ആൽബം. ഫോളോവർ എന്ന ചിത്രത്തിൽ അഭിനയിച്ചതും ഗൗരിയാണ്. പഠിച്ച ആയുർവേദത്തെയും ഗൗരി വിട്ടിട്ടില്ല. ആശുപത്രിയിലെ തിരക്കുകൾക്കിടയിലും ഗൗരി സജീവമാകുന്നു. ഗൗരി ലക്ഷ്മി മറുനാടൻ മലയാളിയോട്

  • ഗൗരിലക്ഷ്മി ഒരു സിനിമാക്കാരിയാണ്, അതിനപ്പുറം ഒരു ആയുർവേദ ഡോക്ടറാണ്. പഠിച്ച തൊഴിലിൽ നിന്നു മാറിയൊരുനടത്തം എങ്ങനെ തുടങ്ങി?

കലാരംഗം ചെറുപ്പം മുതലേ താത്പര്യം ഉണ്ടായിരുന്നു. വളർന്നപ്പോഴും ആഗ്രഹം കൂടെയുണ്ടായിരുന്നു. പാരമ്പര്യ ആയുർവേദ കുടുംബത്തിലെ അംഗമാണ് ഞാൻ. ആ മേഖലയിലേക്ക് വരണമെന്നായിരുന്നു വീട്ടുകാരുടെ താൽപര്യം. സിനിമയിൽ നിലനിൽപ് എന്നത് ഉറപ്പില്ലാത്ത കാര്യമാണല്ലോ. അതുകൊണ്ട് ആദ്യം പഠിച്ച് ജോലി സമ്പാദിക്കാനായിരുന്നു വീട്ടുകാർ പറഞ്ഞത്. അവരെ ധിക്കരിക്കാനുള്ള ആത്മവിശ്വാസം എനിക്കും ഉണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞപ്പോൾ മംഗലാപുരത്ത് ആയുർവേദ പഠനത്തിനായി ചേർന്നു. പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴും പഴയ ആഗ്രഹം മനസിൽ ബാക്കിയായിരുന്നു. അങ്ങനെ ഈ രംഗത്തേക്ക് തിരിഞ്ഞു.

ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയെഴുതിയതും ഗൗരി തന്നെയായിരുന്നല്ലോ. ചെറുപ്പത്തിൽ എഴുതുമായിരുന്നോ? എന്തായിരുന്നു പ്രചോദനം?

സത്യം പറഞ്ഞാൽ എനിക്കിപ്പോഴും വിശ്വസിക്കാൻ പ്രയാസമാണ് ഞാനാണ് എന്റെ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയത് എന്ന കാര്യം. ചെറുകഥകൾ പോലും എഴുതാത്ത ആളായിരുന്നു ഞാൻ. നൃത്തം ചെയ്യുമായിരുന്നു. ഒരിക്കൽ അവിചാരിതമായി സംവിധായകൻ കമലിനെ കാണാനുള്ള അവസരം ലഭിച്ചു. സംസാരത്തിനിടയ്ക്ക് അദ്ദേഹമാണ് പറഞ്ഞത് ഗൗരിയിൽ എഴുതാനുള്ള കഴിവുണ്ടെന്ന്. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. എഴുതാനിരിക്കുമ്പോൾ ഓരോ രംഗംങ്ങളും ഞാൻ മനസിൽ കാണുമായിരുന്നു. അങ്ങനെ എനിക്ക് കാണാൻ കഴിയുന്നതു മാത്രമേ ഞാൻ എഴുതിയുള്ളു. പിന്നെ സുഹൃത്തുക്കളുടെ പ്രചോദനവും വളരെ വലുതായിരുന്നു. അവർ പറഞ്ഞു ആദ്യം ഒരു മൊബൈൽ ക്യാമറയുപയോഗിച്ച് ചെയ്യാൻ പാകത്തിൽ ഒരു തിരക്കഥ എഴുതി നോക്കാൻ. അങ്ങനെ എഴുതി. എഴുതി തീർന്നപ്പോൾ എല്ലാവരും പറഞ്ഞു വിചാരിച്ചതിനേക്കാൾ നന്നായിട്ടുണ്ട് അതുകൊണ്ട് മൊബൈൽ ക്യാമറയ്ക്കും അപ്പുറത്തേക്ക് ചിന്തിക്കാമെന്ന്. അങ്ങനെയാണ് എന്റെ ആദ്യ ഹ്രസ്വചിത്രം 'ജയഹേന' ഉണ്ടായത്.

  • 'ജയഹേ' സമൂഹത്തിന് ഒരു നല്ല സന്ദേശം കൊടുക്കുന്ന ചിത്രമായിരുന്നു. എങ്ങനെയായിരുന്നു അത്തരമൊരു വിഷയത്തിലേക്കെത്തിച്ചേർന്നത്?

എഴുതാനിരിക്കുമ്പോൾ എന്റെ മനസിൽ ഒരു പ്രത്യേക വിഷയമൊന്നും ഉണ്ടായിരുന്നില്ല. ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, പഠിച്ച തൊഴിലിൽനിന്നും മാറി വേറൊരു മേഖലയിലേക്കു വരുമ്പോൾ അത് വളരെ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും ചെയ്യണം. അത് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകണം. ന്യൂജനറേഷന്റെ ഒക്കെ കാലത്ത് ചെയ്യുന്ന ആദ്യത്തെ സംരംഭം അങ്ങനെയാകരുത്, മറിച്ച് സമൂഹത്തിന്റെ മൂല്യബോധങ്ങളെ ഉണർത്തുന്ന ഒന്നാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, മാതൃസ്‌നേഹം, ദേശസ്‌നേഹം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടുപ്പം, സ്ത്രീകളുടെ നിശ്ചയദാർഢ്യം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെ 15 മിനുട്ടിൽ പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ച ഒരു നിശബ്ദ ഹ്രസ്വചിത്രമായിരുന്നു ജയഹേ. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്, ഭരത് ഗോപി ഫൗണ്ടേഷൻ അവാർഡ്, പിന്നെ കുട്ടികളുടെ ഹ്രസ്വചലചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് എന്നിവ കിട്ടി. ഇതൊക്കെ ആത്മവിശ്വാസം നൽകി.

  • ഗൗരിയുടെ 'ഫോളോവർ' എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയകളിൽ ഒരു വൈറലായിരുന്നു. ജയ്‌ഹേക്കുശേഷം എന്തുകൊണ്ട് ഫോളോവർ പോലൊരു ചിത്രം?

ജയ്‌ഹേ ശരിക്കും പ്രായമായവർക്കിടയിലും അമ്മമാർക്കിടകയിലുമൊക്കെയാണ് ചർച്ചചെയ്യപ്പെട്ടത്. അവാർഡുകൾ കിട്ടിയെങ്കിൽ പോലും യൂടൂബിലും മറ്റും കാഴ്ചക്കാർ കുറവായിരുന്നു. പ്രത്യേകിച്ച് യുവാക്കൾ വളരെ കുറവായിരുന്നു. വിഷയം നല്ലതാണെങ്കിലും അതിൽ പുതുമയില്ല എന്നായിരുന്നു അവർക്കിടയിൽ നിന്നും ലഭിച്ച പ്രതികരണം. അതുകൊണ്ട് ഇനി ചെയ്യാൻ പോകുന്ന വിഷയത്തിൽ പുതുമവേണം എന്നൊരു ചിന്തയുണ്ടായി. ക്ലീഷെ ആയ വിഷയങ്ങൾ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെ ചിന്തിച്ച് ഫോളോവറിൽ എത്തി. ഹ്രസ്വചിത്രങ്ങൾക്ക് ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടാകുന്നത് യൂടൂബിലാണ്. പ്രത്യേകിച്ച് യുവാക്കൾ. യൂടൂബിലെത്തുന്നത് ഫേസ്‌ബുക്ക് വഴിയാണ്. അപ്പോൾ ഇന്നത്തെ തലമുറയെ ഏറ്റവും കൂടുതൽ സ്വാധീനച്ച ഫേസ്‌ബുക്കിനെക്കൂടി കഥാപാത്രമായി ഒരു ചിത്രം നിർമിച്ചുകൂടെ എന്നൊരു ചിന്തയുണ്ടായി. അതാണ് ഫോളോവർ. എന്റെ അമ്മ തന്നെയാണ് രണ്ടു ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്. ന്യൂജനറേഷൻ ഇഷ്ടപ്പെടുന്ന ഒരു ചിത്രം ചെലവ് ചുരുക്കി ചെയ്യുക എന്നൊരു ആശയം കൂടി ഉണ്ടായിരുന്നു. ഒരൊറ്റ ലൊക്കേഷനിൽ രണ്ടുകഥാപാത്രങ്ങൾ മാത്രം 17 മിനുട്ട് നടത്തുന്ന സംഭാഷണമാണ് ഫോളോവർ എന്നതാണ അതിന്റെ ഏറ്റവും വലിയ പ്രത്യേകത. നാലുലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു ചിത്രം.

  • നേരത്തേ പറഞ്ഞതുപോലെ ജയഹേക്കു കിട്ടിയതിനെക്കാൾ സ്വീകാര്യതയായിരുന്നു ഫോളോവറിന്. എന്നാൽ ജയഹേ നൽകിയ അത്രവലിയൊരു സന്ദേശം അതിലുണ്ടായിരുന്നില്ല. അപ്പോൾ ന്യൂജനറേഷൻ എന്നുപറഞ്ഞാൽ ഫേസ്‌ബുക്കും, യൂടൂബും, കോഫി ഷോപ്പുമായി ചുരുങ്ങിപ്പോകുകയാണോ?

എന്നു പറയാൻ പറ്റില്ല. ഒരു 25 വർഷങ്ങൾക്ക് മുമ്പ് ഫേസ്‌ബുക്ക് ഉണ്ടായിരുന്നില്ല. അന്ന് കോഫിഷോപ്പുകളിൽ പോയി തനിച്ചിരിക്കുന്ന പെൺകുട്ടികളുടെയും എണ്ണം വളരെ കുറവായിരുന്നില്ലേ? അപ്പോൾ ഇതെല്ലാം തലമുറകളുടെ അന്തരമാണ് കാണിക്കുന്നത്. കാലം മാറി, ആളുകളുടെ ശീലവും. പിന്നെ ഒരു 75 ശതമാനം ആളുകളും പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാനാണ് സിനിമകളെയും മറ്റും ആശ്രയിക്കുന്നത്. ചെറിയൊരു ശതമാനം ആളുകളായിരിക്കും ഒരു സന്ദേശം പ്രതീക്ഷിച്ച് കാണുന്നത്. ഇതിനെ ഒരു തൊഴിലായി സ്വീകരിച്ചവരായിരിക്കും സിനിമകളെ ഇഴ കീറി മുറിച്ച് പരിശോധിക്കുന്നത്. എങ്കിലും ഇതിലും ഒരു സന്ദേശം ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിൽ പിന്നെ സിനിമയെടുക്കുന്നതുകൊണ്ട് കാര്യമില്ലല്ലോ. മാന്യന്മാർ ക്രൂശിക്കപ്പെടില്ല എന്നൊരു സന്ദേശമാണ് ഫോളോവർ ഉൾക്കൊള്ളുന്നത്. ജയ്‌ഹേ സ്വീകരിക്കപ്പെടാതെ പോയി എന്നതിൽ വിഷമമുണ്ട്.

  • ഒരു സംശയം, എന്തുകൊണ്ടാണ് ഈ പെൺകുട്ടികളൊക്കെ ദേഷ്യം വരുമ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നതെന്നു ഫോളോവറിൽ പറയുന്നത്? ഗൗരി ദേഷ്യം വരുമ്പോൾ ഇംഗ്ലീഷാണോ സംസാരിക്കുന്നത്?

ഞാൻ പത്താംക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. എന്റെ സ്‌കൂളിൽ 7 ഡിവിഷനിൽ, 6 ഇംഗ്ലീഷ് ക്ലാസുകളും ഒരു മലയാളം ക്ലാസുമായിരുന്നു ഉണ്ടായിരുന്നത്. അവഗണന അനുഭവിച്ച ഒരു വിഭാഗത്തിലെ ഒരംഗമാണ് ഞാൻ. അപ്പോൾ ഞാനെത്രത്തോളം ഇംഗ്ലീഷ് സംസാരിക്കും? ഇംഗ്ലീഷ് പറയുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഒരു ഭാഗമായിമാറിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളിന്റെ ഗേറ്റ് കടന്നാൽ പിന്നെ കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനേ അനുവാദമുള്ളൂ. ഇതിന്റെ ഇടയിൽ വളർന്നു വരുന്ന കുട്ടികളാണ്. വീട്ടുകാർക്കും കുട്ടി ഇംഗ്ലീഷ് പറയുന്നതായിരിക്കും ഇഷ്ടം. അപ്പോൾ ചുറ്റുപാടുകളുടെ സ്വാധീനവുംകൂടെ ചേരുമ്പോൾ അവരങ്ങനെയാകുന്നു. വല്ലാതെ ദേഷ്യം തോന്നുമ്പോൾ അത് ഇംഗ്ലീഷിൽ പ്രകടിപ്പിക്കുക എന്നതും സംസ്‌കാരത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

  • ഫോളോവറിൽ മിയ എന്ന കഥാപാത്രമായി വന്നത് ഗൗരി തന്നെയായിരുന്നു. അഭിനയത്തിലേക്കുള്ള ചുവടുമാറ്റം എങ്ങിനെയായിരുന്നു?

ആ ചിത്രത്തിൽ എന്തെങ്കിലും ഒരു പോരായ്മയുണ്ടെങ്കിൽ അത് എന്റെ അഭിനയമാണെന്നേ ഞാൻ പറയു. അഭിനേതാക്കളേക്കാൾ തിരക്കഥയ്ക്കും സംഭാഷണങ്ങൾക്കുമായിരുന്നു പ്രാധാന്യം. എന്റെ കൂടെ അഭിനയിച്ച ആൺകുട്ടിയും പുതുമുഖമായിരുന്നു. സത്യത്തിൽ ആ കഥാപാത്രത്തിനായിരുന്നു എന്റേതിനേക്കാൾ പ്രാധാന്യം. പിന്നെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളും വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. അതിന്റെ സാങ്കേതിക വശങ്ങളും ശ്രദ്ധിക്കണമല്ലോ. ബാലചന്ദ്രമേനോൻ സാറിനെപോലുളളവരെയൊക്കെ ശരക്കും മനസ്സിൽ സ്തുതിച്ചു പോയി. എത്ര കാര്യങ്ങൾ ഒരു ടെൻഷനും കൂടാതെ ഒരുമിച്ചു ചെയ്തു. എനിക്കതിനു കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ചെലവ് കുറക്കലിന്റെ ഒരു ഭാഗം കൂടിയായിരുന്നു അത്.

  • 'ദേഷ്യം വരുമ്പോൾ ഈ പെൺകുട്ടികളൊക്കെയെന്താ ഇംഗ്ലീഷ് സംസാരിക്കുന്നത്, എത്ര ഇംഗ്ലീഷ് സംസാരിച്ചാലും പെണ്ണ് പെണ്ണുതന്നെ' തുടങ്ങിയ പ്രസ്താവനകളിലൂടെ ഗൗരീലക്ഷ്മി സ്ത്രീവിരുദ്ധയായി എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

തീർച്ചയായും പറഞ്ഞിട്ടുണ്ട്. പക്ഷെ, പറഞ്ഞതിൽ ബഹുഭൂരിപക്ഷവും ആണുങ്ങളാണ്. ജയ്‌ഹേ ചെയ്തപ്പോൾ ആളുകൾ ചോദിച്ചത് പെണ്ണ് പെണ്ണിനെ തന്നെ ഉയർത്തിക്കാണിക്കുകയാണല്ലേ എന്നും ഫെമിനിസമാണ് ട്രാക്ക് എന്നുമൊക്കെയായിരുന്നു. മറിച്ച് ഫോളോവറിലേക്കെത്തിയപ്പോൾ അതിൽ സ്ത്രീകളുടെ ചില പരിമിതികൾ കാണിക്കാൻ കൂടി ഞാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യയിലല്ലേ ജീവിക്കുന്നത്. ഇവിടെ സ്ത്രീ എത്രത്തോളം സുരക്ഷിതയാണെന്ന് നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. അർദ്ധരാത്രിക്ക് തനിച്ചായിപ്പോയ ഡൽഹിയിലെ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. പലപ്പോഴും പെൺകുട്ടികൾ എവിയെങ്കിലും പോകുമ്പോഴൊക്കെ അത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ തീർച്ചയായും നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കും. ഒരു പെണ്ണെന്ന നിലയിൽ അതു പറയേണ്ടത് എന്റെ കടമയാണ്. അങ്ങനെ ചെയ്തപ്പോൾ ഞാൻ സ്ത്രീവിരുദ്ധയായി. ഇത്തരം വിമർശനങ്ങളുന്നയിക്കുന്നവരോട് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത് 'ഒരു സ്ത്രീ തൂലികയെടുത്ത് സ്ത്രീകൾക്കുവേണ്ടിയെഴുതിയാൽ അവൾ ഫെമിനിസ്റ്റാകുമോ? സ്ത്രീകളുടെ പരിമിതികളെക്കുറിച്ച് എഴുതിയാൽ അവൾ സ്ത്രീവിരുദ്ധയാകുമോ? പിന്നെ അവൾ എന്താണ് എഴുതേണ്ടത്?'

  • ഫ്‌ളെയിംസ് എന്ന ആൽബത്തെക്കുറിച്ച്?

തീർത്തും പുതുമുഖങ്ങളെ ഉൾക്കൊളളിച്ച് ചെയ്ത ഒരു ആൽബമായിരുന്നു ഫ്‌ളെയിംസ്. അതിലെ പാട്ടു പാടിയത് എന്റെ അനിയനും ബന്ധുവായ ഒരു പെൺകുട്ടിയും ചേർന്നാണ്. പിന്നെ എന്റെ ജൂനിയർ ആയി പഠിച്ച ഒരു കുട്ടിയും പാടിയിട്ടുണ്ട്. തലമുറകളുടെ വ്യത്യാസമില്ലാത്ത ഒന്നാണ് ഫ്‌ളെയിംസ്. അതിലെ രംഗങ്ങളെല്ലാം എല്ലാ തലമുറയിലെ ആളുകളും അനുഭവിച്ചറിഞ്ഞ കാര്യങ്ങളായിരിക്കും. പേനയിലെ മഷി കുടഞ്ഞ് മുന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടിയുടെ യൂണിഫോമിൽ തെറിപ്പിക്കുന്നതും, ടീച്ചർ ക്ലാസ് എടുക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന പെൺകുട്ടിയെ നോക്കിയിരിക്കുന്നതുമെല്ലാം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കാൻ തുടങ്ങിയ കാലംതൊട്ട് തുടങ്ങിയ ചില കുസൃതികൾ. ഈ ആൽബത്തിലും ഒരു സന്ദേശമുണ്ട്. 'how much you love your subject, that much you get success from it'

  • 'ജയ്‌ഹേ' 'ഫോളോവർ' 'ഫ്‌ളെയിംസ്'- ഏതിനോടാണ് കുറച്ച് ഇഷ്ടക്കൂടുതൽ?

മൂന്നും ഒരു പോലെ പ്രിയപ്പെട്ടതാണ്. പിന്നെ അല്പം ഇഷ്ടക്കൂടുതലുണ്ടെങ്കിൽ അത് ജയ്‌ഹേയോടായിരിക്കും. കടിഞ്ഞൂൽ കുരുന്ന് എന്നൊക്കെ പറയാറില്ലേ നമ്മൾ, അതാണ് എനിക്ക് ജയ്‌ഹേ. ജയ്‌ഹേ നന്നായതുകൊണ്ട് മാത്രമാണ് പിന്നീടും എനിക്ക് ഈ മേഖലയിൽ നിൽക്കാൻ കഴിഞ്ഞത്. അതൊരു പരാജയമായിരുന്നെങ്കിൽ ഈ പണി നിർത്തിപ്പോകാൻ ആളുകൾ എന്നോടു പറയുമായിരുന്നു. അതുകൊണ്ടാ ജയ്‌ഹേയോടുതന്നെയാണ് കൂടുതൽ പ്രിയം.

  • മുഖ്യധാര സിനിമയിലേക്കുള്ള വരവ്? കമലിനുവേണ്ടി തിരക്കഥയെഴുതുന്നു എന്നു കേട്ടിരുന്നല്ലോ?

തീർച്ചയായിട്ടും ആഗ്രഹമുണ്ട്. കമൽസാറിനു വേണ്ടി തിരക്കഥ എഴുതിക്കൊടുത്തിരുന്നു. മറ്റെല്ലാവരേയും പോലെ ഒരു ഫീച്ചർ ഫിലിം എന്റെയും ആഗ്രഹമാണ്. അടുത്തത് ഒരു ഫീച്ചർ ഫിലിം ചെയ്യണം എന്നുതന്നെയാണ് വിചാരിക്കുന്നത്. ഇനിയും ഹ്രസ്വചിത്രങ്ങൾ തന്നെ ചെയ്താൽ ബ്രാൻഡ് ചെയ്യപ്പെടും.

  • ജോലിയും സിനിമയും കൂടി ഒരുമിച്ചു കൊണ്ടുപോകുക എന്നത് കുറച്ച് ശ്രമകരമായ ഒരു കാര്യമല്ലേ?

കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ട്. ആശുപത്രിയിലിരുന്നാണ് ഞാൻ എഴുതുന്നതൊക്കെ. ബുദ്ധിമുട്ടാതെ ഒന്നും നേടാൻ പറ്റില്ലല്ലോ. പിന്നെ എല്ലാവരുടെയും സഹകരണം എനിക്ക് കിട്ടുന്നുണ്ട്.

  • തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ആയുർവേദ കുടുംബത്തിൽ നിന്നാണ് ഗൗരി വരുന്നത്. വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയാണ് ഗൗരിയെന്ന ചലചിത്രകാരിയെ രൂപപ്പെടുത്തിയത്?

ആദ്യമൊക്കെ എനിക്കു തന്നെ സംശയമായിരുന്നു വിജയിക്കുമോ എന്ന്. പിന്നെ വീട്ടുകാരുടെ കാര്യം പറയണോ? ജയ്‌ഹേ എന്ന ചിത്രം അംഗീകരിക്കപ്പെട്ടതോടെ അവർക്കും വിശ്വാസമായിത്തുടങ്ങി. അത്രയും കാലം എല്ലാവരും എന്നെ ചെറിയൊരുകുട്ടിയായാണ് കണ്ടിരുന്നത്. ജയ്‌ഹേ കണ്ട് എല്ലാവരും ചോദിച്ചത് നീ ഇത്ര ഗൗരവമായൊക്കെ ചിന്തിക്കാൻ തുടങ്ങിയോ എന്നാണ്. പിന്നെ പ്രേക്ഷകരിൽ നിന്നും മറ്റും കിട്ടുന്ന സ്‌നേഹവും അംഗീകാരവും കണ്ടപ്പോൾ അവർക്കും കുറച്ചു ധൈര്യമായി. ഇപ്പോൾ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മിടുക്കിയായ ഈ ഡോക്ടർക്ക് ഇനിയും ഒരുപാട് പോകാനുണ്ട്. അംഗീകാരങ്ങൾ വരാനിരിക്കുന്നതേയുള്ളു. ഗൗരി പറയുന്നതുപോലെ മാന്യന്മാർ ക്രൂശിക്കപ്പെടാറില്ല... നമുക്ക് കാത്തിരിക്കാം...