- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാല്യം മുതലെ പാട്ടിൽ കമ്പം; അച്ഛൻ ഗിത്താറ് വായിക്കുമ്പോൾ വരികൾ മൂളി പാട്ടിലേക്കുള്ള തുടക്കം; യു കെയിൽ നിന്ന് മലയാളികളുടെ കുഞ്ഞ് വാനമ്പാടിയായി മാറിയ ജിയ കുട്ടി; ദേവസഭാതലം പാടി വൈറലായ ജിയ ഹരികുമാർ ഇവിടുണ്ട്
സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലാക്കപ്പെട്ട പാട്ടാണ് ജിയാ ഹരികുമാർ എന്ന പതിനൊന്നുകാരി പാടി വൈറലായ 'ദേവസഭാതലം...' എന്ന് തുടങ്ങുന്ന രവീന്ദ്ര സംഗീതം. 'ഹിസ് ഹൈനസ് അബ്ദുല്ല' എന്ന ചിത്രത്തിൽ യേശുദാസും രവീന്ദ്രൻ മാഷും ഒപ്പത്തിനൊപ്പം പാടിക്കൊഴുപ്പിച്ച ദേവസഭാതലം എന്ന ഗാനം ഈ കൊച്ചു മിടുക്കി പാടിയതോടെ അഭിനന്ദനങ്ങൾ തേടിയെത്തി. പത്ത് വ്യത്യസ്തമായ രാഗങ്ങളാണ് ഒന്നിച്ച് ഒരു പാട്ടിൽ പാടിയിരിക്കുന്നത്, അതുകൊണ്ട് തന്നെ പാട്ടുകാർ പോലും തിരഞ്ഞെടുക്കാൻ മടിക്കുന്ന ഗാനവുമാണത്. ഒരു മാല പോലെ ഓരോ രാഗങ്ങളും ഒന്നിച്ച് പിന്നാലെ പാടുമ്പോൾ എങ്ങാനും തെറ്റ് സംഭവിച്ചാലോ? എന്നാൽ അത്തരം പേടികളൊന്നുമില്ലാതെ അനായാസമായി ജിയ മോൾ അത് പാടി. അതും പതിനൊന്ന് വയസ്സ് മാത്രമുള്ള ഒരു കുട്ടി. സോഷ്യൽ മീഡിയ അതേറ്റെടുക്കുകയും ചെയ്തു.
യു കെയിലാണ് ജിയ 'അമ്മ നിഷയ്ക്കും അച്ഛൻ ഹരികുമാറിനും അനുജത്തിക്കുമൊപ്പം താമസിക്കുന്നത്. പാട്ടു വിശേഷങ്ങളെക്കുറിച്ച് ജിയയുടെ 'അമ്മ നിഷ പറയുന്നു. 'ജിയ ഔദ്യോഗികമായി പാട്ട് പഠിച്ചിരുന്നില്ല , അവളുടെ അച്ഛനും അതെ, പക്ഷെ അദ്ദേഹത്തിനു പാട്ടിനോടു നല്ല കമ്പമുണ്ടായിരുന്നതുകൊണ്ട് പാടുമായിരുന്നു.അദ്ദേഹം തന്നെയാണ് അവൾക്ക് പാട്ടുകൾ പറഞ്ഞു കൊടുത്തതും. ഇപ്പോൾ ജിയ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മാളവികയുടെ കീഴിൽ ഓൺലൈനിൽ സംഗീതം പഠിക്കുന്നുണ്ട് .'
ബാല്യം തൊട്ടേ പാട്ടിൽ ഇഷ്ടമുണ്ടായിരുന്നു അവൾക്ക്, കേൾക്കുകയും ചെയ്യും. പാടി നോക്കുകയും ചെയ്യും, എന്നാൽ അത് ആ പ്രായത്തിൽ കാണിക്കുന്ന സ്വാഭാവികമായ ഇഷ്ടമാണെന്നാണ് ഞങ്ങൾ കരുതിയത് ഒരിക്കൽ അവളുടെ അച്ഛൻ ഗിറ്റാറിൽ ഒരു പാട്ട് പ്ലേ ചെയ്തുകൊണ്ടിരുന്നപ്പോൾ അവളും അത് ഏറ്റു പിടിച്ച് പാടി. അതുപോലെ ഒരു പ്രോഗ്രാമിന് വേണ്ടി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നപ്പോൾ മോൾക്കും അത് പാടണമെന്നായി. അങ്ങനെ അഷ്ടമി രോഹിണി എന്ന പാട്ട് പഠിച്ചു , അപ്പോഴാണ് അവൾക്ക് പാട്ടിൽ അത്ര താൽപര്യമുണ്ടെന്ന് മനസ്സിലായത്. അവൾക്ക് ഒരു വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെ യുകെയിലാണ്. രണ്ടു പേരും ഐടി ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്, അതുകൊണ്ട് അപ്പോൾ അവളെ ഔദ്യോഗികമായി പാട്ട് പഠിപ്പിക്കാൻ പറ്റുമായിരുന്നില്ല, അടുത്തെങ്ങും അദ്ധ്യാപകരുമുണ്ടായിരുന്നില്ല. അന്നവൾക്ക് നാല് വയസ്സാണ്.-അമ്മ പറയുന്നു.
പിന്നീട് അവിടെ നിന്നും യു കെയിൽ കുറച്ചു കൂടി നോർത്തിലേയ്ക്ക് ജോലിക്കായി വന്നു. അവിടെ അദ്ധ്യാപകരെ അന്വേഷിച്ചു പക്ഷെ കിട്ടിയില്ല. ആ സമയത്താണ് ഇവിടെ സ്റ്റീഫൻ ദേവസ്സിയുടെ ഒരു പരിപാടി വന്നത്. അതുമായി ബന്ധപ്പെട്ടു ഒരു പരിപാടിയുണ്ടായിരുന്നു. 'സിങ് വിത്ത് സ്റ്റീഫൻ' എന്നായിരുന്നു അത്. അതിൽ പ്രായ വ്യത്യാസമില്ലാതെ ആർക്കും അദ്ദേഹത്തിന്റെ കൂടെ പാടാനുള്ള ഒരു അവസരമായിരുന്നു. അതിൽ ജിയ പങ്കെടുത്തു. സ്വയം കേട്ട് പഠിച്ചു , അവളുടെ അച്ഛനാണ് തിരുത്തി കൊടുത്തത്. ഒരു സ്വകാര്യ ചാനലിന്റെ സ്റ്റുഡിയോയിൽ വച്ചാണ് അത് റെക്കോർഡ് ചെയ്തത്. ശ്രേയ ഘോഷാൽ പാടിയ പാട്ടാണ് അന്നവൾ പാടിയത്, അതിൽ അവൾ ജയിച്ചു.
അതുകൊണ്ട് സ്റ്റീഫൻ ദേവസ്സിയുടെ ഒപ്പം ആ പാട്ട് അവൾക്ക് പാടാനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാനും കഴിഞ്ഞു. അവളെ പാട്ട് പഠിപ്പിക്കണം, എന്തെങ്കിലും ഉപകരണ സംഗീതം പഠിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനു ശേഷമാണ് അവളെ സംഗീതം പഠിപ്പിക്കണം എന്ന് തീരുമാനമെടുക്കുന്നത്. അങ്ങനെയാണ് മാളവിക ഓൺലൈൻ ക്ളാസ് എടുക്കുന്നു എന്നറിഞ്ഞത്. അങ്ങനെ അവരുടെ ക്ളാസിൽ ജോയിൻ ചെയ്തു. പിന്നെ ഇവിടെ നടക്കുന്ന ചെറിയ മത്സരങ്ങളിലൊക്കെ സ്ഥിരമായി പങ്കെടുക്കാറുണ്ട്, സ്ഥിരമായി സമ്മാനവും ലഭിക്കാറുണ്ട്.
മറുനാടന് ഡെസ്ക്