തിരുവനന്തപുരം: സംഗീതാധ്യാപികയാൻ മോഹിച്ച് വെള്ളിത്തിരയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി മലയാളത്തിന് ഒഴിച്ചുനിർത്താനാകാത്ത അഭിനേതാവായി വളർന്ന കഥയാണ് ശ്രീലതാ നമ്പൂതിരിയുടേത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ മലയാളികൾക്കു പരിചിതമായ മുഖമാണ് ശ്രീലതാ നമ്പൂതിരി. ടെലിവിഷൻ പരമ്പരകളിലാണ് ഇപ്പോൾ ശ്രദ്ധ. കൂടെ സംഗീതക്കച്ചേരികളും.

കെ.പി.എ.സി.യുടെ നാടകത്തിൽ പാടികൊണ്ടായിരുന്നു തുടക്കം. പിന്നീട് നാടകത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതോടെയാണ് പഠനവും സംഗീതവും വിട്ട് വെള്ളിത്തിരയിലേക്കുള്ള വാതിൽ ശ്രീലതാ നമ്പൂതിരിക്കു മുന്നിൽ തുറന്നത്.

സംഗീതത്തിലും കായികയിനങ്ങളിലും മികവുപുലർത്തിയിരുന്ന പെൺകുട്ടി, അവിചാരിതമായി താനൊരിക്കലും സ്വപ്നം കാണാത്ത മേഖലയിലേക്ക് എത്തുകയായിരുന്നു. ആദ്യം അടൂർ ഭാസിയുടെ നായികയായി ലഭിച്ച അവസരം വേണ്ടെന്നുവച്ചു. പിന്നീട് കുറിക്കുകൊള്ളുന്ന ഹാസ്യവുമായി അദ്ദേഹത്തിനൊപ്പം വെള്ളിത്തിരയിൽ തിളങ്ങി. ഇന്ന് മലയാള പരമ്പരകളിലൂടെ അഭിനയജീവിതം തുടരുന്ന ശ്രീലതാ നമ്പൂതിരി സംസാരിക്കുന്നു.

മറുനാടൻ വീഡിയോകളുടെ പ്രേക്ഷക

യൂട്യൂബിൽ ഒരുപാട് വീഡിയോകൾ കാണുന്നയാളാണ് ഞാൻ. അതിൽ നമുക്കിഷ്ടപ്പെട്ട ചില വ്യക്തികളുണ്ട്. അവരുടെ ഭാഷയും അവരുടെ ശൈലിയുമൊക്കെ നമുക്ക് ഇഷ്ടപ്പെടും. പിന്നെ അവർ പറയുന്നത് 100 ശതമാനം വസ്തുതാപരമാണെന്ന് കൂടി തോന്നിയാൽ ഞാൻ അവരെ ഫോൺ ചെയ്ത് നമ്മുടെ ഇഷ്ടം അറിയിക്കുകകൂടി ചെയ്യും. അങ്ങനെയാണ് ഞാൻ മറുനാടന്റെ പ്രേക്ഷകയാകുന്നതും ഷാജനെ പരിചയപ്പെടുന്നതും.

രാഷ്ട്രീയത്തോടുള്ള താൽപര്യം

രാഷ്ട്രീയത്തോട് താൽപര്യമുള്ള ആളാണ് ഞാൻ. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമില്ല. സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. എന്നാൽ നമ്മൾ എന്ത് നല്ലകാര്യം ചെയ്താലും അതിനെ കണ്ണുംപൂട്ടി വിമർശിക്കുന്ന ചിലരുണ്ട്. അതുമൂലം ഒന്നും ചെയ്യാൻ തോന്നാറില്ല. ഫേസ്‌ബുക്കിൽ പോലും ഒന്നും പോസ്റ്റ് ചെയ്യാറില്ല. എന്തിനാണ് വെറുതേ സമാധാനം കളയുന്നത്.

ലൊക്കേഷനിലെ വേർതിരിവ്

പണ്ടുകാലത്ത് ഞങ്ങൾ ലൊക്കേഷനിൽ പോകുമ്പോൾ കോമഡിക്കാർ വന്നു എന്ന് പറഞ്ഞ് മാറ്റിനിർത്തുമായിരുന്നു. ഭാസി (അടൂർ ഭാസി) ചേട്ടനൊക്കെ അതിന്റെ പേരിൽ വഴക്കുണ്ടാക്കിയിരുന്നു. കോമഡി റോളുകൾ ചെയ്യുന്നത് എന്തോ നികൃഷ്ടമായതെന്നത് പോലെ കരുതിയിരുന്നവർ അക്കാലത്തുണ്ടായിരുന്നു.

കോമഡി റോളുകളിലേയ്ക്കുള്ള വഴി

വിദ്യാഭ്യാസകാലഘട്ടങ്ങളിലൊക്കെ നന്നായി സംസാരിച്ചിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ തമാശ എനിക്ക് വഴങ്ങില്ലായിരുന്നു. കോമഡി റോളായതിനാലും പത്തുനാൽപ്പത് വയസുള്ള ഭാസി ചേട്ടന്റെ ജോഡി ആയതിനാലും ആദ്യത്തെ സിനിമ വേണ്ടെന്ന് വച്ചയാളായിരുന്നു ഞാൻ. അന്നെനിക്ക് പതിനാറ് വയസേ ഉള്ളു. മദ്രാസിൽ നിന്നും തിരിച്ച് വരാനൊരുങ്ങുമ്പോൾ ആശാചക്രം എന്ന സിനിമയിൽ സത്യൻ മാഷിന്റെ മകളുടെ റോൾ ലഭിച്ചു. അതിന് ശേഷം വന്നത് വീണ്ടും ഭാസിയേട്ടന്റെ ജോഡിയായിട്ടായിരുന്നു. ഈ ഒരു ചിത്രം അഭിനയിച്ചിട്ട് പൊയ്ക്കോളു എന്ന എം കൃഷ്ണൻ നായർ സാറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ആ സിനിമയിൽ അഭിനയിച്ചത്. പഠിച്ച കള്ളൻ എന്ന സിനിമയായിരുന്നു അത്. ആ സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഒട്ടേറെ സിനിമകൾ എന്നെ തേടിയെത്തി. അന്ന് കോമഡി അഭിനയിക്കാൻ വേറെ സ്ത്രീകളാരും ഇല്ലല്ലോ.

കോമഡി അവതരിപ്പിക്കാൻ എന്നെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടാണ്. ഭാസി ചേട്ടൻ ആനപ്പുറത്ത് കയറി കുറേ അഭ്യാസങ്ങളൊക്കെ കാണിച്ചിട്ട് എന്നോടും അതുപോലെ ചെയ്യാൻ പറഞ്ഞു. പക്ഷെ എനിക്ക് ആനയുടെ അടുത്തുപോകാൻ ഭയമായിരുന്നു. ഞാൻ കരയാൻ തുടങ്ങിയപ്പോൾ ഭാസി ചേട്ടൻ വഴക്കുപറഞ്ഞു. നസീർ സാർ ഇടപെട്ടാണ് ആശ്വസിപ്പിച്ചത്. എങ്ങനെയെങ്കിലും ഈ സിനിമ തീർത്തിട്ട് രക്ഷപ്പെട്ടാൽ മതിയെന്ന് കരുതിയിരിക്കുമ്പോഴാണ് ഒന്നിന് പുറകേ ഒന്നായി സിനിമകൾ വരുന്നത്. എല്ലാം ഭാസി ചേട്ടനൊപ്പം തന്നെയായിരുന്നു.

പ്രേംനസീറിനൊപ്പമുള്ള അനുഭവങ്ങൾ

ഒരുപാട് സിനിമകൾ ഞാൻ നസീർ സാറിനൊപ്പം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടേയില്ല. എല്ലാവരോടും ഏതുസമയത്തും ചിരിച്ച മുഖത്തോടെ മാത്രമേ സംസാരിക്കുകയുള്ളു. സിനിമാ മേഖലയിലും പുറത്തുമുള്ള ഒരുപാടുപേർക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം അതൊന്നും പുറത്ത് പറയാറില്ല. ഞാൻ വീട് വച്ചുകൊണ്ടിരുന്നപ്പോൾ പോലും എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണമെന്ന് അദ്ദേഹം എന്നോട് പോലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റൊരു അനുഭവം കൂടി എനിക്കുണ്ടായിട്ടുണ്ട്.

മലയാളത്തിലെ ഒരു നടിയുടെ ഭർത്താവായ പ്രശസ്ത നിർമ്മാതാവ് അദ്ദേഹത്തിന്റെ സിനിമയിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തു. നസീർ സാറും ഭാസി ചേട്ടനുമൊക്കെയുള്ള സിനിമയാണ്. അദ്ദേഹത്തിന്റെ ഭാര്യയായ നടിയും ഞാനുമായി ചെറിയൊരു പിണക്കമുള്ള സമയം. എന്നെ കാസ്റ്റ് ചെയ്യരുതെന്ന് നടി ഭർത്താവിനോട് ആവശ്യപ്പെട്ടു. അങ്ങനെ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതെനിക്ക് വലിയ വിഷമമായി. ഞാനെന്റെ വിഷമം നസീർ സാറിനോടും ഭാസി ചേട്ടനോടും പറഞ്ഞു. നസീർ സാർ നിർമ്മാതാവിനെ വിളിച്ചിട്ട്, ശ്രീലതയെ ഒഴിവാക്കിയാൽ ഞങ്ങളും ഈ സിനിമയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. അങ്ങനെ എന്നെ തിരിച്ചുവിളിക്കാൻ നിർമ്മാതാവ് നിർബന്ധിതനായി. ഇന്നത്തെ കാലത്ത് ആരുചെയ്യും അങ്ങനെ.

നസീർ സാറിനെ പറ്റി അധികം ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. നന്നായി പാടുന്ന ഒരാളായിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിനിടയിലെ ഒഴിവ് സമയങ്ങളിൽ നസീർ സാറും ഭാസി ചേട്ടനുമൊക്കെ ഒരു കലമൊക്കെ എടുത്തുവച്ച് കച്ചേരി നടത്തിയിട്ടുണ്ട്. താനൊരു നായകനടനാണെന്നും ആ നിലയിലുള്ളവരോട് മാത്രമേ ഇടപഴകൂ എന്നൊന്നും അദ്ദേഹത്തിനില്ല. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഗർഭത്തിനായി ഉപയോഗിക്കുന്ന തലയണ പോലും തലയിൽ വച്ച് അദ്ദേഹം കിടന്നുറങ്ങാറുണ്ട്.

ഷീലാമ്മ അടുത്ത സുഹൃത്ത്

അന്നും ഇന്നും ഷീലാമ്മയും ടിആർ ഓമനയുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. നസീർ സാറിനെ പറ്റി പറഞ്ഞത് പോലെ തന്നെ ഒട്ടും താരജാഡയില്ലാത്ത നടിയാണ് ഷീലമ്മ. ഒരു വർഷം പത്തും ഇരുപതും സിനിമകളാണ് അവർ അഭിനയിച്ചിരുന്നത്. അതൊരു അത്ഭുതമായിരുന്നു.

ജയനും നസീറും

ജയനെ വളരെയധികം സപ്പോർട്ട് ചെയ്തിരുന്നയാളായിരുന്നു നസീർ സാർ. തനിക്ക് ഇത്രയും പ്രായമായെന്നും ജയൻ ചെയ്യുന്ന റോളുകളൊന്നും തനിക്ക് ചെയ്യാനാവില്ലെന്നും നന്നായി അറിയുന്ന ആളായിരുന്നു അദ്ദേഹം.

ജയന്റെ മരണം

ജയന്റെ മരണത്തെ പറ്റി ഒരുപാട് ഗോസിപ്പുകൾ ഇന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ അതൊന്നും സത്യമല്ല. ജയൻ മരിച്ച നവംബർ 16 എന്ന ദിവസം എനിക്കിന്നും നല്ല ഓർമയാണ്. വിവാഹശേഷം അവസാന ഷൂട്ടിങ്ങും തീർത്ത് ഞാൻ മദ്രാസിൽ നിന്നും കുന്നംകുളത്തേയ്ക്ക് മടങ്ങുന്ന ദിവസമായിരുന്നു അത്. ഞാൻ ഇറങ്ങുമ്പോൾ തന്നെ ലൊക്കേഷനിലെ ഒരു അപകടത്തിൽ ജയൻ ആശുപത്രിയിലാണ് എന്ന് അറിഞ്ഞിരുന്നു. അദ്ദേഹം മരിച്ചു എന്നറിയുന്നത് യാത്രാമധ്യേയാണ്. സംവിധായകൻ ഓക്കേ പറഞ്ഞിട്ടും തനിക്ക് തൃപ്തി വന്നില്ല എന്ന് പറഞ്ഞ് ജയൻ ഒരിക്കൽ കൂടി ഷോട്ട് എടുപ്പിക്കുകയായിരുന്നു. ജയൻ ഹെലികോപ്റ്ററിൽ തുങ്ങിയപ്പോൾ ഭാരം ഒരു വശത്തായപ്പോൾ ഹെലിക്കോപ്റ്റർ ചരിയുകയും ജയൻ പിടിവിട്ട് നിലത്തുവീണ് മരിക്കുകയായിരുന്നു.

പിറ്റെന്ന് ഡെഡ്ബോഡി കൊല്ലത്തേയ്ക്ക് കൊണ്ടുവന്ന നസീർ സാർ അറൈഞ്ച് ചെയ്ത ഫ്ളൈറ്റിലാണ്. ഇൻഡസ്ട്രിയെ ആകെ പിടിച്ചുകുലുക്കിയ ഒരു മരണമായിരുന്നു അത്. അതുവരെയില്ലാത്ത തരത്തിൽ മലയാള സിനിമയിൽ ശരീരഭംഗിയുടെ സാധ്യതകൾ ഉപയോഗിച്ച നടനായിരുന്നു ജയൻ. സുകുമാരനും സോമനുമൊന്നും ശരീരഭംഗി ശ്രദ്ധിച്ചിരുന്നില്ല. ജയൻ ഭയങ്കര അഭിനയം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ആളുകൾ ആ സ്‌റ്റൈൽ ഇഷ്ടപ്പെടിരുന്നു. ആ അപകടം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ നസീറിന്റെ സ്ഥാനത്തേയ്ക്ക് വളർന്നേനെ.

ജയൻ സിനിമയിൽ അഭിനയിക്കണമെന്ന താൽപര്യത്തോടെ മദ്രാസിലെത്തിയിട്ട് ഞങ്ങളുടെ ഷൂട്ടിങ്ങൊക്കെ കാണാൻ വരുമായിരുന്നു. അവിടെ വന്ന് ഞങ്ങളെയൊക്കെ പരിചയപ്പെടുകയും ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയുമൊക്കെ ചെയ്തു. നല്ല പെരുമാറ്റമായിരുന്നു ജയന്റേത്, മറ്റൊരു പ്രേംനസീർ. ഒരിക്കൽ പരിചയപ്പെട്ടവർ പിന്നെ ഒരിക്കലും മറക്കില്ല. ഡ്രിങ്ക്സ് ഒന്നും കഴിക്കില്ല. ശരീരം സൂക്ഷിക്കും. അങ്ങനെ ഞങ്ങൾക്കൊക്കെ ഇഷ്ടമായിരുന്നു.

ശാപമോക്ഷമായിരുന്നു ജയന്റെ ആദ്യചിത്രം. ഒരു പാട്ടുസീനിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് പയ്യെ പയ്യെ ഒരുപാട് സിനിമകൾ കിട്ടി. സ്റ്റാറായി. അപ്പോഴും ഏത് അർദ്ധരാത്രി വരെയും അഭിനയിക്കാൻ തയ്യാറായിരുന്നു. കണക്ക് പറഞ്ഞ് പണം വാങ്ങുന്ന ശീലവും ജയന് ഉണ്ടായിരുന്നില്ല. ഒരുപാടുപേർ പണം നൽകാനുണ്ടായിരുന്നു. ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന മോഹം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ബാലൻ കെ നായരെന്ന നല്ല മനുഷ്യൻ

ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ചീത്തപ്പേര് കേൾക്കേണ്ടിവന്ന നടനാണ് ബാലൻ കെ നായർ. അദ്ദേഹമാണ് ജയനെ തള്ളിയിട്ടത് എന്ന നിലയിൽ ഒരുപാട് കഥകൾ പ്രചരിച്ചിരുന്നു. ആ സിനിമയിലെ വില്ലനായ ബാലൻ കെ നായർ ജയനെ ചവിട്ടുന്ന സീനുകൾ കണ്ടാണ് അത്തരത്തിലുള്ള കഥകൾ ഉണ്ടായത്. ശരിക്കും അന്നത്തെ അപകടത്തിൽ ബാലൻ കെ നായർക്കും പരിക്ക് പറ്റിയിരുന്നു. ഹെലികോപ്ടർ ഒരു വശത്തേയ്ക്ക് ചരിഞ്ഞപ്പോൾ പ്രൊപ്പല്ലർ എവിടെയോ തട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ആ സമയത്ത് ഹെലികോപ്റ്റർ എവിടെയോ കത്താൻ തുടങ്ങിയെന്ന് പൈലറ്റ് പറയുന്നുണ്ട്. അങ്ങനെ പൈലറ്റും ബാലൻ കെ നായരും ഇത്രയും ഉയരത്തിൽ നിന്നും താഴേയ്ക്ക് ചാടി. താഴെ വീണ് കാലിന്റെ കുഴ ഒടിഞ്ഞ ബാലൻ കെ നായർ ഏറെക്കാലം ചികിൽസയിലായിരുന്നു. കാലിലിട്ട സ്റ്റീൽ ഏഴ് വർഷം കഴിഞ്ഞ് നീക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അത് പിന്നീട് ഇൻഫക്ഷനായി, അതിന്റെ ഭാഗമായി പല്ല് കൊഴിഞ്ഞു. അങ്ങനെ ഉണ്ടായ പ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം മരിക്കുന്നത്. ബാലൻ കെ നായരുടെ മകൻ മേഘനാഥൻ ഈ കഥ എന്നോട് പറയുമ്പോൾ എനിക്ക് കരച്ചിൽ വന്നു. ആ ബുദ്ധിമുട്ടുകളൊക്കെ അനുഭവിച്ച മനുഷ്യനെയാണ് ഇല്ലാക്കഥ പറഞ്ഞ് ക്രൂശിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യനായിരുന്നു ബാലൻ കെ നായർ. ജോസ് പ്രകാശ്, കെപി ഉമ്മർ, എൻഎം നമ്പ്യാർ, ബാലൻ കെ നായർ ഈ വില്ലന്മാരൊക്കെ നന്മയുള്ള മനുഷ്യരായിരുന്നു. ഉമ്മുക്കായ്ക്ക് ഭക്ഷണം ഒരു വീക്ക്നെസ് ആയിരുന്നു. ഒരിക്കൽ കോഴിക്കാലെന്ന് പറഞ്ഞ് എന്നെകൊണ്ട് തവളക്കാൽ കഴിപ്പിച്ചിട്ടുണ്ട്.