- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രഭാതം ദിനപത്രം ചന്ദ്രികയ്ക്കോ സിറാജിനോ ബദലല്ല; ന്യൂനപക്ഷങ്ങളുടെ ജിഹ്വയാകും; പത്രത്തിന്റെ പ്രചരണത്തിന് മുസ്ലിംലീഗ് തുരങ്കം വച്ചിട്ടില്ല: സുപ്രഭാതം ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ മറുനാടൻ മലയാളിയോട്
പതിറ്റാണ്ടുകളായി കേരള സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന സമസ്ത കേരള ജംഇയയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭ ഒരു ദിനപത്രം എന്ന ആശയത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്താണ്, മുസ്ലിംങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തിന്റെ പണ്ഡിത സഭയായ സമസ്ത പുതിയൊരു പത്രം ആരംഭിക്കുമ്പോൾ കേരളസമൂഹത്തിൽ പത്രത്തിന്റെ ഇടവും സ്വീകാര്യതയും എന്തായിരിക്കും പത
പതിറ്റാണ്ടുകളായി കേരള സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന സമസ്ത കേരള ജംഇയയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭ ഒരു ദിനപത്രം എന്ന ആശയത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്താണ്, മുസ്ലിംങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തിന്റെ പണ്ഡിത സഭയായ സമസ്ത പുതിയൊരു പത്രം ആരംഭിക്കുമ്പോൾ കേരളസമൂഹത്തിൽ പത്രത്തിന്റെ ഇടവും സ്വീകാര്യതയും എന്തായിരിക്കും പത്രത്തിന്റെ നയവും സ്വഭാവവും ഏത് രീതിയിലായിരിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷനും സുപ്രഭാതം ദിനപത്രം ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ മറുനാടൻ മലയാളിയുമായി പങ്കുവെയ്ക്കുകയാണ്. മറുനാടൻ ലേഖകൻ എം.പി റാഫി നടത്തിയ അഭിമുഖം.
- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്വന്തമായി ഒരു പത്രം എന്ന ആശയത്തിലേക്ക് എത്താനുണ്ടായ സാഹചര്യം എന്തായിരുന്നു?
ഇന്ന് വായനാ ശീലം വളരെ കൂടുതലായി ഉള്ള കാലമാണ്. പത്ര മാദ്ധ്യമങ്ങൾ എന്നത് എക്കാലത്തും പ്രസക്തമായി നിൽക്കുന്നുണ്ട്. ദൃശ്യമാദ്ധ്യമങ്ങളൊക്കെ വന്നപ്പോൾ നമ്മൾ പറഞ്ഞിരുന്നത് പത്രം ഇനി ഉണ്ടാവില്ലെന്നും പത്രങ്ങളുടെ ആവശ്യകത ഇനി ഉണ്ടാവുകയില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ അതൊന്നുമല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്നും ആളുകൾ കണ്ടതും കേട്ടതുമായ വാർത്തകളാണെങ്കിൽ പോലും രാവിലെ പത്രം കിട്ടി അത് വായിച്ചാലെ അവർക്ക് സമാധാനമുള്ളൂ. അപ്പോൾ അങ്ങനെയുള്ള വായനാ ശീലം പ്രത്യേകിച്ചും പത്രം വായിക്കുക എന്നുള്ളത് ഒരു നിലക്കും ഇല്ലാതാവുകയോ കുറഞ്ഞു പോകുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് അത്തരത്തിലുള്ള വായനയുടെയും പത്രത്തിന്റെയും പ്രസക്തി നില നിൽക്കുന്നത് കൊണ്ടും, കൂടാതെ ഇന്ന് ഒരുപാട് പത്രങ്ങളുണ്ടെങ്കിലും സത്യത്തിന്റെ മാദ്ധ്യമമായി ഒരു പത്രവും ഇല്ലെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
അസത്യത്തെ സത്യമാക്കി കാണിച്ച് പുറത്ത് വിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. അതുകൊണ്ട് തന്നെ സത്യത്തിന് വേണ്ടി നിലകൊണ്ട് ജനപക്ഷത്ത് നിൽക്കാൻ ഒരു പത്രം വളരെ ആവശ്യമാണ്. അതിന്റെ പ്രസക്തി ഇന്ന് വർദ്ധിച്ചിരിക്കുകയാണ് എന്ന് മനസിലാക്കിയത്‌കൊണ്ടാണ് ഒരു പത്രം എന്നുള്ള ആശയത്തിലേക്ക് സമസ്ത വരുന്നത്. രണ്ടു വർഷം മുമ്പായിരുന്നു ഒരു പത്രം എന്ന ആലോചന തുടങ്ങിയിട്ട്, ശഷം ഇതിന്റെ വരും വരായ്കയെ കുറിച്ച് ചർച്ച ചെയ്യുകയും പഠനം നട്ടത്തുകയും ചെയ്താണ് ഇന്ന് പത്രം ഇറക്കാനിരിക്കുന്നത്. മാത്രവുമല്ല സമസ്ത എന്ന് പറയുന്നത് ഇന്ന് കേരളത്തിലെ ഒരു പ്രമുഖ സംഘടനയാണ്. മഹാഭൂരിപക്ഷം വരുന്ന മുസ്ലിംങ്ങളുടെയും ആധികാരിക മത നേതൃത്വമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അപ്പോൾ അങ്ങിനത്തെയൊരു നേതൃത്വവും പ്രസ്ഥാനവും കേരളത്തിലും ഇന്ത്യയിയെ മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടന എന്ന നിലക്ക് സമസ്തക്ക് സമസ്തയുടേതായ കാഴ്ചപ്പാടുകളും നിലപാടുകളും പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള സ്വന്തമായ പത്രം അനിവാര്യമാണ് എന്ന് സമസ്തക്ക് ബോധ്യമായി. അതിൽ നിന്നാണ് ഈ ആശയത്തിലേക്കും ചിന്തയിലേക്കും സമസ്തയുടെ നേതാക്കളഅ വന്നത്.
- ഏത് രീതിയിലുള്ള വ്യത്യസ്തതയായിരിക്കും സുപ്രഭാതം പുലർത്താൻ പോകുന്നത്?
എപ്പോഴും ജനപക്ഷത്ത് നിൽക്കുന്ന സത്യത്തെ സത്യമായി അറിയിക്കുന്ന ഒരു പത്രമായിരിക്കും സുപ്രഭാതം. സത്യം തുറന്നു പറയുക എന്നത് യാതൊരു മടിയുമില്ലാതെ നിർഭയമായി മുന്നോട്ട് പോകുക എന്നാണ് ഞങ്ങളുടെ പോളിസി തന്നെ. ഈ പത്രത്തിന്റെ ശൈലിയും നയവും ഒരു പൊതുമുഖമായിരിക്കും, അല്ലാതെ സംഘടനന്റെ പത്രമെന്നോ അല്ലെങ്കിൽ നമ്മുടെ വാർത്തകൾക്ക് മാത്രം ഉള്ള പത്രമെന്നോ എന്നല്ല. ഇന്ന് കേരളത്തിലുള്ള എല്ലാ പത്രങ്ങളെക്കാൾ വിശാലമായ കാഴ്ചപ്പാടോട് കൂടി തന്നെയായിരിക്കും പത്രം ഇറക്കുക.
പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്നത് മത ന്യൂനപക്ഷ വിഭാഗക്കാരുടെ ഒരുപാട് അവകാശങ്ങൾ ഹനിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. അവർക്ക് എന്താണ് കിട്ടേണ്ടതെന്ന് പുറം ലോകം തന്നെ അറിയാതെ പോകുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അതേസമയം സർക്കാർ തലത്തിലും മറ്റുമൊക്കെ ഒരുപാട് അവകാശങ്ങളും ആനുകൂല്യങ്ങളും നിയമപരമായി തന്നെ അവർക്കുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ എന്താണോ അതിനുവേണ്ടി ശബ്ദിക്കാനും അത് ന്യൂനപക്ഷ വിഭാഗത്തിന്റെ അവകാശങ്ങൾ ലഭിക്കാനും ആവശ്യമായ നിലക്ക് ഇതിലൊക്കെ ഇടപെടുന്ന പത്രം കൂടിയായിരിക്കും സുപ്രഭാതം. ഇതിൽ എല്ലാവരുടെയും വാർത്തകൾക്ക് ഇടമുണ്ടാകും. ഇത് സമസ്തയുടെ മാത്രം പത്രമല്ല എല്ലാവരുടേതും ആണ്.
- പതിറ്റാണ്ടുകളായി മുസ്ലിം ലീഗുമായി ചേർന്നു നിന്നിട്ടുള്ള സംഘടനയാണല്ലോ ഇ.കെ വിഭാഗം സുന്നികൾ, സുപ്രഭാതം ഇറങ്ങുമ്പോൾ ലീഗുമായും ചന്ദ്രികയുമായും പുലർത്തിയിരുന്ന ബന്ധത്തിന് കോട്ടം പറ്റില്ലേ..?
അങ്ങിനെ കോട്ടം പറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സമസ്തയുടെ പത്രം എന്നുള്ള നിലക്കേ ജനങ്ങൾ ഇതിനെ കാണുന്നുള്ളൂ..മുസ്ലിം ലീഗ് എന്നത് ഒരു രാഷ്ട്രീയ പാർട്ടിയാണ് അവരുടെ മുഖപത്രമാണ് ചന്ദ്രിക എന്നത്. സുപ്രഭാതം എന്നത് സമസ്തയുടെ മുഖപത്രവുമാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം രണ്ടിനും രണ്ട് രീതിയും ശൈലിയുമായിട്ടാണ് മുന്നോട്ട് പോവുക എന്നുള്ളതാണ്. അത് രണ്ടും തമ്മിൽ ഒരു ഏറ്റുമുട്ടലോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം ഈ പത്രം കൊണ്ട് കൂടുതൽ അവർക്ക് ഗുണം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതായത് മുസ്ലിം ലീഗിനെ സംബന്ധിച്ച് ചന്ദ്രികയിലൂടെ പറയാൻ പറ്റാത്തത് സൂപ്രഭാതത്തിലൂടെ പറയാൻ സാധിക്കും. ഇന്നത്തെ ഭരണ തലത്തിലുള്ള പല പ്രശ്‌നങ്ങളും മറ്റുമൊക്കെ സർക്കാറിന്റെ ഭാഗമായ ലീഗിന് പറയുന്നതിന് ചില പരിതികളും പരിമിതികളുമൊക്കെ ഉണ്ടാകുമല്ലോ..
പക്ഷെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെ സുപ്രഭതത്തിന് തുറന്നു പറയാൻ സാധിക്കും എന്ന സാഹചര്യം കൂടി ഉണ്ടാവുകയാണ്. ഇനി വായനക്കാരുടെയോ വരിക്കാരുടേയോ കാര്യമെടുക്കുകയാണെങ്കിൽ ചന്ദ്രികയുടെ വായനക്കാർ മാത്രം സുപ്രഭാതം വരിചേരുക എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം സുപ്രഭാതം എന്ന പത്രത്തെ സ്വാഗതം ചെയ്യുന്ന ഒരുപാട് വിഭാഗങ്ങളുണ്ട് ഇവിടെ. ഇങ്ങനെയൊരു പത്ര മേഖലയിലേക്ക് സമസ്ത കാൽവെയ്‌പ്പ് തുടങ്ങിയപ്പോൾ തന്നെ അതിനെ സ്വാഗതം ചെയ്ത് കൊണ്ട് വിവിധ കോണുകൾ നിന്ന് വിളിച്ച് ഇതിന്റെ പ്രാധാന്യവും ആവശ്യകതയും അറിയിച്ച് കൊണ്ടുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾ ഇതിൽ നിന്നും മനസിലാക്കുന്നത്. ഒരു പൊതു പത്രം എന്ന നിലക്ക് പൊതു സ്വഭാവമെന്ന നിലയിൽ നടത്തുന്ന പത്രമാകുമ്പോൾ ചന്ദ്രികയുടെ കുറച്ചാളുകൾ ചിലപ്പോൾ ഈ പത്രം വാങ്ങാം എന്നല്ലാതെ ചന്ദ്രികന്റെ വരിക്കാർ ആയിരിക്കും ഈ പത്രത്തിന്റെ മുഴുവനും ആളുകൾ എന്ന് ഒരിക്കലും പറയാൻ കവിയില്ല.
- മദ്രസകൾ കേന്ദ്രീകരിച്ചുള്ള സുപ്രഭാതം കാമ്പയിനിങിൽ മുസ്ലിംലീഗ് തന്നെ തുരങ്കം വെയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നോ?
സുപ്രഭാതം കാമ്പയിനിങ് സംസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് നടത്തിയപ്പോൾ എല്ലാവരുടേയും പിന്തുണയേ ലഭിച്ചിരുന്നുള്ളൂ.., അല്ലാതെ ഒരു എതിർപ്പും ഉണ്ടായിട്ടില്ല. ഒരു മദ്രസാ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നോ നാട്ടുകാരുടെ ഭാഗത്തു നിന്നോ എതിർപ്പുകളുണ്ടായിട്ടില്ല, സഹായമേ ഉണ്ടായിട്ടുള്ളൂ. ഈ കാമ്പയിനിങിൽ എല്ലാം തന്നെ മദ്രസാ അദ്ധ്യാപകർ തന്നെയാണ് അവരുടെ പരിതിക്കുള്ളിലെ വീടുകളിൽ പോയി വരിക്കാരെ ചേർത്തുന്നത്. ഈ മദ്രസകളെല്ലാം തന്നെ നടത്തപ്പെടുന്നത് ലീഗിന്റെയും സമസ്തയുടെയും എല്ലാം തന്നെ ആളുകളാണ്. ഇവിടങ്ങളിലെല്ലാം തന്നെ പൂർണ പിന്തുണയാണുണ്ടായിട്ടുള്ളത്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ സ്വാഭാവികമായും ഉണ്ടാവുമല്ലോ, അല്ലാതെ ഈ കാമ്പയിനിങ്ങിന് എതിർപ്പുകളൊനന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്രയധികം വരിക്കാർ തുടക്കത്തിലേ ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത്. അഞ്ചു ലക്ഷം വരിക്കാർ ഇപ്പോൾ തന്നെ കിട്ടുക എന്നത് വലിയകാര്യം തന്നെയാണ്. കേരളത്തിൽ ഞങ്ങൾക്ക പതിനായിരത്തിലധികം മദ്രസകളുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു മദ്രസ തലത്തിൽ മിനിമം അമ്പത് പേരെയെങ്കിലും വരിചേർക്കണം എന്ന സർക്കുലറായിരുന്നു ഞങ്ങൽ നൽകിയത്. അങ്ങിനെ ഞങ്ങൾ പരിതി കൊടുത്തെങ്കിലും മുന്നൂറും നാനൂറും വരിക്കാരെ ഒരു മദ്രസാ പരിതിക്കുള്ളിൽ നിന്നു ചേർത്തവരുമുണ്ട്. ഇതാണ് ഞങ്ങൾ ഇത്രയും വരിക്കാരിലെത്തി നിൽക്കാനുള്ള കാരണം. ഞങ്ങൾ ഒരു എഡിഷനിൽ നിന്നും തുടങ്ങളമെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നീട് പലഭാഗങ്ങളിലും എഡിഷൻ ആരംഭിക്കുന്നതിനുവേണ്ടി അവിടെ നിന്നെല്ലാം ആവശ്യമുയർന്നു. എല്ലാവർക്കും പത്രം കിട്ടണം എന്ന നിർബന്ധാവശ്യം വന്നപ്പോഴാണ് മൂന്ന് എഡിഷൻ തുടങ്ങാമെന്നതിലെത്തിയത്. അങ്ങിനെ അതുംമാറ്റി അഞ്ച് എന്ന നിലയിലേക്കും പിന്നീട് ആറ് എഡിഷനുകൾ എന്നതിൽ എത്തി നിൽക്കുകയും ചെയ്തിട്ടുള്ളത്. ഇപ്പോൾ തുടങ്ങിയിട്ടുള്ളത് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്.
- എങ്ങനെയാണ് പത്രത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസായി കാണുന്നത്?
ഇതിന് വലിയ സാമ്പത്തിക ചെലവ് തന്നെ വരുന്നുണ്ട്. ഞാൻ പറഞ്ഞല്ലോ, പല ഇനത്തിലുള്ള വരിക്കാർക്കു പുറമെ വിദേശത്തും നാട്ടിലുമുള്ള നിരവധി ആളുകളുടെ പിന്തുണ പത്രത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റുള്ള പത്രങ്ങൾ ഇവിടെ നടക്കുന്നത് എങ്ങിനെയാണോ ആ ഒരു സ്രോതസ് തന്നെയാണ് നമുക്കും അവലംഭിക്കാനുള്ളത്. പത്രങ്ങൾ നിലനിൽക്കുന്നത് പരസ്യം കൊണ്ടാണല്ലോ., പത്രം കൊടുത്തു കിട്ടുന്നത്‌കൊണ്ട് ചെലവിന്റെ പകുതിപോലും തികയില്ലല്ലോ. ആ നിലക്ക് തന്നെ പരസ്യ മേഖലയിൽ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടു തന്നെ നമുക്ക് പറ്റാവുന്ന പരസ്യങ്ങൾ എടുത്തുകൊണ്ട് ഇതിനെ ആശ്രയിച്ച് മുന്നോട്ടു പോവുക എന്നു തന്നെയാണ് ഇപ്പോഴത്തെ തീരുമാനം.
- സുപ്രഭാതം ദിനപത്രത്തിന് കേരള സമൂഹത്തിൽ എത്രമാത്രം ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
ഇപ്പോൾ നിരവധി പത്രങ്ങളുള്ള ഈ സമൂഹത്തിൽ വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണിത്. കഴിഞ്ഞ കാലങ്ങളിലായി നിരവധി പത്രങ്ങൾ കൊട്ടിഘോഷിച്ച് വന്നെങ്കിലും പലരും പൂട്ടിപ്പോയ അവസ്ഥയാണുള്ളത്. ചിലത് പേരിനു മാത്രം ഇറക്കുകയും ചെയ്യുന്നു. ഞങ്ങളിപ്പൊ ചെയ്യുന്നത് ഇങ്ങനെ സംഭവിച്ച പത്രങ്ങൾക്കൊക്കെ എങ്ങനെ ഇടിവ് സംഭവിച്ചു എന്നുള്ള പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് സാമ്പത്തിക പ്രശ്‌നമാണോ അതോ സർക്കുലേഷൻ പ്രശ്‌നമാണോ, അല്ലെങ്കിൽ നയത്തിന്റെ പ്രശ്‌നമാണോ, ഇനി തൊഴിലാളികളുടെയോ നടത്തിപ്പുകാരുടേയോ പ്രശ്‌നാമാണോ ഇത് പോലോത്ത എന്ത് പ്രശ്‌നമാണോ ആ കാരണങ്ങൾ കണ്ടെത്തി പരിഹാരമുണ്ടാക്കി മുന്നോട്ട് പോകുകയാണെങ്കിൽ ഈ പ്രശ്‌നങ്ങൾ ഒരളവോളം പരിഹരിക്കാൻ കഴിയും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യം കണ്ടെത്തിയാൽ ഇത്തരത്തിലുള്ള വിഷയങ്ങൾ നമ്മുടെ പത്രത്തിലേക്ക് വരാതിരിക്കാനുള്ള സാധ്യത കുറയും എന്നാണ് എന്റെ വിശ്വാസം.
- സിറാജ് പത്രത്തിന് ബദലായിട്ടാണോ സുപ്രഭാതം തുടങ്ങുന്നത്?
ഇത് ശരിയല്ല, സിറാജ് പത്രത്തെ ഞങ്ങൾ കാണുന്നേ ഇല്ല. അങ്ങിനത്തെ ഒരു പത്രത്തെ കണ്ടിട്ട് നമ്മൾ പത്രം ഇറക്കുന്നുമില്ല. ഞാൻ പറഞ്ഞല്ലോ സമസ്ത എന്ന് പറയുന്നത് ഇത്രയും വിപുലമായ പ്രവർത്തനം ഇന്ത്യക്കകത്തും പുറത്തും നടത്തികൊണ്ടിരിക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ്. സുന്നികളെന്നാൽ ജനകീയ പ്രസ്ഥാനമാണ്. ആ ജനകീയ അടിത്തറ സമസ്തക്കുണ്ട്. അതായത് ഇന്ത്യയിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംങ്ങളും സുന്നികലാണ്. ആ സുന്നികളിൽ നിന്നും മഹാഭൂരിപക്ഷം വരുന്ന സുന്നികളും സമസ്തയുടെ കൂടെയുമാണ്. അതിനെതിരിൽ ഏതെങ്കിലും ചെറിയ ചെറിയ സംഘടനകൾ ഉണ്ടാകാം അവരുടെ പ്രവർത്തനങ്ങൾ ഉണ്ടാകാം പക്ഷെ അത് ഞങ്ങൾക്കിതുവരെ ബാധിച്ചിട്ടില്ല. സമസ്തക്ക് ഇപ്പോഴും അതിന്റെ പ്രവർത്തനങ്ങൾ വിപുലമായിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മാസംതോറും നിരവധി പുതിയ മദ്രസകൾക്ക് അപേക്ഷ കൊടുത്ത് കൊണ്ടേ ഇരിക്കുന്നത്. സമസ്തയുടെ പ്രവർത്തനം ചുരുങ്ങുന്നില്ല, പ്രവർത്തകർ കുറയുന്നില്ല ഇതെല്ലാം ഞങ്ങൾക്ക് പ്രചോദനമാണ് തരുന്നത്. അതല്ലാതെ ഏതെങ്കിലും ഒരു സംഘടനയോട് എതിർപ്പോ ഏതെങ്കിലും പത്രത്തോട് എതിർപ്പോ അങ്ങിനെയുള്ള കാഴ്ചപ്പാടോടു കൂടിയല്ല സുപ്രഭാതം വരുന്നത്. സുപ്രഭാതം സമുദായത്തിനു മാത്രമല്ല സമൂഹത്തിനു തന്നെ ഒരുപാട് ഗുണങ്ങളുണ്ടാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
- കാന്തപുരത്തിനെതിരായ വിവാദങ്ങൾക്ക് ചന്ദ്രികയടക്കമുള്ള പത്രങ്ങളിൽ ഇടം ലഭിക്കാതെ വന്നപ്പോഴാണ് സമസ്ത സ്വന്തമായി ഒരു പത്രം തുടങ്ങിയത് എന്ന ആരോപണം നില നിൽക്കുന്നു. എങ്ങിനെ പ്രതികരിക്കുന്നു ഇതിനോട്?
അങ്ങിനെ പറയാൻ പറ്റില്ല, പറയാനുള്ളത് തുറന്നു പറയാൻ ഞങ്ങളുടെ തന്നെ ഒരു പത്രമുണ്ടാകുമ്പോൾ കൂടുതൽ സൗകര്യമുണ്ടാകും എന്നത് ശരിയാണ്. അല്ലാതെ മറ്റുപത്രങ്ങൾ ഞങ്ങളെ പരിഗണിക്കാത്തത് കൊണ്ടല്ല. പിന്നെ ചന്ദ്രികക്ക് അവരുടേതായ പരിധിയും പരിമിതികളും ഉണ്ടല്ലോ, ഒരു രാഷ്ട്രീയ പാർട്ടിയുടെ പത്രത്തിന് വളരെ വിഘാതമാകുന്ന തരത്തിലുള്ള നിലപാടുകളൊന്നും ആ പത്രത്തിന് എടുക്കാൻ കഴിയില്ലല്ലോ, അവർക്ക് അത് പാർട്ടിയെ ക്ഷീണിപ്പിക്കുന്ന വിഷയമാണല്ലോ. അതുകൊണ്ട് നമ്മൾ പറയുന്നത് അവർക്ക് പൂർണ്ണമായി എഴുതാൻ കഴിഞ്ഞെന്നു വരില്ല. കാരണം ചന്ദ്രിക എന്നത് സമസ്തയുടെ പത്രം അല്ലല്ലോ. ഈ ഒരു പരിമിതി അവർക്കുണ്ട് എന്ന കാര്യം ഞങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ പത്രം തുടങ്ങാനുണ്ടായ കാരണം എന്നത് ഇവിടത്തെ ഏറ്റവും വലിയ മുസ്ലിം പ്രസ്ഥാനമായ സമസ്തക്ക് ഇനിയും ഒരു പത്രം ഇല്ലാതിരുന്നുകൂട എന്ന് മനസിലാക്കി കൊണ്ടാണ്.
- എന്തുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ടു തവണയും നിശ്ചയിച്ച ദിവസം പത്രം ഇറക്കാൻ സാധിക്കാതെ പോയത്?
അതായത് രണ്ടു തവണയും നിശ്ചയിച്ച ദിവസം ഇറക്കാൻ പറ്റാതെ പോയതിന്റെ കാരണം എന്നത് സർക്കുലേഷന്റെ വർധനവാണ്. വരിക്കാർ ചേർന്നു കൊണ്ടേയിരിക്കാണ് ഈ വരിക്കാർക്കെല്ലാം പത്രം എത്തിക്കണമെങ്കിൽ ഏജൻസി സംവിധനമൊക്കെ വേണം. ഞങ്ങൾ ഉദ്ദേശിച്ച ഒരു തിയ്യതി വച്ചെങ്കിലും അതിനോടടുത്ത് വരെ വരിക്കാർ ചേർന്നുകൊണ്ടിരിക്കുകയാണ്. വരിക്കാരോട് വരണ്ട എന്ന് പറയാൻ പറ്റുമോ. ഇതിന്റെ യാഥാർത്ഥ്യം എന്നത് ആദ്യം നിശ്ചയിച്ച തിയ്യതിയിൽ ഇത്രയും വരിക്കാർക്ക് പത്രം എത്തിക്കാനുള്ള സംവിധാനമുണ്ടാക്കാൻ ഈ പറയപ്പെട്ട ദിവസം ഞങ്ങൾക്ക് സാധിച്ചില്ല എന്നതാണ്.
- എങ്ങിനെയാണ് ഭാവി പരിപാടികൾ?
മലയാളി കാത്തിരുന്ന ആ സുപ്രഭാതം സെപ്റ്റംബർ ഒന്നിനാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് സരോവരം പാർക്ക് ഗ്രൗണ്ടിൽ വിപുലമായ പരിപാടികളോടെയാണ് അത് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി, വ്യവസായ മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരായ വ്യക്തികളും മന്ത്രിമാരും പങ്കെടുക്കും. നല്ലൊരു വിഭാഗം മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസ്, സിപിഐ(എം), ലീഗ്, ബിജെപി, സിപിഐ, ജനതാദൾ തുടങ്ങി പ്രമുഖ രാഷ്ടീയ പാർട്ടികളുടെയും പ്രമുഖ നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവരെയും ക്ഷണിക്കുകയും, താൽപര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഈ സർക്കുലേഷൻ കുറയാതിരിക്കാനും ഇനിയും വർദ്ധിപ്പിക്കാനും ഞങ്ങളുടെ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തും. ഇത് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. ഒരുലക്ഷത്തോളം മദ്രസ അദ്ധ്യാപകരും വിവിധങ്ങളായ സഘടനകളും സമസ്തക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ സന്ദേശങ്ങൾ അടിത്തട്ടിലേക്ക് കൂടുതൽ എത്തിക്കാനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും അത് പത്രത്തിന്റെ വരവോടെ യാഥാർഥ്യമാകും എന്നത് ഉറപ്പാണ്.