വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം. മൂന്നാറിലെ കൈയേറ്റ ഭൂമിയിലേക്കു തിരുവനന്തപുരത്തുനിന്നു വി എസിന്റെ ഭാഷയില്‍തന്നെ പറഞ്ഞാല്‍ മൂന്നു പൂച്ചകള്‍ വണ്ടി കയറുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചുകൊണ്ടു മുന്നേറിയ സംഘത്തിന്റെ നെടുംതൂണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാറായിരുന്നു. ഒപ്പം രാജുനാരായണസ്വാമിയും ഋഷിരാജ് സിംഗും. മൂന്നാര്‍ ദൗത്യം രാഷ്ട്രീയ അന്തര്‍നാടകങ്ങളില്‍ അകാലചമരമടഞ്ഞശേഷം സുരേഷ്‌കുമാര്‍ എവിടെയാണ് എന്ന് അന്വേഷിച്ചുപോവുകയായിരുന്നു മറുനാടന്‍ മലയാളി.

വ്യക്തിജീവിതത്തിലും ഔദ്യോഗിത ജീവിതത്തിലും ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ താണ്ടി സുരേഷ് കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. സെക്രട്ടേറിയറ്റിനുള്ളില്‍ ആരുമൊട്ടും ശ്രദ്ധിക്കാത്ത ഒരു വകുപ്പിന്റെ തലവനായി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഐഎഎസ് ഓഫീസര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരുകാരനായ സുരേഷ് കുമാറാണ് സര്‍വീസിന്റെ 25-ാം വര്‍ഷത്തില്‍ ഭരണപരിഷ്‌കാര വകുപ്പിലെ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം നയിക്കുന്നത്. ലോട്ടറി, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് തുടങ്ങിയ വകുപ്പുകളില്‍ ചരിത്രം കുറിച്ച മാറ്റങ്ങള്‍ക്കാണു സുരേഷ് കുമാര്‍ തുടക്കമിട്ടത്. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനെക്കുറിച്ചും നേരിട്ട നടപടികളെക്കുറിച്ചും മൂന്നാര്‍ ദൗത്യം അകാലചരമമടഞ്ഞതിനെക്കുറിച്ചും സുരേഷ് കുമാര്‍ മറുനാടന്‍ മലയാളിയോട്.

  • കേരളത്തിലെ മിടുക്കരായ ഐഎഎസുകാരില്‍ ഒരാളായ കെ. സുരേഷ്‌കുമാര്‍ ഇപ്പോള്‍ എവിടെയാണ്. എന്ത് ചെയ്യുന്നു എന്ന അനേ്വഷണമാണ് ഞങ്ങള്‍ നടത്തുന്നത്? ഇപ്പോള്‍ എന്താണ് ചുമതല?

ഞാന്‍ ഇപ്പോള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ സെക്രട്ടറിയാണ്. വലിയ തിരക്കുകളൊന്നുമില്ലാത്ത ജോലി. ഒരു ഓഫീസ് ഫയലും വീട്ടില്‍ കൊണ്ടുപോകേണ്ടി വരാറില്ല. റിലാക്‌സ്ഡ്.

  • മനപൂര്‍വ്വം ഒതുക്കാന്‍ വേണ്ടിയോ ശിക്ഷിക്കാന്‍ വേണ്ടിയോ ആണോ ഇങ്ങനെയൊരു പോസ്റ്റിംഗ്. മിടുക്കനായ ഒരു ഐഎഎസുകാരന് ഇവിടെ എന്ത് ചെയ്യാനുണ്ട്?


(മറുപടി ഒരു വലിയ ചിരിക്ക് ശേഷമായിരുന്നു.) ആളുകള്‍ പറയുന്ന, അല്ലെങ്കില്‍ വിലയിരുത്തുന്ന ഒതുക്കല്‍ പോസ്റ്റുകളും സസ്‌പെന്‍ഷനുകളുമൊക്കെ ഇടയ്ക്കിടയ്ക്ക് കിട്ടുന്നത് വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്റെ വ്യക്തിപരമായ കാര്യങ്ങളും കുടുംബത്തിന്റെ കാര്യങ്ങളും ചെയ്യാന്‍ അപ്പോഴാണെനിക്ക് സമയം ലഭിക്കുന്നത്. ഞാനിപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്. പുസ്തകങ്ങള്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ പ്രിയപ്പെട്ട സഹചാരികളാണ്. ഇഷ്ടമുള്ള പുസ്തകം വായിക്കും. ഇംഗ്ലീഷ് റോക്ക് മ്യൂസിക് എനിക്ക് വളരെ ഇഷ്ടമാണ്. ക്രിക്കറ്റ് ഇഷ്ടമാണ്. യാത്രകള്‍ ഇഷ്ടമാണ്. തിരക്കില്ലാത്തതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ലീവ് എടുക്കാം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാം.

  • സര്‍വ്വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണല്ലോ? തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് നോക്കുമ്പോള്‍ എന്ത് തോന്നുന്നു?


സംതൃപ്തി തന്നെയാണ് തോന്നുന്നത്. ആളുകള്‍ പറയുന്ന ഒതുക്കല്‍ പോസ്റ്റിംഗുകള്‍ മുഖേനെ നിരവധി പുതിയ തസ്തികകളിലും എനിക്ക് മുമ്പ് ഒരിക്കലും ഐഎഎസുകാര്‍ ഇരിക്കാത്ത തസ്തികകളിലും ഇരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. മുന്‍ ഫയലുകളുടെ ബാധ്യതയില്ലാത്ത പുതിയ തസ്തികകളില്‍ ഇരിക്കുന്നതിന് വലിയ സുഖമുണ്ട്. ചിലര്‍ പറയാറുണ്ട്. അത്തരം തസ്തികകള്‍ ലോ പ്രൊഫൈല്‍ തസ്തികകളാണെന്ന്. ആകാം. എന്നാല്‍ അവിടെപ്പോലും രേഖപ്പെടുത്തലുകള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.


  • ഓരോ തസ്തികകളില്‍ നിന്നും സുരേഷ് കുമാറിനെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മാറ്റുന്നത് എല്ലായ്‌പ്പോഴും എന്തെങ്കിലും വിവാദങ്ങളെത്തുടര്‍ന്നാണ്. എന്താണിങ്ങനെ? താങ്കള്‍ വലിയ പ്രശ്‌നക്കാരനായ ബ്യൂറോക്രാറ്റാണോ?


ആണോ? ഏത് തസ്തികയില്‍ ഇരിക്കുമ്പോഴും എനിക്കറിയാം ഇത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന സ്ഥാനമാണെന്ന്. അതുകൊണ്ട് ചെയ്യാനുള്ള കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കും. എല്ലാ വിഷയങ്ങളെ സംബന്ധിച്ചും എനിക്കൊരു മുന്‍ഗണനാ പരിഗണനയും ദീര്‍ഘവീക്ഷണവും ഉണ്ട്. അതനുസരിച്ചാണ് മുന്നോട്ട് പോകുക. എന്നാല്‍ ചിലപ്പോഴത് തത്പ്പരകക്ഷികളുടേയോ ഭരണനേതൃത്വത്തിന്റെയോ മേലുദ്യോഗസ്ഥരുടേയോ താത്പര്യത്തിന് വിരുദ്ധമായതായിരുന്നു. സംസ്ഥാനത്തിന്റെയും പൊതു ഖജനാവിന്റെയും പാവപ്പെട്ട ജനങ്ങളുടേയും നഗ്ഗയ്ക്കുതകുന്ന എല്ലാ ഭരണപരിഷ്‌കാരങ്ങളും നിയമങ്ങളും സ്ഥാപിത താത്പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഉടനെ എന്നെ വല്ല പുതിയ ചുമതലയിലേക്കും മാറ്റും. ജീവിതത്തില്‍ അഭിമാനത്തോട് കൂടി പറയാവുന്ന ഒരു കാര്യമുണ്ട്. 25 വര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഇന്നേവരെ ആരുടേയും കാലുപിടിക്കാനോ സേവ പറയാനോ പോകേണ്ടി വന്നിട്ടില്ല. ഇഷ്ടപ്പെട്ട സ്ഥാനത്തിരിക്കാന്‍ വേണ്ടി ആരോടും ശുപാര്‍ശ പറയാന്‍ പോയിട്ടില്ല. ഏത് ഉത്തരവാദിത്തം നിര്‍വ്വഹിച്ചപ്പോഴും നിവര്‍ന്ന നട്ടെല്ലോടെ തെളിഞ്ഞ ബുദ്ധിയോടെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

  • രാജ്യത്തെ ഏറ്റവും മിടുക്കരായ പ്രതിഭകളാണ് ഐഎഎസുകാരാകുന്നത്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാട്ടമാകാന്‍ ഐഎഎസുകാര്‍ വിധിക്കപ്പെടുന്നുണ്ടോ?


ആദ്യകാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഐസിഎസ് വിഭാവനം ചെയ്തപ്പോള്‍ രാഷ്ട്രീയ ഭരണ ചട്ടക്കൂട് ഇങ്ങനെയായിരുന്നില്ല. അതുകൊണ്ട് പൂര്‍ണ്ണമായ അധികാരാവകാശങ്ങള്‍ നിശ്ചയിച്ച് കൊണ്ടാണ് തുടക്കം. പഴയ കാലത്ത് ജില്ലാകളക്ടര്‍ എന്നു പറയുന്നത് വലിയ സ്ഥാനവും അധികാരവും ഉള്ള പദവിയായിരുന്നു. എന്നാല്‍ പിന്നീട് സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയക്കാര്‍ ഭരണനേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഐഎഎസുകാര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിലായി.

  • ഐഎഎസുകാരെയും രാഷ്ട്രീയക്കാരെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെ കാണുന്നു രണ്ട് കൂട്ടരേയും?


ഐഎഎസിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു വ്യക്തിയുടെ എല്ലാത്തരത്തിലുമുള്ള കഴിവുകള്‍ അളക്കുന്ന പരീക്ഷ തന്നെയാണ്. കഴിവും ബുദ്ധിയും കഠിനാദ്ധ്വാനശേഷിയും ഒരു ബോര്‍ഡിനു മുന്നില്‍ തെളിയിച്ചാണ് ഞങ്ങള്‍ ഐഎഎസുകാര്‍ ആകുന്നത്. എന്നാ രാഷ്ട്രീയക്കാര്‍ എങ്ങനെയുണ്ടാകുന്നു. കഴിഞ്ഞ 20 വര്‍ഷം കൂടെയുണ്ടായിരുന്ന രാഷട്രീയ ഭരണ നേതൃത്വത്തേയും രാഷ്ട്രീയക്കാരെയും വിലയിരുത്തുമ്പോള്‍ എനിക്ക് തോന്നുന്നത് അവരുടെ എല്ലാവിധത്തിലുമുള്ള ക്വാളിറ്റിയില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ്. പഴയ തലമുറയിലെ രാഷ്ട്രീയക്കാര്‍ക്കുണ്ടായിരുന്ന പല സദ്ഗുണങ്ങളും പുതിയ തലമുറയ്ക്കില്ല. ജനസേവകരും പൊതുപ്രവര്‍ത്തകരുമായിരുന്നു പണ്ട് രാഷ്ട്രീയത്തില്‍ കടന്നുവന്നിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയം ഒരു പ്രൊഫഷനാണ്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സ്ഥാനമാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത.്

രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയുന്നതിലും യാതൊരു അര്‍ത്ഥവുമില്ല. ഉദ്യോഗസ്ഥരും ഇഷ്ടമുള്ള തസ്തികകളില്‍ ഇരിക്കാനും സ്വന്തം കാര്യം നടത്താനു വേണ്ടി അങ്ങേയറ്റം വഴങ്ങിക്കൊടുക്കാന്‍ തയ്യാറാണ്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെക്കണ്ട് തൊഴാതെ ദിവസം ആരംഭിക്കാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ അവരെ അടക്കിഭരിക്കും. സ്വാഭാവികം മാത്രം. എന്റെയൊക്കെ ട്രയിനിങ്ങ് കാലഘട്ടത്തില്‍ എന്റെ മുന്‍ തലമുറയില്‍പ്പെട്ടവര്‍ പറഞ്ഞുതന്ന ഓരോ കാര്യങ്ങളും ഞാന്‍ ഇന്നും പാലിക്കാറുണ്ട്. ഏത് വിഷയത്തിലുള്ള ഫയല്‍ മുന്നില്‍ വരുമ്പോഴും അത് നന്നായി പഠിച്ച് അതിനെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ അഭിപ്രായങ്ങള്‍ ഫയലില്‍ രേഖപ്പെടുത്തും. ഭരണ നേതൃത്വത്തിന് അത് സ്വീകരിക്കുകയോ അതിനെ മറികടക്കുകയോ ചെയ്യാനുള്ള അധികാരം ഉണ്ട്.

  • ഭരണ നേതൃത്വവുമായും അവരുടെ ഓഫീസുമായും ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്താന്‍ പലപ്പോഴും കഴിയാതെ പോയിട്ടുണ്ടോ?


എനിക്ക് ഒത്തുതീര്‍പ്പുകളോട് പൊതുവേ താത്പര്യമില്ല. ചെയ്യുന്നതെന്തും നന്നായിട്ട് ചെയ്യണം എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. മന്ത്രിമാരുടെ ഓഫീസുമായി അമിതമായൊരു ബന്ധം ഞാന്‍ വയ്ക്കാറില്ല. എല്ലാദിവസവും രാവിലെ അവിടെ ഹാജരായി തലചൊറിഞ്ഞ് നില്‍ക്കാറില്ല. എപ്പോഴും ആരോഗ്യകരമായ ഒരു അകലം പാലിക്കാന്‍ ശ്രമിക്കും. എന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുന്ന രീതികള്‍ വേണ്ടെന്ന് കരുതിയിട്ടാണ്.

  • ഐഎഎസുകാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?


എന്നെപ്പോലെ പണിയില്ലാതിരിക്കുന്നവര്‍ വളരെ കുറവാണ്. നാലും അഞ്ചും ചുമതലകള്‍ ഒന്നിച്ച് നിര്‍വ്വഹിക്കേണ്ടി വരുന്നവരാണ് പലരും. കഠിനമായ ജോലി ഭാരം കൊണ്ട് തളര്‍ന്നു പോകുന്നവരാണ് കൂടുതലും. വ്യത്യസ്ത മന്ത്രിമാരുടെ വകുപ്പിലുള്ള ചുമതലകള്‍ നിറവേറ്റേണ്ടി വരുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ്. ഇടയ്ക്കിടയ്ക്ക് റസ്റ്റ് കിട്ടുന്നുണ്ടല്ലോ! കഴിഞ്ഞ സര്‍ക്കാരാണ് എന്നെ ഇവിടെയിരുത്തിയത്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ അവരും കരുതി അവിടത്തന്നെയിരിക്കട്ടെ, യാതൊരു ശല്യവുമില്ലല്ലോ എന്ന്. (പൊട്ടിച്ചിരിക്കുന്നു).

  • മൂന്നാര്‍ ഓപ്പറേഷന്റെ പൂര്‍ണ്ണമായ ചുമതലയുണ്ടായിരുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ ചവിട്ടി ഒതുക്കപ്പെട്ട് ഇങ്ങനെയൊരു മൂലയില്‍ ഇരിക്കേണ്ടി വന്നെങ്കില്‍ അതിനര്‍ത്ഥം പ്രവര്‍ത്തനത്തില്‍ എന്തൊക്കെയോ പിഴവുകള്‍ പറ്റിയെന്നല്ലേ?


മൂന്നാര്‍ ഓപ്പറേഷന്‍ ഒരിക്കലും ഒരു പരാജയമായിരുന്നില്ല, പിഴവുകളും പറ്റിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കുറച്ച് മുഷ്‌ക് ആവശ്യമാണ്. എന്നെപ്പോലെ കുറച്ച് തെമ്മാടിയായ ഒരാള്‍ക്കേ അത് നടപ്പിലാക്കാന്‍ പറ്റൂ. 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. കോടതിയില്‍ 127 കേസുകള്‍ ഉണ്ട്. ഒന്നിലുമെന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ കയ്യേറ്റവും നിയമ ലംഘനവും അനധികൃത കെട്ടിടനിര്‍മ്മാണവും തടയാനും ഒഴിപ്പിക്കാനും പറ്റുമെന്ന് മൂന്നാര്‍ ഓപ്പറേഷനിലൂടെ തെളിയിക്കാന്‍ പറ്റി. അത് വലിയ വിജയം തന്നെയാണ്.

  • കെട്ടിടങ്ങള്‍ അനധികൃതമാണെങ്കിലും അല്ലെങ്കിലും ആരോ മുതല്‍ മുടക്കി അദ്ധ്വാനിച്ച് പണിതതാണല്ലോ? അത് ഒരു ദിവസം കൊണ്ട് പൊളിച്ചെടുക്കാതെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നില്ലേ?


ഒരിക്കലും പറ്റില്ല. കാരണം അവയെല്ലാം അനധികൃത നിര്‍മ്മാണമാണ്. നിയമ ലംഘനത്തിലൂടെയാണ് അവ അവിടെ പണിതിരിക്കുന്നത്. അവിടെ കെട്ടിടങ്ങളേ പണിയാന്‍ പാടില്ല. കൃഷിഭൂമിയും വനഭൂമിയുമാണത്. സര്‍ക്കാര്‍ ആ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നടത്തിയാല്‍ സര്‍ക്കാര്‍ നിയമലംഘനത്തിന്റെ മാതൃകയാകില്ലേ? അത് സാധ്യമല്ലല്ലോ? അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി അവിടെ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് കൃഷി ചെയ്ത് വനവല്‍ക്കരണം നടത്തുകയായിരുന്നു നമ്മുടെ ഉദ്ദേശം.

  • ഇത്രയും നന്നായി മുന്നോട്ട് പോയ ഒരു ദൗത്യത്തിന് ആയുസ്സ് വെറും 28 ദിവസമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിട്ട് പോലും സിപിഐ ആണോ മൂന്നാര്‍ ദൗത്യം പൊളിച്ചടുക്കിയത്?


മൂന്നാറിലെ കയ്യേറ്റത്തിന് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവിടെ സ്ഥലം കയ്യേറിയിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതില്ല എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായിരുന്നു. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ വേണ്ടി സിപിഐ പരമാവധിശ്രമിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

  • മൂന്നാര്‍ ദൗത്യം എന്തായിരുന്നു? എങ്ങനെയായിരുന്നു? എന്തുകൊണ്ട് പരാജയപ്പെട്ടു?


ഒരു ദിവസം മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ എന്നെ വിളിപ്പിച്ചു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെന്നും സുരേഷ് കുമാര്‍ സ്‌പെഷ്യല്‍ ഓഫീസറായി ചാര്‍ജ്ജെടുത്ത് ഉടന്‍ മൂന്നാറിലേക്ക് പോകണമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് പോയാല്‍ പോരെ എന്നു ഞാന്‍ ചോദിച്ചതാണ്. പോര ഇപ്പോള്‍ തന്നെ പോകണമെന്ന് പറഞ്ഞു. എനിക്ക് സ്റ്റാഫില്ല, വണ്ടിയില്ല, ഓഫീസില്ല, ഒന്നുമില്ല. ഉടന്‍ ടൂറിസത്തിന്റെ ഒരു വണ്ടി തരപ്പെടുത്തി ഞാന്‍ മൂന്നാറിലേക്ക് പോയി. മൂന്നാര്‍ ഗസ്റ്റ് ഹൗസിലെത്തി. താമസവും ഓഫീസും അതുതന്നെ. അന്നു മുതല്‍ ഞാന്‍ ജോലി ആരംഭിച്ചു. എല്ലാ ഫയലുകളും വിശദമായി പഠിച്ചു. അതിനു പുറമേ ഇങ്ങനെയൊരു ദൗത്യം ആരംഭിക്കുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ എന്റെ ഫോണിലേക്ക് പേര് വെളിപ്പെടുത്തിയവരും അല്ലാത്തവരുമായ നിരവധി പേര്‍ വിളിച്ചു. വിവിധ കയ്യേറ്റങ്ങളുടേയും നിയമലംഘനങ്ങളുടേയും വിശദവിവരങ്ങളായിരുന്നു ഓരോ ഫോണ്‍ വിളികളും. എത്ര വലിയ ഉത്തരവാദിത്തമാണ് ഞാന്‍ ഏറ്റെടുത്തത് എന്ന ബോധ്യവും ചുമതലാ ബോധവും എനിക്ക് നേരത്തേയുണ്ടായിരുന്നു.

ഒരു സാധാരണക്കാരന്റെയും കുടില്‍ പൊളിക്കില്ലെന്നും തെരുവിലിറക്കില്ലെന്നും ഒരു പാവപ്പെട്ടവന്റെയും മറച്ച് കുത്തിയ കട പൊളിപ്പിക്കില്ലെന്നും അന്നേ തീരുമാനമെടുത്തിരുന്നു. വന്‍കിട കയ്യേറ്റങ്ങളും ബഹുനില കെട്ടിടങ്ങളും മാത്രമേ ആദ്യഘട്ടത്തില്‍ പൊളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. ആദ്യമേ നോട്ടീസ് കൊടുത്ത ചില കെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടാണ് ജോലി ആരംഭിച്ചത്. മൂന്നാറിലെ നിയമ ലംഘനങ്ങളില്‍ ചിലത് സനല്‍കുമാര്‍ കമ്മറ്റിയും മേധേക്കര്‍ കമ്മറ്റിയും കണ്ടെത്തിയിരുന്നെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. മാധ്യമങ്ങളുടെ വലിയ ഇടപെടലുകള്‍ കാരണം മൂന്നാറില്‍ നടക്കുന്ന ഭീകരമായ തീവെട്ടിക്കൊള്ളയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായിരുന്നു.

  • എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ രംഗപ്രവേശം


മൂന്നാറില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും കച്ചവടക്കാരും വന്ന് പരാതി പറയുമായിരുന്നു. ഒരു ദിവസം എസ് രാജേന്ദ്രന്‍ എംഎല്‍എയും 20 ആളുകളും കൂടി കയറി വന്നു. അവരെല്ലാം ചെറുകിട കച്ചവടക്കാരാണെന്നും അവരുടെ കൊച്ചുകടകള്‍ ഒഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. മൂന്നാറിലെ ഏകദേശം എല്ലാ കെട്ടിടങ്ങളും നദിയുടെ അന്‍പത് വാരയ്ക്കകത്ത് വരുന്നതായിരുന്നു. അവിടെ കെട്ടിടങ്ങള്‍ വയ്ക്കാന്‍ പാടില്ല. എന്നാല്‍ ജീവിക്കാന്‍ വേണ്ടി പാവപ്പെട്ടവര്‍ മറച്ചു കെട്ടിയ കൊച്ചുകടകള്‍ പൊളിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. കുടിലുകളും പൊളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇത് ബോധ്യപ്പെടുത്തിയപ്പോള്‍ എംഎല്‍എയുടെ കൂടെ വന്ന കുറച്ചുപേര്‍ തിരിച്ചുപോയി. ബാക്കിയുള്ളവര്‍ കുറച്ച് വലിയ കെട്ടിടങ്ങളുടെ ഉടമകളായിരുന്നു. നിയമ ലംഘനം ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞപ്പോള്‍ അവരും പോയി. ഉടന്‍ രാജേന്ദ്രന്‍ പോയി റൂമിന്റെ വാതില്‍ അടച്ച് കുറ്റിയിട്ടു. എന്നിട്ട് ജനല്‍ തുറന്ന് എനിക്കൊരു കെട്ടിടം ചൂണ്ടിക്കാണിച്ച് തന്നു. ആ കെട്ടിടം അത് എന്റേതാണ്. അത് പൊളിക്കുമോ എന്ന് ചോദിച്ചു. അതൊരു കൊച്ച് കുടിലായിരുന്നത് കൊണ്ട് തത്ക്കാലം ഇല്ല. എന്നു പറഞ്ഞു. രാജേന്ദ്രന്‍ തിരികെ പോയി. പിന്നീട് രാജേന്ദ്രന്‍ എംഎല്‍എ ആയതുകൊണ്ട് പൊളിപ്പിക്കലുകള്‍ തുടങ്ങിയപ്പോള്‍ പൊതുജനങ്ങള്‍ പരാതിയുമായി അദ്ദേഹത്തിനടുത്തെത്തി. ഓരോ ആവശ്യങ്ങള്‍ക്കും അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. എന്നാല്‍ പലപ്പോഴും എന്നെ ഫോണില്‍ കിട്ടിയില്ല. സുരേഷ് കുമാറിനെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു.

  • സിപിഐയുടെ ഇരട്ടത്താപ്പ് നയം


മൂന്നാര്‍ ദൗത്യത്തിന് മുന്നോടിയായി സിപിഐ മന്ത്രിമാരായ കെപി രാജേന്ദ്രനും ബിനോയ് വിശ്വവും മൂന്നാര്‍ സന്ദര്‍ശിച്ചു. ജില്ലാകളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുള്ള എല്ലാവരേയും സ്ഥലം മാറ്റി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികള്‍ക്കും തയ്യാറാണെന്ന് പ്രഖ്യാപിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ എവിടെയും രവീന്ദ്രന്‍ പട്ടയങ്ങളെക്കുറിച്ചുള്ള കാര്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. നിയമപരമായ പട്ടയങ്ങളില്‍പ്പെട്ട ചില ഭൂമി കൈമാറിയതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും നിയമവിരുദ്ധമാണെങ്കിലും അവയെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നില്ല. കെട്ടിടങ്ങള്‍ ഇടിച്ച് തുടങ്ങിയപ്പോള്‍ എല്ലാവരുടേയും തീരുമാനങ്ങള്‍ മാറി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പല മാധ്യമ പ്രവര്‍ത്തകരും കയ്യേറ്റമൊഴിപ്പിക്കലിനെതിരെ രംഗത്ത് വന്നു.

ബിസിജിയുടെ 25 ഏക്കര്‍ വിസ്തൃതിയുള്ള ഏലപ്പട്ടയമുള്ള സ്ഥലത്ത് 42 കോട്ടേജുകള്‍ ഉണ്ടായിരുന്നു. ഒഴുകി വന്നിരുന്ന അരുവിയെ തടഞ്ഞ് നിര്‍ത്തി 80-100 മീറ്റര്‍ നീളത്തില്‍ ചെക്ക് ഡാം പണിതിരുന്നു, താഴെ താമസിച്ചിരുന്ന 300 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടായിരുന്നു ഈ നടപടി. 25 ഏക്കറിലെ മുഴുവന്‍ വൃക്ഷങ്ങളും മുറിച്ച് മാറ്റിയിരുന്നു. നാല് അനധികൃത ക്വാറികള്‍ നിയമം ലംഘിച്ച് അവിടെ പ്രവര്‍ത്തിച്ചിരുന്നു. ബിസിജിയെ തൊട്ടപ്പോള്‍ മുതല്‍ രാഷ്ട്രീയ നേതൃത്വം ശ്രദ്ധാലുക്കളായി.

മൂന്നാര്‍ വുഡ്‌സ് ബിസിജിയുടെ ഒരു ചെറു പതിപ്പായിരുന്നു. അഞ്ചേക്കറില്‍ 12 കോട്ടേജ്. ഒഴുകി വന്നിരുന്ന ചെറിയ അരുവിയെ തടഞ്ഞ് നിര്‍ത്തി സ്വിമ്മിങ്ങ് പൂളിലേക്ക് തിരിച്ച് വിട്ടിരിക്കുന്നു. സ്ഥലത്തിന് ചുറ്റും നിബിഡവനമാണ്. അവിടെ നിറയെ ഏലക്കൃഷിയും ഉണ്ട്. എന്നാല്‍ ഏലപ്പട്ടയം ഉള്ള റിസോര്‍ട്ടില്‍ ചെടിയും മരവും കൃഷിയുമെല്ലാം വെട്ടിനിരത്തിയിരുന്നു. ഒരു ചെടിച്ചട്ടിയില്‍ ഏലം നട്ടുവച്ച് അതിന് താഴെ ഏലം എന്ന് പേരെഴുതി വച്ചിരുന്നു. ഒരു ഞായറാഴ്ച രാവിലെ സര്‍ക്കാര്‍ വക്കീല്‍ അനില്‍ എന്നെ വിളിച്ച് പറഞ്ഞു ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജഡ്ജിയുടെ വീട്ടില്‍ മൂന്നാര്‍ വുഡ്‌സ് ഹിയറിങ്ങ് വച്ചിട്ടുണ്ടെന്ന്. ഹിയറിങ്ങ് നടന്നു. സ്റ്റേ കിട്ടിയില്ല. റിസോര്‍ട്ട് കാരുടെ സ്വാധീനം നോക്കണം. അവര്‍ക്കു വേണ്ടി ഞായറാഴ്ച വരെ കോടതി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച രാവിലെ ഞാന്‍ കെട്ടിടം പൊളിച്ചു.

അഡ്വ. രാംകുമാറിന്റെ ധന്യശ്രീ റിസോര്‍ട്ടും അനധികൃത കയ്യേറ്റമായിരുന്നു. അല്ലെങ്കില്‍ മികച്ച വക്കീലായതുകൊണ്ടെങ്കിലും അദ്ദേഹത്തിന് സ്റ്റേ കിട്ടേണ്ടതായിരുന്നില്ലേ? ഒരു ഭൂമിക്ക് രവീന്ദ്രന്‍ പട്ടയവും ഉണ്ടായിരുന്നു. ഇപ്പോഴും ഭൂമി റിസീവര്‍ഷിപ്പിലാണ്. എന്നാല്‍ രാംകുമാര്‍ മിടുക്കനായതുകൊണ്ട് അയാള്‍ അവിടെ ഇപ്പോഴും റിസോര്‍ട്ട് നടത്തുന്നു പണം പിരിക്കുന്നു. റിസീവര്‍ഷിപ്പ് ഒരു പ്രഹസനം മാത്രം.

മുഖ്യമന്ത്രി അച്യുതാനന്ദന് വിവിധ ഭാഗത്ത് നിന്നും സമര്‍ദ്ദമുണ്ടായിരുന്നു. കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന കമ്യൂണിസ്റ്റ് ഐക്യം അവസാനിപ്പിക്കാന്‍ കാരണക്കാരനായ മുഖ്യമന്ത്രി എന്ന ദുഷ്‌പേര് കേള്‍ക്കേണ്ടി വരും എന്ന് പലരും അദ്ദേഹത്തെ ധരിപ്പിച്ചു. സിപിഐ മുന്നണി വിട്ട്‌പോയാല്‍ അച്യുതാനന്ദന്‍ മാത്രമായിരിക്കും അതിന് കാരണക്കാരന്‍ എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. അദ്ദേഹം ഒരു ഉത്തരവിറക്കി. പള്ളി, അമ്പലം, പാര്‍ട്ടി ഓഫീസ് എന്നിവയെ ഒഴിപ്പിക്കലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്നായിരുന്നു അത്. ഞാന്‍ പത്രത്തില്‍ വായിച്ചാണ് വിവരം അറിയുന്നത്. മൂന്നാര്‍ പ്രദേശത്ത് പള്ളിയോ അമ്പലമോ മറ്റ് ആരാധനാലയങ്ങളോ ഒരു ഭൂമിയും കയ്യേറിയിട്ടില്ലായിരുന്നു. സിപിഐ ഓഫീസിനെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ഈ ഉത്തരവ്.

മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍ക്കാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഉത്തരവായിരുന്നു അത്. സര്‍ക്കാര്‍ പുറകോട്ട് വരുന്നു എന്നതിന്റെ സൂചനയായി പലരും അതിനെ വിലയിരുത്തി. ഇതിനെതിരെ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി പോയി. മറ്റൊരു കേസ് പരിഗണിക്കുന്ന വേളയില്‍ കോടതി ഇതിനെക്കുറിച്ച് പരമാര്‍ശിച്ചു. മൂന്നാര്‍ ദൗത്യത്തിന്റെ കടയ്ക്കല്‍ കത്തി വച്ച ആദ്യത്തെ സംഭവം ഇതായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് മൂന്നാര്‍ ഉപസമിതിയുടെ അവലോകനയോഗം നടന്നു. എന്നെയും വിളിച്ചു. ഉപസമിതി അംഗമല്ലാത്ത സി ദിവാകരനും പങ്കെടുത്തു. മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സിപിഐ ഓഫീസ് പൊളിക്കലിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി. സിപിഐയുടെ ഓഫീസ് രവീന്ദ്രന്‍ പട്ടയം ഉള്ള സ്ഥലത്തായിരുന്നു. അഞ്ച് നിയമലംഘനങ്ങളാണ് സിപിഐ ഓഫീസ് നടത്തിയത്. ഒന്ന്- രവീന്ദ്രന്‍ പട്ടയം. രണ്ട്- നദിയുടെ അന്‍പത് വാരയ്ക്കുള്ളിലുള്ള കെട്ടിട നിര്‍മ്മാണം. മൂന്ന് - നാഷണല്‍ ഹൈവേയിലേക്ക് കയറിയുള്ള സ്ലാബ് നിര്‍മ്മാണം. നാല്- റിസോര്‍ട്ടിന്റെ ടോയ്‌ലറ്റിന്റെ ഔട്ട്‌ലറ്റ് സമീപത്തെ നദിയിലേക്ക് തുറന്ന് വിട്ടിരുന്നു. അഞ്ച്- മൂന്നരസെന്റ് സ്ഥലത്തിനെ പട്ടയം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 15 സെന്റോളം സ്ഥലം അവരുടെ കൈവശമുണ്ടായിരുന്നു. ഇതില്‍ കെട്ടിടത്തിന്റെ മുന്‍വശത്ത് നാഷണല്‍ ഹൈവേയിലേക്ക് കയറി നിന്നിരുന്ന സ്ലാബ് മാത്രം പൊളിക്കാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.

അപ്പോഴേക്കും സിപിഐ നേതൃത്വം ഇടപെട്ടു. എന്തെങ്കിലും രീതിയില്‍ സിപിഐയുടെ പാര്‍ട്ടി ഓഫീസിനെ ഒഴിവാക്കാന്‍ കഴിയുമോ എന്ന് എല്ലാവരും ചര്‍ച്ച ചെയ്തു. രവീന്ദ്രന്‍ പട്ടയത്തിന് നിയമസാധ്യത നല്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലരും പറഞ്ഞു. എന്നാല്‍ പട്ടയവുമായി ബന്ധപ്പട്ട മഹസ്സറില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. 'ശ്രീമാന്‍ പി കെ വാസുദേവന്‍ നായര്‍ സഹധര്‍മ്മിണിയോടൊപ്പം പ്രസ്തുത ഭൂമിയില്‍ കുടില്‍ കെട്ടി കൃഷി ചെയ്ത് ജീവിക്കുന്നു എന്ന്‌ന'. യഥാര്‍ത്ഥത്തില്‍ ആ പട്ടയം എഴുതുന്ന കാലത്ത് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി തിരുവനന്തപുരത്ത് താമസിക്കുകയാണ്. അപ്പോഴാണ് അദ്ദേഹം കൈലിയുടുത്ത് കുടിയില്‍കെട്ടി കൃഷി ചെയ്യുന്നതായി രവീന്ദ്രന്‍ എഴുതിയത്. എനിക്കെങ്ങനെ അത് ന്യായീകരിക്കാന്‍ കഴിയും. നിയമത്തിന്റെ ഏത് നൂലാമാലകള്‍ ഉപയോഗിച്ചാലാണ് സിപിഐ ഓഫീസ് നിയമലംഘനത്തില്‍ നിന്നും മുക്തമാകുക. പാര്‍ട്ടി ഓഫീസ് എന്നൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏഴ് നിലയില്‍ പണിത ഒരു വലിയ ടൂറിസ്റ്റ് റിസോര്‍ട്ടായിരുന്നു അത്. അയ്യായിരം മുതല്‍ 10000 രൂപ ദിവസവാടകയായി ഈടാക്കിയിരുന്നു. താഴത്തെ നിലയില്‍ വിറകിടാനുള്ള ഒരു റൂമിന്റെ വലിപ്പത്തില്‍ എഐടിയുസി ഓഫീസ് എന്ന് എഴുതി വച്ചിരുന്നു. ഇതെങ്ങനെ പാര്‍ട്ടി ഓഫീസാകും. വ്യക്തമായ നിയമലംഘനം നടത്തി എന്നു ബോധ്യം വന്നതുകൊണ്ട് നടപടികളില്‍ നിന്നും പാര്‍ട്ടി ഓഫീസിനെ മാറ്റി നിര്‍ത്താന്‍ പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോള്‍ ടിവിയില്‍ വാര്‍ത്ത കണ്ടു. ഉപസമിതി സുരേഷ്‌കുമാറിനെ വിളിച്ചുവരുത്തിയെന്നും ശാസിച്ചുവെന്നും താക്കീത് ചെയ്‌തെന്നും മറ്റും വാര്‍ത്തയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഉപസമിതിയും പങ്കെടുത്ത പത്രസമ്മേളനവും കണ്ടു. ഈ വാര്‍ത്തകളെയൊക്കെ ന്യായീകരിക്കുന്ന രീതിയിലാണ് അവരും പെരുമാറിയത്. യഥാര്‍ത്ഥത്തില്‍ എന്നെ ആരും ശാസിക്കുകയോ ശിക്ഷിക്കുകയോ താക്കീത് ചെയ്യുകയോ ചെയ്തിരുന്നില്ല. അതോടെ മൂന്നാര്‍ ദൗത്യം പൊളിയുകയാണെന്നും സര്‍ക്കാര്‍ പുറകോട്ട് പോയെന്നും എനിക്ക് മനസ്സിലായി. ഇനിയെനിക്കൊന്നും ചെയ്യാനില്ലെന്ന് ബോധ്യം വന്നു.

പിറ്റേന്ന് രാവിലത്തെ ഫ്‌ളൈറ്റില്‍ ആരോടും പറയാതെ ഞാന്‍ ഡല്‍ഹിക്ക് പോയി. കേരളാ ഹൗസില്‍ എത്തുമ്പോള്‍ റവന്യൂ മന്ത്രി കെപി രാജേന്ദ്രന്റെ മെസേജുമായി റിസപ്ഷനില്‍ ആള് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എത്തിയാല്‍ ഉടന്‍ തിരിച്ച് വിളിക്കണം എന്നായിരുന്നു മെസേജ്. മെസേജ് എന്നെ അറിയിച്ചു എന്ന് മന്ത്രിയെ വിളിച്ചറിയിക്കാന്‍ ഞാന്‍ പറഞ്ഞു. ഞാന്‍ മന്ത്രിയെ തിരികെ വിളിച്ചില്ല. എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും പലതവണ വിളിച്ചു. മുഖ്യമന്ത്രിയും വിളിച്ചു. ഞാന്‍ ആരുടേയും ഫോണ്‍ എടുത്തില്ല. അഞ്ച് ദിവസം ഡല്‍ഹിയില്‍ കഴിച്ച് കൂട്ടി. ഒടുവില്‍ അടുത്ത സുഹൃത്തുക്കള്‍ പലരും നിര്‍ബന്ധിച്ചപ്പോള്‍ അവരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ തിരികെ വന്നു.

അന്ന് മുതല്‍ എന്നെ തളര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 3500 റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കാന്‍ ഉണ്ടായിരുന്നു. ആകെ പത്ത് സര്‍വ്വെയര്‍മാരാണ് എനിക്കുണ്ടായിരുന്നത്. മൂന്നാര്‍ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ യാതൊരു സൗകര്യങ്ങളും ലഭിക്കാതെ ഞാന്‍ നിസ്സഹായനായി. ജെസിബിയ്ക്ക് ഡീസല്‍ അടിക്കാനുള്ള പണംപോലും റവന്യൂ വകുപ്പ് തരാതായി. റിസോര്‍ട്ടും സ്ഥലങ്ങളും നോക്കാന്‍ പോകുമ്പോള്‍ കൂട്ട് വരുന്ന ആദിവാസികള്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും കൂലികൊടുക്കാന്‍ പോലും നിവൃത്തിയില്ലാതായി. ഞാന്‍ എല്ലാവിഷമതകളും വിശദമായി സര്‍ക്കാരിനെ എഴുതിയറിച്ചു. ഒരു നടപടിയും ഉണ്ടായില്ല.

ഞാന്‍ ഡല്‍ഹിയില്‍ ഒളിവില്‍ താമസിച്ചപ്പോള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നിയമസഭയില്‍ ടാറ്റ 20000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അത് ഉടനെ തിരികെ പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഞാന്‍ വന്നയുടന്‍ അദ്ദേഹം എന്നെ ആ ദൗത്യമാണ് ഏല്‍പ്പിച്ചത്. ടാറ്റായുടെ ഭൂമിയെക്കുറിച്ച് ഞാന്‍ വിശദമായി പഠിച്ചിരുന്നു. ടാറ്റ ഭൂമി കയ്യേറിയെന്ന് പറയുന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയല്ല. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നു എന്നേ പറയാന്‍ കഴിയൂ. 125000 ഏക്കര്‍ ഭൂമിയാണ് ടാറ്റയുടെ കൈവശം ഉണ്ടായിരുന്നത്. 1977ല്‍ കെഡിഎച്ച് ആക്ട് വന്നപ്പോള്‍ അതില്‍ 58000 ഏക്കര്‍ ഭൂമി മാത്രമാണ് ടാറ്റയുടെ കൈവശം വയ്ക്കാന്‍ അനുമതി ലഭിച്ചത്. ബാക്കി ഭൂമി അന്നേദിവസം തന്നെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായിരുന്നു ഉത്തരവ്. എന്നാല്‍ ആ നടപടി ആരും പൂര്‍ത്തിയാക്കിയില്ല. ഭൂമിയുടെ കൈവശാവകാശം ടാറ്റയില്‍ തന്നെ തുടര്‍ന്നു. ടാറ്റാ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്നേ പറയാന്‍ കഴിയൂ. കയ്യേറിയെന്ന് പറയാന്‍ കഴിയില്ല.

മാധ്യമം ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന പി കെ പ്രകാശ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. ടാറ്റായുടെ ഭൂമികയ്യേറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ ചെയ്തതിന് പ്രകാശിനെതിരെ കോടതിയില്‍ കേസുണ്ടായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പ്രകാശ് മുഖ്യമന്ത്രി അച്യുതാനന്ദനെക്കൂടി ടാറ്റാ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രി എന്നെ വിളിച്ച് പറഞ്ഞു ടാറ്റയുടെ കയ്യേറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാള്‍ വരും സംസാരിക്കണം എന്ന്. വന്നത് പ്രകാശ് ആയിരുന്നു. പ്രകാശ് എന്നെക്കാണിച്ച ഫയലുകളെക്കാള്‍ കൂടുതല്‍ വിവരം ഞാന്‍ ശേഖരിച്ചിരുന്നു. കെഡിഎച്ച് ആക്ട് നിലവില്‍ വന്നപ്പോള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ ഭൂമിയില്‍ ടാറ്റയുടെ കൈവശത്തില്‍ തന്നെ തുടര്‍ന്നിരുന്ന 1250 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തു. ബോര്‍ഡ് വച്ചു.

ശാന്തന്‍പാറയില്‍ ഗ്ലോറിയാ ഫാം എന്ന പേരില്‍ കെ ആര്‍ വിജയയുടെ റിസോര്‍ട്ടുണ്ടായിരുന്നു. അത് ജോര്‍ജ്ജ് ജോസഫ് എന്ന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന വ്യക്തി വാങ്ങിയിരുന്നു. അതിനകത്ത് ആരെയും പ്രവേശിപ്പിക്കുമായിരുന്നില്ല. അതും കടുത്ത നിയമലംഘനത്തിന്റെ നേര്‍രൂപമായിരുന്നു. അത് പൊളിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. വലിയ സന്നാഹങ്ങള്‍ ആവശ്യമായതുകൊണ്ട് എല്ലാവരേയും സജ്ജരാക്കി. ഇതിനിടയ്ക്ക് പ്രകാശ് ഫോണ്‍ ചെയ്ത് നാളെരാവിലെ അയാള്‍ വരുന്നുണ്ട് സംസാരിക്കണം എന്നു പറഞ്ഞു. കാണാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ച് അതിനെക്കാള്‍ വലുതായിരുന്നു ഗ്ലോറിയാ ഫാമിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയുന്നത്. എന്നാല്‍ ഗ്ലോറിയാ ഫാമിലേക്ക് പോകാന്‍ വേണ്ടി ഞാന്‍ ഒരുങ്ങുമ്പോള്‍ രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നെ വിളിച്ച് പറഞ്ഞു പ്രകാശ് വരുന്നത് കാത്ത് നില്‍ക്കണമെന്ന്. സുരേഷ് കുമാര്‍ പോകേണ്ടെന്ന്. ഞാന്‍ വല്ലാതെ മാനസികമായി പ്രയാസപ്പെട്ടു. ഞാന്‍ പറഞ്ഞു, ഞാന്‍ പോകുന്നില്ല, പക്ഷേ, എന്റെ സംഘം തീര്‍ച്ചയായും പോകും. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രകാശ് എന്നെ വിളിച്ച് അവിടെയുണ്ടല്ലേ, ഞാനിപ്പോള്‍ വരുമെന്ന് പറഞ്ഞു. എന്റെ എല്ലാ ദേഷ്യവും പുറത്ത് വന്നത് അപ്പോഴാണ്. ഞാന്‍ എന്തൊക്കെയോ പറഞ്ഞു. ഉടനെ ഞാന്‍ മധുരയിലേക്ക് പോയി. അവിടെ എന്റെ സുഹൃത്തുക്കളുടെ കൂടെ ചെലവഴിച്ചു. എന്റെ ദൗത്യം പൂര്‍ത്തിയായെന്ന് മനസ്സിലായി പെട്ടിയും കിടക്കയും എടുത്ത് പിറ്റേ ദിവസം തിരുവനന്തപുരത്തേക്ക് പോന്നു. അന്ന് സര്‍ക്കാര്‍ വക്കീല്‍ അനില്‍ എന്നെ വിളിച്ച് ചോദിച്ചു. നാളെ കോടതിയില്‍ കേസ് ഉണ്ട്. മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍ക്കാരിന്റെ നയം എന്തെന്ന് വ്യക്തമാക്കണമെന്ന്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ നയം എന്തെന്ന് എനിക്കറിയില്ലായിരുന്നു. അവരുടെ നയം മാറിയിരുന്നു.

വിഎസ് എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ അനേ്വഷിച്ചു. അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ചുറ്റുപാടുനിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തെ അത്രയ്ക്ക് തളര്‍ത്തിയിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല വ്യക്തിയാണ് വിഎസ്. എന്നാല്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനും കൂടിയായതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന് ചില ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടി വന്നു. പക്ഷേ, അദ്ദേഹമല്ലാത്ത ഒരു രാഷ്ട്രീയക്കാരനും ഇത്രപോലും ചെയ്യാന്‍ കഴിയില്ലായ