- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങിയത് അമ്മയ്ക്കു കിട്ടാതെ പോയ അംഗീകാരം നേടിയെടുക്കാൻ; തമിഴ്‌നാടും കർണ്ണാടകവും വമ്പൻ ഓഫറുകൾ നൽകിയിട്ടും ജന്മനാടിന് വേണ്ടി നിരസിച്ചു; ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വർണ്ണമത്സ്യം സജൻ പ്രകാശ് മറുനാടനോട്
തിരുവനന്തപുരം: ഒരു സമയത്ത് അന്തർ സർവകലാശാലാ മീറ്റ് ട്രാക്കിലെ മിന്നും താരമായിരുന്നു ഷാന്റി മോൾ. പക്ഷേ കേരളത്തിൽനിന്ന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ വന്നതോടെ തമിഴ്‌നാടു സർക്കാരാണു ഷാന്റിമോൾക്ക് നെയ്‌വേലി ലിഗ്നൈറ്റ്് കോർപറേഷനിൽ ജോലി കൊടുത്തത്. ഷാനിമോൾക്കൊരു സ്വപ്‌നമുണ്ട്, തനിക്കു നിഷേധിക്കപ്പെട്ട അംഗീകാരം തന്റെ മകനു ലഭിക്കണ
തിരുവനന്തപുരം: ഒരു സമയത്ത് അന്തർ സർവകലാശാലാ മീറ്റ് ട്രാക്കിലെ മിന്നും താരമായിരുന്നു ഷാന്റി മോൾ. പക്ഷേ കേരളത്തിൽനിന്ന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ വന്നതോടെ തമിഴ്‌നാടു സർക്കാരാണു ഷാന്റിമോൾക്ക് നെയ്‌വേലി ലിഗ്നൈറ്റ്് കോർപറേഷനിൽ ജോലി കൊടുത്തത്. ഷാനിമോൾക്കൊരു സ്വപ്‌നമുണ്ട്, തനിക്കു നിഷേധിക്കപ്പെട്ട അംഗീകാരം തന്റെ മകനു ലഭിക്കണം. ദേശീയ ഗെയിംസ് നീന്തലിൽ പങ്കെടുത്ത അഞ്ചിനങ്ങളിൽ റെക്കോഡോടെ അഞ്ചുസ്വർണം ഉൾപ്പെടെ 9 മെഡലുകൾ സ്വന്തമാക്കിയ സാജൻ പ്രകാശിലൂടെ തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഷാന്റിമോൾ. കോച്ച് പ്രദീപ് കുമാർ അനുവദിച്ച ഒരു ദിവസത്തെ വിശ്രമത്തിനായി ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രയ്‌ക്കെത്തിയ സജൻ പ്രകാശ് മറുനാടൻ മലയാളിയോടു മനസ് തുറക്കുന്നു.
- അഞ്ചിനങ്ങളിൽ റെക്കോഡോടെ സ്വർണം, ആകെ 9 മെഡലുകൾ. എല്ലാ അർഥത്തിലും ഒരു സുവർണക്കുതിപ്പാണ് കാഴ്ചവച്ചത്. കേരളത്തിന് അപ്രതീക്ഷിതവും സജൻ പ്രതീക്ഷിച്ചതുമായ ഈ വിജയം എങ്ങനെ വിലയിരുത്തുന്നു ?
വളരെയേറെ സന്തോഷം തോന്നുന്നു. പ്രത്യേകിച്ചും കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ട്. ദേശീയ ഗെയിംസിനു വേണ്ടി കഠിനപരിശീലനമായിരുന്നു നടത്തിയത്. പ്രയത്‌നത്തിനു ഫലം ലഭിച്ചു. കോച്ചിന്റെയും അമ്മയുടേയും നാടിന്റെയും പ്രതീക്ഷകൾക്കൊത്തുയരാൻ കഴിഞ്ഞതിൽ വളരെയേറെ സംതൃപ്തനാണ്.
- ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കേരള സർക്കാർ ഒട്ടേറെ വാഗ്ദാനങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.. എന്താണ് സജൻ സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്?
ഒരു മികച്ച ജോലി സർക്കാർ നൽകുകയാണെങ്കിൽ കേരളത്തിൽത്തന്നെ സ്ഥിര താമസമാക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ ബാംഗ്ലൂരിൽ സൗത്ത് വെസ്‌റ്റേൺ റെയിൽവെയിൽ ജൂനിയർ ക്ലർക്കാണ്. പരിശീലനത്തിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലുള്ള ജോലി ലഭിച്ചാൽ മാത്രമേ കരിയർ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. നീന്തൽ പരിശീലനത്തിനായി വൻതുക ചെലവിടേണ്ട സാഹചര്യമുള്ളതിനാൽ മികച്ച ശമ്പളവും പ്രതീക്ഷിക്കുന്നുണ്ട്
- ഗെയിംസിനായി എങ്ങനെയായിരുന്നു പരിശീലനം ?
ഗെയിംസ് മുന്നിൽ കണ്ട് കഴിഞ്ഞ അഞ്ചു വർഷമായി കഠിനപരിശീലനത്തിലായിരുന്നു. രണ്ടു വർഷമായി ടെലിവിഷൻ കാണാറില്ല. സൽക്കാരങ്ങളിൽ പങ്കെടുക്കാറില്ല. നാഷണൽ കോച്ച് പ്രദീപ് കുമാർ ഇക്കാര്യത്തിൽ വളരെ കർക്കശക്കാരനാണ്. സമയകൃത്യത പാലിക്കാനായില്ലെങ്കിൽ രണ്ടും മൂന്നും ദിവസം പരിശീലനത്തിൽനിന്നു പുറത്താക്കും. സജി സെബാസ്റ്റ്യനാണ് ആദ്യഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് നീന്തൽ താരമാകണമെന്ന സ്വപ്നത്തെ മനസിൽ കുടിയിരുത്തിയത്. ബാംഗ്ലൂർ ബസവനഗുഡി അക്വാട്ടിക് ക്ലബ്ബിലായിരുന്നു പരിശീലനം.
- കേരളത്തിൽ നീന്തൽ താരങ്ങളുടെ ഭാവി പ്രതീക്ഷ ?
മികച്ച നീന്തൽ താരങ്ങളെ വാർത്തെടുക്കാനുള്ള അന്തരീക്ഷം കേരളത്തിനുണ്ട്. എന്നാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. നീന്തൽ പരിശീലനത്തിനായി ഇപ്പോൾ ഇന്ത്യയിലുള്ള കോച്ചുകൾ വളരെ സമർഥന്മാരാണ്. എന്നാൽ അന്താരാഷ്ട്രമൽസരങ്ങളിൽ ശോഭിക്കണമെങ്കിൽ വിദേശ കോച്ചുകളുടെ ടെക്‌നിക്കുകളും സ്വായത്തമാക്കേണ്ടതുണ്ട്. കൂടാതെ വിദേശ അക്വാട്ടിക് ക്ലബ്ബുകളിലെ പരിശീലനവും ആവശ്യമാണ്. നീന്തൽ മൽസരങ്ങളിൽനിന്നും താരങ്ങളെ പിന്നോട്ടടിക്കുന്നതിന്റെ പ്രധാന കാരണം പരിശീലനത്തിനു വേണ്ടിവരുന്ന ഭീമമായ തുകയാണ്. താരങ്ങളുടെ പരിശീലനത്തിന്റെ ചെലവുകൂടി സർക്കാർ ഏറ്റെടുത്താൽ മാത്രമേ അന്താരാഷ്ട്ര മൽസരങ്ങളടക്കമുള്ളവയിൽ ഭാവി തലമുറയ്ക്കു മുന്നേറാൻ കഴിയൂ.
- നീന്തൽ പരിശീലനത്തിനായി വലിയൊരു തുക തന്നെ സജനും ചെലവഴിച്ചിട്ടുണ്ട്. എങ്ങനെയാണ് ചെലവുകൾ മറികടന്നത് ?
ഒരു മാസം തന്നെ അറുപതിനായിരത്തിലധികം രൂപ പരിശീലനത്തിനു ചെലവു വരും. എനിക്ക് ശമ്പളമായി ലഭിക്കുന്നത് 16000 രൂപയാണ്. അമ്മയുടെ പി.എഫിൽ നിന്നു ലോണെടുത്താണ് ചെലവുകൾ മറികടന്നത്. ഇപ്പോൾ രണ്ടു ലോണുകളുണ്ട് .സാമ്പത്തിക ബുദ്ധിമുട്ടുകൾ പല പരിശീലനക്യാമ്പുകളിലും പങ്കെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഈ അനുഭവം കൊണ്ടാണ് ഞാൻ പറയുന്നത്. നീന്തൽതാരങ്ങളുടെ പരിശീലനചെലവുകൾ കൂടി സർക്കാർ വഹിക്കാൻ തയ്യാറാകണം.
- അമ്മ ഷാന്റി മോളെക്കുറിച്ച് ?
എന്റെ വഴികാട്ടിയും ഗുരുവും എല്ലാം അമ്മയാണ്. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി മകൻ ഒരു കായികതാരമാകണമെന്ന ആഗ്രഹമായിരുന്നു അമ്മയ്ക്ക്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. ഗെയിംസിനു മുന്നോടിയായി തമിഴ്‌നാടും കർണാടകയും നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കേരളത്തിനു വേണ്ടി മൽസരിക്കണമെന്നു നിർദ്ദേശിച്ചത് അമ്മയാണ്. വർഷങ്ങൾ നീണ്ട അമ്മയുടെ പ്രതീക്ഷകൾ പൂവണിയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.
- അന്തർസർവകലാശാലാ മീറ്റ് ട്രാക്കിലെ മിന്നും താരമായിരുന്നു ഷാന്റി മോൾ. ഒരു കായികതാരമെന്ന നിലയിൽ അമ്മയെക്കുറിച്ച് ?
അമ്മയ്ക്ക് നേടാൻ കഴിയാതെ പോയത് എന്നിലൂടെ നേടുക എന്നതാണ് അമ്മയുടെ സ്വപ്നം. ട്രാക്കിൽ ഒരുപാട് മെഡലുകൾ നേടിയിട്ടും സർക്കാർ ജോലി നൽകിയില്ല എന്ന വിഷമം അമ്മയ്ക്കുണ്ടായിരുന്നു. തമിഴ്‌നാട് സർക്കാരാണ് അമ്മയ്ക്കു ജോലി നൽകിയത്. നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനിൽ. ആ ജോലിയിൽനിന്നു മിച്ചം പിടിച്ച തുക കൊണ്ടാണ് എന്നെ നീന്തൽ താരമാക്കിയത്.
- സജനിൽ വലിയൊരു പ്രതീക്ഷയാണ് കായികലോകം അർപ്പിച്ചിരിക്കുന്നത്. എന്താണ് സജന്റെ പ്രതീക്ഷ ?
ജൂലൈയിൽ റഷ്യയിലെ കസാനിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് യോഗത്യ നേടിയിട്ടുണ്ട്. ഇതിനായുള്ള പരിശീലനം അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കും. പിന്നെ എല്ലാ താരങ്ങളെയും പോലെ ഏറ്റവും വലിയ സ്വപ്‌നം ഒളിമ്പിക് മെഡലാണ്. അടുത്ത വർഷം നടക്കുന്ന റിയോ ഒളിമ്പിക്‌സിൽ ഒരു മെഡൽ.