ടി പി സെന്‍കുമാര്‍ കേരളത്തിലെ പ്രമുഖരായ ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളാണ്. മൂന്നുപതിറ്റാണ്ടിന്റെ സര്‍വീസ് ചരിത്രമുള്ള വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഓഫീസര്‍. ഇന്റലിജന്‍സ് വിഭാഗം തലവനായി ചുമതലയേറ്റതിനു ശേഷം കേരളത്തിലെ പലവിഭാഗങ്ങളുടെയും കണ്ണിലെ കരടായി സെന്‍കുമാര്‍ മാറുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല... മുഖം നോക്കാതെ പല കാര്യങ്ങളിലുമെടുത്ത യുക്തമായ തീരുമാനംതന്നെ. ഐപിഎസ് നേടിയതു ജാതിസര്‍ട്ടിഫിക്കറ്റ് തിരുത്തിയാണെന്ന വിവാദമായിരുന്നു സെന്‍കുമാറിനെ ചുറ്റിപ്പറ്റി ഒടുവില്‍ വന്നത്. തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരാണു തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണു സെന്‍കുമാറിന്റെ വിലയിരുത്തല്‍. വിവാദത്തില്‍ എന്താണു സംഭവിച്ചതെന്നു ടി പി സെന്‍കുമാര്‍ മറുനാടന്‍ മലയാളിയോടു വ്യക്തമാക്കുന്നു.

  • എന്താണ് സംഭവിച്ചത്? മാതൃഭൂമിക്ക് തെറ്റ് പറ്റിയോ?


അറിയാതെ സംഭവിച്ച ഒരു തെറ്റാണെന്നു കരുതാന്‍ കഴിയില്ല. കാരണം ഈ വാര്‍ത്ത മാതൃഭൂമി ചാനലില്‍ വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ എനിക്ക് പരിചയമുള്ള ഒരു മുതിര്‍ന്ന റിപ്പോര്‍ട്ടറെ വിളിച്ച് വാര്‍ത്ത തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ ഏത് മാധ്യമവും കാണിക്കുന്ന ഒരു പൊതുമര്യാദയുണ്ട്. എന്നെ വിളിച്ച് കാര്യം എന്താണെന്ന് അനേ്വഷിക്കുന്നത്. അതും അവര്‍ ചെയ്തില്ല. വളരെ ഏകപക്ഷീയമായി വ്യക്തിഹത്യ നടത്തണം എന്ന കൃത്യമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് അവര്‍ വാര്‍ത്ത കൊടുത്തത്. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ ഞാനത് തെറ്റായ വാര്‍ത്തയാണ് തിരുത്തണം എന്നു പറഞ്ഞിട്ടും മാതൃഭൂമി പത്രത്തിന്റെ പിറ്റേ ദിവസത്തെ ഒന്നാം പേജില്‍ അതേ വാര്‍ത്ത അച്ചടിച്ച് വന്നു. മാതൃഭൂമിക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തെറ്റ് പറ്റിയതല്ല. തെറ്റായ ഉദ്ദേശത്തോട് കൂടി, തെറ്റായ രീതിയില്‍, വേണമെന്ന് കരുതി വാര്‍ത്ത കൊടുക്കുക തന്നെയായിരുന്നു.

  • ആരാണ് ഇതിന് പിന്നില്‍? എന്താണ് അവരുടെ ഉദ്ദേശം?

ചില മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതിന് പിന്നില്‍. മാതൃഭൂമി എന്ന സ്ഥാപനം ഇതിന് പുറകിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ സ്വന്തം താല്‍പ്പര്യമനുസരിച്ച് നല്‍കിയ വാര്‍ത്തയാണിത്. ഇക്കൂട്ടര്‍ പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ചിലരെ പൊക്കുകയും ചിലരെ താഴ്ത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഞാനത്തരം പ്രശസ്തി ദാഹിയല്ലാത്തത് കൊണ്ട് ഇവരുടെയൊന്നും താല്‍പ്പര്യങ്ങള്‍ക്കുനിന്നു കൊടുക്കാറില്ല. ആത്മാര്‍ത്ഥമായി കൃത്യ നിര്‍വഹണം നടത്തുക എന്നതില്‍ മാത്രമാണ് എന്റെ ശ്രദ്ധ. അല്ലാതെ ഒരിക്കലും ഞാന്‍ ഇത്രയിത്ര കാര്യങ്ങള്‍ ചെയ്തു എന്നോ ഇനിയും ഇത്ര ചെയ്യുമെന്നോ വിളിച്ച് പറയാറില്ല. പത്രക്കാരെകൊണ്ട് പറയിപ്പിക്കാറുമില്ല. ഈ വാര്‍ത്ത കൊടുക്കുന്നവരുള്‍പ്പെടെയുള്ള വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആഢംബര ജീവിതം നയിക്കുന്നവരാണ്. അവരുടെ ജീവിത രീതി ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണിത്. അവര്‍ കമ്പനി കൂടുന്നു. മദ്യപിക്കുന്നു. അവിടെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു.

 

  • മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുകയാണോ? സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ ധാരാളമില്ലേ?


സത്യസന്ധരായ ആത്മാര്‍ഥതയുള്ള പത്രപ്രവര്‍ത്തകരാണ് കൂടുതലും. ഞാന്‍ പറഞ്ഞത് വിരലിലെണ്ണാവുന്നവരെ കുറിച്ച് മാത്രമാണ്. ഈ വാര്‍ത്ത വന്നപ്പോള്‍ ധരാളം മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. ഞങ്ങളെല്ലാം അങ്ങയോടൊപ്പമാണ് എന്നു പറഞ്ഞു. മാതൃഭൂമിയുടെ ഈ വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു എന്നാണവര്‍ പറഞ്ഞത്. അല്ലെങ്കില്‍ തന്നെ എന്തൊരു നാണം കെട്ട വാര്‍ത്തയാണത്. ഒരു ഊമ പരാതിയിലാണ് ഇതിന്റെയൊക്കെ തുടക്കം. ഊരും പേരുമില്ലാത്ത ഒരു പരാതി മുഖവിലക്കെടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ യുക്തിയെന്താണ്? അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍ പല പേരിലും വിലാസത്തിലും നൂറു പരാതി വേണമെങ്കിലും കൊടുക്കാമല്ലോ? ഏത് പരാതിയെക്കുറിച്ചും പ്രാഥമികാനേ്വഷണം നടത്തുമ്പോള്‍ പരാതിക്കാരനെ കണ്ടെത്തും. പരാതിക്കാരനെ വെളിപ്പെടുത്തിയില്ലെങ്കിലും ഒരു യഥാര്‍ഥ വ്യക്തി ഉണ്ടെങ്കിലല്ലേ പരാതിയുടെ ഉദ്ദേശം മനസിലാവൂ.
വാര്‍ത്തയെക്കുറിച്ച് കൃത്യമായ അറിവില്ലായ്മ കൊണ്ട് ചില വാര്‍ത്തകളൊക്കെ സംഭവിക്കാറുണ്ട്. അത് പത്രപ്രവര്‍ത്തകന് പറ്റുന്ന മനുഷ്യസഹജമായ തെറ്റാണ്. എന്നാല്‍ മാതൃഭൂമിയുടെ ഈ വാര്‍ത്ത ബോധപൂര്‍വ്വം വ്യക്തിഹത്യ നടത്താന്‍ വേണ്ടി കെട്ടിച്ചമച്ചെടുത്തതാണ്.

 

  • ശത്രുക്കള്‍ ധാരാളമുണ്ടാകുമല്ലോ? ആരൊക്കെയാണ് ശത്രുക്കള്‍? ആരാണ് താങ്കളെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍

ശത്രുക്കളുടെ കാര്യമൊന്നും പറയാതിരിക്കുകയാണ് ഭേദം. എല്ലാ മേഖലയിലും ധാരാളമുണ്ട്. സുപ്രീംകോടതിയില്‍ എനിക്കെതിരെ ഏകദേശം അമ്പതോളം കേസുകളുണ്ട്. നിരവധി സ്ത്രീപീഡനക്കേസുകള്‍ ഞാനനേ്വഷിച്ചിട്ടുണ്ട്. അതുമുഖാന്തിരമുണ്ടായ ശത്രുക്കള്‍ ധാരാളമുണ്ട്. ഒരു പ്രത്യേക കേസ് അനേ്വഷിക്കുമ്പോള്‍ ഒരു മാധ്യമസുഹൃത്ത് എന്നോടു പറഞ്ഞു, ചിലര്‍ അയാളെ സമീപിച്ചിരുന്നു. ആ കേസില്‍ ഞാന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്താല്‍ മൊത്തം തുകയുടെ പത്തുശതമാനം എനിക്കു തരാമെന്ന്. പത്തുശതമാനമെന്നുവച്ചാല്‍തന്നെ കോടികള്‍ വരും. എനിക്ക് 56 വയസായി. സര്‍വ്വീസില്‍ 30 വര്‍ഷമായി. ഇന്നേവരെ ഒരു തരത്തിലുമുള്ള പ്രലോഭനങ്ങള്‍ക്കും വഴങ്ങേണ്ടിവന്നിട്ടില്ല. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല. ധാരാളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഞാന്‍ അനേ്വഷിച്ചിട്ടുണ്ട്. എല്ലാറ്റിലും സംസ്ഥാന താല്‍പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്.

  • തീവ്രവാദക്കേസുകളും ദേശവിരുദ്ധ കുറ്റകൃത്യങ്ങളും അനേ്വഷിക്കുമ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ്?


കേരളം വളരെ അപകടകരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പുറമേ നാം കാണുന്ന കേരളമല്ല യഥാര്‍ഥ കേരളം. ഈ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളിലുമെന്നപോലെ മലയാളികളുള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. പല സംഘടനകളുടെ പേരില്‍ പല രീതിയില്‍ നിശബ്ദമായി കൃത്യമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ അതിരൂക്ഷമായ ഒരപകടാവസ്ഥ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. കോഴിക്കോടുനിന്നും റെയ്ഡ് ചെയ്യുകയും നിരോധിക്കുകയും ചെയ്ത ദഅ#്‌വത്തും ജിഹാദും എന്ന പുസ്തകം പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന പല സംഭവങ്ങളും പ്രവര്‍ത്തനങ്ങളും അടിത്തട്ടില്‍ ആരുമറിയാതെ നടക്കുന്നുണ്ട്. ആരും ഇത്തരം കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്‍മാരല്ല എന്നതാണ് സങ്കടകരമായ വസ്തുത.

  • പ്രബുദ്ധ കേരളം എന്ന് നാം അഭിമാനത്തോടെ കരുതുന്ന നമ്മുടെ നാട്ടില്‍ ജാതിയും മതവും വര്‍ഗീയതയും അസമത്വവുമൊക്കെ തിരിച്ചുവരുന്നുണ്ടോ? ശത്രുവിനെ തോല്‍പിക്കാന്‍ ജാതി പോലും ഉപയോഗിക്കുന്ന രീതിയിലേക്ക് മലയാളികള്‍ തരം താഴുന്നുണ്ടോ?


കേരളത്തില്‍ എന്നും ജാതീയത ഉണ്ടായിരുന്നു. എന്റെ കസേരയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളാണ് ഇരിക്കുന്നതെങ്കില്‍ തീവ്രവാദവും വിധ്വംസകപ്രവര്‍ത്തനും മറ്റുമായി ബന്ധപ്പെട്ട് ചില മതസമൂഹത്തില്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍, സ്ഥാപിതതാത്പര്യക്കാര്‍ക്ക് അയാള്‍ സവര്‍ണ ഫാസിസത്തിന്റെ വക്താവാണെന്ന് കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നു. ഞാനിരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ല. അതുകൊണ്ട് ശത്രുക്കള്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കും.

ജാതീയത എല്ലാക്കാലത്തുമുണ്ട്. ചിലയിടങ്ങളില്‍ വളരെ കൂടുതലാണ്. ചില സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വലിയതോതില്‍ ജാതീയവേര്‍തിരിവും ചിന്തകളും നിലനില്‍ക്കുന്നുണ്ട്. ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് വെറുതെ നടത്തിയ ഒരു പരാമര്‍ശം പോലും വലിയ വിവാദമായിട്ടുണ്ട്. വളരെ താഴ്ന്നനിലയില്‍ നിന്നും കഠിനാദ്ധ്വാനംകൊണ്ട് മാത്രം ഉയര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് പരാമര്‍ശിച്ചത്.

ജാതിസംവരണം ഇന്നും നമ്മുടെ നാട്ടില്‍ ആവശ്യമുണ്ട്. കാരണം, ചരിത്രപരമായ നിരവധി കാരണങ്ങള്‍കൊണ്ട് എല്ലാതരത്തിലും പിന്നോക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന ജാതിവിഭാഗങ്ങള്‍ ധാരാളമുണ്ട്. പെട്ടെന്നൊരു ദിവസം ഇന്നുമുതല്‍ നിങ്ങളും ഞങ്ങളെപ്പോലാകൂ എന്നു പറഞ്ഞാലൊന്നും ഈ പ്രശ്‌നം തീരില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ ഇന്നും ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഒരു തുണ്ട് ഭൂമിക്കുവേണ്ടിയാണ്. ഭൂമി, തൊഴില്‍, മൂലധനം എന്നിവയില്‍ പിന്നോക്കക്കാരുടെ കൈയ്യില്‍ തൊഴില്‍ ചെയ്യാനുള്ള മനസ് മാത്രമേയുള്ളു. ഭൂമിയുമില്ല, മൂലധനവുമില്ല

എത്ര സംവരണം നല്‍കിയിട്ടും ഇന്നേവരെ ഒരു പിന്നോക്കക്കാരനും മുന്നോക്കക്കാരനൊപ്പം എത്തിയിട്ടില്ല. ഇന്‍കംടാക്‌സ് നല്‍കുന്നവരുടേയോ വ്യാവസായികളുടെയോ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ അതില്‍ മിക്കവാറും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരൊറ്റയാളെയും കണ്ടെത്താന്‍ കഴിയില്ല.

നൂറു തലമുറകളോളം ശാരീരികാദ്ധ്വാനം മാത്രം ചെയ്ത് ജീവിച്ചവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഇനിയും കാലങ്ങളെടുക്കും. ഒരു തലമുറകൊണ്ടോ രണ്ടുതലമുറകൊണ്ടോ അതു സാധിക്കണമെന്നില്ല. എല്ലാവരും മനുഷ്യരാണ്, തുല്ല്യരാണ് എന്നൊന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. സംവരണം കിട്ടേണ്ടവര്‍ക്ക് അത് കിട്ടിയേ തീരൂ. എന്നാല്‍ ചില പ്രത്യേക ജോലികള്‍ക്ക് സംവരണത്തിലുപരിയായി കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തി നിയമനം നടത്തേണ്ടി വരും.

  • പുതിയ വിവാദങ്ങളെയും വാര്‍ത്തകളേയും എങ്ങനെ കാണുന്നു? വ്യക്തിപരമായി ഇതിനെയൊക്കെ എങ്ങനെയാണ് വിലയിരുത്തുന്നത്?


എന്നെ ജാതി സംവരണത്തിലേക്കും വാര്‍ത്തയിലേക്കുമൊക്കെ ചില പത്രപ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം തള്ളിയിട്ടതാണ്. സത്യാവസ്ഥ അറിഞ്ഞുകൊണ്ട് മന:പൂര്‍വ്വം എന്നോടുള്ള വിരോധം തീര്‍ക്കാനും അപമാനിക്കാനുമാണ് അവരതു ചെയ്തത്. എന്നാല്‍ വായനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടുമൂന്നു ദിവസമായി എന്റെ ഫോണിലേക്കുവരുന്ന കോളുകള്‍ അതിന്റെ തെളിവാണ്. വരുന്ന മുഴുവന്‍ കോളുകളും അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയുന്നില്ല. രാത്രി വൈകിയും ആളുകള്‍ വിളിച്ച് പിന്തുണയറിയിക്കുന്നു.

സാധാരണ ഏതെങ്കിലുമൊരു മാധ്യമം ഒരു വാര്‍ത്തകൊടുത്താല്‍, ആ വാര്‍ത്ത തെറ്റാണെന്നു തെളിഞ്ഞാല്‍ വാര്‍ത്ത കൊടുത്തവര്‍തന്നെ തിരുത്തട്ടെ എന്ന സമീപനമാണ് മറ്റു മാധ്യമങ്ങള്‍ സ്വീകരിക്കാറ്. എന്നാല്‍ മാതൃഭൂമിയില്‍ എനിക്കെതിരെ വാര്‍ത്ത വന്നപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ ആ വാര്‍ത്ത തിരുത്താന്‍ തയ്യാറായി. അതിലെനിക്ക് സന്തോഷമുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.

മാതൃഭൂമിക്ക് ഞാന്‍ നോട്ടീസയച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അവര്‍ ചെയ്യുന്നില്ലെങ്കില്‍, തിരുത്താന്‍ തയ്യാറല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി ഞാന്‍ മുന്നോട്ടു പോകും. സ്വഭാവഹത്യയും വ്യക്തിഹത്യയും അറിഞ്ഞുകൊണ്ട് സങ്കുചിത താത്പര്യത്തോടെ ചെയ്യുന്നത് ഒരു മാധ്യമത്തിനും ഭൂഷണമല്ല.