തിരുവനന്തപുരം: മടിയിൽ കനമുള്ള ഉന്നതരെ കണ്ടാൽ നീതിപീഠത്തിന് പോലും മുട്ടുവിറയ്ക്കുന്ന കാലമാണിപ്പോൾ. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രീയക്കാർക്ക് പോലും പണക്കാരന് മുന്നിൽ മുട്ടു മടക്കി നിൽക്കും. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന്റെ യുവമേയർ അഡ്വ. വി കെ പ്രശാന്തിന്റെ ധീരമായ നടപടിക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും കൈയടി ലഭിച്ചത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ റീട്ടെയ്ൽ വ്യാപാര രംഗത്തെ കുത്തക ഭീമനായ ബിഗ് ബസാറിന്റെ നടപടിക്കെതിരെയാണ് മുഖം നോക്കാതെ മേയർ നടപടി സ്വീകരിച്ചത്. ഈ തീരുമാനത്തിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും പ്രശാന്തിന് അഭിനന്ദനം ലഭിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രശാന്തിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ബിഗ്ബസാറിനെതിരെ നടപടി എടുക്കുന്ന കാര്യത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജന പദ്ധതികളെ കുറിച്ചും അദ്ദേഹം മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു.

പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നത് ഏത് വമ്പനായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് മേയർ മറുനാടനോട് വ്യക്തമാക്കിയത്. മാലിന്യം തള്ളിയത് പിടിക്കപ്പെട്ടപ്പോൾ ബിഗ് ബസാർ രക്ഷപെടാൻ വേണ്ടി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് മേയർ പറഞ്ഞത് ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസം രാവിലെ താൻ നഗരസഭാ കാര്യാലയത്തിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പുന്നയ്ക്കാമുകൾ മേഖലയിലെ ജനങ്ങളും കൗൺസിലർമാരും ചേർന്ന് തന്നെ ഫോണിൽ വിളഴിച്ചത്. പ്രദേശത്തെ വയലിൽ അഞ്ച് ലോഡോളം മാലിന്യം തള്ളിയിരിക്കുന്നുവെന്ന വിവരമാണ് അവർ അറിയിച്ചത്. തുടർന്ന് താൻ സ്ഥലം സന്ദർശിച്ചപ്പോൾ മാലിന്യ കൂമ്പാരമായി പഴയ ബാഗുകൾ, ചെരുപ്പുകൾ, പഴയ തുണികൾ എന്നിവ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. അവയിൽ നിന്നും ലഭിച്ച വിലാസത്തിൽ ബന്ധപ്പെട്ടപ്പോഴാണ് പഴയ സാധനങ്ങൾ ബിഗ് ബസാറിലെ സ്ഥാപനത്തിൽ നൽകി കൂപ്പൺ വാങ്ങിയതാണെന്ന വിവരം ലഭിച്ചകത്. തുടർന്ന് താൻ നേരിട്ട് ആവ്യാപാര സ്ഥാപനത്തിലേക്ക് വിളിക്കുകയുമായിരുന്നുവെന്നാണ് അഡ്വ. വി കെ പ്രശാന്ത് വ്യക്തമാക്കിയത്.

പഴയ സാധനങ്ങൾ വാങ്ങി കൂപ്പൺ നൽകുന്ന രീതി ബിഗ് ബസാർ ആരംഭിച്ചിട്ട ് കുറച്ചു കാലമായെന്നും അന്വേഷിച്ചപ്പോൾ മനസ്സിലാക്കി. തുടർന്ന് മാലിന്യം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ബിഗ് ബസാർ അധികൃതരെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ, മുട്ടാപ്പോക്ക് ന്യായങ്ങൽ പറഞ്ഞ് പിൻവലിയാനായിരുന്നു അവരുടെ ശ്രമം. മാലിന്യം നീക്കാൻ വേണ്ട ി ഒരു ഏജൻസിയെയാണു ഏൽപ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞ് തടിയൂരാനായിരുന്നു ബിഗ് ബസാർ അധികൃതരുടെ ശ്രമം.

എന്നാൽ മാലിന്യം നീക്കം ചെയതില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനായി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോൾ സ്വന്തം ചെലവിൽ കമ്പനി തന്നെ അവ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് റീട്ടെയ്ൽ കമ്പനിക്കെതിരെ കേസെടുക്കുകയും നഗരസഭയിൽ പിഴയടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.- മേയർ പറഞ്ഞു. എത്ര വലിയ സ്ഥാപനമായാലും ഇത്തരം നിയമലംഘനങ്ങൽ വച്ചു പൊറുപ്പിക്കാൻ സാധിക്കില്ല. ഇത് നഗരസഭ അത് നോക്കിനിൽക്കില്ലെന്നും ഇത് മറ്റുള്ളവർക്കുള്ള സൂചന കൂടിയാണെന്നും മേയർ കൂട്ടിച്ചേർത്തു.

ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അത് നേരിടാൻ താൻ ഒരുക്കമാണെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി. ഇനി മുതൽ ഏതൊരു വ്യാപാര സ്ഥാപനമായാലും ഇത്തരം പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നുണ്ടെങ്കിൽ അവ എന്തിനാണ് ശേഖരിക്കുന്നതെന്നും അവശേഷിക്കുന്നവ എങ്ങനെ സംസ്‌കരിക്കുമെന്നും നഗരസഭയ്ക്ക് മുൻകൂറായി രേഖാമൂലം സമർപ്പിക്കുണമെന്നും അദ്ദേഹം പറഞ്ഞു. മാനില്യം റോഡരികിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയുടെ ആരോഗ്യ വിഭാഗത്തെ ബന്ധപ്പടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിനു കൂടുതൽ ഊന്നൽ നൽകികൊണ്ടുള്ള പദ്ധതികളാണ് തിരുവനന്തപുരം കോർപ്പറേഷൻ ആസൂത്രണം ചെയ്തുവരുന്നതെന്നും ഇതിൽ മുന്നണിഭേദമില്ലാതെ എല്ലാവരും സഹകരിക്കുമെന്ന ഉറപ്പാണുള്ളതെന്നും മേയർ പ്രത്യാശ പ്രകടിപ്പിച്ചു. പ്ലാസ്റ്റിക്കാണ് നേരിടുന്ന ഏക വെല്ലുവിളി. പറയുന്നത് പോലെയുള്ള മാലിന്യ പ്രശ്‌നങ്ങൾ തലസ്ഥാനത്ത് ഇപ്പോളില്ല. നിലവിലുള്ള പ്രശ്‌നങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ വാർഡുകൾക്കായി പ്രത്യേക മാലിന്യസംസ്‌കരണ പദ്ധതിയാണ് ലക്ഷ്യം. ഇതിനായി വിഴിഞ്ഞം തുറമുഖ കമ്പനിയുമായും ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു. നഗരത്തിലെ സ്വീവേജ് സംവിധാനം സുഗമമാക്കാനായി സാനിട്ടറി നാപ്ക്കിനുകൾ പ്രത്യേകം ശേഖരിച്ച് നിർമ്മാർജനം ചെയ്യുന്നതിനായുള്ള പദ്ധതിയും അതോടൊപ്പംതന്നെ ഇമാലിന്യങ്ങളുൾപ്പെടെയുള്ളവ ശേഖരിക്കുന്നതിനായി നിലവിൽ 3 കൗണ്ടറുകൾ തുറന്നിട്ടുള്ളവ കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കാനും നഗരസഭ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ പൂജപ്പുര, ജഗതി, പുത്തരിക്കണ്ടം എന്നീ വാർഡുകളിലാണ് മാലിന്യം ശേഖരിക്കുന്നത്.

ഇമാലിന്യങ്ങൾ ആറു മാസത്തിലൊരിക്കലാണ് ശേഖരിക്കുന്നത്. ഇവയുടെ നിർമ്മാർജനം ക്ലീൻ കേരള എന്ന കമ്പനിയെയാണ് ഏൽപ്പിച്ചിരികികുന്നത്. വിവിധ മാലിന്യ നിർമ്മാർജന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് നഗരസഭ നടത്തിയ ശിൽപ്പശാലയിൽ മുന്നണി ഭേദമില്ലാതയുള്ള പങ്കാളിത്തം ശുഭ സൂചനയാണെന്നും തിരുവനന്തപുരത്തിന്റെ യുവ മേയർ വ്യക്തമാക്കി.