തിരുവനന്തപുരം: ട്രാൻസ് ജെൻഡേഴ്‌സിനെ അയൽസംസ്ഥാനങ്ങളെല്ലാം അംഗീകരിച്ചപ്പോഴും കേരളത്തിൽ അംഗീകരിക്കാൻ മടികാണിക്കുന്നതെന്തിനെന്ന് ട്രാൻജെൻഡറായിരിക്കുകയും ഇപ്പോൾ സ്ത്രീയാവുകയും ചെയ്ത കോമഡി ആർട്ടിസ്റ്റ് സൂര്യ. ആണോ പെണ്ണോ എന്ന് തെളിയിക്കാൻ തുണിപൊക്കി കാണിക്കേണ്ട അവസ്ഥയാണെന്നും ജീവിതത്തിൽ നിരവധി ഘട്ടങ്ങളിൽ സമൂഹം ഒറ്റപ്പെടുത്തുന്ന അവസ്ഥ മാറണമെന്നും സൂര്യ പറയുന്നു. 

മൺസൂൺ മീഡിയ എന്ന യുട്യൂബ് ചാനലിൽ ടി സി രാജേഷ് നടത്തിയ അഭിമുഖത്തിലാണ് സൂര്യ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ തുറന്നുപറഞ്ഞത്.

ഇപ്പോൾ ഞാനൊരു സ്ത്രീയാണ് പക്ഷേ, ട്രാൻസ് ജെൻഡർ ആയി അറിയപ്പെടാനാണ് താൽപര്യം. ഈ പദത്തിന് മലയാളത്തിൽ അർത്ഥം പറയുന്നത് ലിംഗമാറ്റ ശസ്ത്രക്രിയയെന്നാണ്. പക്ഷേ ഞങ്ങളിൽ പലരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരല്ല. അത്തരമൊരു ഐഡി കാർഡ് തരാത്തതുകൊണ്ടാണ് ഞാൻ സ്ത്രീയായി തുടരേണ്ടിവരുന്നത്. ഒരുപക്ഷേ, ഞങ്ങളെ മനുഷ്യരായി കാണാത്തതുകൊണ്ടായിരിക്കാം അത്തരമൊരു ഐഡി തരാത്തത്. എല്ലാവർക്കും തുല്യതയെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കേരളത്തിൽ അതില്ല. ഇത്തരമൊരു കാർഡ് ഇല്ലാത്തത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞാൻ ഒരു സ്ത്രീയാണെന്ന് മറ്റുള്ളവർ പറയണം. മറ്റൊർത്ഥത്തിൽ പലരുടെയും മുന്നിൽ തുണിയഴിച്ച് കാണിക്കേണ്ട അവസ്ഥ. ഒരു സ്ത്രീയാണെന്ന് അഭിമാനത്തോടെ ഞാൻ പറയുമെങ്കിലും എനിക്കുമാത്രമേ അഭിമാനമുള്ളൂ. കേൾക്കുന്നവർക്കും കാണുന്നവർക്കും അങ്ങനെയല്ല.  എന്നെ സ്ത്രീയാക്കിയത് സമൂഹമാണ്. നിന്റെ പെരുമാറ്റവും മറ്റും സ്ത്രീയെപ്പോലെയാണെന്ന് എനിക്ക് തിരിച്ചറിവ് വരുന്നതിന് മുമ്പുതന്നെ സമൂഹം പറഞ്ഞുതുടങ്ങി. സമൂഹം എന്നെ അടിച്ചേൽപിച്ച കുറ്റത്തിന് ഞാനൊരു സ്ത്രീയാവാൻ ശ്രമിക്കുകയാണിപ്പോൾ.

സെന്റ് ജോസഫ്‌സ് ഹയർസെക്കന്ററി സ്‌കൂളിലാണ് സൂര്യ പഠിച്ചത്. സ്ത്രീകളോട് കൂട്ടുകൂടിയതിനാലാണ് ഞാൻ സ്ത്രീയെപ്പോലെ പെരുമാറുന്നതെന്നായിരുന്നു അന്ന് പലരുടേയും ധാരണ. എന്നാൽ അത് ശരിയല്ല. അമ്മയും സഹോദരിയും മാത്രമായിരുന്നു എന്റെ ജീവിതപരിസരത്ത് ഉണ്ടായിരുന്ന സ്ത്രീകൾ. പക്ഷേ, ഞാനൊരു സ്ത്രീയാണെന്ന് പലരും പറഞ്ഞുതുടങ്ങി. പക്ഷേ, കണ്ണാടി നോക്കുമ്പോൾ ഞാനൊരു സ്ത്രീയാണെന്ന് എനിക്ക് തോന്നിയില്ല. ശരീരഭാഗങ്ങളെല്ലാം ആണിന്റേതാണ്. അതുകൊണ്ട് ഞാൻ എന്നെത്തന്നെ സംശയിച്ചുതുടങ്ങി. അഞ്ച്, ആറ്ക്ലാസ്സുകളിൽ  പഠിക്കുന്ന കാലത്തുതന്നെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ ഇത്തരം വിലയിരുത്തലുകൾ കേട്ടുതുടങ്ങിയിരുന്നു. എന്തുകൊണ്ട് എന്നെപ്പറ്റി ഇങ്ങനെ പറയുന്നുവെന്ന് ചിന്തിച്ചുതുടങ്ങിയപ്പോൾ എനിക്ക് രണ്ടുമാസം മെന്റൽ ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നു. മാനസിക നില തെറ്റിയതുകൊണ്ടാണ് ആണാണോ പെണ്ണാണോ എന്ന സംശയമുണ്ടാകുന്നതെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അത്തരമൊരു തെറ്റിദ്ധാരണ നമ്മുടെ നാട്ടിലുണ്ട്. ഭ്രാന്തില്ലാത്ത പത്തിരുന്നൂറ് പേരുടെ ഇടയിൽ ഭ്രാന്തില്ലാത്ത ഞാൻ കിടക്കേണ്ടിവന്നു. അന്നെടുത്ത തീരുമാനമാണ് എന്നിലൊരു സ്ത്രീയുണ്ടെങ്കിൽ സ്ത്രീയാവണം എന്ന്.

പക്ഷേ, സ്ത്രീയാണെന്ന് പറഞ്ഞുപറഞ്ഞ് എന്നെ സ്ത്രീയാക്കിയ എന്നെ ഇന്നും കുറ്റപ്പെടുത്തുന്നത് സമൂഹമാണെന്നു മാത്രം. അതേ സമൂഹം തന്നെ എന്നെ ഒറ്റപ്പെടുത്തുന്നു. ഇപ്പോൾ ഒരുവിഭാഗം പറയുന്നു ഞാൻ സ്ത്രീയാണെന്ന്. മറ്റൊരു കൂട്ടർ തിരിച്ചും. വിദ്യാഭ്യാസത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് സ്വന്തമായി ഒരു പേരുപോലുമില്ല. ഹിജഡയെന്നോ ചാന്തുപൊട്ടെന്നോ ഒക്കെയാണ് ഉയരുന്ന വിളികൾ. ട്രാൻസ് ജെൻഡറായി ഒരു കുട്ടി ജനിച്ചാൽ എന്തുചെയ്യണമെന്ന് ഇപ്പോഴും രക്ഷിതാക്കൾക്ക് അറിയില്ല.-ഡോക്ടറാവണമെന്ന് മോഹിച്ചെങ്കിലും പത്താംകഌസിൽ പഠനം നിർത്തേണ്ടിവന്ന സൂര്യ പറയുന്നു.

പ്രണയം ഇപ്പോഴാണ് ഞാൻ ആസ്വദിക്കുന്നത്. പ്രണയം എന്നതിലുപരി ചൂഷണങ്ങളാണ് എനിക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. സ്‌കൂളിൽ അദ്ധ്യാപകരിൽ നിന്നായാലും സഹപാഠികളിൽ നിന്നായാലുമെല്ലാം ഒരു പാട് അനുഭവങ്ങൾ അത്തരത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. സ്‌കൂളിൽ ചെല്ലുന്നതുതന്നെ ആരെങ്കിലും എന്നെ ഉപദ്രവിക്കുമോ എന്ന് പേടിച്ചായിരുന്നു. അത്തരമൊരു ചൂഷണത്തിന് ഞാൻ നിന്നുകൊടുക്കേണ്ടിവരുമോ എന്ന ഭയം, അതിന് വഴങ്ങിക്കൊടുത്താൽ എനിക്കുണ്ടാവുന്ന മാനസിക സംഘർഷം, പുറത്തോട്ടിറങ്ങിയാൽ അവർ ചൂണ്ടിക്കാണിക്കുന്നവർക്കുമുന്നിൽ ആ ഒരു ചുവയോടെ ഞാൻ നടന്നുപോകേണ്ട ഗതികേട്, വീട്ടിൽവന്നാൽ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പീഡകൾ. ഇങ്ങനെ പ്രണയത്തിനുപകരം ഭയമായിരുന്നു എല്ലാവരോടും.

വസ്ത്രധാരണത്തിൽ സ്ത്രീപക്ഷത്ത് എത്തിയത് ഞാൻ ആർട്ടിസ്റ്റായതോടെയാണ്. ഫീമെയ്ൽ ആർട്ടിസ്റ്റ് എന്ന നിലയിൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നായതോടെ ആൺവസ്ത്രങ്ങൾ ഞാൻ കത്തിച്ചുകളഞ്ഞു. സ്വന്തമായി അധ്വാനിച്ച് പൈസ കിട്ടിയതോടെ എനിക്ക് എന്റേതായ വ്യക്തിത്വമുണ്ടായി. ഇപ്പോൾ ഐഡി കാർഡ് കിട്ടി, ആധാർ കിട്ടി, ബാങ്ക് അക്കൗണ്ട് തുറക്കാനായി. എല്ലാം ഫീമെയ്ൽ എന്ന് രേഖപ്പെടുത്തിയാണ്. ട്രാൻസ്‌ജെൻഡറായി കിട്ടുന്നതുവരെ എനിക്കും ജീവിക്കണ്ടേ- സൂര്യ ചോദിക്കുന്നു.

ട്രാൻസ് ജെൻഡറിൽ പെട്ടവർ നല്ലൊരു ശതമാനം ലൈംഗികത്തൊഴിൽ സ്വീകരിക്കുന്നതിന് മുഖ്യകാരണം ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ആരും ജോലി കൊടുക്കില്ല. ഭക്ഷണം കൊടുക്കില്ല. അതുതന്നെ കാരണം. - നൃത്തം പഠിക്കുകയും തിരുവനന്തപുരം ജില്ലാ പ്രതിഭയുമായിരുന്ന സൂര്യ പറയുന്നു. പത്താംകഌസ് കഴിഞ്ഞ് പഠനംതുടരാൻ ആവാതെ നാടുവിട്ടു. തിരിച്ചെത്തിയപ്പോൾ എനിക്ക് ലഭിച്ച ഉപജീവന മാർഗമാണ് കോമഡി. ഇന്നുവരെ എന്നെ ഒരുവേദിയിലും ട്രാൻസ്‌ജെൻഡർ എന്ന രീതിയിൽ പരിചയപ്പെടുത്തിയിട്ടില്ല. ഞാനൊരു ഫീമെയ്ൽ ആർട്ടിസ്റ്റ് എന്ന രീതിയിലേ കാണുന്നുള്ളു. അറിയുന്നവർക്കറിയാം ഞാനൊരു പെണ്ണാണിപ്പോൾ, സർജറി കഴിഞ്ഞു, വിവാഹിതയാണ് എന്നെല്ലാം. അന്തസ്സായി ജോലിചെയ്ത് ജീവിക്കാമെന്ന് ഞാൻ കാണിച്ചില്ലെങ്കിൽ നിരവധി ട്രാൻസ് ജെൻഡേഴ്‌സിനെ അത് ബാധിക്കും.

ഞങ്ങളെ കെട്ടിപ്പിടിക്കണമെന്നോ, ആശ്‌ളേഷിച്ച് സ്‌നേഹം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പക്ഷേ, മനുഷ്യനാണെന്നെങ്കിലും അംഗീകരിക്കണം. പുഞ്ചിരിയോടെ ഉള്ള ഒരു നോട്ടം. അതുമാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ. തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെല്ലാം ഐഡികാർഡ്, റേഷൻകാർഡ്, വീട് എന്നിവയെല്ലാം ട്രാൻസ്‌ജെൻഡേഴ്‌സിന് കൊടുത്തു. കേരള സർക്കാർ കൊടുത്തില്ല. ഭരണഘടന ഒന്നാണ്. ഒരേ നിയമവും. പക്ഷേ, ഇവിടെ അതൊന്നും നടപ്പാക്കുന്നില്ല.

ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ ഒറ്റപ്പെടുത്തുന്ന നിരവധി അവസരങ്ങൾ ദിവസവും നേരിടേണ്ടിവരും. ബസ് സ്റ്റോപ്പിൽ ഞാൻ എവിടെ നിൽക്കണം. ബസ്സിൽ കയറിയാൽ എവിടെ ഇരിക്കണം. ആൺ, പെൺ വിഭാഗങ്ങളിലൊന്നും ഞങ്ങളെ കൂട്ടില്ല. സ്ത്രീയല്ലെന്നു പറഞ്ഞ് എന്നെ ബസ്സിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. മൂത്രമൊഴിക്കാൻ സ്ത്രീകളുടെ ടോയ്‌ലറ്റിൽ കയറ്റാത്ത സന്ദർഭം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നേ പറയാനുള്ളൂ. നിങ്ങൾക്കുള്ള അതേ അവകാശങ്ങൾ ഉള്ളവരാണ് ഞങ്ങളും. നിങ്ങൾ ഒരു അവസരം തന്നാൽ ഞങ്ങൾ നന്നാവും. - സൂര്യ പറഞ്ഞുനിർത്തുന്നു.