- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റിലപ്പള്ളീ.. താങ്കളെന്തിനാണ് കള്ളം പറയുന്നത്? ഫസ്റ്റ്എയ്ഡ് നൽകാൻ ഒരു നഴ്സുപോലും വീഗാലാന്റിൽ ഉണ്ടായിരുന്നില്ല: അപകടത്തിൽ ശരീരം തളർന്ന വിജേഷ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
ഇടതുപക്ഷത്തിന്റെ ക്ലിഫ്ഹൗസ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ മറ്റൊരു കദനകഥകൂടി കേട്ടു. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ്( വണ്ടർല)യിൽ വച്ച് അപകടത്തില്പെട്ട് ശരീരം തളർന്ന് 12 വർഷമായി ദുര
ഇടതുപക്ഷത്തിന്റെ ക്ലിഫ്ഹൗസ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ മറ്റൊരു കദനകഥകൂടി കേട്ടു. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ്( വണ്ടർല)യിൽ വച്ച് അപകടത്തില്പെട്ട് ശരീരം തളർന്ന് 12 വർഷമായി ദുരിതക്കയത്തിൽ കഴിയുന്ന വിജേഷ് വിജയൻ എന്ന യുവാവിന്റെ കഥയായിരുന്നു അത്. പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനിച്ച ചിറ്റിലപ്പള്ളി വിജേഷിന്റെ ദുരന്തം കണ്ടിട്ടും കാണാതെ നടിച്ച സംഭവം വാർത്തകളിൽ നിറഞ്ഞതോടെ വിജേഷ് ദുരന്തം സ്വന്തം വരുത്തിവച്ചതാണെന്ന പ്രസ്താവനയുമായി ചിറ്റിലപ്പള്ളിയും രംഗത്തെത്തി.
- പ്രിയ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഞാനിപ്പോഴും ജീവനോടെ ഇവിടെയുണ്ട്; വീഗാലാന്റിലെ റൈഡിൽ നിന്നും വീണ് നരകിക്കുന്ന യുവാവ് പറയുന്നു..
- വിജേഷ് വിജയൻ മദ്യപിച്ച് റൈഡിൽ നിന്നും എടുത്തു ചാടിയത്; തനിക്ക് ബാധ്യത ഇല്ലാതിരുന്നിട്ടും 60,000 രൂപ കൊടുത്തു: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മറുപടി
മദ്യപിച്ച് രണ്ടടി വെള്ളത്തിലേക്ക് എടുത്തുചാടിയാണ് വിജേഷ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വിശദീകരണം. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് വിജേഷ് തുറന്നു പറയുന്നു. അന്ന് വീഗാലാൻഡിൽ അപകടത്തില്പെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അവിടെ ഡോക്ടർമാരോ ഒരു നഴ്‌സോ പോലും ഉണ്ടായിരുന്നില്ലെന്നും വിജേഷ് ഓർക്കുന്നു. സ്വന്തം സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ച്ച മറച്ചുവെക്കാനാണ് വീഗാലാന്റിന്റെ ഉടമസ്ഥൻ ഇല്ലാക്കഥകൾ പറയുന്നതെന്നും കഴുത്തിന് താഴേക്ക് തളർന്ന വിജേഷ് പറയുന്നു. 2002 ഡിസംബർ 22ലെ ആ വിനോദയാത്ര നഷ്ടമായ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വിജേഷ് ഇപ്പോൾ. അന്ന് വീഗാലാൻഡിൽ വച്ച് അപകടത്തില്പെടുമ്പോൾ വിജേഷിന് 17 വയസ് മാത്രമായിരുന്നു പ്രായം.
ഇന്ന് 28ാം വയസ്സിലും തളർന്ന ശരീരവും തളരാത്തമനസ്സുമായി വിജേഷ് തൃശ്ശൂരിലെ വീട്ടിലുണ്ട്. വിധി കഴുത്തിനു താഴെ തളർത്തിയിട്ടും തന്റെ ലക്ഷ്യങ്ങളിലേക്കെത്താൻ കഴിയുമോ എന്ന പരിശ്രമത്തിലാണദ്ദേഹം. വിജേഷ് വിജയൻ തനിക്ക് സംഭവിച്ച ദുരന്തത്തെ കുറച്ച് മറുനാടൻ മലയാളിയോട് തുറന്നു പറയുന്നു.
- വീഗാലാന്റിൽ അന്ന് നടന്നത് എന്താണ്? എങ്ങനെയാണ് അപകടമുണ്ടയാത് ഒന്ന് ഓർത്തെടുക്കാമോ?
തൃശ്ശൂരിലെ മഹാരാജാ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കുമ്പോഴായിന്നു ആ വിനോദയാത്ര. ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാർ എല്ലാവരും കൂടിയാണ് വീഗാലന്റിൽ പോയത്. ഏകദേശം ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. ബക്കറ്റ് ഷവർ എന്ന റെയ്ഡിന്റെ പ്ലാറ്റ്‌ഫോമിൽ നിന്നും തെന്നിയ ഞാൻ 15 അടിയോളം താഴ്ചയുള്ള പൂളിലേക്ക് വീണു. പിന്നെയൊന്നും ഓർമ്മയില്ല. ആകെ ഒരു മരവിപ്പായിയിരുന്നു. കഴുത്തിന് താഴെ ശരീരമുണ്ടോ എന്നുപോലും അറിയാനാവാത്ത അവസ്ഥ. സുഹൃത്തുക്കളും ലൈഫ് ഗാർഡും ചേർന്നാണ് എന്നെ അവിടെ നിന്നും എടുത്തത്. ഫസ്റ്റ് എയ്ഡ് കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറോ, നഴ്‌സോ ഉണ്ടായിരുന്നില്ല. അപ്പോഴും എനിക്ക് എഴുന്നേൽക്കാനായിരുന്നില്ല. വെള്ളത്തിൽ വീണത് കൊണ്ടുണ്ടായതാണെന്നായിന്നു വീഗാലാന്റ് അധികൃതർ പറഞ്ഞത്. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയാണുണ്ടായത്. സുഹൃത്തുക്കൾ പൊക്കിയെടുത്താണ് എന്നെ വണ്ടിയിൽ കയറ്റിയത്. പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക്..
- തൃശ്ശൂർ ആശുപത്രിയിൽ എത്തിയപ്പോഴാണോ അപകടത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയുന്നത്? എന്താണ് ഡോക്ടർ പറഞ്ഞത്.
എന്നെ പരിശോധിച്ച ഡോക്ടർക്ക് ഉടൻ തന്നെ കാര്യം മനസ്സിലായി. സ്‌പൈനൽകോഡ് ഇഞ്ച്വറി ആണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ നാലുമണിക്കൂറിനുള്ളിൽ ഒരു ഇഞ്ചക്ഷൻ വേണമായിന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും ആ സമയം കഴിഞ്ഞുപോയി. വീഗാലന്റിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഈ അവസ്ഥയിൽ ആകുമായിരുന്നില്ല. വീഴ്ചയിൽ സംഭവിച്ച ചെറിയ ആഘാതമാണെന്നാണ് കൂട്ടുകാർ കരുതിയത്. അവരാരും ഡോക്ടർമാരല്ലല്ലോ?.
- പിന്നീട് വീഗാലന്റ് അധികൃതരുമായോ ചിറ്റിലപ്പള്ളിയുമായോ ഇതേക്കുറിച്ച് സംസാരിച്ചിരുന്നോ? അവർ ആരെങ്കിലും കാണാൻ വന്നിരുന്നോ?
എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പിന്നീട് അവരുമായി ബന്ധപ്പെട്ടത്. ആശുപത്രിയിൽ വന്ന് 50,000 രൂപ തന്നു. തൽക്കാലം ഇതിരിക്കട്ടെ ചികിത്സക്ക് വേണ്ട ചിലവെല്ലാം ഞങ്ങൾ നോക്കാം എന്നായിരുന്നു വീഗാലാന്റിന്റെ വാഗ്ദാനം. പിന്നീട് ആശുപത്രിയിൽ ഐ.സി.യുവിൽ വന്ന് തളർന്ന് കിടന്ന എന്റെ കൈവിരൽ വൈറ്റ് പേപ്പറിൽ പതിപ്പിച്ചു അച്ഛനോടും അമ്മയോടും തന്ന പൈസക്കുള്ള രേഖയാണെന്നാണ് ധരിപ്പിച്ചത്. 17 കാരനായ എനിക്കൊന്നും അതൊരു ചതിയാണെന്ന് മനസ്സിലായില്ല. പിന്നീട് കോടതിയിൽ എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് ആ പേപ്പറിൽ അവർ എഴുതിയതെന്ന് മനസ്സിലായത്. അത് ഒരു ചതി തന്നെയായിരുന്നു.
- ചിറ്റിലപ്പള്ളിക്ക് താങ്കൾ അപകടത്തില്പെട്ടതിനെ കുറിച്ച് നേരിട്ട് അറിയാമായരുന്നോ? പിന്നീട് അദ്ദേഹത്തെ കാണാൻ ശ്രമിച്ചില്ലേ?
ചിറ്റിലപ്പള്ളി ഞങ്ങളെ കാണാൻ കൂട്ടാക്കിയില്ല എന്നു വേണം പറയാൻ. പലതവണ എന്റെ കൂട്ടൂകാർ അപ്പോയിന്റ്‌മെന്റ് എടുക്കാൻ ശ്രമിച്ചു. അദ്ദേഹം ഇല്ല, തിരക്കിലാണ് എന്നെല്ലാമായിരുന്നു മറുപടി.
- നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കാൻ തുനിഞ്ഞിരുന്നില്ലേ? അതോ ഒത്തുതീർപ്പിനുള്ള ശ്രമങ്ങളാണോ വീഗാലാന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്?
ഒരു സഹായവും ചെയ്തില്ല എന്ന് ഞാൻ പറഞ്ഞില്ല. ആദ്യം അമ്പതിനായിരം രൂപ തന്നത് ഞാൻ പറഞ്ഞല്ലോ. പിന്നീട് വക്കീൽ മുഖാന്തിരം മധ്യസ്ഥതക്ക് ശ്രമിച്ചപ്പോൾ ഒരു ഓഫറും കിട്ടി... മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ എനിക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങിത്തരാമെന്ന്. അതുകൊണ്ട് ജീവിക്കാമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വാദം.
- നിങ്ങൾക്ക് അറുപത്തി അയ്യായിരം രൂപ തന്നെന്നായിയുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പിന്നീട് പറഞ്ഞത്?
ഞങ്ങൾക്ക് കിട്ടിയത് അൻപതിനായിരം മാത്രമാണ്. ആശുപത്രിയിൽ വച്ചാണ് അത് തന്നത്.പിന്നെ ഞാൻ ഒപ്പിട്ട പേപ്പറല്ലേ അവരുടെ കയ്യിലുള്ളത്. എന്തുവേണമെങ്കിൽ പറയാമല്ലോ അപ്പോൾ. ഏറ്റവും സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോൾ തന്നെയായിരുന്നു എനിക്ക് അപകടമുണ്ടായത്. ഈ വിഷയം നാട്ടുകാർ അറിഞ്ഞാൽ ഇത് മാറ്റേണ്ടി വരില്ലേ. 'സേഫെസ്റ്റ് അമ്യൂസ്‌മെന്റ് പാർക്ക്' എന്ന കാര്യം മാറ്റേണ്ടി വരും. നട്ടെല്ലിനു ക്ഷതം സംഭവിച്ച പാർക്കിന്റെ സുരക്ഷിതത്വം കോടതി അനേ്വഷിക്കും. അതു പിന്നീടു എന്നത്തേയ്ക്കുമായി അടയ്‌ക്കേണ്ടി വരും. ഇന്നത്തെ പോലെയല്ല അന്നു വീഗാലാൻഡ് പച്ച പിടിക്കുന്നേയുള്ളു. അതുകൊണ്ട് അന്ന് ഞങ്ങളെ വീഗാലാന്റ് മാനേജ്‌മെന്റെ സമർത്ഥമായി പറ്റിക്കുകയായിരുന്നു.
- അപകടത്തിന് ശേഷമുള്ള ജീവിതം? ഇപ്പോക്കെ ആരോഗ്യസ്ഥിതി എങ്ങനെ?
ഇപ്പോൾ ഒരു സർജ്ജറി കഴിഞ്ഞതേയുള്ളൂ അതുകൊണ്ട് കമിഴ്ന്ന് കിടക്കാനേ സാധിക്കൂ. അല്ലെങ്കിൽ ആരെങ്കിലും പിടിച്ചാൽ പതുക്കെ നിൽക്കാം അതും കുറച്ച് നേരത്തേക്ക് മാത്രം. 17-ാം വയസ്സുമുതൽ പരസഹായം ഇല്ലതെ ഒന്നും ചെയ്യാനാകില്ല എന്നാണ് എന്റെ അവസ്ഥ. അമ്മയും കൂട്ടുകാരുമാണ്. സഹായത്തിനുള്ളത്. വിധിയെന്നോർത്ത് സമാധാനിക്കാൻ സാധിക്കുന്നില്ല (നിസ്സഹായതയോടെ)
- തുടർചികിത്സ ഒന്നും ഉണ്ടായില്ലേ?
ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ഇതുവരെ ചികിത്സക്ക് ചെലവായി. അലോപ്പതിയിൽ പല ചികിത്സകൾ കഴിഞ്ഞു. മൂന്ന് വർഷത്തോളം കോട്ടയത്ത് ഇഞ്ചക്ഷൻ തെറാപ്പി എന്ന ട്രീറ്റ്‌മെന്റിന് പോയിരുന്നു. തളർന്നുപോയ കോശങ്ങളിൽ പുതിയവ ഇഞ്ചക്ട് ചെയ്ത് പിടിപ്പിക്കും. അതുകൊണ്ട് ചെറിയ മാറ്റങ്ങളെല്ലാം കണ്ടു തുടങ്ങിയതാണ്. സാമ്പത്തികം അവിടേയും ഒരു പ്രശ്‌നമായി. നിർത്തേണ്ടിവന്നു. പിന്നീട് ആയുർവ്വേദവും ഫിസിയോതെറാപ്പിയും ഇതിലും ചിലവേറെയാണ്. ചികിത്സ നിർത്താൻ കഴിയില്ല. അത് വിപരീതഫലമാണ് ഉണ്ടാക്കുക എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
- ഇനി കുടുംബത്തെപ്പറ്റി? എങ്ങനെയാണ് ഈ വലിയ ചെലവ് താങ്ങുന്നത്?
ചേട്ടൻ രജീഷ് ഷാർജയിലാണ്. വലിയ ജോലിയൊന്നുമല്ല. എങ്കിലും കടുംബത്തിന്റെ ഏകവരുമാനമാർഗ്ഗം ചേട്ടനാണെന്ന് പറയാം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അച്ഛന് ഈയിടെ പക്ഷാഘാതം വന്നു. അതിൽ നിന്ന് റിക്കവർ ആവുന്നതേയുള്ളൂ. അമ്മക്ക് തുന്നൽ പണിയായിയിരുന്നു. ഇപ്പോൾ എന്നെ നോക്കുകയാണ് പണി (വേദനയോടെ). എനിക്ക് ഒന്ന് ബാത്ത്‌റൂമിൽ പോകണമെങ്കിലും പരസഹായം വേണമല്ലോ..
മെക്കാനിക്കൽ എഞ്ചിനീയറിങ് അവസാനവർഷത്തിലാണ് ഞാൻ വീണുപോയത്. കിടപ്പിലാണെങ്കിലും കൂട്ടുകാരുടെ എല്ലാം സഹായത്തോടെ പോയി പരീക്ഷ എഴുതി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൈവറ്റ് ആയി ബി.കോം എടുത്തു. ഇപ്പോൾ ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ എം.എ പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ ചെയ്യുന്നു. പലപ്പോഴും രോഗിയാണെന്നത് മറക്കാൻ എന്നെ സഹായിച്ചത് പഠനമായിരുന്നു. എസ്.എസ്.എൽ.സിക്ക് 82% മാർക്കോടെയാണ് പാസായത്
(തുടരും)