തിരുവനന്തപുരം: ആൾദൈവങ്ങൾക്ക് നികുതി അടയ്‌ക്കേണ്ടേ? ജനലക്ഷങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന മാതാ അമൃതാനന്ദമയിയെ കൊണ്ട് ഒരു കോടി രൂപയുടെ നികുതി അടപ്പിക്കാൻ ഒരു യുവാവിന് സാധിക്കുമോ? ഇങ്ങനെ വിചാരിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ, നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ ആൾദൈവത്തെ കൊണ്ടും പണം അടപ്പിക്കാം എന്ന് തെളിയിക്കുകയാണ് കൊല്ലം ക്ലാപ്പനയിലെ വിജേഷ് എന്ന യുവാവ്. വർഷങ്ങളായി ക്ലാപ്പനയിലെ അമൃതാന്ദമയി മഠം നികുതി അടയ്ക്കാതിരിന്നു സാഹചര്യത്തിലാണ് സിപിഐ(എം) പ്രവർത്തകനായ വിജേഷ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നതും പിന്മാറാതെ മുന്നോട്ടുപോയി വിജയത്തിന്റെ വഴിയിൽ എത്തുന്നതും. വർഷങ്ങളായി നികുതി അടയ്ക്കാതിരുന്ന അമൃതാനന്ദമയി മഠം കൊല്ലം ക്ലാപ്പന പഞ്ചായത്തിന് നികുതി അടയ്ക്കാൻ ഒടുവിൽ നിർബന്ധിതമായത് കഴിഞ്ഞ ദിവസമാണ്.

ഭരണകൂടത്തിന്റെ ഒത്താശയോടെ നിയമ വ്യവസ്ഥയെ നോക്കു കുത്തിയാക്കിയ അമൃതാനന്ദമയി മഠം നടത്തിയ അഴിമതിയാണ് ഈ ചെറുപ്പക്കാരന്റെ മുന്നിൽ മുട്ടുമടക്കിയത്. ഇതോടെ ഏതാനും ദിവസങ്ങളായി വിജേഷാണ് സോഷ്യൽ മീഡിയയുടെ താരം. മഠം നടത്തിയ അഴിമതിക്കെതിരെ സധൈര്യം പോരാടിയ വിജേഷിന് പറയാനുള്ളത് രാഷ്ട്രീയക്കാർ ഒത്താശ ചെയ്തതിന്റെ കഥകളാണ്. മഠം അധികൃതർ പ്രദേശത്തെ യുഡിഎഫ് പ്രവർത്തകരെ വിലയ്‌ക്കെടുത്താണ് ഇത്രയും കാലം സംസ്ഥാനത്തെ കബളിപ്പിച്ചതെന്നാണ് വിജേഷ് പറയുന്നത്.

അമൃതാനന്ദമയി മഠംത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ക്ലാപ്പനയിൽ വർഷങ്ങളായി തുടർന്ന് പോരുന്ന നികുതി വെട്ടിപ്പിനും അനധിക്യത നിർമ്മാണങ്ങൾക്കുമെതിരെ നിയമ നടപടികളും പ്രക്ഷോഭവുമായി മുന്നോട്ട് പോയി വിജയം കണ്ട വിജേഷ് വിജയാനന്ദൻ എന്ന പൊതു പ്രവർത്തകൻ താൻ നടത്തിയ സമരത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവ വികാസങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് തുറന്ന് പറയുകയായിരുന്നു. മാവേലിക്കര എംഎൽഎ ആർ രാജേഷുമൊത്ത് ഹരിപ്പാട് പികെഎംഎം കോളേജിൽ വച്ച് എസ്എഫ്‌ഐ പ്രവർത്തനത്തിലൂടെയാണ് വിജേഷ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്. 29കാരനായ വിജേഷ് ഇപ്പോൾ ക്ലാപ്പന ഇലുംപീടിക ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ക്ലാപ്പന ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിക്കുകയാണ്.

യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ക്ലാപ്പന പഞ്ചായത്ത് ഭരിക്കുന്നതെന്നാണ് വിജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞത്. മഠത്തിന്റെ അനധികൃത ഇടപാടുകൾക്ക് സഹകരിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രദേശത്ത് നിന്നും ഇല്ലായ്മ്മ ചെയ്യുന്നതിനുള്ള സഹായം നൽകുന്നതിന്റെ പ്രത്യുപകാരമെന്നോണമാണ് യുഡിഎഫ് മഠത്തെ സഹായിച്ചതെന്നും വിജേഷ് പറഞ്ഞു. വിവരാവകാശ നിയമം വഴി ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് നേടുകയും തൊഴിൽ കരം ഈടാക്കുന്നുണ്ടായിരുന്നെങ്കിലും സ്ഥാപനം പക്ഷെ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് വിജേഷ് നിയമ പോരാട്ടം ആരംഭിക്കുന്നത്.

തുടർന്ന് പഞ്ചായത്ത് ഓഫീസിൽ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൽപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്നാണ് കോടതിയെ സമീപിച്ചത്. പഞ്ചായത്ത് സെക്രട്ടറിയെ യും പഞ്ചായത്ത് പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളായി ഓംബുട്സ്മാൻ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി നിർദ്ദേസമനുസരിച്ചാണ് അമൃതാന്ദമയി മഠത്തെയും കേസിൽ ഉൾപ്പെടുത്തിയത്.

കോടതിയിൽ കേസ് വാദിച്ചതും വിജേഷ് തന്നെയാണ്. സുഹൃത്തും അഭിഭാഷകനുമായ വി ഹരിലാലാണ് ആവശ്യമായ നിയമസഹായം നൽകിയത്. തുടർന്ന് കേസ് വിചാരണ നടക്കുന്ന വേളയിൽ 5 കെട്ടിടങ്ങൾ മാത്രമാണ് ഉള്ളതെന്ന രീതിയിൽ 17 ലക്ഷം രൂപ മഠം പഞ്ചായത്തിൽ നികുതി അടച്ചു. ഇത്രയും നികുതി അടച്ച രസീതിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ച ശേഷം കേസ് പിൻവലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 5 കെട്ടിടങ്ങളല്ലെന്നും 15 ഏക്കർ നികത്താനുള്ള അനുമതിയിൽ 46 ഏക്കറോളം നികത്തിയതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ് പ്രകാരം എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും നികത്തിയ 46 ഏക്കറിൽ അനുമതിയുള്ള 15 ഏക്കർ ഏതെന്നു കണ്ടെത്താനും പറയുകയായിരുന്നു.

കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിപതി കെട്ടിടങ്ങൾ,എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്‌ററലുകൾ ,ഒരു സബ്‌സ്റ്റേഷൻ,രണ്ടു മെസ്സ്,രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.അതെ സമയം അമ്യതാനന്ദമയി മഠം നടത്തിവരുന്ന തട്ടിപ്പുകളുടെയും മറ്റും ചെറിയൊരു അംശം പോലുമല്ല ഇപ്പോൾപുറത്ത് വന്നിരിക്കുന്നതെന്നും വിജേഷ് വ്യക്തമാക്കി.