തിരുവനന്തപുരം: ആലുങ്കയ്യിൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ജനിച്ച രാഘവൻ മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായത് ചില നിമിത്തങ്ങളുടെ ഭാഗമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാൽ സിനിമയിൽ ഗോഡ് ഫാദർമാരോ പ്രമോഷന്റെ അതിപ്രസരമോ ഇല്ലാത്ത കാലഘട്ടത്തിലെ ഒരു സാധാരണക്കാരനായ അഭിനേതാവിന് അദ്ദേഹം കടന്നുവന്ന കാലഘട്ടത്തിൽ പ്രഫഷനിൽ മാറ്റുരക്കേണ്ടി വന്നത് പ്രേം നസീറിനെ പോലെയുള്ള പ്രതിഭകൾക്കൊപ്പമായിരുന്നു. സഹനടനായെത്തി ആ കാലഘട്ടത്തിൽ തനിക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഒരു പിടി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാൻ രാഘവന് കഴിഞ്ഞു.

രാഘവന്റെ പ്രാഥമിക വിദ്യാഭ്യാസം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു. മധുര ഗാന്ധിഗ്രാമിൽ നിന്നായിരുന്നു രാഘവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രിക്കു ശേഷം സിനിമ പഠിക്കണമെന്ന ആഗ്രഹവുമായി ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. മൂന്നുവർഷത്തെ പഠനം പൂർത്തിയായപ്പോൾ നാടകത്തിൽ നിന്നും സിനിമയിൽ നിന്നുമായി നിരവധി അവസരങ്ങൾ രാഘവനെ തേടിവന്നു. എന്നാൽ നടനാവാനല്ല സംവിധായകനാകാനായിരുന്നു രാഘവന്റെ ആഗ്രഹം. അതിനിടയിൽ കന്നഡ സംവിധായകൻ ജി വി അയ്യരെ കാണാനിടയായത് രാഘവന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

ജി.വി അയ്യരുടെ വാക്കിന്റെ ബലത്തിൽ ആർ.ഡി.എസ് മണി വഴി കായൽക്കരയിൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ രാഘവൻ അഭയത്തിലേയും ചെമ്പരത്തിലേയും തന്റെ പകർന്നാട്ടം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. മധുവിന് ശേഷം സിനിമയെ അക്കാഡമിക്കലായി പഠിച്ച അഭിനേതാവായിരുന്നു രാഘവൻ. ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും സിനിമ പഠിച്ച രാഘവൻ മുഖ്യധാരാ നായകന്മാരിൽ നിന്നും വ്യത്യസ്തത പുലർത്തിയ മലയാളത്തിന്റെ ആദ്യകാല വെർസറ്റൈൽ ആക്ടർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന പ്രതിഭയ്ക്ക് ഉടമയാണ്. താൻ കടന്നുവന്ന നാൾവഴികളെ കുറിച്ച് അദ്ദേഹം മനസു തുറനന്നു. അഭിമുഖത്തിലേക്ക്...

തളിപ്പറമ്പിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള വളർച്ച?

എന്റെ വളർച്ച എന്നതിനെ ഒരു നിമിത്തം അല്ലെങ്കിൽ ഒരു അദ്ഭുതമെന്ന് പറയാം. തളിപ്പറമ്പെന്ന ഗ്രാമത്തിൽ ക്ഷേത്രങ്ങളുടെ സമീപമുള്ള അനുഗ്രഹീതമായ ഒരു പ്രദേശത്തായിരുന്നു താമസം. വികസനമോ വളർച്ചയോ വലുതായി കടന്നെത്താത്ത തളിപ്പറമ്പ് ഗ്രാമം. യാത്രയ്ക്കായി ആളുകൾ കുതിരവണ്ടിയെ ആശ്രയിക്കുന്ന തളിപ്പറമ്പിൽ അന്നും തലയുയർത്തി നിൽക്കുന്ന ഹൈസ്‌ക്കൂളായ മൂത്തേടത്ത് ഹൈസ്‌കൂളിലായിരുന്നു പഠനം. അന്യ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ പഠനത്തിനായി എത്തിയിരുന്ന സ്‌കൂളായിരുന്നു മൂത്തേടത്ത് ഹൈസ്‌ക്കൂൾ. അതിനാൽ തന്നെ അവിടത്തെ പഠനം എന്നും ഒരു അഭിമാനമായിരുന്നു.

പത്താം തരത്തിന് ശേഷം പിന്നീട് പോയത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലേക്കായിരുന്നു. അന്ന് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമായിരുന്നു നാട്ടിൽ നിന്നും പുറത്തേക്ക് പോയി പഠിക്കുക എന്നത്. എന്നാൽ എന്തുകൊണ്ടോ ആ ഭാഗ്യത്തെ അതിന്റേതായ തലത്തിലേക്കെടുത്ത് പഠനത്തിൽ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പഠന കാര്യങ്ങളിലടക്കം തീർത്തും അന്തർമുഖനായി മാറിയ രാഘവനായിരുന്നു ആ കാലഘട്ടത്തിൽ ഞാൻ. അവിടെ നിന്നുള്ള പഠനത്തിന് ശേഷമാണ് നാടകത്തിലേക്കുള്ള എന്റെ ഗതിമാറ്റം സംഭവിച്ചത്.

ഗാന്ധിഗ്രാമിലേക്ക് എത്തിച്ചേർന്നപ്പോഴുണ്ടായ അനുഭവം?

ശരിക്കും പറഞ്ഞാൽ ഗാന്ധിഗ്രാമിനെ കുറിച്ചുള്ള തിരിച്ചറിവാണ് എന്നെ അവിടേക്കെത്തിച്ചത്. യഥാർത്ഥത്തിൽ എന്റെ ജീവിതത്തിലെ സുവർണ്ണകാലവും തന്നിലെ നാടക നടനുള്ള പ്രോത്സാഹനവും അവിടെ നിന്നുമാണ് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാല് വർഷങ്ങളാണ് ഗാന്ധിഗ്രാം എനിക്ക് സമ്മാനിച്ചത്. ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്തിന് ശേഷമുള്ള രണ്ട് വർഷത്തെ നാടക മേഖലയിലെ പ്രവർത്തനത്തിന് ശേഷമാണ് ഗാന്ധിഗ്രാമിലേക്കെത്തുനത്. എന്നാൽ അവിടെ പഠനത്തിനൊപ്പം തന്നെ നാടകത്തിനും മറ്റ് കലാപ്രവർത്തനങ്ങൾക്കും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിലേക്കുള്ള ചുവട് മാറ്റം?

ഗാന്ധിഗ്രാമിലെ അനുഭവ സമ്പത്തുമായി ഡൽഹിക്ക് വണ്ടികയറിയ എന്നെ ശരിക്കും അപകർഷതാ ബോധം പിടികൂടിയ അന്തരീക്ഷത്തിലാണ് സ്‌കൂൾ ഓഫ് ഡ്രാമ വരവേറ്റത്. വേഷവിധാനത്തിലും സാഹചര്യങ്ങളിലുമടക്കം സ്‌കൂൾ ഓഫ് ഡ്രാമ പുലർത്തിയിരുന്ന 'ക്ലാസ്' അന്തരീക്ഷം കണ്ടപ്പോൾ അവിടെ ഒരു അഡ്‌മിഷൻ ലഭിക്കുമോ എന്ന് തന്നെ ഞാൻ ചിന്തിച്ചുപോയി. എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് അവിടെയെനിക്ക് അഡ്‌മിഷൻ തരപ്പെട്ടു.

അവിടെ വെച്ചുള്ള അപ്രതീക്ഷിതമായൊരു കണ്ടുമുട്ടൽ ഇന്നും ഓർമ്മയിൽ നിൽക്കുന്നതാണ്. ഗാന്ധിഗ്രാമിലുണ്ടായിരുന്ന രാമാനുജത്തെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വെച്ച് കണ്ടുമുട്ടിയത് അന്ന് എന്നെ ശരിക്കും ഞെട്ടിച്ചു. ഗാന്ധിഗ്രാമിലെ സ്‌കൂളിൽ നാടകാധ്യാപകനായിരുന്ന രാമാനുജം ന്യൂഡൽഹിയിലേക്കെത്തിയത് ആരോടും പറയാതെയുള്ള ഒരു മുങ്ങലായിരുന്നു എന്നതാണ് ആ കൂടിക്കാഴ്‌ച്ചയെ അപ്രതീക്ഷിതമാക്കിയത്. അവിടെ അദ്ദേഹവും ഒരു വിദ്യാർത്ഥിയുടെ വേഷത്തിലാണുള്ളതെന്ന അറിവും ആ കണ്ടുമുട്ടലിന്റെ സന്തോഷം വലുതാക്കി.

സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം മദ്രാസിന്റെ സിനിമാ ലോകത്തേക്ക് ?

മദ്രാസിലേക്കുള്ള വരവിൽ ഏറ്റവും അധികം ഓർമ്മയിൽ നിൽക്കുന്നത് കന്നഡ സംവിധായകൻ ജി.വി അയ്യരുമായുള്ള ബന്ധമാണ്. സംവിധായകൻ, നിർമ്മാതാവ്, കന്നഡ സാഹിത്യാകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അയ്യരുമായുള്ള ബന്ധം സിനിമയെക്കുറിച്ച് ആഴത്തിലുള്ള അറിവാണ് എനിക്ക് പകർന്ന് നൽകിയത്. മാസങ്ങളോളം അദ്ദേഹത്തിനൊപ്പം ചിലവഴിച്ച എനിക്ക് മദ്രാസിലേ സിനിമാ മേഖലയെക്കുറിച്ച് കൂടുതൽ അറിവാണ് അയ്യരും സഹപ്രവർത്തകരും സമ്മാനിച്ചത്.

ആ കാലത്താണ് ഒരു സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി അയ്യർ മുന്നോട്ടുപോകുന്നത്. അന്ന് ആ പ്രൊജക്ടിന്റെ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചത് മലയാളിയായ ആർ.ഡി.എസ് മണിയായിരുന്നു. അദ്ദേഹം ജി.വി അയ്യരോട് ചോദിച്ചത് രാഘവൻ അഭിനയിക്കുമോ എന്നായിരുന്നു. ഉടനടി മറുപടിയായി അയ്യർ പറഞ്ഞത് വൈ നോട്ട് എന്നായിരുന്നു. ആ ഒരു വാക്കിൽ സംഭവിച്ചത് എന്റെ ജീവിതത്തിലെ മഹാത്ഭുതം തന്നെയായിരുന്നു. അങ്ങിനെയാണ് ആദ്യ സിനിമയായ കായൽക്കരയിലേക്ക് ഞാൻ എത്തച്ചേരുന്നത്. അന്ന് ആ സിനിമയിലേക്കെത്തിയ മറ്റൊരു പുതുമുഖമായിരുന്നു ജയഭാരതി.

കായൽക്കരയിൽ എന്ന ചിത്രത്തിൽ പ്രേം നസീർ, അടൂർഭാസി തുടങ്ങിയവരടക്കമുള്ള മഹാരഥന്മാരുമായി കൂടിച്ചേരാൻ അങ്ങിനെയാണ് അവസരം ലഭിച്ചത്. അന്ന് ലഭിച്ച ആ സഹനടന്റെ വേഷം എന്റെ അഭിനയ ജീവിത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഒരു തുടക്കക്കാരനെന്ന നിലയിൽ ആ ചിത്രത്തിൽ ലഭിച്ച പ്രാധാന്യമുള്ള വേഷം എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തിന്റെ ആകെ മുതൽക്കൂട്ടായി മാറി എന്നതാണ് സത്യം. ചിത്രത്തിന് ലഭിച്ച വലിയ വിജയം തന്നെയായിരുന്നു അതിലെ പ്രധാന ഘടകവും.

കായൽക്കരയിൽ നിന്നും അഭയത്തിലെ നായകനിലേക്കുള്ള വളർച്ച?

എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് അഭയം എന്ന് തന്നെ പറയാം.രാമു കാര്യാട്ടിന്റെ പ്രശസ്തമായ ചിത്രം ചെമ്മീനിന്റെ ചില പ്രവർത്തനങ്ങൾക്കിടയിലാണ് എനിക്ക് അഭയത്തിലേക്കുള്ള വഴി തുറക്കുന്നത്. അന്ന് സിനിമ കണ്ട ഒരു ഡ്രാമാ സ്‌കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ രാമു കാര്യാട്ടിനെ നേരിൽക്കണ്ട് അഭിനന്ദിക്കുകയും അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്തിരുന്നു.ആ പരിചയമാണ് നീണ്ട നാളുകൾക്ക് ശേഷമുള്ള അഭയത്തിലേക്ക് രാമു കാര്യാട്ട് എന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

(തുടരും)