ലണ്ടന്‍: പ്രണയത്തിനു അന്നും ഇന്നും വല്ല മാറ്റവും വന്നിട്ടുണ്ടോ? ഏതൊരാളുടെയും മനസ്സില്‍ തോന്നാനിടയുള്ള കാലങ്ങളെ അതിജീവിക്കുന്ന ചോദ്യമാണിത്. പ്രണയിച്ചിട്ടുള്ളവര്‍ക്കും പ്രണയിക്കാന്‍ സാധിക്കാതെ പോയവര്‍ക്കും ഒക്കെ ഇക്കാര്യത്തില്‍ ഗവേഷണ ത്വര ഉണ്ടാകാമെങ്കിലും പ്രണയത്തെ എന്നും സൂക്ഷ്മമായി നിരീക്ഷയ്ക്കുന്ന സാഹിത്യ ലോകമോ സിനിമ ലോകമോ അക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതില്‍ രണ്ടു വട്ടം തിരികെ ചിന്തിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ പ്രണയത്തെ കുറിച്ച് പറയുന്നത് മലയാളി എക്കാലവും താലോലിച്ച പ്രണയം കൂടി ഇതള്‍ വിടര്‍ന്ന സിനിമയായ തിളക്കം സമ്മാനിച്ച താര സംവിധായകന്‍ ജയരാജ് ആകുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കിന് ചെവി നല്കാന്‍ തീര്‍ച്ചയായും മലയാളി പ്രേക്ഷകര്‍ തയാറാകും. ഇപ്പോള്‍ ജയരാജ് പ്രണയത്തെ കുറിച്ച് പറയാനും കാരണമുണ്ട്. ഒരു പക്ഷെ അദ്ദേഹത്തിന്റെ മനസിലെ പ്രണയ സങ്കല്‍പം പൂര്‍ണമായും ഇതള്‍ വിടര്‍ത്തുന്ന പുതിയ സിനിമ ശാന്തമീ രാത്രിയില്‍ നാളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. പാതിയിലേറെയും യുകെയില്‍ ചിത്രീകരിച്ച ശാന്തമീ രാത്രിയില്‍ സംവിധാനം മാത്രമല്ല നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയാണ് എന്നതിനാല്‍ പൂര്‍ണമായും ഇതൊരു ജയരാജ് സിനിമ തന്നെയായി മാറുകയാണ്.

ലണ്ടനില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥിനിയായ ദൃശ്യം ഫെയിം എസ്തര്‍ അനിലും ആട് ജീവിതം ഫെയിം കെ ആര്‍ ഗോകുലും നായികാ നായകന്മാര്‍ ആകുന്ന ശാന്തമീ രാത്രിയില്‍ കഴിഞ്ഞ ക്രിസ്മസ്സ് കാലത്തു റിലീസിന് തയാറായത് ആണെങ്കിലും സിനിമയുടെ രാശി തെളിഞ്ഞത് ഇപ്പോഴാണ്. നാളെ നടക്കുന്ന വേള്‍ഡ് വൈഡ് റിലീസിന്റെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ നിന്നും ദുബായ്ക്കുള്ള യാത്ര മദ്ധ്യേ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് ജയരാജ് മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോനുമായി സിനിമ വിശേഷങ്ങള്‍ പങ്കിട്ടത്.

ഒരു വര്‍ഷം ഒരു സിനിമ എന്നത് വൃതം പോലെ പാലിക്കുന്ന താങ്കളുടെ പുതിയ സിനിമയുടെ വിശേഷങ്ങള്‍?

ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് ശാന്തമീ രാത്രിയില്‍. രണ്ടു കാലഘട്ടത്തിലെ പ്രണയത്തെ ആണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. മൂന്നാറിലെ തൂക്കുപാലത്തില്‍ 1970 കളില്‍ സംഭവിച്ച പ്രണയത്തിനും 2024 ല്‍ ലണ്ടന്‍ ബ്രിഡ്ജിലെ പ്രണയത്തിനും തമ്മില്‍ എന്തെങ്കിലും പറയാനുണ്ടാകുമോ എന്നതൊക്കെ ഈ സിനിമ പറഞ്ഞു തരും. നിങ്ങള്‍ ചോദിച്ചത് പോലെ പ്രണയത്തിനു വല്ല മാറ്റവും സംഭവിച്ചോ എന്ന് ചോദിച്ചാല്‍ പ്രണയത്തിനു മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നേ ഞാന്‍ പറയൂ. എന്നാല്‍ പ്രണയ രീതികളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. പഴയ കാലത്തു ഒന്ന് തമ്മില്‍ കാണാന്‍ പോലും സാധിച്ചാല്‍ അതൊരു മഹാഭാഗ്യമായി കരുതിയിരുന്ന പ്രണയകാലത്തില്‍ നിന്നും ഇപ്പോള്‍ ഡേറ്റിംഗും ലിവിങ് ടുഗെതറും ആയ പ്രണയകാലത്തിലാണ് മലയാളിയുടെ ജീവിതം. തീര്‍ച്ചയായും പ്രണയ രീതികള്‍ മാറിയിട്ടുണ്ട് . അത് ശാന്തമീ രാത്രിയിലും കാണാനാകും

സിനിമ കേരളത്തിലും യുകെയിലും ആയി ചിത്രീകരിക്കേണ്ടി വന്നത്?

സിനിമയുടെ നല്ല പാതിയും യുകെയിലാണ് ചിത്രീകരിച്ചത്. യുകെയിലെ ഒട്ടേറെ മലയാളി കുട്ടികളും യുവജനങ്ങളും ഒക്കെ സിനിമയുടെ ഭാഗമാണ്. കേരളത്തില്‍ കിട്ടുന്നതിനേക്കാള്‍ വലിയ ആവേശമാണ് യുകെയില്‍ എനിക്ക് മലയാളികള്‍ ചിത്രീകരണ സമയത്തു നല്‍കിയത്. നേഹയും അര്‍ജുനും ഒക്കെ എടുത്തു പറയേണ്ട പേരുകളാണ്. ഇപ്പോള്‍ കേരളത്തില്‍ സ്റ്റഡി അബ്രോഡ് എന്ന സങ്കല്‍പം വേരുപിടിച്ച കാലമാണ്. അതിനാല്‍ കേരളത്തില്‍ നിന്നും യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി ജീവിതവും ഈ സിനിമയില്‍ നിറഞ്ഞു നില്‍പ്പുണ്ട്. യുകെ ജീവിതം എന്തെന്ന് അറിയാന്‍ കേരളത്തില്‍ ഉള്ള മലയാളികള്‍ക്കും താല്പര്യം ഉള്ള കാര്യമാണ്. പഠിക്കാന്‍ വരുന്ന കുട്ടികള്‍ എടുക്കുന്ന എഫര്‍ട്ടും കഷ്ടപ്പാടും ഒക്കെ സിനിമയില്‍ എത്തുമ്പോള്‍ അതൊരു കുടുംബ ചിത്രത്തിന്റെ ഫീല്‍ നല്‍കുക തന്നെ ചെയ്യും. രണ്ടു കാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബ്രിഡ്ജ് ഈ സിനിമയില്‍ ഉണ്ട്. അതിനാല്‍ മൂന്നാര്‍ തൂക്കുപാലവും ലണ്ടന്‍ ബ്രിഡജും രണ്ടു താരങ്ങളെ പോലെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

പറയുമ്പോള്‍ പ്രയാസം തോന്നരുത്. ലണ്ടന്‍ ലൊക്കേഷന്‍ എന്നും മലയാള സിനിമയില്‍ ഒരു അപശകുനം പോലെയാണ് എന്ന ചിന്തയെ കുറിച്ച് (പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ഒരു നിമിഷം വൈകിയാണ് മറുപടി എത്തിയത്. എന്നാല്‍ പൊടുന്നനെ ചിരിച്ചു കൊണ്ടാണ് ജയരാജ് മറുപടി കുറിച്ചത്. ആ പേര് ദോഷം ഈ സിനിമ മാറ്റും. ഒരു ഹിറ്റ് പിറന്നാല്‍ നിങ്ങള്‍ തന്നെ മാറ്റി പറഞ്ഞോളുമല്ലോ. പണ്ട് വയനാടിനെ കുറിച്ചും കുട്ടിക്കാനത്തെ കുറിച്ചും ഒക്കെ ഈ പേരുദോഷം ഉണ്ടായിരുന്നു.എന്നാല്‍ അവിടെ തന്നെ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റ് ആയതോടെ അതൊക്കെ പഴം കഥയാകുകയും ചെയ്തു. അതിനാല്‍ ലണ്ടന്‍ പേരുദോഷം ഇനി പഴം കഥയാകും. ഇപ്പോള്‍ മലയാള സിനിമ ഗ്ലോബല്‍ റിലീസ് കൂടി കണ്ടു മാത്രമേ നിര്‍മ്മിക്കാനാകൂ എന്നതാണോ പ്രവാസ ജീവിതം പലപ്പോഴും പ്രമേയമാകുന്നത് ?

സിനിമ കാണുന്ന പ്രായത്തില്‍ ഉള്ള ചെറുപ്പക്കാര്‍ വലിയ തോതില്‍ മറുനാടുകളില്‍ ചേക്കേറുന്ന കാലമാണ്. അതിനാല്‍ ഗ്ലോബല്‍ റിലീസ് വലിയ പ്രാധാന്യമുണ്ട്. മറുനാടന്‍ മലയാളികളെ മറന്നു ഇപ്പോള്‍ സിനിമയെ കുറിച്ച് ചിന്തിക്കാനാകാത്ത സ്ഥിതി വന്നിരിക്കുകയാണ്. അത് തീര്‍ച്ചയായും മലയാള സിനിമക്ക് ഗുണം തന്നെയാണ് നല്‍കുന്നത്. ലോകത്തു എവിടെ ചെന്നാലും ഇപ്പോള്‍ മലയാള സിനിമ കാണാനാകും എന്നത് ചെറിയ കാര്യം അല്ലല്ലോ.


ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണല്ലോ ശാന്തമീ രാത്രിയില്‍ നാളെ തിയറ്ററില്‍ എത്തുന്നത്. തികച്ചും അപ്രതീക്ഷിതമായി എത്തിയ യുദ്ധ സാഹചര്യം എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് മാറ്റിയിരിക്കുന്നു. ആശങ്കയുണ്ടോ ?

നുണ പറയുന്നില്ല. അല്പം ആശങ്ക ഇല്ലാതില്ല. കാരണം ഈ സിനിമ കഴിഞ്ഞ ഡിസംബര്‍ റിലീസിന് തയാറായതാണ്. ഒരു ക്രിസ്മസ് രാത്രിയ്ക്ക് വലിയ പ്രാധാന്യം ഉള്ള തരത്തിലാണ് സിനിമയുടെ ഇതിവൃത്ത രചന. അതിനാല്‍ ക്രിസ്മസ് റിലീസ് തന്നെ ആയിരുന്നു എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ സിനിമയാണ്, പല പ്രയാസങ്ങളും കടന്നു വരും. ഇപ്പോള്‍ അതൊക്കെ മാറിയ കാലമാണ്. യുദ്ധ സാഹചര്യം ഉണ്ടെങ്കിലും മലയാള പ്രേക്ഷകര്‍ ടെന്‍ഷനൊക്കെ മറക്കാന്‍ തിയറ്ററില്‍ എത്തും എന്നാണ് പ്രതീക്ഷ. എല്ലാവരും കൂടെയുണ്ടാകണം എന്നാണ് ഞങ്ങളുടെ അപേക്ഷയും.

അജേഷ് എന്ന് വിളിക്കപ്പെടുന്ന ലണ്ടന്‍ മലയാളിയായ റോള്‍ഡ് തോമസ് അടക്കം അരഡസനോളം യുകെ മലയാളികള്‍ നിര്‍മാണ രംഗത്ത് നിക്ഷേപം നടത്തിയ സിനിമ കൂടിയാണ് ശാന്തമീ രാത്രിയില്‍. ഇപ്പോള്‍ നായികയായ എസ്തര്‍ യുകെ മലയാളി കൂടി ആയതിനാല്‍ പൂര്‍ണമായും യുകെ മലയാളികള്‍ക്ക് അഹങ്കരിക്കാന്‍ സാധിക്കുന്ന സ്വന്തം സിനിമ കൂടിയാണിത്. അതിനാല്‍ തിയറ്റര്‍ ഹിറ്റ് എന്ന ആവേശം പങ്കിടാന്‍ കാത്തിരിക്കുന്ന ശാന്തമീ രാത്രിയില്‍ സിനിമയെ യുകെ മലയാളികള്‍ ചേര്‍ത്ത് പിടിക്കും എന്ന് തന്നെയാണ് ഇപ്പോള്‍ ഉയരുന്ന പ്രതീക്ഷകളും.